എന്താണ് സ്വാഭാവിക ജാമ്യം ?
പാലത്തായി കേസിൽ പ്രതിയായ ബിജെപി നേതാവിനെതിരെ പോലീസ് ഇത് വരെ കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ട് പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നും അത് സർക്കാറിന്റെ പാരാജയമാണ് എന്നും ആരോപിച്ച് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെല്ലോ. എന്താണ് സ്വാഭാവിക ജാമ്യം ? അത് എങ്ങനെയാണ് മറ്റു ജാമ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമാവുന്നത് ?
നിയമവ്യവവസ്ഥയിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല കോടതികൾ വ്യക്തിസ്വാതന്ത്ര്യത്തിന് അനുകൂലമായി പ്രവർത്തിക്കുകയും വേണം. ക്രിമിനൽ നിയമത്തിന്റെ പൊതുവായ തത്വം, ‘കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു വ്യക്തി നിരപരാധിയാണ്’ എന്നതാണ്. എഫ്‌ഐആർ ഫയൽ ചെയ്ത തീയതി മുതൽ വിചാരണ പൂർത്തിയാക്കി വിധി വരുന്നത് വരെ വിവിധ തരത്തിലുള്ള ജാമ്യങ്ങളിൽ പ്രതിയെ വിട്ടയക്കുന്നതിനുള്ള വിവിധ വ്യവസ്ഥകൾ നിയമത്തിൽ അടങ്ങിയിരിക്കുന്നുണ്ട്.
ജാമ്യം ഒരു വ്യക്തിയുടെ അവകാശവും സ്വാതന്ത്ര്യവുമാണെന്നും കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അത് പ്രധാനപ്പെട്ടതാണെന്നും എണ്ണമറ്റ കേസുകളിൽ സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
പ്രധാനമായും മൂന്ന് തരത്തിലുള്ള ജാമ്യങ്ങളാണ് നിയ്മപ്രകാരം ഒരു പ്രതിക്ക് ലഭിക്കുന്നത്.
- മുൻകൂർ ജാമ്യം. CRPC യിലെ 438 വകുപ്പ് പ്രകാരം, ജാമ്യമില്ലാ കുറ്റം ചെയ്തുവെന്നാരോപിച്ച് അറസ്റ്റിലാകാമെന്ന് സാധ്യതയുള്ള ഏതൊരു വ്യക്തിക്കും ഈ വകുപ്പ് പ്രകാരം ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാം.
- സാധാരണ ജാമ്യം (Regular Bail). CRPC യിലെ 439 വകുപ്പ് പ്രകാരം, കുറ്റകൃത്യം ആരോപിച്ച് കസ്റ്റഡിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് ജാമ്യത്തിനായി കോടതിയിൽ അപേക്ഷ നൽകാം. അപേക്ഷ പരിഗണിച്ച് കോടതിക്ക് ജാമ്യം നൽകുകയൊ തള്ളൂകയോ ചെയ്യാം.
- സ്വാഭാവിക ജാമ്യം (Default bail/ Statutory/Compulsory Bail). ക്രിമിനൽ പ്രൊസീജ്യർ കോഡ് 1973 ലെ സെക്ഷൻ 167 (2) പ്രകാരം നിയമപരമായ നിശ്ചിത സമയപരിധിക്കുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ കസ്റ്റഡിയിലുള്ള ഒരു പ്രതിക്ക് സ്വഭാവിക ജാമ്യത്തിന് നിയപ്രകാരം അവകാശമുണ്ട്.
ആദ്യ രണ്ട് ജാമ്യ അപേക്ഷയിലും കോടതിക്ക് രേഖകളും റിപ്പോർട്ടുകളും പരിശോധിച്ച് കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം അനുവദിക്കാനോ തള്ളാനോ അധികാരമുണ്ട്. എന്നാൽ സ്വാഭാവിക ജാമ്യത്തിന്റെ കാര്യത്തിൽ കോടതിക്ക് വിവേചനാധികാരമില്ല.
കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നിശ്ചിത സമയപരിധി എത്രയാണ് ?
സെക്ഷൻ 167 (2) ലെ ഉപവകുപ്പ് (എ) (i) പ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റം, ജീവപര്യന്തം തടവ് അല്ലെങ്കിൽ പത്ത് വർഷത്തിൽ കുറയാതെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ആണെങ്കിൽ 90 ദിവസത്തിനകം പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടില്ലെങ്കിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് നിയമപരമായി അർഹതയുണ്ട്.
സെക്ഷൻ 167 (2) ലെ ഉപവകുപ്പ് (എ) (ii) അനുസരിച്ച്, മുകളിൽ പറഞ്ഞ കുറ്റങ്ങൾ അല്ലാതെ മറ്റേതെങ്കിലും കുറ്റങ്ങൾക്ക് ആണെങ്കിൽ 90 ദിവസത്തിനകം പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടില്ലെങ്കിൽ കസ്റ്റഡിയിലുള്ള പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് നിയമപരമായി അർഹതയുണ്ട്.
ആദ്യ റിമാൻഡ് തീയതി മുതൽ 90 ദിവസമോ 60 ദിവസമോ അവസാനിക്കുന്നതിന് മുമ്പായി കുറ്റപത്രം ഫയൽ ചെയ്താൽ പിന്നെ സെക്ഷൻ 167 (2) പ്രകാരമുള്ള സ്വാഭാവിക ജാമ്യം ലഭിക്കില്ല. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിനുള്ള അവകാശം നഷ്‌ടപ്പെടും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS