Social

മതവും മനുഷ്യ വികാസവും; വിശ്വാസങ്ങളുടെ ചിന്താ പരിണാമങ്ങൾ

ആനുകാലികം / എം എസ് ഷൈജു

ലോകത്തെ ഏറ്റവും വ്യവസ്ഥാപിതമായ അധികാര രൂപമേതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മതങ്ങൾ എന്നതാണ് ആ ഉത്തരം. മതങ്ങൾ ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. ലോകത്തെ ഒരു ഭരണകൂടത്തിനും പ്രത്യയശാസ്ത്രത്തിനും മതത്തിന്റേത് പോലെയുള്ള ഒരു സ്വാധീന ശക്തി മനുഷ്യർക്ക് മേൽ ഇല്ല. ദൈവ വിശ്വാസവും മനുഷ്യ ജീവിതത്തിന്റെ മോക്ഷ സങ്കല്പങ്ങളുമാണ് മത വിശ്വാസങ്ങളുടെ അകക്കാമ്പ്. ലോകത്തെ തൊണ്ണുറ്‌ ശതമാനത്തിന് മുകളിൽ എന്ന് പറയാവുന്ന വലിയൊരു ജനസംഖ്യ മത വിശ്വാസങ്ങൾക്കും മത ബിംബങ്ങൾക്കും വലിയ പ്രാധാന്യം കല്പിച്ച് കൊടുക്കുന്നവരാണ്.

പലപ്പോഴും വലിയ അട്ടിമറികൾക്കും അധികാരമുറപ്പിക്കലുകൾക്കും മതം ഹേതുവായിട്ടുണ്ട്. മനുഷ്യന്റെ ചരിത്രത്തിലുടനീളം ഈ മേധാ ശക്തി മതങ്ങൾ വെച്ച് പുലർത്തിയിട്ടുണ്ട്. മനുഷ്യന്റെ ഇതുവരെയുള്ള വളർച്ചക്ക് പിന്നിലും മതം പല നിലക്കും  ചെറുതും വലുതുമായ സ്വാധീനങ്ങൾ ചെലുത്തിയിട്ടുണ്ട്. മുന്നോട്ട് കുതിപ്പിക്കാനും അവനെ പിന്നോട്ടടിപ്പിക്കാനും നിശ്ചലനാക്കി നിർത്താനും മത ഘടനകൾക്ക് സാധിക്കും. ചരിത്രത്തിൽ നിന്നും വർത്തമാനത്തിൽ നിന്നും ഇവയ്ക്കോരോന്നിനും എമ്പാടും തെളിവുകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. അത് കൊണ്ട് തന്നെ മതവുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ ചർച്ചകളെയും അതീവ ഗൌരവമായാണ് സമൂഹം നോക്കിക്കാണുന്നത്.

മതം എന്ത് കൊണ്ടാണ് ഇത്രയധികം ആളുകൾക്ക് അതീവ പ്രധാനമാകുന്നത് എന്നൊരു ചോദ്യത്തെ ലോകത്തെ അനേകം സാമൂഹിക ചിന്തകന്മാർ അഭിമുഖീകരിച്ചിട്ടുണ്ട്. അവരിൽ പലരും പല വീക്ഷണ കോണുകളിൽ നിന്ന് കൊണ്ട് അതിന് ചില ഉത്തരങ്ങളും കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മനുഷ്യന് ആത്മ്മീയതയോടുള്ള ജന്മസിദ്ധമായ ഒരു അഭിവാഞ്ചയാണ്. ഭൌതികമായ കാര്യ കാരണ വിശദീകരണങ്ങൾ കൊണ്ട് വ്യക്തമാക്കാൻ സാധിക്കാത്ത നൈസർഗ്ഗികമായ ഒരു ആകർഷണം ആത്മീയതയോട് മനുഷ്യർ പുലർത്തുന്നുണ്ട്.

എല്ലാ മതനിരാസ ചോദനകളോടും എതിരിട്ട് നിൽക്കാൻ പ്രാപ്തമായ ഒരു ആത്മീയ ശക്തിയാണ് മതങ്ങൾക്കുള്ളത്. മത വിശ്വാസവും മത നിരാസവും ഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ട് നിലപാടുകളാണ്. മത നിരാസികളല്ലാത്തവരെയെല്ലാം മതവിശ്വാസികളായാണ് പൊതുവേ അംഗീകരിക്കപ്പെടുന്നത്. മതനിരാ‍സികളും മതങ്ങളും തമ്മിൽ നടക്കുന്ന ആശയ സംഘർഷങ്ങൾക്കും വളരെ പഴക്കമുണ്ട്. ചരിത്രപരവും ശാസ്ത്രപരവുമായ പല കാരണങ്ങൾ കൊണ്ടുമാണ് മത വിശ്വാസികളും മത നിരാസികളും തമ്മിലുള്ള സംഘർഷങ്ങൾ രൂപപ്പെട്ടിട്ടുള്ളത്.

ശാസ്ത്രത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെയും പിൻബലത്തിൽ മതത്തോട് ഏറ്റ്മുട്ടാൻ ശ്രമിച്ചിട്ടുള്ള അനേകം കക്ഷികൾ മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഓരോ കാലങ്ങളിൽ രൂപപ്പെട്ട് വന്നിട്ടുള്ള മതനിരാസ ആശയ ധാരകളിൽ ഭൂരിപക്ഷത്തിനും ചരിത്രത്തിന്റെ ഒരു ഘട്ടത്തിനപ്പുറം പിടിച്ച് നിൽക്കാൻ സാധിച്ചിട്ടില്ല. എല്ലാ വിധത്തിലുള്ള ഏറ്റ്മുട്ടലുകൾക്ക് ശേഷവും മതം അതിന്റെ മേധാ ശക്തി പ്രകടിപ്പിച്ച് കൊണ്ട് തന്നെ നിലനിൽക്കുന്നുവെന്നതും ഒരു യാഥാർത്ഥ്യമാണ്.

മതസമൂഹങ്ങൾ ഒരോ കാലത്തും പ്രകടിപ്പിച്ച് വന്നിട്ടുള്ള ചില നിലപാടുകളോടുള്ള വിയോജിപ്പുകൾ കൊണ്ടും വിരോധങ്ങൾ കൊണ്ടുമാണ് മതനിരാസ പ്രസ്ഥാ‍നങ്ങൾ രൂപമെടുത്തിട്ടുള്ളത്. മതത്തോടുള്ള ബാഹ്യമായ പ്രതിരോധങ്ങളായിരുന്നു മത നിരാസ സംഘങ്ങൾ. സാമൂഹികപരമായും, അധികാരപരമായും, ജ്ഞാനപരമായും മതസമൂഹങ്ങൾ പുലർത്തുന്ന അലംഭാവങ്ങളിൽ നിന്നോ കാഴ്ചപ്പാടുകളോടുള്ള എതിർപ്പുകളിൽ നിന്നോ ആണ് ലോകത്തെ ഒട്ടു മിക്ക മതനിരാസ പ്രസ്ഥാനങ്ങളും രൂപമെടുത്തിട്ടുള്ളത്. മതത്തിന്റെ അടിസ്ഥാനങ്ങളോടുള്ള ശക്തമായ വിയോജിപ്പുകളാണ് എല്ലാ മതനിരാസ പ്രസ്ഥാനങ്ങളുടെയും പൊതുവായ അന്തസത്ത. ദൈവം, ആത്മ്മീയത, വേദം, പ്രവാചകത്വം, മോക്ഷം തുടങ്ങിയ അടിസ്ഥാന കാഴ്ചപ്പാടുകളെ നിരാകരിക്കലാണ് രാഷ്ട്രീയപരമായും വൈജ്ഞാനികപരവും സാമൂഹികപരമായുമുള്ള വിവിധ കാരണങ്ങൾ കൊണ്ട് ഉദയം ചെയ്ത് വന്നിട്ടുള്ള എല്ലാ മതനിരാസ പ്രസ്ഥാനങ്ങളുടെയും മുഖമുദ്ര.

എന്നാൽ മതത്തിന്റെ അന്തസത്തകളോടും അടിസ്ഥാനങ്ങളോടും ആഭിമുഖ്യവും താത്പര്യവും പുലർത്തിക്കൊണ്ട് തന്നെ വ്യവസ്ഥാപിതമായ മത രൂപങ്ങളോടും മതത്തിന്റെ ആചാരപരവും അനുഷ്ഠാനപരവും പൌരോഹിത്യപരവുമായ വ്യവസ്ഥകളോട് വിയോജിക്കുകയും കലഹിക്കുകയും ചെയ്യുന്ന മതനിരാസത്തിന്റെ ചില പുതിയ പ്രവണതകൾ മത സമൂഹത്തിന്റെ ആഭ്യന്തരങ്ങളിൽ രൂപം കൊള്ളുന്നതിനെക്കുറിച്ചാണ് വർത്തമാന കാലത്ത് ചില ഗൌരവമായ ആകുലതകൾ ഉയരുന്നത്.

മതം ഭൂരിപക്ഷവും മുഖ്യധാരയുമായ നാടുകളിൽ മതത്തോട് പൊതുവിൽ ആഭിമുഖ്യമില്ലാതാകുകയും എന്നാൽ ദൈവത്തോടും ദൈവ സങ്കല്പങ്ങളോടും വൈയക്തികമായ ആഭിമുഖ്യം പുലർത്തുകയും ചെയ്യുന്ന ഒരു പുതിയ തലമുറ വർദ്ധിച്ച് വരുന്നുവെന്ന നിലയിലുള്ള ചില വാർത്തകളും സംഭവങ്ങളും ഈയടുത്തായി ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അനേകം ചർച്ചകളും നടന്നിരുന്നു. ഏതെങ്കിലും ഒരു മതത്തിനോടുള്ള പ്രത്യേകമായ ആഭിമുഖ്യമില്ലായ്മയെന്നതിനപ്പുറം മുഖ്യ ധാരാ മതങ്ങളുടെ സാമൂഹികാവിഷ്കാരങ്ങൾ പുലർത്തുന്ന വഞ്ചനാപരമായ  പൊതുഭാവങ്ങളോടുള്ള വിയോജിപ്പുകളും നിരാസങ്ങളുമായിരുന്നു ഇത്തരമൊരു വീക്ഷണത്തിന് കാരണമാകുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

തുർക്കിയിലെ വിദ്യാഭ്യാസ മന്ത്രാലയവും മതകാര്യ മന്ത്രാലയവും തങ്ങളുടെ രാജ്യത്തെ മതരംഗത്ത് നടക്കുന്ന ഗൌരവമായി ചില മാറ്റങ്ങളെ സംബന്ധിച്ച് തയാറാക്കിയ ഒരു റിപ്പോർട്ടിനെച്ചൊല്ലിയാണ് ഇത്തരമൊരു ചർച്ച അന്താരാഷ്ട്രാ മാ‍ധ്യമങ്ങൾ നടത്തിയത് (1). തുർക്കിയിലെ മുസ്‌ലിം യുവതക്ക് രാജ്യത്തെ വ്യവസ്ഥാപിത ഇസ്‌ലാം മതത്തിനോട് ആഭിമുഖ്യമില്ലാതാകുന്നുവെന്നും മതാതീതമായ ഒരു ദൈവ വിശ്വാസത്തിലേക്കും ആത്മീയതിലേക്കും വ്യാപകമായി നീങ്ങുന്നുവെന്നതുമായിരുന്നു ആ റിപ്പോർട്ടിന്റെ കാതൽ.

പരമ്പരാഗതമായ മതപാഠശാലകളിൽ നിന്ന് പടിച്ചിറങ്ങുന്ന യുവ പണ്ഡിതരുൾപ്പെടെയുള്ള ഒരു വലിയ യുവനിര ഇങ്ങനെ മതത്തെ നിരാകരിക്കുന്നുവെന്നും വാർത്തകളുണ്ടായിരുന്നു. തുർക്കിയിലെ മതനേത്യത്വവും മതകാര്യമന്ത്രാലയവും അതി രൂക്ഷമായി ഈ റിപ്പോർട്ടിനോട് പ്രതികരിച്ച വാർത്തയും പുറത്ത് വന്നിരുന്നു.

തുർക്കിയെ പ്രത്യേകമായി ഉദ്ധരിക്കാൻ ഒരു കാരണം കൂടിയുണ്ട്. രാജ്യത്ത് പതിറ്റാണ്ടുകളായി മതത്തെ അടിച്ചമർത്തുകയും മത ചിഹ്നങ്ങളെ പൊതുസമൂഹത്തിൽ നിന്ന് ബഹിഷ്കരിച്ച് ദൂരെ നിർത്തുകയും ചെയ്തിരുന്ന ഒരു ദീർഘകാല പാരമ്പര്യമുണ്ടായിരുന്നു. അതിന് ശേഷം മതം ഒരു അവകാശത്തിന്റെ പ്രശ്നമായി രാജ്യത്ത് ഉയർന്ന് വരികയും രാഷ്ട്രീയമായി അതിനെ സ്ഥാപിച്ചെടുക്കുയ്കയും ചെയ്ത ഒരു പശ്ചാത്തലത്തിലും ഇസ്‌ലാമിലേക്ക് പുറത്ത് നിന്ന് നിരവധിയാളുകൾ താത്പര്യത്തോടെ കടന്ന് വരാൻ ആരംഭിച്ചിരിക്കുന്ന ഒരു സാഹചര്യത്തിലുമാണ് മതത്തിന്റെ ആഭ്യന്തരങ്ങളിൽ നിന്ന് ഇങ്ങനെയൊരു വാർത്ത വരുന്നതെന്നതാണ് ഏറെ പ്രസക്തമാകുന്നത്.

മതനിരാസത്തിന്റെ പുതിയ ഭാവമാണിതെന്നും നിരീശ്വരവാദത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ് പുതിയ വാദക്കാർ ഉയർത്തുന്നതെന്നുമാണ് തുർക്കി മതകാര്യ മന്ത്രാലയത്തിന്റെ തലവൻ ഇതിനോട് പ്രതികരിക്കുന്നത് (2). എന്നാൽ മതമുയർത്തുന്ന മൌലികവും ദാർശനികവുമായ അടിസ്ഥാനങ്ങളോട് കൂറ് പുലർത്തുന്നവരായത് കൊണ്ട് ഇവരെ മതനിരാസികൾ എന്ന് വിളിക്കരുത് എന്നൊരു ശക്തമായ വാദവും രാജ്യത്തുയർന്ന് വന്നിട്ടുണ്ടെന്ന് തുർക്കിയിലെ ശ്രദ്ധേയനായ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മുസ്തഫ ഒസ്തുർക്ക് ഇതിനൊട് പ്രതികരിക്കുന്നു (3). കൂടുതൽ സൂക്ഷ്മവും ഗവേഷണാത്മകമായ അന്വേഷണങ്ങളും ഈ വിഷയങ്ങളിൽ നടക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദൈവികവാദികൾ (deists) എന്നാണ് പുതിയ നിലപാടുകാർ പരിചയപ്പെടുത്തപ്പെടുന്നത്. ആഗോള തലത്തിൽ മുസ്‌ലിം പൊതുധാര പുലർത്തുന്ന, മതത്തിന്റെ ഗൌരവതരമായ ഘടകങ്ങൾ എന്ന് വിശ്വസിക്കപ്പെടുന്ന ആചാരങ്ങളോടോ വീക്ഷണങ്ങളോടോ അത്രയേറെ ആഭിമുഖ്യം പുലർത്താതിരിക്കുകയും എന്നാൽ ശക്തമായ ദൈവ വിശ്വാസവും, ധാർമികബോധവും, മതത്തിന്റെ കാമ്പ് എന്ന് അവർ വിശ്വസിക്കുന്ന മൂല്യങ്ങളോട് പ്രതിബദ്ധതയും പുലർത്തുന്നവരാണ് ഇവർ. ഇവരെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടതെന്നും പാരമ്പര്യ മതകാഴ്ചപ്പാ‍ടിലൂടെ ഇവരെ എങ്ങനെ നോക്കിക്കാണണമെന്നതുമാണ് മതനേത്യത്വത്തിന്റേയും പുരോഹിതന്മാരുടേയും പ്രശ്നമെങ്കിൽ ഇത്തരക്കാർ എങ്ങനെ ഉദയം ചെയ്യുന്നുവെന്നതാണ് മുസ്‌ലിം ചിന്തകന്മാർ ചർച്ച ചെയ്യുന്ന വിഷയം.

രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ യൂസുഫ് കപ്ലാൻ അഭിപ്രായപ്പെടുന്നത് കടുത്ത മതാചാരങ്ങൾ കുട്ടികളിൽ അടിച്ചേൽ‌പ്പിക്കുന്ന കുടുംബസാഹചര്യങ്ങളിൽ നിന്ന് വളർന്ന് വരുന്ന പുതു തലമുറയിലാണ് മതത്തിന്റെ അചാരഭാവങ്ങളെ നിരാകരിക്കുന്ന ഇത്തരം പ്രവണതകൾ ദ്യശ്യമാകുന്നതെന്നാണ് (4). അതിസെക്കുലർ വാദികളായ കുടുംബങ്ങളിലെ പുതുതലമുറ നിരീശ്വരവാദത്തിലേക്ക് എത്തിച്ചേരുമ്പോൾ മതത്തിൽ അതിയാഥാസ്ഥിതികരും കർക്കശക്കാരുമായവരുടെ കുട്ടികൾ ഭൂരിപക്ഷവും ദൈവികവാദികളാകുന്നുവെന്നുമാണ് യൂസുഫ് കപ്ലാൻ നിരീക്ഷിക്കുന്നത്.

പാശ്ചാത്യ ശക്തികളുടെ ഇസ്‌ലാം വിരുദ്ധ പ്രൊപഗണ്ട മാത്രമാണിതെന്ന് നിസാരവൽക്കരിച്ച് വിഷയത്തെ അഭിമുഖീകരിക്കാൻ മടിക്കുന്ന ഒരു പക്ഷവും തുർക്കിയിലുണ്ട്. മതമോ മതനേത്യത്വമോ ഇതിന് ഉത്തരവാദികളല്ലെന്നും അവർ വാദിക്കുന്നു. എന്നാൽ തുർക്കിയിലെ മത സാഹചര്യങ്ങളും ഇസ്‌ലാമിന്റെ പേരിൽ നിലനിൽക്കുന്ന മതത്തിന്റെ അകം പുറം കാഴ്ചകൾ തമ്മിലുള്ള കാപട്യപരമായ അന്തരവുമാണ് ദൈവികവാദികളെ സ്യഷ്ടിക്കുന്നതെന്നാണ് മുസ്തഫ അക്യൂളിനെപ്പോലെയുള്ള മുസ്‌ലിം ചിന്തകന്മാർ നിരീക്ഷിക്കുന്നത്.

തുർക്കിയിലെ സാമൂഹിക ശാസ്ത്ര വിശാരദനും എഴുത്തുകാരനുമായ ആകിഫ് ബേക്കിയുടെ വിശകലനങ്ങളെയും അക്യൂൾ പിന്തുണക്കുന്നു. മതവും മത സ്ഥാനങ്ങളും അധികാരത്തിലേക്ക് ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുന്ന കേന്ദ്രങ്ങളായി മാറുന്നത് ഒരു ധാർമിക പ്രശനമായി വിശ്വാസികൾക്ക് അനുഭവപ്പെടുന്നു. അധികാരങ്ങൾക്കായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ മതവും അതിന് നേത്യത്വം നൽകുന്നവരും തയാറാകുന്നതിലൂടെ മതത്തിന്റെ സ്വാഭാവികമായ വിശുദ്ധിയെ മതപ്രസ്ഥാനങ്ങളുടെ ആധികാരിക ശബ്ദങ്ങളെന്ന് കരുതപ്പെടുന്നവർ കുരുതി കൊടുക്കുന്നെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

മത നേതാക്കൾ പുലർത്തുന്ന ധാർമിക കാപട്യങ്ങളും സ്വാർത്ഥതയും ലോകത്തെല്ലായിടത്തുമുള്ള പുതു തലമുറ വിശ്വാസികളെ സാരമായി ബാധിക്കുന്നുണ്ടെന്നും അവരിൽ മതവുമായി ബന്ധപ്പെട്ടുള്ള ആത്മ സംഘർഷങ്ങൾക്കും വിയോജിപ്പുകൾക്കും അത് ഹേതുവാകുന്നുവെന്നുമുള്ള കണ്ടെത്തലുകളും വേറെയുണ്ട്.

ആധുനിക കാലം സാമൂഹിക ശാസ്ത്രപരമായി പറഞ്ഞാൽ ഏറെ സവിശേഷമായതാണ്. വിവരങ്ങളുടെ കൈമാറ്റവും ഏകോപനവും ഏറ്റവും എളുപ്പത്തിൽ നടക്കുന്ന ഇക്കാലത്ത് ഒരു വാർത്തക്കും വിവരത്തിനും മുകളിൽ മറയിടൽ അസാധ്യമാണ്. മതത്തിന്റെ/ ആധികാരിക നേത്യത്വത്തിന്റെയും പണ്ഡിതരുടെയും അകവും പുറവും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ വാർത്തകളും വിവരങ്ങളും പഴയത് പോലെ മറച്ച് പിടിക്കൽ ഇക്കാലത്ത് സാധ്യമല്ല.

മതരംഗത്ത് നേത്യസ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നവരുടെ പുഴുക്കുത്തുള്ള ജീവിതം വിശ്വാസികളിലെ ഒരു വിഭാഗത്തിന് മതത്തോട് തന്നെ വിശ്വാസക്കുറവ് തോന്നാൻ ഒരു ഹേതുവാകുന്നുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അമേരിക്കയിലും മധ്യ പൌരസ്ത്യൻ നാടുകളിലും മറ്റ് ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്.

മതത്തോടും അതിന്റെ ആചാരപരമായ ആവിഷ്കാരങ്ങളോടും വിയോജിക്കുന്ന ദൈവ വിശ്വാസികൾ ഉദയം ചെയ്യുന്ന വാർത്തകൾ ഇവിടങ്ങളിൽ നിന്നൊക്കെ പുറത്ത് വരുന്നുമുണ്ട്. പുതിയ കാലത്ത് വ്യാജമായ വിശുദ്ധികളുമായി അടച്ചിട്ടിരിക്കുന്ന ഒരു മത സൂഹത്തിനുള്ളിൽ നിന്ന് ഒരു പുതിയ തലമുറയെ വാർത്തെടുക്കൽ ഇനി സാധ്യമാകില്ല. സ്വന്തം ബോധ്യങ്ങളോട് മാത്രം കൂറ് പുലർത്തുകയും മതത്തോടും മതത്തിന്റെ സാമൂഹികവും വൈയക്തികവുമായ ഭാവങ്ങളോട് കലഹിക്കുകയും ചെയ്യുന്ന ഒരു വിശ്വാസി സമൂഹം വളർന്ന് വരുന്നുവെന്നത് ശുഭോദർക്കമായല്ല വിലയിരുത്തേണ്ടത്.

മതം നിർവഹിക്കേണ്ട ചുമതകലൾ നിർ‌വഹിക്കപ്പെടാതെ അനാഥമായിപ്പോകുവാൻ അത്തരം വളർന്ന് വരലുകൾ കാരണമായേക്കും.അതി ശക്തമായ ആത്മ വിമർശനത്തിന് മതത്തിന്റെ ആഭ്യന്തര രംഗം തയാറാകണമെന്ന ശക്തമായ സന്ദേശത്തെയാണ് ഈ പുതിയ വിശ്വാസികൾ ഉയർത്തുന്നത്.

ഈയടുത്തായി കേരളത്തിന്റെ സാമൂഹിക രഗത്തും ഇത്തരം വാർത്തകൾ വ്യാപകമായി വരുന്നത് ജാഗ്രതയോടെ വിലയിരുത്തേണ്ടതുണ്ട് ധാർമികതയെപ്പറ്റിയുള്ള അമിത ഘോഷണങ്ങൾ സ്ഥിരമായി കേൾക്കേണ്ടി വരികയും തങ്ങൾ മാത്യകകൾ എന്ന് വിശ്വസിക്കുന്ന ബിംബങ്ങളൊക്കെ മലിനങ്ങളായിരുന്നുവെന്ന തിരിച്ചറിയുകയും ചെയ്യുന്ന വിശ്വാസി സമൂഹത്തിന് സംഭവിക്കാൻ സാധ്യതയുള്ള ആത്മീയ പരിണാമങ്ങളെ സംബന്ധിച്ച് കൂടുതൽ ആലോചിക്കേണ്ടതായുണ്ട്. അവരുടെ ആകുലതകൾക്ക് പരിഹാരം കാണേണ്ടതുമുണ്ട്.

പണ്ഡിതരും പ്രഭാഷകരും ന്യശംസനീയമായ നിലയിൽ കുറ്റകരമായി പിടിക്കപ്പെടുന്ന വാർത്തകൾ ഇന്ന് വ്യാപകമായിക്കഴിഞ്ഞിട്ടുണ്ട്. സംഘടനകൾ തമ്മിലുള്ള വിഴുപ്പലക്കിലൂടെ മൂടിവെക്കപ്പെട്ടിരിക്കുന്ന പല അപ്രിയ സത്യങ്ങളും അർദ്ധ സത്യങ്ങളും പുറത്ത് വരുന്നത് വിശ്വാസികളിൽ മത രംഗത്തോടുള്ള മുരടിപ്പിന് കാരണമായേക്കാം.

സംഘടിതവും ആചാര ബദ്ധിതവുമായ മതങ്ങളിലാകും ഇതിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ സംഭവിക്കുക. ഹിന്ദു മതത്തെപ്പോലെ ആചാരങ്ങളിൽ കൂടുതൽ ലിബറൽ സ്വഭാവവും വികേന്ദ്രീക്യതമായ ആഭ്യന്തര ഘടനയുമല്ല മുസ്‌ലിം ക്രൈസ്തവ മതങ്ങൾക്കൂള്ളത്.  അത് കൊണ്ട് തന്നെ മുസ്‌ലിം, ക്രൈസ്തവ മതങ്ങളുടെ ആഭ്യന്തര ഘടനയിലും സാമൂഹികമായ നിലനില്പിലുമാകും ഇത്തരം സംഭവങ്ങൾ ആഘാതങ്ങൾ ഏല്പിക്കുന്നത്. പ്രത്യേകിച്ച് സാമൂഹിക ശാസ്ത്രപരമായ വിജ്ഞാനങ്ങളോടും ആധുനികമായ കാഴ്ചപ്പാടുകളോടും പ്രത്യേകം മമത പുലർത്തുന്ന ഒരു കാഴ്ചപ്പാട് മുസ്‌ലിം പുതു തലമുറയിൽ വളർന്ന് വന്ന് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിപ്പോൾ സംജാതമായ് വരുന്നത്. മതത്തെ വൈജ്ഞാനികമായി സമീപിക്കുവാൻ കേരളത്തിലെ മുസ്‌ലിം പുതു തലമുറ സജ്ജമാകുന്നതിന്റെ ലക്ഷണങ്ങൾ പല നിലക്കും കാണാൻ കഴിയുന്നുണ്ട്.

മതത്തിന്റെ പുതിയ കാലത്തെ വ്യാഖാന സാധ്യതകൾക്ക് മുന്നിൽ തടയിട്ട് കൊണ്ട് വേദഗ്രന്തന്ഥത്തിന്റെ കാലികമായ സന്ദേശം ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനും സമ്മതിക്കാത്ത ആധുനിക പൌരോഹിത്യവും മതത്തെ സ്വാർത്ഥ താത്പര്യങ്ങൾക്കുള്ള മറയായി മാത്രം കാണുന്ന ജനകീയ പണ്ഡിതരും മതം മുന്നോട്ട് വെക്കുന്ന മൂല്യങ്ങൾക്കോ മൂല്യാധിഷ്ടിത നിലപാടുകൾക്കോ സ്വന്തം രഹസ്യ ജീവിതത്തിൽ യാതൊരു വിലയും നൽകാത്ത മത പ്രഭാഷകരും സ്വാർത്ഥംഭരികളായ മത/ മത സംഘടനാ നേതാക്കളും പുതിയ കാലത്ത് മതത്തിന്റെയും അവ മുന്നോട്ട് വെക്കുന്ന വലിയ സാമൂഹിക സാധ്യതകളുടെയും ആരാച്ചാർമാരായി സ്വയം മാറുന്നുവെന്നത് കാണാതിരുന്നു കൂടാ.

മതത്തിന്റെ ലക്ഷ്യങ്ങളും അവയെ സാധിച്ചെടുക്കേണ്ട മാർഗങ്ങളും വ്യക്തമാക്കിക്കൊണ്ടുള്ള അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും മത നേത്യത്വങ്ങൾ തയാറാകണമെന്നാണ് ഉണർത്താനുള്ളത്. ആളുകളുടെ വൈജ്ഞാനികന്വേഷണത്തിന് ഉത്തരം നൽകാൻ കെല്പില്ലാത്ത മത നേത്യത്വമാണ് മതത്തിന്റെ അഭ്യന്തര രംഗത്ത് നിന്ന് മതനിരാസികളെ സ്യഷ്ടിക്കുന്ന മുഖ്യമായ മറ്റൊരു കൂട്ടർ. യഥാർത്തത്തിൽ മതത്തിന്റെ യഥാർത്ഥ ഭാരവും ഇക്കൂട്ടരാണ്.

മതം എന്നത് ആത്മ്മീയമായും സാമൂഹികമായും പ്രാതിനിത്യപരമായും ഉൾക്കൊള്ളുവാനും വ്യാഖാനിക്കാനും വിശദീകരിക്കുവാനും ശേഷിയും ഇച്ഛാശക്തിയും വിജ്ഞാ‍നവുമുള്ളവർ മത നേത്യത്വങ്ങളിലേക്ക് കടന്ന് വരികയെന്നത് തന്നെയാകും ഇത്തരം പ്രതിസന്ധികൾക്ക് മുമ്പിൽ ചെയ്യാനുള്ള ഒന്നാമത്തെ പരിഹാരം.

Sources

1. www.cbn.com// American Muslims are Losing their Faith
www.bbc.com// The Young Turks rejects practising Islam
www.medium.com//  Bad Priests and Bad Muslims
2. Putting on the Turkish Youth the stain of Deism by Devlet Bacheli
3. The Foot Steps of Deism’ by Mustafa Ozturk
4. Why Young Turks losing faith in Islam by Musthafa Akyul

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഫാസിൽ നടുവണ്ണൂർ
4 years ago

വളരെ നല്ല നിരീക്ഷണം. ഇത് സത്യത്തിൽ മത നേതൃത്വം അഡ്രെസ്സ് ചെയ്യണ്ട വിഷയമാണ്, മുസ്‌ലിം നേതൃത്വം സവിശേഷമായും. വിദ്യാഭ്യാസവും ചിന്താശേഷിയും ഉള്ളവർ തന്നെയാണ് ഈയൊരു ആശയത്തിൽ കുടുങ്ങുന്നത് എന്നത് ഒട്ടും ആശാവഹമല്ല.

Back to top button
1
0
Would love your thoughts, please comment.x
()
x