ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങൾ ഉടൻ ആരംഭിക്കുകയില്ല
മുംബൈ: കൊറോണക്കാലത്തിനു ശേഷം ക്രിക്കറ്റിലേക്ക് ഇന്ത്യൻ ടീമിന് പെട്ടെന്നൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നു ബൗളിങ് കോച്ച് ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു.
ആറു മുതല്‍ എട്ടാഴ്ച വരെ തയ്യാറെടുപ്പ് നടത്തിയാല്‍ മാത്രമേ ഇന്ത്യക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീണ്ടും കളിക്കാന്‍ സാധിക്കൂയെന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് ടീം ഇന്ത്യ അവസാനമായി കളിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയായിരുന്നു ഇത്. ഈ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയും ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
മാര്‍ച്ച് രണ്ടാം വാരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയായിരുന്നു ഇന്ത്യ അവസാനം കളിക്കേണ്ടിയിരുന്നത്. ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച കളികള്‍ രാജ്യത്തു ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ റദ്ദാക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുന്നതിനു മുമ്പ് ബിസിസിഐ ടീമിനു തയ്യാറെടുക്കാന്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭരത് അരുണ്‍ വ്യക്തമാക്കി. പൂര്‍ണ സ്ഥിതിയിലേക്കു മടങ്ങിയെത്താന്‍ ടീമിന് ചുരുങ്ങിയത് ആറു മുതല്‍ എട്ടാഴ്ചകള്‍ വരെ വേണ്ടി വരും.
തുടക്കത്തില്‍ താരങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനും ഫിറ്റ്നസ് നിലവാരം ഉയര്‍ത്താനുമുള്ള കാര്യങ്ങളാണ് പരിശീലന ക്യാംപില്‍ ചെയ്യുക. അതിനു ശേഷം മാത്രമേ മല്‍സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയുള്ളൂ.
കൊവിഡ്-19നെ തുടര്‍ന്നു ഇന്ത്യയുടെ ബൗളര്‍മാര്‍ക്കു ഇത്രയും നീണ്ട ബ്രേക്ക് വന്നതില്‍ തനിക്കു ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസം ബൗളര്‍മാര്‍ക്കു നന്നായി വിശ്രമിക്കാന്‍ സമയം ലഭിച്ചു. ഇത് അവരുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ കരുത്തരാക്കുകയും ചെയ്യും.
വളരെ അപൂര്‍വ്വമായി മാത്രമേ ഒരു അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കു, പ്രത്യേകിച്ചും നമ്മുടെ ബൗളര്‍മാര്‍ക്കു ഇങ്ങനെയുള്ള ബ്രേക്ക് ലഭിക്കുകയുള്ളൂ. ചെറിയ പരിക്കുകളില്‍ നിന്നും വേദനികളില്‍ നിന്നും മോചിതരാവാന്‍ അവര്‍ക്കു ലഭിച്ച ഏറ്റവും നല്ല അവസരം കൂടിയാണ് ഇപ്പോഴത്തെ ബ്രേക്കെന്നും അരുണ്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പോടെ ഇന്ത്യയുമായുള്ളള അരുണിന്റെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ കരാര്‍ നീട്ടി നല്കാന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ അടിതെറ്റുകയായിരുന്നു.
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യക്കു അടിതെറ്റിയത്. സെമിയിലെ തോല്‍വി ഇപ്പോഴും തങ്ങളെ അലട്ടുന്നതായി അരുണ്‍ വ്യക്തമാക്കി. ലോകകപ്പ് സ്വന്തമാക്കാന്‍ മികച്ചൊരു പ്ലാന്‍ തന്നെ വേണം. അതു പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യക്കു കിരീടം നേടാന്‍ കഴിയൂവെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS