FeatureSports

പെലെ; ലോകത്തിന്റെ ഒരേയൊരു രാജാവിന് വിട

50 ലെ ലോകകപ്പ് ഫൈനൽ, ബ്രസീലും ഉറുഗ്വായും തമ്മിലാണ് മത്സരം. ബലാബലത്തിന്റെ കണക്കുക്കൂട്ടലുകൾ പ്രകാരം ബ്രസീലല്ലാതൊരു ടീമും ആ ഫൈനൽ ജയിച്ചു കയറില്ല. ആ സുനിശ്ചിതമായ വിജയം കാണാൻ മരക്കാനയിൽ രണ്ട് ലക്ഷത്തോളം ബ്രസീലുകാർ തടിച്ചു കൂടി.

പക്ഷേ ബ്രസീൽ കളി തോറ്റു. മരക്കാനാസോ എന്നറിയപ്പെടുന്ന മരക്കാനോ ദുരന്തം.

ഒരു രാജ്യം മുഴുവൻ ശവപ്പറമ്പ് പോലെ കണ്ണീരിലാണ്ടു.

കൂട്ടത്തിൽ ഒരു ഒമ്പത് വയസ്സുകാരന്റെ അച്ഛനും കണ്ണീരടക്കാനായില്ല. ആ അച്ഛനെ ആശ്വസിപ്പിച്ചു കൊണ്ട് ആ ഒമ്പത് വയസ്സുകാരൻ ബ്രസീലിനൊരു ലോകകപ്പ് താൻ നേടിക്കൊടുക്കുമെന്ന് വാക്ക് കൊടുത്തു.

ഒരു കുട്ടിയുടെ വെറും ചാപല്യമായിരുന്നില്ലത്, കൃത്യം 8 വർഷങ്ങൾക്കപ്പുറം തന്റെ പിതാവിന് കൊടുത്ത വാക്ക് പാലിക്കാനുള്ള നിയോഗവുമായി കൗമാരത്തിളപ്പിൽ അവൻ ലോകകപ്പിലവതരിച്ചു.

സാക്ഷാൽ പെലെ അവതരിച്ചു.

ഫൈനലിൽ ശക്തരായ സ്വീഡനെ തോൽപ്പിച്ച് തന്റെ പിതാവിനും ബ്രസീലിനും ലോകകപ്പിന്റെ ആദ്യ മധുരം. അതിൽ ആറു ഗോളുകളുമായി നിർണ്ണായക പങ്കാളിത്തം.

അവിടം കൊണ്ടും നിറുത്തിയില്ല. 62- ലും എഴുപതിലുമായി പിന്നെയും രണ്ടു ലോകകപ്പുകൾ കൂടി.

ഓൺ ദി ബോൾ ആയാലും ഓഫ്‌ ദി ബോൾ ആയാലും മൈതാനത്തിലെ അയാളുടെ കുതിപ്പുകൾക്ക്, ഒരു വിദഗ്ദ്ധനായ സർജന്റെ കൃത്യതയുണ്ടായിരുന്നു.

ഗതിവേഗത്തിലുള്ള ദിശമാറ്റങ്ങൾ, പൊടുന്നനെയുള്ള ബ്രസീലിയൻ ‘പോസുകൾ’ (Pause), അങ്ങനെയനേകം കൺകെട്ടുകൾ നിറഞ്ഞതായിരുന്നു അയാളുടെ നീക്കങ്ങൾ. ഇങ്ങനെ കാലുകളാൽ നെയ്തെടുത്ത അതിസങ്കീർണമായ ലാബിരിന്തുകളിൽ പുകൾപ്പെറ്റ എതിരാളികൾ സ്വയം നഷ്ടപെട്ടു.

അയാൾക്ക് മാത്രം ലഭ്യമായ കോണിപ്പടികളിലെന്നവണം വായുവിലയാളെന്നും അസാധ്യമായ ബാലൻസ് കാഴ്ച്ചവെച്ചു. ഫ്രീകിക്ക് തൊടുക്കുമ്പോൾ, മുന്നിൽ മതില് കെട്ടി നില്കും പ്രതിരോധക്കാർ വരെ, ദൈവീകമായ ഗോളുകളുണ്ടാവുന്ന അസുലഭ നിമിഷങ്ങൾ കൺകുളുർക്കേ കാണുവാൻ പിന്തിരിഞ്ഞു നോക്കി.

