Opinion

പാട്രിയാർക്കിയും പുരുഷൻ്റെ മാനസിക ആരോഗ്യവും

ഷാഫി പൂവത്തിങ്കൽ

പുരുഷൻമാരുടെ മാനസിക ആരോഗ്യം പലപ്പോഴും വേണ്ട പരിഗണന കിട്ടാതെ പോകുന്ന ഒരു കാര്യമാണ്.

പാട്രിയാർക്കലായ സാമൂഹിക വ്യവസ്ഥക്ക് ഇതിൽ വലിയ പങ്കുണ്ട്.

ആണുങ്ങൾ പെണ്ണുങ്ങളേക്കാൾ കരുത്തരാണ്. അത് കൊണ്ട് തന്നെ പെണ്ണിന് ഭക്ഷണവും മറ്റു സുരക്ഷിതത്വവും ഉറപ്പിക്കേണ്ടത് ആണിന്റെ ബാധ്യതയാണെന്ന മൂല്യബോധത്തിൽ പ്രവർത്തിക്കുന്ന പാട്രിയാർക്കി ആണിനുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല .

ഇതോടെ കുടുംബത്തിലെ സാമ്പത്തിക ബാധ്യത ഒറ്റക്കേറ്റെടുക്കേണ്ടതാണെന്ന് കരുതി ആണുങ്ങൾ പണത്തിന് വേണ്ടി നെട്ടോടമോടുന്നു. പലപ്പോഴും കുടുംബത്തിലെ സ്ത്രീകളെ ജോലിക്ക് പോകാൻ പുരുഷൻമാർ അനുവദിക്കാത്തതും ഇതേ ബോധത്തിന്റെ പുറത്ത് കൂടിയാണ് .

കുടുംബത്തിലെ സാമ്പത്തിക ബാധ്യതകൾ മാത്രമല്ല, മറ്റ് പ്രയാസങ്ങളും സ്വയം ഉള്ളിൽ കൊണ്ടു നടക്കുന്നതാണ് കേമത്തമെന്നും സ്വന്തം ഭാര്യയോട് പോലും അത് പങ്ക് വെക്കേണ്ടതില്ലെന്നും പാട്രിയാർക്കി ആണുങ്ങളെ പഠിപ്പിക്കുന്നു.

സ്വന്തം പ്രശ്നങ്ങൾ ഭാര്യയിൽ നിന്നും മറച്ച് വെക്കുന്നത് അഭിമാനത്തോടെ വിളിച്ചു പറയുന്ന മിഥുനത്തിലെ സേതുമാധവനെ നമുക്കറിയാം.

ഭാര്യയെ കാണിക്കാതെ ഒറ്റക്ക് കരഞ്ഞ് കൂളിംഗ് ഗ്ലാസ് വെച്ച് ഭാര്യയുടെ മുന്നിലേക്ക് ഗ്രേറ്റ് ഫാദറാകുന്ന മമ്മുട്ടിയേയും നമ്മൾ കണ്ടിട്ടുണ്ട്.

പുരുഷൻ കരുത്തനാണെന്നും അബലകളായ സ്ത്രീകൾക്ക് പ്രതിസന്ധികൾ താങ്ങില്ലെന്നും അവരെ അത് കൊണ്ട് ഉത്തമനായ പുരുഷൻ പ്രതിസന്ധികൾ അറിയിക്കേണ്ടതില്ലെന്നുമാണ് ഈ പാട്രിയാർക്കൽ പുരുഷൻമാർ ചിന്തിക്കുന്നത്.

അവരുടെ സ്നേഹം ആ നിലക്ക് വികലമാണ്.

സാമ്പത്തികമടക്കമുള്ള കുടുംബത്തിലെ പ്രശ്നങ്ങൾ പരസ്പരം പങ്ക് വെച്ചും തുല്യമായ ഉത്തരവാദിത്വത്തോടെ നേരിട്ടും സ്ത്രീയും പുരുഷനും ഒരുമിച്ച് പരിഹരിക്കേണ്ടതാണെന്ന ആധുനിക ബോധം കുടുംബത്തിനകത്ത് സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം ‘കുടുംബനാഥ’ൻമാരുടെ ഭാരം പാതി കുറക്കുന്നതുമാകും.

പാട്രിയാർക്കലായ മറ്റൊരു ബോധമാണ്, തങ്ങളെ ആശ്രയിച്ചു കഴിയുന്ന സ്ത്രീകളുടെ ശരീരങ്ങൾക്ക് നേരെയുള്ള മറ്റു പുരുഷൻമാരുടെ അതിക്രമങ്ങളെ തടയാനുള്ള ഉത്തരവാദിത്വം പുരുഷനുണ്ട് എന്നത്.

അത് ശാരീരികമായ അധ്വാനത്തിലൂടെ തന്നെ തടയണം.

അഥവാ തല്ലി തടയണം. ഗോത്രപുരുഷന്റെ മനോനിലയാണിത്.

ചില സ്ത്രീകളെങ്കിലും ആഗ്രഹിക്കുന്നതുമാണിത്.

തന്റെ ശരീരം സംരക്ഷിക്കാനറിയാത്ത മണുങ്ങൂസൻ ഭർത്താവിനെ ശകാരിക്കുന്ന വരത്തനിലെ പ്രിയയെ ഓർക്കുക.

എന്നാൽ സമൂഹത്തിലെ എല്ലാ ആണുങ്ങളും ഒരു പോലെ ശക്തരല്ല. മാനസികമായും ശാരീരികമായും പലരും ദുർബലരാണ്. ആ പുരുഷൻമാർക്ക് ഈ ഗോത്ര ഉത്തരവാദിത്വം ഉണ്ടാക്കുന്ന സമ്മർദം ചെറുതല്ല.

ഇതിന് പരിഹാരമായി ആധുനിക സമൂഹത്തിൽ, പോലീസടക്കമുള്ള സംവിധാനങ്ങളുണ്ടെങ്കിലും പാട്രിയാർക്കൽ male ego ആഗ്രഹിക്കുക ഇതര പുരുഷന്റെ മേലുള്ള ശാരീരികമായ വിജയം തന്നെയാണ്.

പെങ്ങളെ ശല്യം ചെയ്യുന്ന പൂവാലൻമാരെ ഓടിക്കാൻ കുങ്ഫു പഠിക്കേണ്ടി വരുന്ന മഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷ് ഒരു ചിത്രമാണ്.

ആണുങ്ങൾ കരയില്ലെന്നും, ആണുങ്ങൾ കരുത്തരാണെന്നും പാട്രിയാർക്കി പഠിപ്പിക്കുമ്പോൾ, പുരുഷന് നഷ്ടമാകുന്നത് സങ്കടവും വേദനയും പ്രകടിപ്പിക്കാനുള്ള ശേഷിയും അവസരവുമാണ്.

ഈ വികാരങ്ങൾ ആണുങ്ങൾ പലപ്പോഴും പ്രകടിപ്പിക്കുന്നത് ദേഷ്യമായോ drug abuse ആയോ ആണ്, ഇതവരെ കൂടുതൽ ടോക്സിക്കാക്കിത്തീർക്കുന്നു.

പാട്രിയാർക്കിയുടെ മറ്റൊരു പ്രശ്നം, ആണിടങ്ങളിൽ, സ്വവർഗ്ഗ സൗഹൃദ സംഘങ്ങളിൽ പുരുഷന് തങ്ങളുടെ വിഷമങ്ങൾ പ്രകടിപ്പിക്കാനാകില്ലെന്നതാണ്. ( Exceptions would be there)

ആൺകൂട്ടങ്ങളിൽ ഒരു പുരുഷൻ തന്റെ വിഷമം അവതരിപ്പിക്കുമ്പോൾ, നീയൊരാണല്ലേ, ഇങ്ങനെ ഇരുന്നാലോ, മീശേം വെച്ച് ഇങ്ങനെ മോങ്ങാതെടാ എന്ന മോട്ടിവേഷണൽ പരിഹാര(പരിഹാസ)ങ്ങളാകും മിക്കപ്പോഴും ലഭിക്കുക.

ഒരു vulnerable മനുഷ്യൻ ആഗ്രഹിക്കുന്ന listening സ്പേസോ ആശ്വാസ വാക്കുകളോ അവിടെ ലഭിക്കുകയില്ല.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പല നിലക്കും പാട്രിയാർക്കി പുരുഷന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

എന്തിനേറേ, പുരുഷൻമാർ പലപ്പോഴും പരാതി പറയുന്ന, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന സ്ത്രീകളുടെ വ്യാജ പരാതികൾക്ക് കിട്ടുന്ന മെറിറ്റിൽ പോലും,

ലൈംഗികതയെന്നാൽ ,

ഉടമ്പടികളുടെയോ ഉറപ്പിന്റെയോ മേൽ പെൺ ശരീരം, പെണ്ണ് ആണിന് കൊടുക്കുന്ന ഒരു കച്ചവടമാണെന്ന പാട്രിയാർക്കൽ ബോധമാണ് പ്രവർത്തിക്കുന്നത്.

ചുരുക്കത്തിൽ, പാട്രിയാർക്കി ആണിന് എപ്പോഴും പ്രിവിലേജ് മാത്രമല്ല, ബാധ്യത കൂടിയാണ്. അത് ആണുങ്ങൾ തിരിച്ചറിയുന്നുണ്ടോ എന്നതാണ് ചോദ്യം!

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x