1. “ഓവർസ്പീഡ് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.”
വെറും തോന്നലാണത്. വണ്ടിയുടെ മേൽ ഡ്രൈവർക്കുള്ള നിയന്ത്രണം, വേഗത കൂടുന്തോറും കുറഞ്ഞു കൊണ്ടിരിക്കും. നിയന്ത്രണം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് വണ്ടിയുടെ ആക്സിലറേറ്ററും ബ്രേക്കുമൊക്കെ സമയത്ത് പ്രയോഗിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നതല്ല. മറിച്ച് നിങ്ങളിതൊക്കെ പ്രയോഗിച്ചാൽ വണ്ടി അതിന് വഴങ്ങുമോ എന്നതാണ് പ്രശ്നം. ഇല്ല എന്നതാണ് ദുഃഖകരമായ സത്യം.
എത്ര വലിയ കൊലകൊമ്പൻ ഡ്രൈവറായാലും വണ്ടിയ്ക്ക് ഒരു സ്റ്റോപ്പിങ് ദൂരമുണ്ട്. ബ്രേക്ക് ചവിട്ടിയാലും അത്രയും ദൂരം കൂടി സഞ്ചരിച്ചാലേ വണ്ടി നിൽക്കൂ. ആ ദൂരം വേഗതയുടെ വർഗത്തിന് ആനുപാതികമായിട്ടാണ് കൂടുന്നത്. നിങ്ങൾക്ക് എതിരേ ഒരു വണ്ടി വരുന്നുണ്ടെങ്കിൽ, ആ വണ്ടിയ്ക്കും ഉണ്ട് ഇതുപോലെ ഒരു ദൂരം. രണ്ടുപേരും ഒരേ വേഗതയിൽ എതിരേ വരികയും ഒരേ സമയം ബ്രേക്ക് ചെയ്യുകയും ചെയ്താലും, ഓരോരുത്തരുടേയും സ്റ്റോപ്പിങ് ദൂരം ഇരട്ടിയാകുന്നുണ്ട്.
നിങ്ങൾ വിചാരിക്കുന്നിടത്ത് വണ്ടി നിൽക്കില്ല എന്നുവെച്ചാൽ, നിങ്ങളോടിക്കുന്ന വണ്ടിയുടെ വലിപ്പത്തിന് അനുസരിച്ച്, നിങ്ങൾ ഒന്നുകിൽ കൊല്ലാനോ അല്ലെങ്കിൽ ചാവാനോ ഉള്ള സാധ്യതയാണ് അത് കാണിക്കുന്നത്.
2. ”പോയിട്ട് അത്യാവശ്യമുണ്ട്”
ഒറ്റനോട്ടത്തിൽ ന്യായമെന്ന് തോന്നുന്ന ഒരു കാരണമാണെങ്കിൽ പോലും അതിവേഗത കൊണ്ട് ഇവിടെ കാര്യമായ പ്രയോജനമൊന്നും ഇല്ല. സ്കൂളിൽ പഠിച്ച ഗണിതം വെച്ച് ആർക്കും അത് കണക്കാക്കി ബോധ്യപ്പെടാം.
ഉദാഹരണത്തിന് 5 കിലോമീറ്റർ ദൂരത്തേയ്ക്ക്, 50 km/h വേഗതയിലും 60 km/h വേഗതയിലും പോയാൽ വരുന്ന സമയവ്യത്യാസം വെറും ഒരു മിനിറ്റാണ്. ദൂരം 20 കിലോമീറ്ററുണ്ടെങ്കിൽ സമയവ്യത്യാസം 4 മിനിറ്റാകും. എന്നാൽ ഇതേ ദൂരത്തിന് വേഗത 60-ൽ നിന്ന് 70 ആക്കിയാലോ, വെറും മൂന്ന് മിനിറ്റ് കൂടി ലാഭിക്കാം!
പലപ്പോഴും അതിവേഗത നൽകുന്ന ഒരു സൈക്കോളജിക്കൽ ഫീലിങ് മാത്രമാണ് കുറച്ചുസമയത്തിൽ എത്തി എന്നത്. തുച്ഛമായ സമയ ലാഭത്തിന് വേണ്ടിയുള്ള മരണപ്പാച്ചിൽ അപകടസാധ്യത പല മടങ്ങ് വർദ്ധിപ്പിക്കാം എന്നതാണ് അവിടത്തെ ലാഭം.
3. “വിദേശ രാജ്യങ്ങളിൽ നൂറും നൂറ്റമ്പതും km/h വേഗതയിൽ പോകുന്നതോ?!”
