Views

സി. രവിചന്ദ്രൻ; മാനവികത നഷ്ടപ്പെട്ട നാസ്തികരുടെ മുഖം

രണ്ടാം ഭാഗം / ഡയാൻ മൊഹ്സിൻ

നാസ്തികർ / നിരീശ്വരവാദികൾ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നവർ തന്നെ എങ്ങനെയാണ് വലതുപക്ഷ സംഘപരിവാര്‍ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരും ബൗദ്ധിക സഹായങ്ങൾ നൽകുന്നവരുമായത് എന്നതിനെ കുറിച്ചാണ് ആദ്യ ഭാഗത്തിൽ പറഞ്ഞത്. ഇനി കുറച്ചു കൂടി വ്യക്തമായി അത്തരം ആളുകളുടെ പ്രകടമായ സംഘപരിവാർ അജണ്ടകളെയാണ് ഈ ഭാഗത്ത് പരിശോധിക്കുന്നത്.

നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികളെ മനസ്സിലാക്കാതെ കേവലം നാസ്തികത പറഞ്ഞു ഹിന്ദുത്വത്തെ പരോക്ഷമായും ഇപ്പൊ പ്രത്യക്ഷത്തിലും സഹായിക്കുന്നു എന്ന ആരോപണം നസ്തികലോകത്ത് നിന്നു തന്നെ ഉയർന്നുവരുന്നു. കേരളത്തിൽ സഹോദരൻ അയ്യപ്പൻ മുന്നോട്ട് വെച്ച ശൈലി അദ്ദേഹത്തിന്റെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്ന ആളുകൾക്ക് എന്നോ നഷ്ടപെട്ടു എന്നതിനേക്കാൾ, സഹോദരൻ അയ്യപ്പന്റെ സാമൂഹിക പരിഷ്കരണം തന്നെ റദ്ദ് ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്.

സംവരണ വിരുദ്ധതയും ചെന്നായ നീതിയും

രവിചന്ദ്രൻ വ്യാപകമായി പ്രചരിപ്പിക്കുന്ന സംഘപരിവാർ അജണ്ടയാണ് സംവരണ വിരുദ്ധത. പലരും മനസ്സിലാക്കി വെച്ചത് പോലെ, സംവരണം എന്നത് എന്തോ ഒരു സൌജന്യമാണ് എന്നും സമത്വം എന്ന അവകാശത്തിന്റെ (equality) ഒരു മോചനം (exemption) ആണെന്നാണ്. എന്നാൽ സംവരണം എന്നത് തന്നെ സമത്വമാണ് (reservation itself is equality and not an exemption to equality) എന്ന ഭരണഘടനാ ആശയം പലരും ബോധപൂർവം തന്നെ മറക്കുന്നുണ്ട്.

അതിന്റെ മറ്റൊരു ഭാഷ്യം ആണ് രവിചന്ദ്രനും സമാന മനസ്കരും പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സംവരണത്തിന്റെ അടിസ്ഥാന യുക്തി എന്നത് ചെന്നായ നീതിയാണ് (compensatory justice). എന്നാൽ ചെന്നായ നീതി അല്ല എന്നും വിതരണ നീതിയാണ് (distributive justice) സംവരണത്തിന്റെ അടിസ്ഥാനമെന്ന വ്യതിരിക്തത മനസ്സിലാക്കാതെ പോയി എന്നത് ആണ് രവിചന്ദ്രൻ അടക്കമുള്ളവരുടെ പരാജയം.

ചെന്നായ നീതി എന്നത്, മുമ്പുള്ള തലമുറ ചെയ്ത കൊള്ളരുതായ്മയുടെ പേരിൽ നൽകുന്ന നഷ്ടപരിഹാരമാണ്. അത്തരത്തിലുള്ള ഒരു നഷ്ടപരിഹാരമാണ് സംവരണം എന്നാണ് ഇവർ കാര്യമായി പ്രചരിപ്പിക്കുന്നത്. എന്നാൽ സംവരണം ഒരു നഷ്ടപരിഹാരം അല്ലായെന്നും അത് സാമൂഹിക നീതിക്കും അവസര സമത്വത്തിനും വേണ്ടിയുള്ളതാ‍ണെന്നും രവിചന്ദ്രൻ ബോധപൂർവം മറക്കുകയാണ്. സംഘപരിവാർ സ്വാഭാവികമായി സംവരണത്തെ എതിർത്തു പോരുന്നത് അവരുടെ അസമത്വം എന്നത് പ്രകൃതി നിയമമാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ രവിചന്ദ്രനെ പോലെയുള്ളവർ ആ ഒരു എലൈറ്റിസ്റ്റ് ആശയം അതുപോലെ പകർത്തുകയാണ് എന്നതാണ് യാഥാർത്ഥ്യം.

ഈ ഒരു വാദത്തിന് കൂട്ടുപ്പിടിക്കാൻ ലോകത്തെ എല്ലാ മനുഷ്യരും തുല്യർ ആണ് എന്നും എല്ലാ‍വരേയും തുല്യരായി കാണണമെന്നുമുള്ള വാദവും കൂടി അവതരിപ്പിക്കുന്നുണ്ട്. ഒരേ സാമൂഹിക ശ്രേണിയിൽ അല്ലാത്ത, പല കാരണങ്ങൾ കൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ടവരേയും എല്ലാവിധ പദവികളും സാമൂഹിക ആനുകൂല്യങ്ങളും ലഭിച്ച ഉന്നതകുല ശ്രേണിയിൽ ഉൾപ്പെട്ടവരുടെ കൂടെ പരിഗണിക്കണമെന്ന് പറയുന്നത് പ്രത്യക്ഷത്തിൽ നല്ല ആശയമായി തോന്നാം. എന്നാൽ സത്യത്തിൽ ഉന്നതകുല ശ്രേണിയോട് പൊരുതി പരാജയപ്പെട്ട് മറ്റുള്ളവർ കൂടുതൽ പിന്തള്ളപ്പെട്ട് പോവുമെന്ന് തിരിച്ചറിഞ്ഞാണ് ഭരണഘടന ശിൽപ്പികൾ തുല്യരെ തുല്യരായും തുല്യരല്ലാത്തവരെ തുല്യമല്ലാതെയും പരിഗണിക്കുക (treat equals equally and unequal unequally) എന്ന തത്വം അവതരിപ്പിച്ചത്.

ജാതി പറയാതെ ഇരുന്നാൽ ജാതി ഇല്ലാതെയാവുമോ?

രവിചന്ദ്രൻ കാര്യമായി സംവരണവാദികൾക്കെതിരെ ഉന്നയിക്കുന്ന ഒരാരോപണമാണ് ജാതിയെയും സംവരണത്തേയും കുറിച്ച് പറയുന്നവർ ആണ് ഇവിടെ ജാതീയത വളർത്തുന്നത് എന്ന്. അവിടെ നിർത്താതെ, ബ്രഹ്മണർ അല്ല മാറേണ്ടത് എന്നും ദളിതരുടെ മനോഭാവമാണ് മാറേണ്ടത് എന്നും കൂടി പറഞ്ഞു വെക്കുന്നുണ്ട് അദ്ദേഹം.

സംവരണം എന്നത് അവസരങ്ങളിലുള്ള സമത്വത്തിന് വേണ്ടിയാണ്. പല സാമൂഹിക കാരണങ്ങൾ കൊണ്ടും ജാതീയത കൊണ്ടും ഒരു വലിയ കാലഘട്ടത്തിൽ പുറത്ത് നിർത്തപ്പെട്ട ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സാമൂഹിക നീതിക്കു വേണ്ടിയാണ് സംവരണം. അല്ലാതെ സംവരണം ഉള്ളത് കൊണ്ട് ആണ് ജാതി നിലനിൽക്കുന്നത് എന്നത് യാഥാർത്ഥ്യങ്ങളോട് കണ്ണടക്കുകയാണ്.

രവിചന്ദ്രൻ ഒരു മുഖമൂടിയണിഞ്ഞ സംഘിയാണ് എന്നത് കൂടുതൽ വ്യക്തമാക്കുന്നതാണ് സംവരണ വിഷയത്തിലും പൌരത്വ ഭേതഗതി നിയമത്തിന്റെ വിഷയങ്ങളിലും എടുത്ത നിലപാടുകൾ. തന്റെ സവർണതയും ഇസ്ലമോഫോബിയയും ഒരുമിച്ച് വെളിവാകുന്ന നിമിഷങ്ങൾ. ഇതെല്ലാം പ്രചരിപ്പിക്കുന്നത് സ്വതന്ത്രചിന്തകർ എന്ന പ്ലാറ്റ്‍‍‍‍ഫോമിലാണ് എന്നതാണ് ഏറ്റവും രസകരം, ‘സ്വതന്ത്ര സംഘപരിവാർ ചിന്തകർ’ എന്നായിരിക്കും കൂടുതൽ ശരി.

രവിചന്ദ്രൻ എന്ന ഇസ്ലമോഫോബിക്ക്

പൊളിറ്റിക്കൽ ഹിന്ദുത്വത്തിനെതിരെ മൌനം അവലംബിക്കുകയും അസമത്വം പ്രകൃതി നിയമമാണ് എന്ന് വാദിക്കുന്നതിലൂടെയും പൌരത്വ ഭേദഗതി നിയമത്തിന് സംഘപരിവാർ നൽകിയ ന്യായീകരണത്തിലൂടെയും രവിചന്ദ്രന്റെ നിലപാടുകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയാൻ അദ്ദേഹത്തിന്റെ കൂടെയുള്ളവർക്ക് പോലും പലപ്പോഴും കഴിയുന്നില്ല എന്നതാണ് സത്യാവസ്ഥ.

പൊളിറ്റിക്കൽ ഹിന്ദുത്വത്തിനെതിരെ മൌനം അവലംബിക്കുകയും എന്നാൽ ഇസ്ലാമിക ആശയങ്ങളെയും മറ്റും അതിരുകവിഞ്ഞു വിമർശിക്കുകയും ആവശ്യമുള്ള സന്ദർഭങ്ങളിലും അല്ലാത്തപ്പോഴും വലിച്ചിഴക്കുക എന്നത് അദ്ദേഹത്തിന്റെ ഒരു ഇഷ്ടവിനോദമാണ് എന്നതാണ് കാണാൻ കഴിയുന്നത്.

‘വിവേകാനന്ദൻ ഹിന്ദു മിശിഹയോ’എന്ന രവിചന്ദ്രൻ പുസ്തകം അതിന്റെ ഒരു ഉത്താമ ഉദാഹരണമാണ്. പുസ്തകം വിവേകാനന്ദനെ കുറിച്ച് ആണെങ്കിലും അതിന്റെ ഉള്ളടക്കം 50% മുസ്ലിം വിരുദ്ധത മാത്രമാണ്. പിന്നെ കുറച്ച് വിവേകാനന്ദയുടെ ഇസ്ലാമിക വിമർശനവും. എന്നാൽ പുസ്തകത്തിന്റെ വിഷയത്തോടോ, വിവേകാനന്ദയുടെ ദർശനങ്ങളോടോ യാതൊരു ബന്ധവുമില്ലാത്ത ഇസ്ലാമിക വിമർശനങ്ങൾ മാത്രം.

ഇസ്ലാമോ അതിന്റെ ദർശനങ്ങളോ വിമർശനങ്ങൾക്ക് അതീതമാണ് എന്നൊന്നും അഭിപ്രായമില്ല. എന്നാൽ യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളിലും മുസ്ലിം വിരുദ്ധതയും വിദ്വേഷങ്ങളും കുത്തിനിറക്കുന്നത് ആ ഒരു മനോഭവത്തിൽ നിന്നുവരുന്നതാണ്.
സംവരണകാര്യത്തിൽ മുസ്ലിം വിഭാഗങ്ങൾക്കും ഈഴവർക്കും നൽകുന്നതിൽ ആണ് രവിചന്ദ്രന്റെ പരിഭവം.

പൌരത്വ ഭേദഗതി നിയമത്തിന്റെ പശ്ചതലത്തിൽ നടത്തിയ പ്രഭാ‍ഷണത്തിൽ തടങ്കൽ പാളയങ്ങളെയൊക്കെ ലഘൂകരിച്ചും ഡിറ്റന്ഷന്‍ സെന്‍ററുകളിൽ അൽപ്പം സ്വാതന്ത്രം കുറയും എന്നേയുള്ളൂ, നല്ല സൌകര്യമുള്ള പാളയങ്ങളാണ് നിർമിക്കുന്നത് എന്ന ക്രൂരമായ തമാശയും അദ്ദേഹം പറയുന്നുണ്ട്.

സ്വതന്ത്രചിന്തകർക്ക് മാനവികത നഷ്ടപ്പെട്ടോ ?

സംഘപരിവാർ പൌരത്വ ഭേതഗതി നിയമത്തിനെ ന്യായീകരിക്കാൻ പറഞ്ഞ വാദമാണ് ഇന്ത്യയിലെ നിലവിലുള്ള മുസ്ലിങ്ങളെ ഇത് ബാധിക്കില്ലായെന്ന്. ഈ വാദം രവിചന്ദ്രൻ അതേ പോലെ പകർത്തുന്നുണ്ട്. ആ വാദം എത്ര ബാലിശമാണ് എന്ന് സമകാലിക സംഭവവികാസങ്ങളിൽ നിന്ന് മനസ്സിലാവുന്നുണ്ടല്ലോ.

ഡൽഹിയിൽ നടന്ന കലാപങ്ങളിൽ വ്യാപകമായി ജീവനും സ്വത്തും നഷ്ടപ്പെട്ട മുസ്ലിങ്ങളെ വേട്ടയാടുന്ന പോലീസും നിയമസംഹിതയും അനൌദ്യോഗികമായി CAA നടപ്പിലാക്കുന്നത് ദിനേന കാണുന്നു. ഒരു കമ്മ്യൂണിറ്റിയെ തിരഞ്ഞുപ്പിടിച്ചു അറസ്റ്റ് ചെയ്യുമ്പോൾ കലാപത്തിന് നേതൃത്വം നൽകിയ സംഘപരിവാർ നേതാക്കൾ ഇപ്പോഴും സുഖവാസത്തിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് ഈ വാദം പരിശോധിക്കേണ്ടത്.

സംഘപരിവാ‍ർ പോലും പേരിന് പറയുന്ന കാരണങ്ങളാണ് രവിചന്ദ്രൻ വളരെ ആധികാരികമായി അവതരിപ്പിക്കുന്നത്. മുസ്ലിം പേര് തന്നെ കൊല്ലപ്പെടാൻ കാരണം ആവുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അതിനെ അവഗണിച്ച് മുന്നോട്ട് പോവുകയും ഇനിയും ഈ സർക്കാറിനെ വിശ്വസിക്കൂ എന്നൊക്കെ പറയുന്നവരെ നമ്മൾ സംശയത്തോടെ തന്നെ നോക്കിക്കാണണം.

അദ്ദേഹത്തിന്റെ ലോകം നാസ്തികതയിൽ നിന്നുള്ളത് ആണ്. മറ്റൊന്നും അറിഞ്ഞതായി ഭാവിക്കാതെ എല്ലാ പ്രശ്നത്തിനും കാരണം മതമാണെന്ന കളവ് ആവർത്തിച്ചു പറയുകയെന്നതാണ് അദ്ദേഹത്തിന്റെ സാമൂഹിക സേവനം.

സർവമത സമഭാവനയാണ് മതേതരത്വം എന്നാണ് മറ്റൊരു കാര്യമായ വാദം. അടിസ്ഥാനപരമായ സാമൂഹിക വിദ്യാഭ്യാസം ഇല്ലാത്തവർ പോലും പറയാത്ത ഉട്ടോപ്യൻ വാദമാണത്. സാമൂഹികമായ വേർതിരിവുകളും വിവേചനങ്ങളോട് പുറന്തിരിഞ്ഞാലും ആ യാഥാർത്ഥ്യങ്ങൾ ഇല്ലാതെയാവില്ലെല്ലോ. മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന കാള്‍ മാര്‍ക്സിന്റെ ഉദ്ധരണിയുടെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ കമ്മ്യൂണ്‍.

എല്ലാവരും വെളുത്ത നിറമോ കാവിനിറമോ ഉള്ള വസ്ത്രം ധരിക്കുന്നത് കൊണ്ടോ, ഒരുമിച്ച് പാചകം ചെയ്യുകയും ഭക്ഷണം കഴിക്കുകയും പാത്രം കഴുകയും ചെയ്യുന്നത് കൊണ്ടോ ഒരുമിച്ച് പല പ്രവര്‍ത്തികളിലും ഏര്‍പ്പെടുന്നത് കൊണ്ടോ ഒരിടം തുല്യതയുള്ളതാകില്ല. സ്വതന്ത്രചിന്തയും ഇടതുപക്ഷമെന്ന അവകാശവാദവും മാത്രം പോരാ, മതം, ജാതി, ലിംഗം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി സകല മേഖലകളിലെയും പാര്‍ശ്വവത്കരണം തിരിച്ചറിയുന്നതും അവരുമായി ഐക്യപ്പെടുന്നതുമാണ് ശരിയായ നീതി.

Read Also:  സി. രവിചന്ദ്രൻ; സംഘപരിവാറിന്റെ നാസ്തിക മിശിഹാ, ഭാഗം 1

അതായത് വിവേചനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തമാക്കുന്ന എല്ലാവിധ സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളെയും അഭിമുഖീകരിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് കൂടിയാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വലതുപക്ഷ ആശയങ്ങൾ അദ്ദേഹത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട്.

രവിചന്ദ്രന്റെ ആഘോഷിച്ച മറ്റൊരു വാദമാണ് ബ്രാഹ്മണ്യം എന്നത് ഒരു അന്ധവിശ്വാസമാണ് എന്നും ഒരാൾ ദളിതനാവുന്നത് അങ്ങനെ ചിന്തിക്കുമ്പോൾ ആണ് എന്നും, ദളിതന്റെ ബ്രഹ്മണനോടുള്ള മനോഭാവമാണ് ജാതിയെ നിലനിർത്തുന്നത് എന്നുമാണ്. എത്ര അപകടകരമായ വാദമാണ് അത്. സംഘപരിവാർ പോലും പറയാൻ മടിച്ച വികലമായ കണ്ടെത്തലുകൾ. രവിചന്ദ്രൻ ഈ വാദം ആകസ്മികമായി പറഞ്ഞതല്ല, മറിച്ച്, ആവർത്തിച്ചു ഉറപ്പിച്ച് പറഞ്ഞതാണ്. (consciously I repeat എന്നാണ് പറഞ്ഞത്).

അതുകൊണ്ട് തന്നെയാണ് രവിചന്ദ്രനെ മുഖമൂടിയണിഞ്ഞ സംഘി (masquerading Sanghi) എന്ന് വിളിക്കുന്നത്. പക്ഷേ ഈയിടെ മുഖമൂടി അഴിഞ്ഞു വീണു മുഴുസമയ സംഘിയായി അരങ്ങുവാഴുകയാണ്.

ഇനി മതവിഭാഗങ്ങൾക്ക് എതിരെയുള്ള നാസ്തികരുടെ പ്രധാനപ്പെട്ട ആരോപണമാണ് വിമർശങ്ങളോടുള്ള അസഹിഷ്ണുത. അത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ അസഹിഷ്ണുത ഏതെങ്കിലും മതത്തിന്റെ കുത്തകയൊന്നും അല്ല. സ്വതന്ത്രചിന്തകർ എന്ന് വിശേഷിപ്പിക്കുന്ന വലിയ ഒരു ഫാൻസ് കൂട്ടായ്മ തന്നെയുണ്ട് രവിചന്ദ്രൻ എന്ന നാസ്തികർക്കിടയിലെ രജത്ത് സാറിന്. വിമർശനങ്ങളോടും എതിർപ്പുകളോടും ഒട്ടും സഹിഷ്ണുതയില്ലാതെ യാതൊരു സഭ്യതയുമില്ലാതെയുള്ള പ്രതികരണങ്ങൾക്ക് സ്വതന്ത്രചിന്തകരും ഒട്ടും പിന്നിലല്ല.

അദ്ദേഹത്തെ വിമർശിച്ച് നാസ്തികരിൽ നിന്ന് തന്നെ ചിലയാളുകളൊക്കെ വരുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും രവിചന്ദ്രന്റെ നാസ്തിക സംഘപരിവാറിൽ പെട്ടിരിക്കുകയാണ്.

((തുടരും))

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x