പ്രിയ അഹമ്മദ് സാഹിബ് വിട പറഞ്ഞിട്ട് ഇന്നേക്ക് നാലു വർഷം പൂർത്തിയായി. ഇ. അഹമ്മദ് സാഹിബിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം (1938-2017).
2017 ജനുവരി 31ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയുടെ പ്രസംഗം നടക്കുന്നതിനിടെ അഹമ്മദ് സാഹിബ് കുഴഞ്ഞു വീഴുമ്പോള്‍ ഞാനും പ്രസ് ഗാലറിയിലുണ്ടായിരുന്നു.
ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ പിറ്റേന്നു മരണത്തിനു കീഴടങ്ങുമ്പോള്‍ ഉണ്ടായ അതേ വിങ്ങലും ആദരവും നാലു വര്‍ഷത്തിനു ശേഷം ഇന്നും ഹൃദയത്തിലുണ്ട്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച മുസ്ലിം നേതാക്കളിലൊരാളായിരുന്ന അഹമ്മദ് സാഹിബുമായി രണ്ടു ദശകത്തിലേറെ നീണ്ട ആത്മബന്ധം ആണുണ്ടായിരുന്നത്.
വിദേശകാര്യ, മാനവശേഷി, റെയില്‍വേ തുടങ്ങിയ വകുപ്പുകളില്‍ കേന്ദ്ര സഹമന്ത്രിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയുമെല്ലാം കേരളത്തിന് അഭിമാനമായിരുന്നു അദ്ദേഹം.
തൊട്ടതെല്ലാം പൊന്നാക്കിയ നിറമാര്‍ന്ന വ്യക്തിത്വം. മുസ്ലിംകള്‍ക്കിടെയിലെ തികഞ്ഞ മതസ്‌നേഹിയും മതേതരവാദിയുമായിരന്നു അഹമ്മദ്. പുതുതലമുറ നേതാക്കള്‍ കണ്ടുപഠിക്കേണ്ട നേതൃഗുണങ്ങളും ഭരണമികവും മനുഷ്യത്വപരമായ സമീപനങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.
വ്യക്തിപരമായി വളരെ നല്ല സുഹൃത്തും ജേഷ്ഠസഹോദരനും കൂടിയായിരുന്നു അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ വീട് പലപ്പോഴും സ്വന്തമെന്നതു പോലെ ആയിരുന്നു. എത്രയോ തവണ അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചു. ഏതാനും വര്‍ഷം മുമ്പ് എനിക്കു സൗദി അറേബ്യയിലേക്കുള്ള വീസ സൗജന്യമായി തരപ്പെടുത്തി തന്നതും അഹമ്മദിന്റെ പ്രത്യേക താത്പര്യമായിരുന്നു.
ദീപികയില്‍ ഞാന്‍ എഴുതുന്ന ഡല്‍ഹി ഡയറി എന്ന പംക്തി സ്ഥിരമായി വായിച്ചു പ്രോല്‍സാഹനം അറിയിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഒരിക്കല്‍ രാവിലെ 5.30ന് അഹമ്മദ് സാഹിബ് മൊബൈലില്‍ വിളിച്ചു. അന്നത്തെ ദീപികയിലെഴുതിയ ലേഖനത്തില്‍ അഹമ്മദിനെക്കുറിച്ച് ഒരു വാചകം ഉണ്ടായിരുന്നതു കണ്ടെന്നും നന്നായെന്നും പറയാനായിരുന്നു ആ വിളി.
ഞാന്‍ പോലും പത്രം വായിക്കുന്നതിനു മുമ്പേ അഹമ്മദ് സാഹിബ് എങ്ങനെ വായിച്ചുവെന്നായി എന്റെ ചോദ്യം. അമേരിക്കയില്‍ നിന്നു മകന്‍ ദീപിക വായിച്ചിട്ടു വിളിച്ചു പറഞ്ഞുവെന്നായിരുന്നു മറുപടി.
ലോക രാജ്യങ്ങളില്‍ വ്യാപകമായി സഞ്ചരിച്ചിട്ടുള്ള അഹമ്മദിന് സഞ്ചാരപ്രിയനായ എന്നോടു പ്രത്യേകമായൊരു വാത്സല്യം എപ്പോഴുമുണ്ടായിരുന്നു. സ്‌നേഹവും വാത്സല്യവും കരുതലും ഉണ്ടായിരുന്ന മഹാനായ അന്തരിച്ച കെ.എം. മാണി സാറിന്റെ മറ്റൊരു പതിപ്പായിരുന്നു ഇ. അഹമ്മദ് സാഹിബ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS