
സംഘ് പരിവാറിന്റെ ഹൃദയം തകർക്കുന്ന വാർത്തകൾ
പ്രതീക്ഷിക്കാൻ എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ് കിട്ടാൻ മുങ്ങിത്തപ്പി.
കിട്ടിയത് തുരുമ്പല്ല. ലോഡ് കണക്കിനാണ്.
1. അശോക് നഗറിലെ ഒരു ആരാധനാലയത്തിനു അക്രമികൾ തീയിട്ടതിൻ്റെ പിറ്റേന്നത്തെ പ്രഭാതം.
അവിടത്തെ ജനങ്ങൾ ഒന്നിച്ചാണ് ആ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അവരിലൊരു വിഭാഗം പവിത്രമെന്ന് കരുതുന്ന വസ്തുക്കൾ ശേഖരിച്ചത്.
2. ശാസ്ത്രി പാർക്കിലും ബ്രിജ് പുരിയിലും മതഭേദമെന്യേ ഒന്നാണ് ഞങ്ങൾ എന്ന് പ്രഖ്യാപിച്ചുകൊണ്ട് സമാധാന റാലികൾ നടന്നിരുന്നു.
3. നോർത്ത് ഡൽഹിയിലെ ഗുരുദ്വാരകൾ മുഴുവൻ സമയവും മുസ്ലീങ്ങൾക്കും അഭയം ആവശ്യമുള്ളവർക്കെല്ലാവർക്കുമായി തുറന്നുവച്ചിരുന്നു.
4. അക്രമകാരികളിൽ നിന്ന് തങ്ങളുടെ അയൽക്കാരെ രക്ഷിക്കാൻ ദളിതുകൾ വഴി ബ്ലോക്ക് ചെയ്ത് അവരെ സംരക്ഷിച്ച വാർത്തയും പുറത്ത് വന്നിരുന്നു.
5. സ്കൂൾ കുട്ടികളെ സ്കൂളിൽ നിന്ന് സുരക്ഷിതമായി വീടുകളിലേക്കെത്തിക്കാൻ മനുഷ്യച്ചങ്ങല വഴിക്കിരുവശവും തീർത്ത മനുഷ്യർ യമുന വിഹാറിൽ.
6. രമേശ് പാർക്കിലെ മുസ്ലീം വിഭാഗക്കാർ അസ്വസ്ഥരായപ്പൊ വീടു വീടാന്തരം ചെന്ന് അവരെ സമാധാനിപ്പിച്ച അവരുടെ ഇതര മതവിഭാഗങ്ങളിലെ അയൽക്കാർ മറ്റൊരു മാതൃക
7. ആറ് മുസ്ലിം അയൽക്കാരെ രക്ഷിക്കാനായി തീപിടിച്ച അവരുടെ വീടിനുള്ളിലേക്ക് ഓടിക്കയറി അവസാനം ആറാമത്തെയാളെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രേംകാന്ത്..
8. പൊലീസിനെ സഹായത്തിനു വിളിച്ചിട്ട് അവർ എത്തിച്ചേരാതിരുന്നപ്പോൾ അവസാനം രക്ഷപ്പെടാൻ സഹായിച്ചത് ഹൈന്ദവരായ അയൽക്കാരെന്ന് കത്തിൽ എഴുതിയത് രാജ്യസഭ എം.പിയാണ്.
9. കലാപം പൊട്ടിപ്പുറപ്പെട്ട വാർത്ത കേട്ടപ്പൊ കൗമാരക്കാരനായ മകൻ ഒറ്റയ്ക്ക് വീട്ടിലിരിക്കുന്നുവെന്ന് ഓർത്ത അച്ഛൻ വിളിച്ചത് അയൽക്കാരനായ വഹാബിനെ.
അച്ഛൻ ഡൽഹി ട്രാൻസ്പോർട്ടിൽ ഡ്രൈവറാണ്. അമ്മ ഷീല ദേവി ബന്ധുവീട്ടിൽ പോയതും..
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആദ്യം തങ്ങളെ വിളിക്കണമെന്നാണ് വഹാബും ഭാര്യയും ഹർഷിനോട് പറഞ്ഞത്..
കല്ലേറ് നടന്നുകൊണ്ടിരിക്കുമ്പൊ വഹാബും ഭാര്യയും അടുത്ത വീട്ടിലെ ഹർഷിനെ വീടിനകത്താക്കി കതകടച്ചു.. അകത്തിരുന്ന് പുറത്തേക്ക് നോക്കുമ്പൊ ഹർഷ് കണ്ടത് അവൻ്റെ കൂട്ടുകാർ തമ്മിൽ കല്ലെറിയുന്നതാണ്..
തൊട്ടടുത്തുള്ള മറ്റൊരു വീടാണ് ഏതാനും ദിവസം മുൻപ് മാത്രം അച്ഛനായ രാഹുലിൻ്റേത്. പ്രശ്നങ്ങളുടെ വാർത്ത കേട്ടപ്പോഴേ രാഹുലിൻ്റെ ഭാഷയിൽ അടുത്ത വീട്ടിലെ ഇഖർ ഭായ് വന്ന് പറഞ്ഞുവത്രേ..
” നമ്മള് കുഞ്ഞുന്നാൾ തൊട്ട് ഒന്നിച്ചായിരുന്നു. നീ പേടിക്കേണ്ട കാര്യമില്ല..എന്തുണ്ടെങ്കിലും എന്നെ വിളിക്ക് ” എന്ന്..
നമ്മൾ സാധാരണ ചെയ്യുന്ന കാര്യമാണ്. വീട്ടിൽ ആർക്കെങ്കിലും അപകടം പിണഞ്ഞെന്ന് തോന്നിയാൽ അടുത്ത വീട്ടിലെ ആൾക്കാരോട് സഹായം ചോദിക്കുന്നത്..
ഒരു കലാപത്തിനിടയിൽ അങ്ങനെ ചോദിക്കുന്നത് ഒരു പാഠമാണ്.
തൊട്ടടുത്തുള്ളവരെ സ്വന്തം പോലെ കരുതണമെന്ന പാഠം..എത്ര വലിയ വെറുപ്പിനെയും ഒന്ന് കൈ കോർത്താൽ തടയാമെന്ന പാഠം.
വെറുപ്പും പേടിയുമുണ്ടാക്കി ആൾക്കാരെ വിഭജിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കാൻ ഇതും പറഞ്ഞേ തീരൂ..
#DelhiGenocide