തന്റെ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി കാണുന്നതിന് പുറമേ രണ്ട് കാലുകൊണ്ടും ഷോട്ട് ഉതിർക്കുവാൻ പെലെ അതിസമർത്ഥനായിരുന്നു. സ്‌ട്രൈക്കറായിരിക്കുമ്പോൾ തന്നെ, ഫൈനൽ തേർഡ്ൽ നിന്നും താഴേക്കിറങ്ങാനും പ്ലേ മേക്കിംഗ് റോൾ ഏറ്റെടുക്കാനും അയാൾക്ക് സാധിച്ചു.

അസാധ്യമായ വിഷനും പാസിംഗ് റേഞ്ചും, അനായാസ സുന്ദരമായ ബ്രസീലിയൻ നൃത്തത്തെ ഓർമിക്കും പോലുള്ള ഡ്രിബ്ബ്ളിങ്ങും അയാളെ ഏതുകാലത്തേയും കാല്പന്തുകളിക്കാരിൽ നിന്നും പല വള്ളപ്പാടിന് മുന്നിട്ട് നിർത്തി.

ഒരു പക്ഷെ ഒരാൾക്കും ഇനി എത്തിപ്പിടിക്കാൻ കഴിഞ്ഞേക്കാത്ത അപൂർവ്വതകളുടെ നേട്ടം.

പെലെയുടെ കളി അധികമൊന്നും ഈ തലമുറ കണ്ടിട്ടില്ല. ചുരുക്കം ക്ലിപ്പുകളാണ് ലഭ്യമായിട്ടുള്ളത്.

അയാളൊരു കംപ്ലീറ്റ് ഫുട്ബോളറാണെന്ന് ആ ക്ലിപ്പുകളിൽ നിന്നും വ്യക്തമാണ്.

അസാമാന്യമായ ഡ്രിബ്ളിങ്ങ് ശേഷിയും പവറും ഹെഡിങ് കപ്പാസിറ്റിയും എല്ലാം ചേർന്ന പൂർണ്ണമായൊരു പാക്കേജ്.

ഈയിടക്ക് കണ്ട ‘ pele did it first’ എന്നൊരു വീഡിയോ ഉണ്ട്. പെലക്ക് ശേഷം ആഘോഷിക്കപ്പെട്ട മെസിയും റൊണോൾഡോയും സിദാനുമടക്കം സകലരും കളിക്കളത്തിൽ ചെയ്ത് വെച്ച മാസ്റ്റർപീസുകളൊക്കെയും പണ്ടേക്ക് പണ്ടേ പെലെ ചെയ്ത് വെച്ചതിന്റെ തിരുശേഷിപ്പ്!

കനം കൂടിയ തുകൽപന്തിൽ, ഫൗൾ നിയമങ്ങൾ കർക്കശമാവുന്നതിനും മുന്നേ, ഇയാളന്ന് കാട്ടിയ ഇന്ദ്രജാലങ്ങളേ നമുക്കിന്നുമുള്ളു. പെടലാടയോ, ഓവർസ്റ്റെപ്പോ, എന്തിനേറെ ഇനിയേസ്റ്റയുടെ സിഗനേച്ചർ മൂവ് ആയ ‘La Croqueta’ ആവട്ടെ, നമുക്കുള്ള പലതും 50-60 വർഷം മുന്നേ അയാൾ മിഴിവോടെ വരഞ്ഞിട്ടതാണെന്ന് ചുരുക്കം.

അയാളാണ് രാജാവ്. കാല്പന്തു കളിയുടെ ഒരേയൊരു ഒടേതമ്പുരാൻ.

കാല്പന്ത്‌കളിയെ ജോഗോ ബോണിറ്റോയെന്ന സുന്ദരമായ കലയാക്കി മാറ്റിയത് പെലെയായിരുന്നു

അയാൾ അനാദി തൊട്ടെ സർവ്വതിന്റെയും അധിപനാണെന്നതിന്റെ ദൃഷ്ടാന്തം.

ആ നിലക്ക് അപൂർവ്വമായൊരു നിധിയായിരുന്നു പെലെ. അത് കൊണ്ട് തന്നെയാണ് ബ്രസീലിന് പുറത്ത് ഒരു ക്ലബിനും വിട്ട് കൊടുക്കാതെ ബ്രസീലിന്റെ ദേശീയ നിധിയായി പ്രഖ്യാപിച്ചു കൊണ്ട് അവരയാളെ സെലക്കാവോകളുടെ മണ്ണിൽ തന്നെ പിടിച്ചു നിർത്തിയത്.

ഫുട്ബോൾ യൂറോപ്പിലോട്ട് ഇന്നത്തേത്ത് പോലെ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ലാത്ത കാലത്ത് പെലെക്കല്ലെങ്കിലും യൂറോപ്പിൽ പോയി പ്രത്യേകിച്ച് ഒന്നും തെളിയിക്കാനുമില്ലായിരുന്നു.

എങ്കിലും യൂറോപ്യൻ എതിരാളികൾക്കെതിരെ പെലെ ബൂട്ട് കെട്ടിയപ്പോഴൊക്കെ അയാൾ വിനാശകാരിയായി. പോസിറ്റിവ് ഗോൾ ശരാശരി നിലനിർത്തി.

പെലെയുടെ കളികൾ ഇഴകീറി വിശകലനം ചെയ്യാനറിയില്ല. അതിന് മാത്രം അത് കണ്ടിട്ടുമില്ല. പക്ഷേ അതുണ്ടാക്കിയ പ്രകമ്പനങ്ങളും പ്രതിധ്വനികളും അറിയാം.

അത് നൈജീരിയയിലെ യുദ്ധം നിറുത്തിവെപ്പിച്ചിട്ടുണ്ട്, ബ്രസീലിന്റെ മണ്ണിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞിലും പുതിയ പെലെയെ തേടുന്ന തരം പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

ലോകം മുഴുക്കെ പരന്നൊഴുകിയ ബ്രസീലിയൻ ഫുട്ബോളിന്റെ, ജോഗോ ബൊണീറ്റൊയുടെ മഞ്ഞ ലെഗസി സൃഷ്ടിച്ചിട്ടുണ്ട്, കാല്പന്തിനെയും കടന്നു ലോകം കീഴ്പെടുത്തുന്ന ചരിത്രമായത് മാറിയിട്ടുണ്ട്.

ഈ പ്രതിധ്വനികളിലുണ്ട് കളിക്കളത്തിൽ സാക്ഷാൽ പെലെ ആരായിരുന്നെന്ന്!

ആ പെലെ , സാക്ഷാൽ പെലെ ഒരു കറുത്തവനായതും പിന്നെ കറുത്ത രാജാവായതും ചരിത്ര നിയോഗം!

അത് കൊണ്ട് കൂടിയാകണം സർവ്വവിജയത്തിന്റെ ഔന്നിത്യത്തിലും പെലെ വിനയാന്വിതനായി കാണപ്പെട്ടത്,

സ്നേഹത്തെ കുറിച്ച് എപ്പോഴും സംസാരിച്ചത്.

അയാളുടെ മരണ സന്ദേശവും സ്നേഹത്തെക്കുറിച്ചത്രെ!

3 ലോകകപ്പുകൾ,

ആയിരത്തിലധികം ഗോളുകൾ

നൂറ്റാണ്ടിന്റെ താരം,

അനിതരസാധാരണമായ മുഹൂർത്തങ്ങൾ

എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ

തെരുവിലെ തുകൽ പന്ത് ഡ്രിബിൾ ചെയ്ത് അയാൾ ഓടിക്കയറിയത് അനശ്വരതയിലേക്ക് തന്നെയാണ്.

അത് കൊണ്ട് തന്നെ പെലെ എന്ന രണ്ടക്ഷരത്തിന് മുമ്പോ പിമ്പോ വിശേഷണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആ രണ്ടക്ഷരത്തിലുണ്ട് അയാൾ ആരായിരുന്നെന്ന്, അയാൾ ബാക്കി വെക്കുന്നത് എന്താണെന്ന്,

അയാളുടെ ആധിപത്യവും അപ്രമാദിത്വവും എന്തായിരുന്നെന്ന്!

സാക്ഷാൽ പെലെ ആയിത്തീർന്നതിന് നന്ദി,

ബാക്കി വെച്ച മഞ്ഞ ലെഗസിക്കും നന്ദി.

പിന്നെ ഞങ്ങളൊക്കെ ഊറ്റം കൊള്ളുന്ന ആ മൂന്ന് കപ്പിനും നന്ദി.

അതിനെല്ലാം അപ്പുറത്ത് ഇങ്ങ് കേരളത്തിലിരുന്ന് ഇതെഴുന്നവന്റെയും കണ്ണ് നിറക്കുന്ന,

കാല്പന്ത് കൊണ്ട് ലോകം മൊത്തം പകർന്ന സ്നേഹത്തിനും നന്ദി.

Love love and love forever

ഏറ്റവും പെർഫെക്ട് ആയി എക്സിക്യൂട്ട് ചെയ്ത മറ്റൊരു ഡ്രിബിൾ ദാ വാക്കയോ, പാരഡിഞ്ഞയോ ഇനിയില്ല….!

Shafi poovathingal & Hari Kumar C

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x