നിന്റെ ആകാശം എന്റെ ചുഴി

പ്രണയം
അവൾക്കാദ്യം തോന്നാൻ
പാടില്ലാത്ത
സമ്മതം മാത്രം പിന്നാലെ
മൂളേണ്ട പ്രണയം.
കലിപ്പന്റെ കാന്താരിയായി
ചാപ്പകുത്തി നവയുക
അടിമയുടെ ബത്തയും വാങ്ങി
ഉള്ളിലെ കനലിനെ കെടുത്തി
ആസിഡിനെ ഭയന്ന് ഒരുവന് ചുറ്റും
കറങ്ങും ഉപഗ്രഹമായി…….
പരിണയം
ചിന്തക്ക് മീതെ കയറും
താലിയിലൊരു
വഞ്ചനയുടെ വാഗ്ദാനം
ദാനം നൽകി
ഔദാര്യമതികളായി വേലക്ക് വിട്ടിട്ട്
അന്തിക്ക് പാത്രം കഴുകാൻ
പഠിപ്പിച്ചോൻ.
ഇഷ്ടങ്ങളൊക്കെയും വീടിന്റെ
എങ്കിലും നഷ്ടങ്ങളറിയാതെ
‘സന്തുഷ്ട ‘ ചമയുവോൾ.
പണയം
പെണ്ണിന്റെ വില പൊന്നിന്റെ
വിലയെന്ന്
പലിശ കണക്കുകൾ കണക്കുകൂട്ടി.
പണയപ്പെട്ടതവളുടെ പൊന്ന്
മാത്രമാണോ?
വിലതിട്ടപ്പെടുത്താനാകാത്ത
ബിരുദവും, ബോധവും
സമയവും ഉടലും കൂടിയല്ലോ…
പ്രമേഹം
അഭിനവ ഗാന്ധാരി പാവക്ക നീര്
മോന്തി കടമയുടെ സദാചാര
മാതൃകയായി.
മൂടിവെച്ചും ഒറ്റക്ക് നീറ്റിയും
അറിയാതെ പറയാതെ
തിന്നൊരു വേദന,
എന്തെന്നറിയാത്ത ശൂന്യത
അത് ‘തിരഞ്ഞെടുപ്പ് ‘
ആയിരുന്നെന്ന്
ആരോ പണ്ടേ പാകപ്പെടുത്തിയ
‘പെണ്ണിന്നുണ്ടോ ‘
തിരിച്ചറിയാനാകുന്നു
പരിസമാപ്തി
“ചോദ്യം ചോദിച്ചു തുടങ്ങുന്നവൾ
ഉത്തരമായി മാറും . ”
‘പെണ്ണ് ‘ എന്ന ഉത്തരം
നല്ല ‘സർട്ടിഫിക്കറ്റിനായി’
കാണാതെ പഠിക്കുന്ന
പഠിപ്പിക്കുന്ന ഉത്തരം.
നീ പെണ്ണാണ്
നീ നല്ല പെണ്ണാകണം
(ആർക്ക് നല്ലതാകണം? )
അടിമയെന്നറിയുന്നത് അത്
അറിയാത്തതിനേക്കാൾ നല്ലതാണ് .
ചില ബഹളങ്ങളുടെ പ്രതലത്തിൽ
പൊങ്ങുതടിയായി അറിയാതെ
ഒഴുകാതെ തനിയെ കറങ്ങാം
ചുഴികളിൽ… മൗനമായി വന്യമായി.
തനിയെ കറങ്ങാം ചുഴികളിൽ…
നിന്റെ നോട്ടക്കരുതലിന്റെ
ആകാശമാകാതെ
സ്വത്വത്തിന്റെ നിലയുള്ള
ചുഴികൾ ആകാം………
Keep it up.. really good