
ലോക്ക്ഡൗൺ പരീക്ഷണങ്ങളുടെയും സർഗ്ഗാവിഷ്ക്കാരങ്ങളുടെയും കാലമായിരിക്കുകയാണ് മലയാളികൾക്ക്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചക്ക, മാങ്ങ, ചേമ്പ് തുടങ്ങിയ നാട്ടുരുചികളിലേക്ക് തിരിച്ചുപോകുകയാണ് മലയാളികൾ. സോഷ്യൽ മീഡിയ നിരീക്ഷിച്ചാൽ തന്നെ ഈ തിരിച്ചുപോക്ക് പെട്ടെന്ന് മനസിലാവുകയും ചെയ്യും. വീട്ടുവളപ്പിൽ കിട്ടുന്ന ഭക്ഷണസാധനങ്ങൾ കൊണ്ടുള്ള വിഭവങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വിഡിയോകളുമാണ് എങ്ങും. ഇക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവും ഹിറ്റായി നിൽക്കുന്ന ഒന്നാണ് ചക്കക്കുരു ഷെയ്ക്ക്.
ഏറെ രുചികരമായ ഒന്നാണ് ഇതെന്നാണ് പരീക്ഷിച്ചവരുടെ പലരുടെയും അഭിപ്രായം. അധികം ചേരുവകൾ ആവശ്യമില്ലാത്ത ചക്കക്കുരു ഷെയ്ക്ക് വളരെ എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം. ആരോഗ്യപ്രദമായ ഒരു വിഭവമാണിതെന്നാണ് പലരുടെയും അഭിപ്രായം. ചക്കക്കുരു, പാൽ, ഏലയ്ക്കാപ്പൊടി, പഞ്ചസാര എന്നിവ മാത്രം മതി ഈ ഷെയ്ക്ക് ഉണ്ടാക്കാൻ.
ചക്കക്കുരു ഷെയ്ക്ക് തയാറാക്കുന്നവിധം
തൊലി കളഞ്ഞ ചക്കക്കുരു ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കണം. കുരുവിന്‍റെ ചുവന്ന തൊലി കളയേണ്ടതില്ല. വെന്തു കഴിഞ്ഞാൽ ഇതൊന്ന് ചൂടാറിയ ശേഷം അൽപ്പം പാല് ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കണം. രണ്ടാം ഘട്ടത്തിൽ ഇതിലേക്ക് അൽപ്പം കൂടി പാലും ആവശ്യമായ പഞ്ചസാരയും ഐസും ചേർക്കാം.
ശേഷം വീണ്ടും നന്നായി അടിച്ചെടുക്കുക. മൂന്നാം ഘട്ടത്തിൽ അൽപ്പം ഏലയ്ക്കാപ്പൊടി ചേർക്കാം. ചിലർ ഇതിനോടൊപ്പം ബൂസ്റ്റോ, ഹോർലിക്സോ ചേർക്കാറുണ്ട്. മറ്റു ചിലർ ബദാം, നട്സ്, ഡ്രൈ ഫ്രൂട്സ് ഇതെല്ലാം ചേർക്കും. ഇഷ്ടാനുസരണം ഇവ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.