Political

അരാഷ്ട്രീയവാദികളോട്; കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന ഓക്സിജനിലും രാഷ്ട്രീയമുള്ള കാലമാണിത്

പ്രതികരണം/ RJ Salim

“ഒരു ഓക്സിജൻ സിലിണ്ടർ അത്യാവശ്യമായി വേണം. എന്റെ ആന്റി അത്യാസന്ന നിലയിൽ ലങ്‌സിന് ഇൻഫെക്ഷൻ ബാധിച്ചു ആശുപത്രിയിലാണ്.”

ഇതൊരു സാധാരണക്കാരൻ നിസ്സഹായനായി ആവശ്യപ്പെട്ടതല്ല. ഇത് സുരേഷ് റെയ്‌നയുടെ മൂന്ന് ദിവസം മുൻപത്തെ ട്വീറ്റാണ്.

ലക്ഷക്കണക്കിന് ആരാധകരുള്ള, പണവും പിടിപാടും, സാമൂഹിക അധികാരവുമുള്ള ഒരാളാണ് ഇങ്ങനെ ക്ലൂലെസ്സായി ആൾക്കാരുടെ മുന്നിൽ ഒരു ബേസിക് ആവശ്യത്തിനായി കരയുന്നത്.

ആര് വന്നാലും എനിക്കെന്താ, ഞാൻ പണിയെടുത്താൽ എനിക്ക് ജീവിക്കാം എന്ന് പറഞ്ഞ ഒരാളെ ഇലക്ഷൻ ടൈമിൽ തഗ്ഗാക്കി ആഘോഷിച്ചത് ഓർമ്മയുണ്ടോ ? സുരേഷ് റെയ്നയെന്താണ് പണിക്ക് പോകാത്തതുകൊണ്ടാണോ ഇങ്ങനെയൊരു പ്രശ്നത്തിൽ പെട്ടത് ? അതോ കാശില്ലാത്തതുകൊണ്ടോ? അല്ലല്ലോ.

അത് കൃത്യമായും നമ്മുടെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയുടെ പ്രശ്നമാണ്. അത് നിർമ്മിക്കുന്ന ഏറ്റവുമാദ്യത്തെ കാര്യം രാഷ്ട്രീയമാണ്.

നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെയും നിങ്ങളുടെ ചുറ്റുമുള്ളവരുടെയും രാഷ്ട്രീയ(മില്ലായ്മ)മാണ് നിങ്ങളുടെ ചുറ്റുപാട് നിർണ്ണയിക്കുന്നത്. നിങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്ന വേദിയിൽ നിന്ന് നിങ്ങൾ മാറി നിൽക്കുന്നത് ആകെ സഹായിക്കുന്നത് നിങ്ങളെ ദ്രോഹിക്കുന്നവർക്ക് മാത്രമാണ്.

നിങ്ങൾ തിരഞ്ഞെടുത്ത നിങ്ങളുടെ സർക്കാരുകൾ മുൻഗണന കൊടുത്തത് വർഗീയത പരത്താനും, മുസ്ലിങ്ങളെ കൊല്ലാനും, അമ്പലം പണിയാനുമാണ് എങ്കിൽ, നിങ്ങളിനി ആരായാലും അതിനുള്ളിൽ ജീവിക്കേണ്ടി വരും.

സ്‌കൂളുകൾ പണിയുന്ന, നല്ല ആശുപത്രികൾ പണിയുന്ന, നല്ല സാമൂഹിക ജീവിതം നിർമ്മിക്കുന്ന രാഷ്ട്രീയം, നമ്മൾ ഒറ്റക്കെട്ടായി തിരഞ്ഞെടുത്തിരുന്നു എങ്കിൽ ഇതായിരിക്കില്ല നമ്മുടെ അവസ്ഥ.

സുരേഷ് റെയ്‌നയുടെ രാഷ്ട്രീയം അതാണ് എന്നല്ല പറയുന്നത്. എത്ര വലിയവനായാലും ചെറിയവനായാലും വ്യവസ്ഥിതി എന്ന് പറയുന്ന ഒന്നിനുള്ളിൽ തന്നെയാണ് അവരും എന്ന് തിരിച്ചറിയുന്ന നിമിഷം വരും.

ഏത് സെലിബ്രിറ്റി ആണെങ്കിലും ആസ്റ്റർ മെഡിസിറ്റിയിലും അപോളോയിലും ബെഡ് ഒഴിവില്ല എങ്കിൽ എന്ത് ചെയ്യാനാണ്. അല്ലെങ്കിൽപ്പിന്നെ നിങ്ങൾ രാജ്യം നിയന്ത്രിക്കുന്ന അംബാനി ആയിരിക്കണം.

ഇനിയെങ്കിലും നമ്മൾ രാഷ്ട്രീയത്തിന് അയിത്തം കൽപ്പിക്കാതെ അതിൽ ഇടപെട്ട് തുടങ്ങണം. അത് നമ്മൾ പഠിക്കാൻ ഒരു പാൻഡെമിക് വരേണ്ടി വന്നു എന്നുള്ളതാണ് നമ്മുടെ ഗതികേട്.

അതിനു പൊതുപ്രവർത്തകൻ ആവേണ്ട കാര്യമൊന്നുമില്ല. ഒന്ന് കണ്ണ് തുറന്ന് വെച്ചാൽ മതി. ചുറ്റുമൊന്നു കണ്ണോടിച്ചാൽ മതി. ഇനിയെങ്കിലും നമ്മളത് ചെയ്തില്ല എങ്കിൽ ഈ രാജ്യം തന്നെ ബാക്കി കാണില്ല. എന്നിട്ട് വേണ്ടേ പണിക്ക് പോയ് ജീവിക്കാൻ.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x