അതിവേഗതയിൽ പോകുന്നതിന്റെ അപകടങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ പലരും എടുത്തിടുന്ന വിഷയമാണ് വിദേശരാജ്യങ്ങളിലെ വേഗത. അവിടെ ഇത്രയും അപകടങ്ങൾ ഇല്ലല്ലോ എന്ന് അവർ ഇങ്ങോട്ട് ചോദിക്കും. പലപ്പോഴും വേഗതയെ ന്യായീകരിക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണ് ഈ വാദം.
കാരണം റോഡുകളിൽ വലിയ വേഗതകൾ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളൊന്നും തന്നെ കേരളവുമായി താരതമ്യം ചെയ്യാവുന്നവയല്ല. കേരളത്തിലെ ജനസാന്ദ്രത പരിഗണിക്കുമ്പോൾ നമുക്ക് വിശാലമായി വീതികൂട്ടി റോഡുകൾ നിർമിക്കുന്നതിന് പരിമിതികളുണ്ട്.
വാഹനങ്ങളുടെ സാന്ദ്രത കൂടുന്തോറും, ഒരു വണ്ടിയ്ക്ക് ലഭ്യമായ സ്റ്റോപ്പിങ് ദൂരവും കുറയും. അതുകൊണ്ട് തിങ്ങി ഞെരുങ്ങി വാഹനങ്ങൾ സഞ്ചരിക്കുന്ന പാതകളിൽ വേഗതയുടെ ലിമിറ്റ് കൂടുതൽ താഴ്ത്തിയേ വെക്കാനാകൂ.
മറ്റൊന്നുള്ളത് റോഡുകളുടെ അവസ്ഥയാണ്. മോശം റോഡുകൾക്ക് കാരണം ഉദ്യോഗസ്ഥരുടെ അഴിമതി മാത്രമൊന്നുമല്ല. പല യൂറോപ്യൻ രാജ്യങ്ങളെക്കാളും അഞ്ചും ആറും മടങ്ങ് കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാണ് കേരളം. മഴയും അനുബന്ധമായ വെള്ളമൊഴുക്കുകളും ഒക്കെ റോഡുകൾ പെട്ടെന്ന് മോശമാകുന്നതിന് ഒരു കാരണമാണ്.
സമ്പന്നരാജ്യങ്ങൾക്ക് മുടക്കാവുന്നത്ര തുക നമുക്ക് റോഡുനിർമാണത്തിൽ മുടക്കാനുമാവില്ലല്ലോ. ഇതൊന്നും റോഡുകൾ നല്ല രീതിയിൽ സൂക്ഷിക്കാതിരിക്കുന്നതിന് ഒരു ന്യായമല്ല.
പക്ഷേ പറഞ്ഞു വന്നത് വിദേശരാജ്യങ്ങളിലെ വേഗതയുമായി ഇവിടെ താരതമ്യം സാധ്യമല്ല എന്നതാണ്. ഇവിടെ ഭൗതിക സാഹചര്യങ്ങളെക്കാൾ പ്രധാനമായി നടത്തേണ്ട ഒരു താരതതമ്യം ഉണ്ട്- അത് വണ്ടിയോടിക്കുന്നവരുടെ കൈയിലിരുപ്പ് ആണ്.
പുറത്ത് എത്ര വേഗതയിലായാലും അച്ചടക്കത്തോടെ വരി കൃത്യമായി പാലിച്ചാണ് ആളുകൾ വണ്ടിയോടിക്കുന്നത് എങ്കിൽ ഇവിടെ ആര് എപ്പോൾ ഏത് വഴി വന്നുകയറുമെന്നോ എങ്ങോട്ട് തിരിയുമെന്നോ ഒരു കണക്കുകൂട്ടലും സാധ്യമല്ലാത്ത വിധത്തിലാണ് നമ്മുടെ വണ്ടിയോടിക്കൽ.
ഒരു പട്ടിയോ കുട്ടിയോ വൃദ്ധരോ ഒക്കെ പൊടുന്നനെ റോഡിലേക്കെടുത്ത് ചാടാനുള്ള സാധ്യതയും ചെറുതല്ല. അതുകൊണ്ട് തന്നെ ഏത് നിമിഷവും ഒരു സഡൻ ബ്രേക്കിങ്ങോ വെട്ടിത്തിരിക്കലോ വേണ്ടിവന്നേക്കാം.
ഇവിടെ നിങ്ങളുടെയോ എതിരേ വരുന്നവരുടേയോ ജീവന്റെ ബലം തീരുമാനിക്കുന്നത് നിങ്ങളുടെ വേഗത തന്നെയായിരിക്കും.
4. “റോഡ് മോശമായതുകൊണ്ടാണ് അപകടങ്ങൾ നടക്കുന്നത്”
ഈ ന്യായത്തിന് അനുഭവത്തിൽ നിന്ന് ചില ശക്തമായ ഖണ്ഡനകളും നടത്താൻ പറ്റും. മോശമായി കുണ്ടും കുഴിയും നിറഞ്ഞു കിടന്ന റോഡുകൾ നന്നാക്കി, വലുതാക്കിയെടുത്ത ശേഷം അതിലെ അപകടങ്ങളുടെ എണ്ണം കൂടിയ സംഭവങ്ങൾ ഒരുപാടെണ്ണം നേരിട്ടറിയാം. കാരണം വളരെ ലളിതമാണ്. റോഡ് മോശമായിരുന്നതുകൊണ്ട് മാത്രം അടക്കിവെച്ചിരുന്ന അഭ്യാസമുറകളൊക്കെ, അത് നന്നായപ്പോൾ ആളുകൾ പുറത്തെടുക്കാൻ തുടങ്ങി.
അതിൽ ഏറ്റവും സാധാരണമായ അഭ്യാസം അമിതവേഗത തന്നെ. ഇതൊക്കെ പറഞ്ഞാലും, റോഡ് മോശമായതുകൊണ്ട് മാത്രം സംഭവിക്കുന്ന അപകടങ്ങൾ നിരവധിയുണ്ട് എന്നത് സമ്മതിച്ചേ പറ്റൂ. പക്ഷേ ഓർക്കേണ്ടത്, ഇവിടെ അതിവേഗത ഒഴിവാക്കണമെന്ന് പറയുന്നതിന് ഒരു കാരണം തന്നെ അതാണ് എന്നതാണ്.
നേരത്തേ പറഞ്ഞതുപോലെ, നമ്മുടെ റോഡുകളുടെ മോശം അവസ്ഥയ്ക്ക് കെടുകാര്യസ്ഥത ഉൾപ്പടെ പല കാരണങ്ങളുണ്ടാകും. നമ്മൾ ഇവിടെ സംസാരിക്കുന്നത് നമ്മുടെ സുരക്ഷിതയാത്രയെ കുറിച്ചാണ്. അതിൽ പൂർണമായും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യം നമ്മുടെ വേഗത മാത്രമാണ്. അതുകൊണ്ടാണ് അതിവേഗത ഒഴിവാക്കുന്നതിന് ഇത്ര പ്രാധാന്യം വരുന്നത്.
വിവേകമുള്ളവർ ചിന്തിക്കേണ്ടത്, “റോഡ് നന്നാക്കിയിട്ടേ ഞാൻ വേഗത കുറയ്ക്കൂ” എന്നല്ല, “റോഡ് നന്നല്ലാത്തതുകൊണ്ട് വേഗത കുറച്ച് പോകാം” എന്നാണ്.
5. “ഞാൻ എത്രയോ തവണ ഈ വേഗതയിൽ പോയിരിക്കുന്നു!”
പലരും ആത്മാർത്ഥമായി പറയുന്നൊരു മണ്ടൻ ന്യായമാണിത്. താൻ പല തവണ അതിവേഗതയിൽ പോയിട്ടുണ്ട്, അതുകൊണ്ട് ഇനിയും പോകാവുന്നതേയുള്ളൂ എന്ന്. അതിവേഗത എങ്ങനെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നതിന് ബോധ്യപ്പെടാവുന്ന നിരവധി കാരണങ്ങളുണ്ട്.
അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്നതിനർത്ഥം റോഡിലിറങ്ങുന്ന എല്ലാവരും അപകടത്തിൽ പെടും എന്നല്ല. റോഡിലിറങ്ങുന്നവരിൽ അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടും എന്നതാണ്.
2016-ൽ മാത്രം കേരളം എന്ന ഇട്ടാവട്ടത്തിനുള്ളിൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 4,287 ആണ്. ഇത് എത്ര ഗൗരവമുള്ള സംഖ്യയാണെന്ന് അറിയാൻ, ഇതേ വർഷം ബ്രിട്ടനിൽ മൊത്തം നടന്ന റോഡുമരണങ്ങൾ 1,796 മാത്രമാണെന്ന് ഓർത്താൽ മതി.
നമ്മുടെ റോഡുകൾ എത്രമാത്രം അപകടസാധ്യത കൂടിയ ഇടമാണെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. നമ്മുടെ ബന്ധത്തിലോ പരിചയത്തിലോ ഉള്ളതല്ലെങ്കിൽ പോലും, റോഡപകടത്തിൽ മരിയ്ക്കുകയോ സാരമായി പരിക്കേൽക്കുകയോ ചെയ്ത വെറും ഒരാളുടെ കഥ കേട്ടാൽ നമുക്ക് സങ്കടം വരും.
പക്ഷേ 4287 മരണങ്ങൾ അങ്ങനല്ല. അത് നമുക്ക് വെറുമൊരു സംഖ്യ മാത്രമായിട്ടേ തോന്നുകയുള്ളൂ. സ്പെസിഫിക് ആയിട്ടുള്ള കദനകഥകൾ പറയാനുള്ള സ്കോപ്പില്ലാത്തതിനാൽ, ആ സംഖ്യയ്ക്ക് വൈകാരികമായ ഒരു അപ്പീൽ ഇല്ല. പക്ഷേ അവിടെ ഓർക്കേണ്ടത്, ഈ സംഖ്യയുടെ വലിപ്പം കൂടുന്തോറും നമ്മളിൽ ഓരോരുത്തരും അതിൽ പെടാനുള്ള സാധ്യതയും കൂടുന്നുണ്ട് എന്നതാണ്.
2016-ൽ മരിച്ച ആ 4287 പേരിൽ ആരും തന്നെ തൊട്ടുമുന്നിലത്തെ വർഷം പ്രതീക്ഷിച്ചതല്ല ഇങ്ങനൊരു അകാലമരണം. അടുത്ത വർഷത്തെ കണക്കെടുപ്പിൽ പെടില്ല എന്നുറപ്പിക്കാൻ എനിക്കോ നിങ്ങൾക്കോ കഴിയുകയുമില്ല. അപ്പോ ചെയ്യാവുന്നത്, ആ സംഖ്യയുടെ വലിപ്പം കുറയ്ക്കാൻ ഒരുമിച്ച് ശ്രമിക്കലാണ്.
ഏതെങ്കിലും ഒരു റോഡിൽ ഒരു അപ്രതീക്ഷിത നിമിഷത്തിൽ ഫുൾസ്റ്റോപ്പിട്ട് നിർത്താനുള്ള വിലയേ സ്വന്തം ജീവിതത്തിനുള്ളോ എന്ന് നാമോരോരുത്തരും സ്വയം ആലോചിക്കണം.
6. “സ്പീഡ് ഒരു രസം തന്നെയാണ്”
ശരിയാണ്, സ്പീഡിന് ഒരു രസമുണ്ട്. ആ രസം കിട്ടാൻ വേണ്ടി വണ്ടിയോടിക്കുന്നവർ ഒരു വിനോദോപാധിയായിട്ടാണ് വണ്ടിയോടിക്കലിനെ കാണുന്നത് എന്നുവേണം മനസിലാക്കാൻ.
പക്ഷേ വിനോദം വേണ്ടവർ സ്വന്തമായി കുറച്ച് സ്ഥലം കണ്ടുപിടിച്ച് അവിടെ അത് നേടുന്നതാണ് ഉചിതം. അമിതമര്യാദയോടെ പറഞ്ഞാൽ, ത്രില്ല് വേണ്ടവർ അത് കണ്ടവന്റെ നെഞ്ചത്തല്ല കണ്ടെത്തേണ്ടത്. ഓരോരോ സ്ഥലത്ത് സമയത്ത് ചെന്നെത്തിയിട്ട് ഓരോരോ ആവശ്യങ്ങൾ ഉള്ളവരാണ് റോഡിൽ സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗവും. നിങ്ങടെ ത്രില്ലന്വേഷണ പരീക്ഷണത്തിനുള്ള ഇരമൃഗങ്ങളല്ല അവർ.
7. “ഞാനെത്ര സൂക്ഷിച്ച് ഓടിച്ചിട്ടെന്താ! എതിരേ വരുന്നവൻ ശരിയല്ലെങ്കിൽ തീർന്നില്ലേ!”
സംഗതി ശരിയാണ്. പക്ഷേ അവിടെ ആലോചിക്കേണ്ട കാര്യം വേറെയാണ്. നിങ്ങൾ ശ്രദ്ധിച്ച് ഓടിച്ചാൽ തന്നെ മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടുള്ള അപകടസാധ്യത അവിടുണ്ട്. അപ്പോ നിങ്ങളും കൂടി അശ്രദ്ധയോടെ ഓടിച്ചാലോ?!
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS