HealthLife Style

അമിത ‘പോസിറ്റിവിറ്റി’ വിതറി സാന്ത്വനം ആഗ്രഹിക്കുന്നവരെ വിഷാദത്തിലേക്ക് തള്ളിവിടുന്ന മോട്ടിവേഷൻ കച്ചവടക്കാർ

അനുഭവങ്ങൾ/സുരേഷ് സി പിള്ള

എല്ലാ കാര്യങ്ങളും ‘നെഗറ്റിവ്’ ആയി കരുതുന്നവരെ പോലെ തന്നെ പ്രശ്നക്കാരാണ്, ഓവർ ആയി പോസറ്റിവിറ്റി വാരി വിതറുന്നവരും.

ഉദാഹരണത്തിന് നമ്മൾ മാനസികമായി തകരാറായി, ഡിപ്റഷൻ അടിച്ചിരിക്കുമ്പോൾ ആകും ഇത്തരക്കാർ ‘പൂക്കളെ നോക്കൂ, പുഴകളെയും, കിളികളെയും നോക്കൂ, അവർ എത്ര ശാന്തരാണ്’ എന്നൊക്കെ പറഞ്ഞു നമുക്ക് ഉള്ള സമാധാനം കൂടി കളയുന്നത്.

അല്ലെങ്കിൽ ‘പഠിക്കാൻ ബുദ്ധിമുട്ടാണ്, ശ്രദ്ധിക്കാൻ പറ്റുന്നില്ല’ എന്നൊക്കെ കുട്ടികൾ പറയുമ്പോൾ, യഥാർത്ഥ കാരണം അന്വേഷിക്കാതെ, ഏബ്രഹാം ലിങ്കന്റെയും, മാർട്ടിൻ ലൂഥർ കിങ്ങിന്റെയും, ആൽബർട്ട് ഐൻസ്റ്റീൻ്റെയും ഒക്കെ കഥയുമായി വരുന്നത്.

അൽപ്പം സാന്ത്വനം ആഗ്രഹിക്കുന്ന കുട്ടികളെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടാനേ ഇങ്ങനെയുള്ള ഉപദേശങ്ങൾ കൊണ്ട് സാധിക്കുകയുള്ളൂ.

ഓവർ പോസറ്റിവ് ആയി കാര്യങ്ങളെ കുറച്ചു കാണുന്നവരും ഉണ്ട്,

അച്ഛൻ പറയാറുള്ള ഒരു കഥയുണ്ട്. ആകാശം മുട്ടെയുള്ള തേക്കിൻ്റെ കൊമ്പു മുറിക്കാൻ കയറിയ ആൾ തറയിൽ വീണ് ചിന്നി ചിതറി കിടന്നപ്പോൾ, ആർത്തലച്ചു കരയുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്തു ചെന്ന് സന്യാസി പറയുകയാണ് ‘മകളെ, ഇത്രെയും അല്ലേ അദ്ദേഹത്തിനു പറ്റിയുള്ളൂ, ഇതിലും വലുതെന്തോ വരാൻ ഇരുന്നതാണ്, ഇതിങ്ങനെ പോയി എന്ന് കരുതിയാൽ മതി’.

ഇതൊന്നും ആരോഗൃകരമായ പോസിറ്റിവിറ്റിയേ അല്ല, മറിച്ച്‌ വിഷലിപ്തമായ കാഴ്ചപ്പാടുകൾ ആയേ കണക്കാക്കാൻ പറ്റുകയുള്ളൂ.

ഇനി ഈ മോട്ടിവേഷണൽ പോസിറ്റിവ് ആൾക്കാർക്ക് വിഷമം വന്നാൽ അവരും സാധാരക്കാരെ പോലെ ആകും.

ഒരു കഥ പറയാം. എല്ലാവരെയും വിഷമം വരുമ്പോൾ ആശ്വസിപ്പിക്കുന്ന ഒരു ഗുരുജി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുജൻ മരണപ്പെട്ടപ്പോൾ വലിയ വായിൽ കരയുന്നത് കണ്ട സുഹൃത്ത് ചോദിച്ചു:“എന്റെ വേണ്ടപ്പെട്ടവർ ഒക്കെ മരിച്ചപ്പോൾ അങ്ങയുടെ സാന്ത്വനം ആയിരുന്നല്ലോ എനിക്ക് ശക്തി തന്നത്, ഇതിപ്പോൾ അങ്ങു തന്നേ ഇങ്ങനെ വലിയ വായിൽ കരഞ്ഞാൽ?” ഇത് കേട്ട ഗുരുജി “അത് ഉങ്ക തമ്പി, ഈ കിടക്കുന്നത് ഏൻ തമ്പി താനേ”.

മോട്ടിവേഷണൽ എഴുത്തുകാരുടെ ഒക്കെ കാര്യം ഇത്രയേ ഉള്ളൂ. പറഞ്ഞു വന്നത് മാനസികമായി തകർന്ന ഒരാളെ നമുക്ക് സഹായിക്കണം എന്നുണ്ടെങ്കിൽ, നല്ലൊരു കേൾവിക്കാരി/ രൻ ആകുകയാണ് ആദ്യം വേണ്ടത്.

എങ്ങിനെയാണ് വിഷമം ഉള്ളപ്പോൾ നമുക്ക് സ്വാന്ത്വനം കിട്ടുന്നത്? ഉപദേശങ്ങൾ തരുവാൻ ധാരാളം ആളുകൾ കാണും. പക്ഷെ തകർന്നിരിക്കുന്ന നമ്മളെ കേൾക്കുവാൻ ആരും കാണില്ല.

