ഞാൻ മരിച്ചാൽ ഖബറടക്കുന്നതെവിടെയാവുമെന്ന്
ഒരു കൗതുകത്തിന് ആലോചിച്ചുനോക്കി..
അതൊരു പളളിക്കാട്ടിലാവുമെന്ന് ഉറപ്പാണ്..
നാട്ടിലോ ഭർത്താവിൻറെ നാട്ടിലോ
അതോ മറ്റെവിടെയെങ്കിലുമോ..
നാട്ടിലാണെങ്കിൽ,
എൻറെ കളിക്കൂട്ടുകാരിയുടെ
വീടിനടുത്താണ് പളളിക്കാട്.
അവളുടെ വീട്ടിൽ കളിക്കാൻ
പോവാനേറെ ഇഷ്ടമായിരുന്നെനിക്ക്.
എന്നാലും ഞാനവിടെയെത്തിയെന്ന്
അവളറിയുമ്പോഴേക്കും ചിലപ്പോൾ
നാലുനാൾ കഴിഞ്ഞിരിക്കും.
ഖബറിനരികിൽ മൈലാഞ്ചി നടാനും
അന്നു രാത്രി മഴപെയ്യുമ്പോൾ
ഒരു കുട തുറന്നുവെക്കാനും
‘ഉമ്മുകുൽസു’വിൻറെ ഉമ്മയെപ്പോലെയല്ല
എൻറെയുമ്മ;
ഉമ്മാക്ക് നല്ല ധൈര്യമുണ്ട്.
എല്ലാ ജുമുഅ നിസ്കാരത്തിലെയും
രണ്ടാമത്തെ റക്അത്തിലെ സുജൂദിൽ,
മരിച്ചുപോയ തൻറെ ഉമ്മാക്ക് വേണ്ടി
പ്രാർത്ഥിക്കാൻ മറക്കാത്ത വാപ്പ
ചിലപ്പോൾ ആ വെളളിയാഴ്ച പ്രാർത്ഥന മറക്കും;
പാവമാണ് എൻറെ വാപ്പ.
ഞാൻ മരിച്ചുവെന്ന് കേൾക്കുമ്പോൾ,
എൻറെ മയ്യത്തെടുക്കുമ്പോൾ
ആർത്തലച്ചു കരയുന്ന മക്കളോട്
ഞാനെല്ലാം പറഞ്ഞുവെച്ചിട്ടുണ്ട്.
തല്ലുകൂടരുതെന്നും ആർത്തി
പാടില്ലെന്നുമൊക്കെ;
അവർ ജീവിക്കും.
നമ്മളെന്നോ ഒറ്റക്കായതല്ലേടീന്ന്
എപ്പോഴും പറയാറുളളവൾ,
എൻറെ ഒറ്റയനിയത്തി,
പൊടുന്നനേ ഒറ്റക്കായപോലെ,
കുഞ്ഞിനെയും ഒക്കത്തുവെച്ച്
അടുക്കളവാതിലിൽ ചാരി നിന്ന് കരയും;
അവൾ പണ്ടേ വേഗം കരയുമായിരുന്നു.
വാപ്പയോട് ഇടക്കിടെ
തല്ലുകൂടാറുണ്ടെങ്കിലും
എൻറെ മയ്യത്ത്കട്ടിലിൻറെ
ഒരു കാലിലെ പിടുത്തം
നല്ലോണം മുറുക്കിപ്പിടിച്ചിട്ടുണ്ടാവും
അവൻ,
മൂന്നുപിടിപോയിട്ട്,
ഒരുപിടിപോലും മണ്ണ് വാരിയെൻറെ
മേലേക്കിടാനൊന്നും അവനാവില്ല;
ഇളയവൻ അനിയന്.
മയ്യത്തെടുക്കുമ്പോഴും, ഞാൻ പക്ഷേ,
ഒരു വാക്കിനെ കാത്തിരിക്കുകയാവും.
എന്നെ അവസാനക്കാഴ്ച
കാണാനെത്തില്ലെന്നറിയുമെങ്കിലും
ദൂരേന്ന് യാത്ര പുറപ്പെട്ട വാക്ക്.
പാതി നിർത്തിയ പൊരുളെന്ന്
ഞാൻ കാത്തിരുന്ന വാക്ക്.
ആരോ വരാനുളളവരുടെ
കണ്ണുകൾ മരിച്ചാലും
പാതിയേയടയൂ എന്ന് പറഞ്ഞപോലെ
പാതിമരിക്കാത്തവളായി
ഞാൻ ഖബറിലേക്ക് പോവും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS