Political

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; ഇടതുപക്ഷവും ദേശീയ രാഷ്ട്രീയവും

പി ജെ ബേബി പുത്തൻപുരക്കൽ

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പ്രമുഖ ഇടതുപക്ഷ സുഹൃത്തുക്കളുടെ പോസ്റ്റുകൾ കണ്ടു.

ശ്രീ അശോകൻ ചെരുവിലിന്റെയും ചിന്ത പബ്ളിഷേഴ്സിലെ ശ്രീ രാധാകൃഷ്ണൻ ചെറുവല്ലിയുടെയും.

കനയ്യയെ പണ്ട് സി പി ഐ വിട്ടു പോയ മോഹൻ കുമരമംഗലവുമായി ഒക്കെ താരതമ്യം ചെയ്യുകയും, കോൺഗ്രസിൽ പണ്ടേ പുരോഗമനം കണ്ടെത്തിയവരാണ് സി പി ഐ ക്കാർ എന്നൊരു കുത്തുകുത്തുകയും ചെയ്യുന്നുണ്ട് അശോകൻ.

അതിനു ശേഷം അദ്ദേഹം കാതലായ ഒരു വിഷയം അവതരിപ്പിക്കുന്നു.

ദളിത്-ആദിവാസി- പിന്നോക്ക വിഭാഗങ്ങളും സ്ത്രീകളും നേരിടുന്ന അടിച്ചമർത്തലിനെതിരെ വേണ്ട പ്രാധാന്യത്തോടെ ഇടതുപക്ഷം മുന്നോട്ടു വരുന്നുണ്ടോ എന്നതാണത്.

കനയ്യയുടെ പോക്കിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നു പറയുന്ന രാധാകൃഷ്ണൻ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പോലെ കമ്യൂണിസ്റ്റുകാരെയടക്കം ഉൾക്കൊള്ളുന്ന ഒരു വിശാല ദേശീയ ജനാധിപത്യ മുന്നണിയാകാൻ കോൺഗ്രസിന് (ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിക്ക്) കഴിയുമോ എന്ന ചോദ്യം ചോദിക്കുന്നു.

രണ്ടു പേരും ഉന്നയിക്കുന്നത് വളരെ ഗൗരവമുള്ള പ്രശ്നങ്ങളാണ്.

പക്ഷേ CPl, CPIM, CPIM L പാർട്ടികൾക്ക് ഇന്നത്തെ അവയുടെ ചട്ടക്കൂടിൽ നിന്ന് ഇത് പരിഹരിക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷ അവരുടെ വാക്കുകളിലുണ്ട്. അത്തരമൊരു പ്രതീക്ഷക്കും അടിസ്ഥാനമില്ല എന്നാണ് എന്റെ ഉറച്ച അഭിപ്രായം.

അശോകൻ ചെരുവിൽ പറഞ്ഞ വിഷയത്തിൽ സംവരണത്തിൽ വെള്ളം ചേർത്ത് സവർണ സംവരണം പിണറായി സർക്കാർ കൊണ്ടുവന്നു. പ്രായോഗികതലത്തിൽ അത് നടപ്പാകുന്നത് പിന്നോക്കക്കാരെക്കാളും ദളിതരെക്കാളും (ചിലപ്പോൾ ആദിവാസികളെക്കാളും) യോഗ്യതാ മാനദണ്ഡത്തിൽ പിന്നിലായ ഏക്കറു കണക്കിന് ഭൂമിയുള്ള സവർണന് സംവരണം വഴി അവസരം കിട്ടുന്നതിലേക്കാണ്. സാമ്പത്തിക സംവരണം നടപ്പാക്കാൻ മോഡിയെത്തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറി വെല്ലുവിളിച്ചു.

പിന്നാലെ മുസ്ലീങ്ങളുടെ നാമമാത്രമായ സച്ചാർ കമ്മിറ്റി ആനുകൂല്യങ്ങൾ ന്യൂനപക്ഷ ആനുകൂല്യങ്ങളാക്കി 50 ശതമാനം സവർണ ക്രിസ്ത്യാനികൾക്കാക്കി. മുമ്പ് 20 ശതമാനം ലത്തീൻ ക്രിസ്ത്യാനികൾക്ക് ലഭിച്ചതു കൂടി അവർക്ക് പ്രായോഗിക തലത്തിൽ ഇല്ലാതാക്കുകയും ചെയ്തു.

അത് സോഷ്യൽ എഞ്ചിനിയറിംഗാണെന്നും അതാണ് സംസ്ഥാന തലത്തിൽ കണ്ണഞ്ചിക്കുന്ന വിജയത്തിനിടയാക്കിയതെന്നും CPIM നേതാക്കളും അണികളും അഹങ്കാരത്തോടെ വിലയിരുത്തുകയും ചെയ്യുകയാണ്.

രാധാകൃഷ്ണൻ ചെറുവല്ലി പറഞ്ഞ വിഷയത്തിൽ ദേശീയ -ജനാധിപത്യ എന്നീ വാക്കുകൾ കേൾക്കുന്ന മാത്രയിൽ ഹാലിളകി തുള്ളുന്നവരാണ് CPIM ഉം മിക്ക CPI ML കാരും.

ഇക്കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിൽ CPI – CPIM പാർട്ടികൾ “മമതാ ഫാസിസത്തിനെതിരെ ” എന്ന ബാനറിൽ ബിജെപിക്കു സഹായകമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനങ്ങളവരെ പാടെ തിരസ്കരിച്ചു.

അപ്പോൾ ആഫ്രിക്കൻ ദേശീയ കോൺഗ്രസിന്റെ റോൾ വല്ലവരുമെടുത്താൽ ‘ദേ ബൂർഷ്വാ ചെകുത്താന്റെ പ്രലോഭനം’ എന്നല്ലാതെ അതിൽ ഇന്ത്യയിലെ ‘സോ കോൾഡ് കമ്യൂണിസ്റ്റ് പാർട്ടികൾ’ ചേരുമോ?

ഇന്നത്തെ അവസ്ഥ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്ന ഏക പോയിന്റിൽ സകല ജനാധിപത്യവാദികളും ഒത്തുകൂടി ഹിന്ദു രാഷ്ട്രവാദികളെ അധികാരത്തിൽ നിന്നു പുറത്താക്കുക എന്ന ലളിതമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നു.

അത് സാധ്യമായാൽ ജാതി വിവേചനവും ലിംഗ വിവേചനവും അവസാനിപ്പിക്കാനുള്ള പോരാട്ടം ഭരണഘടനക്കകത്തുനിന്ന് സജീവമാക്കണം. ആ പോരാട്ടം പിന്നീട് ഭരണഘടനയെ കവിഞ്ഞ് മുന്നോട്ടു പോയാലും കുഴപ്പമില്ല.

ഈ കാതലായ സമസ്യകൾ ചർച്ചയിലേക്ക് കൊണ്ടുവന്ന രണ്ടു സുഹൃത്തുക്കൾക്കും നന്ദി.

പക്ഷേ ചർച്ച തുടങ്ങുന്നതിന് മുമ്പുതന്നെ ‘എന്തു നടന്നാലും നടന്നില്ലെങ്കിലും വേണ്ടില്ല, അധികാര ലബ്ധിക്കായി പിണറായി വിജയൻ ചെയ്യുന്നതെല്ലാം കമ്യണിസമാണ്, അതു വിട്ട് ചർച്ച പാടില്ല’ എന്നൊരു നിബന്ധന വെക്കരുത് എന്നപേക്ഷിക്കുന്നു.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x