നമുക്ക് അല്ലെങ്കിൽ നമ്മുടെ വേണ്ടപ്പെട്ടവർക്ക് ഉണ്ടായ സമാനമായ ബുദ്ധിമുട്ടുകൾ, അനുഭവങ്ങൾ എങ്ങിനെയാണ് മറ്റുള്ളവർ തരണം ചെയ്തത് എന്നൊക്കെ കേൾക്കുമ്പോൾ ജീവിതത്തിലേക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ അവരെ നന്നായി സഹായിക്കും.

എപ്പോളും പോസിറ്റീവ് ആയി ഇരിക്കണം എന്ന് പറയുന്നിടത്തോളം അസംബന്ധവും വേറെ ഇല്ല. അങ്ങിനെ ആർക്കും പറ്റുമെന്നും തോന്നുന്നില്ല.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ, ഡോ. ജയ്മി സുക്കെർമാൻ പറഞ്ഞത് “The assumption, either by one’s self or others, that despite a person’s emotional pain or difficult situation, they should only have a positive mindset or — my pet peeve term — ‘positive vibes.‘

അദ്ദേഹം ഇതിനെ ടോക്സിക് പോസിറ്റിവിറ്റി എന്നാണ് വിളിക്കുക (It’s Okay to not be okay; Harvard Business Review., November 10, 2020).

‘എപ്പോളും പോസിറ്റിവ് ആയി ഇരിക്കൂ; ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാണ്; ഇതിലെന്ത് കരയാൻ, അല്ലെങ്കിൽ “It could be worse; be grateful.” ആൾക്കാർ ഭക്ഷണം ഇല്ലാതെ ഇരിക്കുന്നില്ലേ, അപ്പോൾ ഇതാണോ വലിയ വിഷമം? ഇതിൽ നിന്നും കര കയറൂ… എന്നൊക്കെ പറയാതെ വിഷമിച്ചിരിക്കുന്ന ഒരാളോട് ഇങ്ങനെ പറഞ്ഞു നോക്കൂ,

“ഞാൻ കേൾക്കാൻ ഉണ്ട്, നിനക്ക് ഇതിൽ നിന്നും കരകയറാൻ സമയം വേണ്ടി വരും, സമാധാനമായി അതിനു ശ്രമിക്കൂ, ഞാനും കൂടെ ഉണ്ടാവും.” “നിൻ്റെ ചിന്തകളും, വികാരങ്ങളും എല്ലാം അർത്ഥവത്തായവയാണ്, വിഷമിക്കാനുള്ള കാരണങ്ങളും ഉണ്ട്, പക്ഷെ നമുക്ക് ഇതിൽ നിന്നും കരകയറിയല്ലേ പറ്റൂ, നമുക്ക് ശ്രമിക്കാം”.

ഓർക്കുക “It really is Okay to not be okay”. നമ്മളാരും അമാനുഷകർ ഒന്നുമല്ല, പ്രശ്നങ്ങൾ ഇല്ലാത്തവരായും ആരുമില്ല. Covid വരുമോ എന്ന് പേടിക്കുന്നതും, പഠിച്ചു കഴിഞ്ഞാൽ ഇപ്പോളത്തെ അവസ്ഥ ഇങ്ങനെ തുടർന്നാൽ ജോലി കിട്ടുമോ എന്നൊക്കെ ഭയക്കുന്നതും, പാറ്റയെ കണ്ടാൽ അലറി വിളിക്കുന്നതും, നമുക്ക് അത്രയും വേണ്ടപ്പെട്ടവരെ നഷ്ടമാകുമോ എന്നൊക്കെയുള്ള ചിന്തകൾ വരുന്നതും ഒക്കെ നോർമൽ ആണ്.

വൈകാരികമായ ബുദ്ധിമുട്ടുകളോ, മാനസികവിക്ഷോഭങ്ങളോ, വിഷമങ്ങളോ ഒന്നും സ്ഥിരമല്ല, ദേഷ്യവും, സങ്കടവും, വ്യാകുലത, അമിത ആകാംക്ഷ, ചിന്താകുലത, ഏകാന്തത, ഉത്‌ക്കണ്‌ഠ, മനഃസ്‌താപം ഈ ഘട്ടങ്ങളിൽ കൂടി കടന്നു പോകാത്ത ആരും ഉണ്ടാവില്ല.

എന്തായാലും ഞാൻ ഈ അവസ്ഥകളിൽ എല്ലാം കൂടി പോയിട്ടുണ്ട്. നിങ്ങൾക്ക് താങ്ങാൻ പറ്റില്ലെങ്കിൽ അതിന് പ്രൊഫഷണൽ ആയ സഹായം സ്വീകരിക്കുക, അതിനും കുഴപ്പമില്ല.

ശരീരത്തിന് അസുഖം വരുന്ന പോലെ, മനസ്സിനും അസുഖം വരാം. അപ്പോൾ മനസ്സിന് ചികിത്സ വേണ്ടി വരും. അതും പതിയെ മാറും.

അതുകൊണ്ട്, അധികമായ ഉപദേശം തരുന്നവരിൽ നിന്നും, അമിതമായി പോസിറ്റിവിറ്റി വാരി വിതറുന്നവരിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കാം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Free Thinker
3 years ago

Good Article.

Back to top button
1
0
Would love your thoughts, please comment.x
()
x