Opinion

ദ്രൗപദി മുർമു, സീതാ മുർമു; രണ്ട് സത്യപ്രതിജ്ഞകൾ !

നാലുനാൾ കഴിഞ്ഞാൽ ഇന്ത്യയുടെ പ്രസിഡണ്ടായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രത്തിൻ്റെ പരമോന്നത പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ആദിവാസി വനിതയാണവർ.

രാജ്യത്തിൻ്റെ പ്രസിഡണ്ട് പദവിയിലേക്ക് ഒരു ആദിവാസി വനിതയെ ആദ്യമായി നിർദേശിച്ചത് കടുത്ത വംശീയവാദ രാഷ്ട്രീയത്തിൻ്റെ വക്താക്കളായ സംഘ പരിവാർ ആണെന്നത് അവരുടെ രാഷ്ട്രീയ കൗശല്യത്തെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ.

ദ്രൗപദി മുർമുവിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും അടിസ്ഥാന ജന വിഭാഗങ്ങളുടെ സംരക്ഷകർ തങ്ങളാണെന്ന് പ്രചരിപ്പിക്കാനും ബി ജെ പി ക്ക് സാധിച്ചു.

അതേസമയം ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളുടെ വനത്തിമേലുള്ള അവകാശത്തെ റദ്ദുചെയ്യുന്ന രീതിയിൽ 2022 ജൂൺ 28 ന് വനാവകാശ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓർഡിനൻസ് അവതരിപ്പിച്ചതും ഇതേ ബി ജെ പി സർക്കാർ തന്നെയാണ്.

പുതിയ നിയമ ഭേദഗതി വനമേഖലയിലെ വൻകിട ഖനനപദ്ധതികൾ അടക്കമുള്ളവ യാതൊരു നിയമ തടസ്സവും കൂടാതെ നടപ്പിലാക്കാൻ കോർപ്പറേറ്റുകളെ സഹായിക്കുന്നതാണ്.

ഛത്തീസ്ഗഢ്, ഝാർഘണ്ഡ്, ഒഡീഷ, ബീഹാർ എന്നിവിടങ്ങളിലെ വിവിധങ്ങളായ ഖനന പദ്ധതികളിൽ അദാനിയുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമ (ഭേദഗതി) നിർമ്മാണങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്.

സീതാ മുർമുവിൻ്റെ പ്രതിജ്ഞ

അദാനി കോർപ്പറേഷൻ്റെ ഉദ്യോഗസ്ഥരുടെ കാലുപിടിച്ച് കരയുന്ന സീതാ മുർമുവിൻ്റെ വീഡിയോ നാല് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

അദാനിയുടെ ഗൊഡ്ഡ കൽക്കരി നിലയത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിലാണ് ആദിവാസി ഗ്രാമീണർ പൊട്ടിക്കരഞ്ഞത്.

എന്നാൽ അവരുടെ അപേക്ഷകൾ ബധിരകർണ്ണങ്ങളിലായിരുന്നു ചെന്ന് പതിച്ചത്. ദ്രൗപദി മുർമു ഗവർണറായ ഝാർഘണ്ഡ് സംസ്ഥാനത്തിലെ ഗൊഡ്ഡ ജില്ലയിലാണ് അദാനിയുടെ കൽക്കരി നിലയത്തിനായി ആദിവാസി ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കൽ നടന്നത്.

സീതാ മുർമു

ഇക്കഴിഞ്ഞ ജൂൺ 22ന് ഗൊഡ്ഡയിലെ സുന്ദർ പഹാഡിയിൽ വെച്ച് നടന്ന സാന്താൾ ആദിവാസികളുടെ വിശാല സമ്മേളനത്തിൽ വെച്ച് തങ്ങളുടെ ഭൂമി സംരക്ഷിക്കാൻ ജീവൻ പോലും നൽകുമെന്ന് സീതാ മുർമു സത്യപ്രതിജ്ഞ ചെയ്തു.

ഇന്ത്യയിലെ ആദിവാസി മേഖലകളിലെ അദാനി സാന്നിദ്ധ്യത്തെ ചെറുക്കുമെന്ന് അവർ വ്യക്തമാക്കി. 1774 ൽ ബ്രിട്ടീഷ് ഖനന പദ്ധതിക്കെതിരെ ആയുധമെടുത്തിറങ്ങിയ ‘പഹാഡിയ സർദാർ ‘മാരുടെ പിന്മുറക്കാരാണ് തങ്ങളെന്ന് ഗൊഡ്ഡയിലെ സാന്താളികൾ സർക്കാരിനെ ഓർമ്മിപ്പിച്ചു.

അദാനി സാമ്രാജ്യത്തിൻ്റെ സർവ്വ സൈന്യാധിപയായി ഒരു മുർമു പ്രതിജ്ഞയെടുക്കാനിരിക്കെ, അദാനിയടക്കമുള്ള കോർപ്പറേറ്റുകളിൽ നിന്ന് തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്ന് മറ്റൊരു മുർമു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു.

ഇന്ത്യൻ കാടകങ്ങൾക്ക് അസ്വസ്ഥതയുടെ നാളുകളിൽ നിന്ന് വിരാമമില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x