ഒരു സാധാരണ മെഡിക്കൽ സ്ഥാപനത്തിലെ മൂന്നിലൊന്ന് ഭാഗം പുരുഷന്മാരാണുള്ളത്. ബാക്കിയുള്ളത് അഥവാ മൂന്നിൽ രണ്ടും സ്ത്രീകളാണ്. സകല ആരോഗ്യ സംരക്ഷണ തൊഴിൽ മേഖലകളിലും സ്ത്രീകളാണ് ഭൂരിഭാഗവും. അതിൽ physicians, ഡെന്റിസ്റ്റുകൾ, ഫിസിയോതെറപ്പിസ്റ്റുകൾ, occupational തെറപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, നഴ്സുമാർ എന്നിങ്ങനെയൊക്കെ കാണാമെങ്കിലും, ഇവർക്കിടയിൽ ഒരു സ്ത്രീ സർജനെയോ മെഡിക്കൽ സൂപ്രന്റിനെയോ നമുക്ക് എത്രത്തോളം കാണാൻ കഴിയും?
മെഡിക്കൽ കോളേജുകളിലെ നിലവിലുള്ള ജനസംഖ്യക്ക് അനുസൃതമായി 10 ഡോക്ടർമാരടങ്ങുന്ന ഒരു വിഭാഗത്തിൽ 7 പേർ സ്ത്രീകളായിരിക്കേണ്ടതാണ്. എന്നാൽ വാസ്തവത്തിൽ സംഭവിക്കുന്നത് ഇങ്ങനെയല്ല! ഒരു മെഡിക്കൽ സ്ഥാപനത്തിൽ നിന്നും ബിരുദം നേടി പുറത്തുവരുന്ന ധാരാളം സ്ത്രീകളിൽ എത്രപേരാണ് ആരോഗ്യപരിപാലന രംഗത്ത് ഉദ്യോഗമനിഷ്ഠിക്കുന്നത്! നഴ്‌സിംഗ് ജോലി മാറ്റിനിർത്തിയാൽ ബാക്കിയുള്ള വൈദ്യശാഖകളിലെല്ലാം സ്ത്രീകളുടെ ഉദ്യോഗം നന്നേ കുറവാണ്, പ്രത്യേകിച്ചും ഉന്നതസ്ഥാനങ്ങളിൽ. ലോകാരോഗ്യസംഘടന (WHO) യുടെ കണക്കുപ്രകാരം ആരോഗ്യരംഗത്തെ തൊഴിൽശക്തി 70 ശതമാനവും സ്ത്രീകളാണ്, എന്നാൽ വെറും 25% സ്ത്രീകൾ മാത്രമേ ഉന്നതാധികാരപദവികൾ വഹിക്കുന്നുള്ളൂ എന്നത് എത്ര വിരോധാഭാസമാണ്!
ആരോഗ്യരംഗത്തെ ശമ്പള വിടവ് (pay gap)
ഒരു ഫിസിയോതെറപ്പിസ്റ്റായ എന്റെ സ്വന്തം അനുഭവത്തിൽ നിന്നുമൊരു സംഭവം ഉദാഹരണമായി പറയാം. എന്റെ കഴിവുകളെ അടിസ്ഥാനമാക്കികൊണ്ട് ഒരു ആശുപത്രിയിൽ എനിക്ക് ജോലി ഓഫർ ചെയ്യപ്പട്ടു. ഏതൊരു പുരുഷ ഫിസിയോതെറപ്പിസ്റ്റിന്റെ അത്ര തന്നെ അനുഭവപാടവമുള്ള എനിക്ക് എന്നാൽ അർഹതപ്പെട്ട സ്ഥാനമല്ല അവിടെ ലഭിച്ചത്, പകരം ആ സ്ഥാനം നല്കപ്പെട്ടത് ഒരു പുരുഷനായിരുന്നു. എനിക്ക് ആ സ്ഥാനം ലഭിക്കാതിരിക്കാനുള്ള അവർ പറഞ്ഞ കാരണങ്ങൾ ഇതൊക്കെയായിരുന്നു:
- ഞാൻ ഒരു പുരുഷ ഫിസിയോതെറപ്പിസ്റ്റിനെപ്പോലെ ‘ശക്തയും സമർഥയുമായിരുന്നില്ല’
- ഞാൻ കൂടുതൽ ലീവുകളെടുത്തേക്കാം
- എനിക്ക് തുടർച്ചയായി സുഖക്കേടുകളുണ്ടായേക്കാം
- നൈറ്റ് ഷിഫ്റ്റുകൾക്ക് ഞാൻ പര്യാപ്തയല്ലാതായേക്കാം
ലിസ്റ്റ് അങ്ങനെ നീണ്ടുപോകും…
എന്നാൽ യാഥാർഥ്യത്തിൽ, ഞാനടക്കമുള്ള മറ്റു സ്ത്രീകളും അതേ ആശുപത്രിയിൽ തന്നെ ഒരൊറ്റ ദിവസത്തെ ലീവ് പോലും എടുക്കാതെ interns ആയി പ്രവർത്തിച്ചവരാണ്. അങ്ങേയറ്റം കാര്യക്ഷമതയോടെത്തന്നെയാണ് ഞങ്ങൾ ഓരോരുത്തരും രോഗികളെ പരിചരിച്ചത്. ഞങ്ങളുടെ ശരീരഭാരത്തിന്റെ ഇരട്ടിഭാരമുള്ളവരെപ്പോലും ഉയർത്തിയും നടത്തിയും, കൃത്യമായി നൈറ്റ് ഷിഫ്റ്റുകളിൽ ഡ്യൂട്ടി അനുഷ്ഠിച്ചുമാണ് ഞങ്ങൾ അവിടെ പ്രവർത്തിച്ചത്.
അതേ ടീമിൽ തന്നെ എനിക്ക് മറ്റൊരു സ്ഥാനം ഓഫർ ചെയ്യപ്പെട്ടുവെങ്കിലും, യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറാവാതിരുന്നത് ഞാൻ apply ചെയ്ത സ്ഥാനത്തിന് പൂർണമായും യോഗ്യതയുള്ള ആളായിരുന്നു ഞാൻ എന്ന ഉറച്ചബോധ്യമുള്ളത് കൊണ്ടായിരുന്നു.
ശമ്പളവിടവ് (pay gap) എന്ന പ്രശ്നം ആരോഗ്യമേഖലയിൽ മാത്രമല്ല, അത് സകല ജോലികളിലുമുള്ളതാണ് എന്നത് വാസ്തവമാണ്. എന്നാൽ ലോകാരോഗ്യസംഘടനയുടെ തന്നെ റിപ്പോർട്ട് പ്രകാരം ആരോഗ്യമേഖലയിലെ ശമ്പളവിടവ് മറ്റുള്ള ജോലികളെ അപേക്ഷിച്ച് 25% കൂടുതലാണ്. അധിക സ്ത്രീകളും അവരഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധികൾ മൂലം കുറഞ്ഞശമ്പളത്തിൽ ജോലി ചെയ്യാൻ സമ്മതം കാണിക്കുന്നു, ഇത് സ്ത്രീകൾ ജോലിയുടെ കാര്യത്തിൽ പുരുഷന്മാരെക്കാൾ കഴിവ് കുറഞ്ഞവരാണെനുള്ള തെറ്റായ ബോധം മറ്റുള്ളവരിൽ സൃഷ്ടിക്കുന്നു.
ലിംഗ വിവേചനവും സ്ഥിരസങ്കൽപങ്ങളും മുൻവിധികളുമെല്ലാം ഇന്ത്യയിലെന്നല്ല, ലോകത്താകമാനമുള്ള സ്ത്രീകളുടെ ജീവിതങ്ങളെ വളരെ സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. അവ സ്ത്രീകളുടെ ജോലിസാധ്യതകളെയും കാഴ്ചപ്പാടുകളെയും ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും സ്ത്രീകൾ ജോലിസ്ഥലങ്ങളിൽ പലതരം പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും വിധേയമാകുന്നു. ഇതെല്ലാം ഒരു ആരോഗ്യപ്രവർത്തകയുടെ ആത്മവീര്യത്തെ ഇല്ലാതാക്കാനും എല്ലാതരത്തിലും അവളെ ഛിന്നഭിന്നമാക്കാനും കാരണമാകുന്നു.
ലിംഗ അസമത്വം (gender inequality) ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതിന് കാരണമാകുന്നു, മൂന്നിലൊന്ന് സീറ്റുകൾ മാത്രമാണല്ലോ പുരുഷന്മാർ ഉള്ളത്!
ഇവിടെയുദിക്കുന്ന പ്രധാനചോദ്യം എങ്ങനെ ഈ പുരുഷാധിപത്യത്തിലൂന്നിയ ആരോഗ്യമേഖലയിലേക്ക് നാം ഇടപെടും എന്നതാണ്! കൂടുതൽ സ്ത്രീകൾക്ക് ജോലികൾ ലഭ്യമാക്കുക എന്നതല്ല കാര്യം, മറിച്ച് ഞങ്ങൾ ചോദിക്കുന്നത് അർഹതപ്പെട്ടവർക്ക് അവർ അർഹിക്കുന്ന ജോലി തന്നെ ലഭ്യമാക്കണം എന്നതാണ്. കൂടാതെ, സ്ത്രീകളെ ലിംഗാടിസ്ഥാനത്തിലുള്ള സ്ഥിരസങ്കൽപങ്ങളിലേക്ക് (gender stereotypes) തളക്കാതിരിക്കുക എന്നതുമാണ്. സ്വാഭാവികമായും ഈ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇനയും കുറെ കാലം വേണ്ടിവന്നേക്കും, എന്നാൽ ഇപ്പോൾ നമുക്ക് പ്രത്യാശിക്കാവുന്നത് എല്ലാവർക്കും തുല്യ തൊഴിലവസരങ്ങൾ സാധ്യമാക്കുന്ന പുതിയ തൊഴിൽനയങ്ങളാണ്.
ആരോഗ്യരംഗത്തെ ലിംഗവിവേചനം
സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കേണ്ടുന്നതിന്റെ കാരണം സ്ത്രീകളും പുരുഷന്മാരെപ്പോലെതന്നെ സകലമേഖലകളിലും പ്രവർത്തിക്കാൻ കഴിവുള്ളവരാണ് എന്നതാണ്. സമൂഹത്തിന്റെ ഈ തലത്തിലേക്ക് കൂടി അധികാരികൾ അവരുടെ ദൃഷ്ടികൾ പതിപ്പിക്കാനുള്ള സമയം അതിശീഘ്രഗതിയിൽ തീർന്നുപോയിക്കൊണ്ടിരിക്കുന്നു, വേണ്ടുവോളം കഴിവുകളുള്ളവരായിട്ടും ഞങ്ങൾ സ്ത്രീകൾ നിരന്തരം സമൂഹത്തിൽ പിന്നോട്ടടിക്കപ്പെടുന്നു. ധാരാളം കഴിവുറ്റ സഹായഹസ്തങ്ങൾ ആരോഗ്യമേഖലക്ക് ഇതിനാൽ നഷ്ടപ്പെടുകയുമാണ്. ലോകമെമ്പാടും സ്ത്രീകൾ ആരോഗ്യമേഖലയിൽ കൊണ്ടുവന്ന ഫലങ്ങൾ ചരിത്രത്തിൽ സ്പഷ്ടമായി നമുക്ക് വായിക്കാവുന്നതാണല്ലോ. ഇത്തരം പരിവർത്തനങ്ങൾ ഞങ്ങൾ സ്ത്രീകൾ പൂർണമായും തീരുമാനങ്ങളെടുക്കുന്നതിനും, അപഗ്രഥിക്കുന്നതിനും, ശാരീരികബലം ഉപയോഗിക്കുന്നതിനും, ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നതിനും അർഹരാണ് എന്നതിനുള്ള തെളിവാണ്.
തൊഴിൽദാതാക്കൾ ഒരു സ്ത്രീയായ ഫിസിയോതെറപ്പിസ്റ്റിനെ ജോലിക്ക് എടുക്കാത്തതിനുള്ള പ്രധാനകാരണമായി പറയുന്നത് അവൾക്ക് ശാരീരികശക്തി കുറവാണ് എന്നതാണ്. ഒരാൾ പറഞ്ഞത് “പെണ്ണിന് അതൊന്നും കഴിയില്ല” എന്നാണ്! എല്ലാ സ്ത്രീകളും ഇത്തരം മുൻവിധികളാൽ തള്ളപ്പെട്ടുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെയടുക്കൽ എത്രയാളുകളാണ് ബാക്കിയായിട്ടുണ്ടാവുക? വളരെ വിരളമായിരിക്കുമത്! Internship ന്റെ സമയത്ത് ഞങ്ങളോട് മറ്റേതൊരു പുരുഷനെപോലെ തന്നെയാണ് പണിയെടുക്കാൻ പറയുന്നത്, എന്നാൽ ജോലിയുടെ കാര്യം വരുമ്പോൾ “നിങ്ങൾ പെണ്ണുങ്ങളാണ്” എന്ന് പറഞ്ഞുകൊണ്ട് തഴയും.
എന്റെ ലിംഗത്തിനെ അടിസ്‌ഥാനമാക്കി എനിക്ക് എന്തെല്ലാം ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നുപറയാനുള്ള അവകാശം ആർക്കും അനുവദിച്ചുകൊടുത്തുകൂടാ. ഒരു വിട്ടുവീഴ്ചക്ക് തയ്യാറാകുന്നത് വരെ നിരന്തരം ജോലിയിൽ നിന്നും തഴയപ്പെടുന്നത് ആരോഗ്യമേഖലയിലുള്ള അനേകം സ്ത്രീകളുടെ തൊഴിൽ ജീവിതത്തെ കാര്യമായി അപകടപ്പെടുത്തുന്നുണ്ടെന്ന കാര്യം സങ്കടകരമാണ്.
നമുക്ക് ചെയ്യാൻ കഴിയുന്നത് ആരോഗ്യമേഖലയിൽ ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന തൊഴിൽപരിമിതികളെക്കുറിച്ച് സമൂഹത്തിലെ കൂടുതൽ ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ്. നാം വിട്ടുവീഴ്ചകൾക്ക് തയ്യാറാവില്ലെന്നും, കൂടുതൽ കൂടുതൽ സ്ത്രീകൾ അവരുടെ യോഗ്യതയിലും അർഹതയിലും വിശ്വസിക്കുമെന്നും പ്രത്യാശിക്കാം.
വിവർത്തനം: അലി തൽവാർ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS