World

വിദേശ മലയാളികളും സിവിക് സെൻസും; അനിവാര്യമായ മാറ്റങ്ങൾ !

ഡോ കുഞ്ഞാലി കുട്ടി

യുകെയിൽ വരുന്ന മലയാളി വിദ്യാർത്ഥികൾ ‘മൈ ലൈഫ് ഇൻ യുകെ’, ‘മൈ ഹോം ടൂർ’, ‘മൈ നൈറ്റ് ലൈഫ്’, മൈ യൂണിവേഴ്‌സിറ്റി’ തുടങ്ങിയ മൈ കളൊക്കെ തീർന്നു കഴിഞ്ഞപ്പോൾ തുടങ്ങിയ അടുത്ത ട്രെൻഡ് ആണ് ‘ഞാൻ എങ്ങനെ ഫ്രീ ഫുഡ് ഒപ്പിച്ചു’ എന്ന പേരിലുള്ള വീഡിയോസ്.

ഇപ്പൊ ഒരു മൂന്നാലെണ്ണം കണ്ടു. നാലു പേർക്കുള്ള സാധനങ്ങളാണ് ആ വ്ലോഗർ വാങ്ങിയിരിക്കുന്നത്. മിനിമം ഒരു എഴുപത് പൗണ്ടിന്റെ സാധനങ്ങളുണ്ട്. വീഡിയോയും കമന്റുകളും കാണുക. മോശത്തരം കാണിക്കുന്നതും പോരാഞ്ഞിട്ട് അത് വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്നു, ബാക്കിയുള്ളവരെ അപ്രകാരം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. കമന്റിൽ ഉള്ളവനെല്ലാം ചോദിക്കുന്നത് ഇതെങ്ങനെ തനിക്കും ഒപ്പിക്കാമെന്നാണ്.

സൂപ്പർമാർക്കറ്റുകളിൽ ചെക്ക്ഔട്ട് കൗണ്ടറുകൾക്ക് അരികിലായി ഫുഡ് ബാങ്കുകാരുടെ ഒരു വലിയ പെട്ടി കാണും. ആളുകൾ ഷോപ്പിംഗ് ചെയ്യുമ്പോൾ ഇതിലേക്ക് കൂടി എന്തെങ്കിലും വാങ്ങി അതിൽ നിക്ഷേപിക്കും. ഇത് കൂടാതെ ലോക്കൽ ബിസിനസ്സുകളും കച്ചവടക്കാരും ഒക്കെ കാശും സാധനങ്ങളും ഡൊണേറ്റ് ചെയ്യും.

ആളുകൾ വാങ്ങി പെട്ടിയിൽ ഇടുന്നത് കൂടുതലും perishable അല്ലാത്ത ഐറ്റംസ് ആണ്. അരി, എണ്ണ, കാൻഡ് ഫിഷ്, കാൻഡ് വെജിറ്റബിൾസ്, പാസ്ത, ടൊമാറ്റോ സോസ്, ചോക്ക്ളേറ്റുകൾ, സോപ്പ്, ഫേസ് വാഷ്, ഷവർ ജെൽ, ടോയ്ലറ്റ് ടിഷ്യൂ അങ്ങനെ അവരവർക്ക് ഇഷ്ടമുള്ളത്. ആരും നിർബന്ധിച്ചിട്ടൊന്നുമല്ല, കഴിയുന്നത് പോലെ സഹായിക്കുന്നു എന്നേയുള്ളു.

ഈ ഫുഡ് ബാങ്കുകൾ രാജ്യം മുഴുവനുമുണ്ട്. അതാത് പ്രദേശങ്ങളിലെ നിസ്വാർത്ഥരായ കുറച്ചു ആളുകൾ ചേർന്ന് നടത്തുന്നതാണ് മിക്കതും. കോവിഡ് കാലത്തും മറ്റും ജോലിയും ശമ്പളവും ഇല്ലാതായ, ശരിയായ രേഖകൾ ഇല്ലാത്തത് മൂലം സർക്കാർ സഹായം കിട്ടാതെ വന്ന ആളുകൾ ജീവിച്ചത് ഈ ഫുഡ്‌ബാങ്കുകൾ മൂലമാണ്.

സർക്കാർ സഹായം പലപ്പോഴും തികയാത്ത, പാവപ്പെട്ട ആളുകൾക്ക് പലപ്പോഴും ഒരു പിടിവള്ളിയാണിവ.

എന്ന് വെച്ച് ജീവിക്കാൻ വകയുള്ളവർ ഫുഡ് ബാങ്കിൽ വന്നു ചോദിച്ചാൽ അവർ തരാതിരിക്കുകയൊന്നുമില്ല. ആരുടേയും വരുമാന സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും ഒന്നും ചോദിച്ചിട്ടല്ല അവർ കൊടുക്കുന്നത്. ഒരു തരം പരസ്പരവിശ്വാസത്തിൽ ഉള്ളൊരു പരിപാടിയാണ്. നിവൃത്തിയുള്ളവർ ഫുഡ് ബാങ്കിന്റെ സൗജന്യം പറ്റില്ലെന്നും സമൂഹത്തിലെ പാവങ്ങൾക്കുള്ള ഭക്ഷണം അടിച്ചുമാറ്റില്ലെന്നും ഉള്ള ഒരു വിശ്വാസം.

ഇതിപ്പോ പറയാൻ കാരണം, സ്റ്റുഡന്റ് വിസയിൽ കുടുംബസമേതം യുകെയിൽ വന്ന ഒരു മലയാളിയുടെ വ്ലോഗ് കണ്ടത് കൊണ്ടാണ്. ഗൾഫിൽ കുറേനാൾ ജോലി ചെയ്തശേഷമാണ് ഭർത്താവും മകളുമായി ഇങ്ങോട്ട് വന്നതെന്ന് ആ പെൺകുട്ടി വ്ലോഗിൽ പറയുന്നുണ്ട്. ഇംഗ്ളണ്ടിൽ വന്നയുടനെ ഭർത്താവിന് ഡിപ്പൻഡന്റ് വിസ ആയത് കൊണ്ട് ഫുൾടൈം ജോലി കിട്ടി. ഇവരും ജോലിക്ക് ശ്രമിക്കുന്നുണ്ട്.

ഇതിനിടെ ഒരു ദിവസം ഫുഡ് ബാങ്കിൽ പോയി രണ്ട് പെട്ടി നിറയെ സാധനം വാങ്ങിക്കൊണ്ടു വന്നു അതിന്റെ അൺബോക്സിങ് വീഡിയോ ആണ് ഒരു വ്ലോഗ്. സാധനം വാങ്ങി തിരികെ വന്നത് ടാക്സിയിലാണ്. രണ്ടു പെട്ടി നിറയെ സാധനം. മുകളിൽ പറഞ്ഞ പോലെ അരി, പാസ്ത, സോസ്, സോപ്പ്, ഷവർ ജെൽ, ചോക്ക്ലേറ്റ് ഒക്കെയുണ്ട്. ഫ്രീയായി ഇതൊക്കെ കിട്ടിയതിൽ ആൾ നല്ല സന്തോഷത്തിലാണ്.

ഇത് മോശമാണ്, പാവങ്ങൾക്കുള്ള ഭക്ഷണം ഇങ്ങനെ ചെയ്യുന്നത് മോഷണത്തിന് തുല്യമാണ് എന്നൊരു കമന്റിട്ടത് അവർ ഡിലീറ്റ് ചെയ്തു. എന്നാലും സാരമില്ല, ഒരു മനഃസാക്ഷിക്കുത്ത് തോന്നി മേലിൽ അങ്ങനെ ചെയ്യാതിരുന്നാൽ മതിയായിരുന്നു.

ഈ പെൺകുട്ടി വന്നിട്ട് അധികം നാളാകാത്തത് കൊണ്ട് അറിവില്ലാതെ ചെയ്തതാണെന്നുള്ള ആനുകൂല്യം കൊടുക്കാം. പക്ഷെ വേറൊരു പ്രമുഖ വ്ലോഗന്റെ സഹട്രാവലർ മുൻപൊരിക്കൽ ഒരു വ്ലോഗിൽ പറയുന്നത് കണ്ടിരുന്നു, സ്‌കൂളിൽ നിന്ന് കുട്ടികൾക്ക് അരിയും പാസ്തയും മറ്റു വീട്ടുസാധനങ്ങളുമൊക്കെ കൊടുക്കുമെന്നും അത് കൊണ്ട് പലപ്പോഴും കൈയിൽ നിന്ന് കാശുമുടക്കി അതൊന്നും വാങ്ങേണ്ടി വരില്ലെന്നും.

ഇതും പാവപ്പെട്ട കുട്ടികളെ ലക്ഷ്യമാക്കി ഓരോ ചാരിറ്റികൾ ചെയ്യുന്നതാണ്. യൂണിവേഴ്‌സിറ്റിയിൽ സ്റ്റുഡന്റ്സിനെ റിക്രൂട്ട് ചെയ്യുന്ന ബിസിനസ് നടത്തുന്ന, ഔഡി കാർ ഓടിക്കുന്ന, അർമാനിയും ഹ്യുഗോ ബോസും പോലുള്ള ഡിസൈനർ വസ്ത്രങ്ങൾ ധരിക്കുന്ന ആളുകൾ ഇതൊക്കെ വാങ്ങി ഞണ്ണുന്നത് മഹാ എച്ചിത്തരമാണ്. ഏതോ പാവപ്പെട്ടവന്റെ ഭക്ഷണമാണ് ഉളുപ്പില്ലാതെ വാങ്ങി കേറ്റുന്നത് എന്നൊരു ബോധം വേണം.

ഡോ കുഞ്ഞാലി കുട്ടി

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x