പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി. ഭരണനേട്ടത്തിന്‍റെ പൊലിമ പറച്ചിലില്‍ നിറഞ്ഞു നില്ക്കുകയാണ് മാധ്യമങ്ങളെല്ലാം. പ്രതിസന്ധി കാലത്തെ ഭരണ നിര്‍വഹണത്തെക്കുറിച്ച് ഗവേഷണങ്ങള്‍ക്ക് പാഠശാലയായി തെരഞ്ഞെടുക്കാവുന്ന വിധത്തില്‍ കേരളത്തെ സജ്ജമാക്കിയെടുത്തു എന്നതാണ് എല്‍ ഡി എഫ് സര്‍ക്കാറിന്‍റെ ഏറ്റവും വലിയ ഭരണനേട്ടമായി കൊട്ടിഘോഷിക്കുന്നത്.
കേരളീയ സമൂഹം ദശാബ്ദങ്ങളിലൂടെ വിവിധ ഭരണനേതൃത്വങ്ങള്‍ക്ക് കീഴില്‍ ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പ്രബുദ്ധത നിലനില്ക്കെ ഏതൊരു ഭരണകൂടത്തിനും ചെയ്യാവുന്നത് ചെയ്തു എന്നതിലപ്പുറം ഇക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പ്രത്യേകമായി എന്തു ചെയ്തു എന്നത് ആലോചനാവിഷയമാണ്. അത് ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശ്യമില്ല.
ഭരണനേട്ടം അവകാശപ്പെടുന്നതോടൊപ്പം കഴിഞ്ഞ യു ഡി എഫ് ഭരണം ഒന്നും ചെയ്തില്ലെന്ന് വിമര്‍ശനവിധേയമാക്കാനും ഈ അവസരത്തില്‍ എല്‍ ഡി എഫ് ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ കേരളത്തിലെ ഇന്നത്തെ മഹാമാരി കാലത്ത് ഏറെ തുണയായി വര്‍ത്തിച്ച എല്ലാ മെഡിക്കല്‍കോളെജ്, മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികളെല്ലാം തുടങ്ങിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാറായിരുന്നു എന്നത് നമുക്ക് വിസ്മരിക്കാവതല്ല തന്നെ.
പ്രതിപക്ഷം ‘പ്രതികളോ’ ?
യു ഡി എഫിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത വിധം ബാറും സോളാറും തുടങ്ങി കേട്ടാലറക്കുന്നതും കാണാന്‍ കൊള്ളാത്തതുമായ സമരാഭാസങ്ങളായിരുന്നു പ്രതിപക്ഷമെന്ന നിലയ്ക്ക് എല്‍ ഡി എഫ് ചെയ്തുകൊണ്ടിരുന്നത്. ബാര്‍ സമരത്തിന്‍റെ പ്രതിസ്ഥാനത്തിരുന്നയാളെ പിന്നീട് ആരാധ്യ സ്ഥാനത്ത് കൊണ്ടുവരാന്‍ എല്‍ ഡി എഫ് നടത്തിയ ശ്രമം എന്തുമാത്രം വിചിത്രമായിരുന്നു എന്നുകൂടി പറയാതിരിക്കാനാവില്ല.
പ്രതിസന്ധികാലത്ത് സര്‍ക്കാറുമായി പരമാവധിയും അതിലേറെയുമായി സഹകരിച്ചുപോരുന്ന ഒരു പ്രതിപക്ഷമാണ് ഇന്ന് എല്‍ ഡി എഫ് സര്‍ക്കാറിന് അഭിമുഖീകരിക്കാനുള്ളത് എന്നതും എടുത്തുപറയേണ്ടതാണ്. ഭരണത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും എന്തുതന്നെയുമാകട്ടെ പിണറായി സര്‍ക്കാറില്‍ ആഭ്യന്തരവകുപ്പ് എല്‍ ഡി എഫിന്‍റെ നിയന്ത്രണത്തിലായിരുന്നില്ല എന്നത് അവിതര്‍ക്കിതമത്രെ.
സംഘി പോലീസായ കേരള പോലീസ്
നരേന്ദ്രമോദിയുടെ ഇഷ്ടതോഴന്‍ ലോകനാഥ് ബഹ്റയെ സംസ്ഥാന പോലീസ് മേധാവിയായി നിശ്ചയിച്ചപ്പോള്‍ തന്നെ തലക്ക് വെളിവുള്ളവരെല്ലാം ആശങ്കപ്പെട്ടത് യാഥാര്‍ഥ്യമായിരിക്കുന്നു. രമണ്‍ ശ്രീവാസ്തവയെ ഉപദേഷ്ടാവായി പ്രതിഷ്ഠിക്കപ്പെട്ടതിലൂടെ ചിത്രം പൂര്‍ണമായിരിക്കുന്നു. ഹാദിയ കേസ് മുതല്‍ പാല വരെയുള്ള കേസുകളില്‍ പോലീസിന്‍റെ നടപടികള്‍ പരിശോധിച്ചാല്‍ ആ കാര്യം വ്യക്തമാവും. ആഭ്യന്തരവകുപ്പിന്‍റെ കസേര ഒഴിച്ചിട്ടത് കേന്ദ്രത്തിലുള്ളവര്‍ക്കുവേണ്ടിയായിരുന്നു എന്നതത്രെ അത്.
ഹാദിയ എന്ന പെണ്‍കുട്ടിയെ ഇസ്ലാമാശ്ലേഷണത്തിന്‍റെ പേരില്‍ എത്ര ക്രൂരവും ഭീകരവുമായാണ് കേരള പോലീസ് കൈകാര്യം ചെയ്തതെന്ന് ആര്‍ക്കും മറക്കാവതല്ല. ഉത്തരേന്ത്യയില്‍ സംഘി പോലീസ് എന്താണോ ചെയ്യുന്നത് അതിന്‍റെ തനിയാവര്‍ത്തനം. പ്രബുദ്ധ കേരളം അതിശക്തമായി പ്രതിഷേധിച്ചിട്ടും ഹാദിയക്ക് നീതി ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഒരു ചെറുവിരലനക്കുക പോലുമുണ്ടായില്ല.
പോലീസിനെ പൂര്‍ണമായും തില്ലങ്കേരിക്ക് തീറെഴുതിക്കൊടുത്ത് മതേതരത്വത്തിന്‍റെ മേലങ്കിയണിഞ്ഞ് ന്യൂനപക്ഷ രക്ഷകരെന്ന് അധരവ്യായാമം നടത്തുകയായിരുന്നു എല്‍ ഡി എഫ് നേതൃത്വം. സംസ്ഥാന വനിതാ കമ്മീഷന്‍ പോലീസിന്‍റെ ക്രൂരതകള്‍ക്ക് കൂട്ടുനില്ക്കുക കൂടി ചെയ്തപ്പോള്‍ കേരളം ഭരിക്കുന്നത് എന്‍ ഡി എയോ എല്‍ ഡി എഫോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുകപോലുമുണ്ടായി.
ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചറും ദൂരദര്‍ശന്‍ അവതാരികയുമെല്ലാം വര്‍ഗീയതയുടെ വിഷം വമിക്കുന്ന പ്രസ്താവങ്ങളുമായി നാടുചുറ്റിയിട്ടും പോലീസ് കയ്യും കെട്ടി നോക്കിനിന്നു. ദുരദര്‍ശന്‍ അവതാരികയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ പരാതിക്കാരനെ നിരന്തരം വേട്ടയാടുകയാണ് പോലീസ് ചെയ്തത്. അപ്പോഴും ‘പിണറായി ഡാ’യെന്ന് പറഞ്ഞ് ആഘോഷിക്കുകയായിരുന്നു ഇടതുപക്ഷം.
അട്ടിമറിക്കപ്പെട്ട കേസുകൾ !
സിറാജ് ലേഖകന്‍ ബശീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാടൊന്നടങ്കം ശക്തമായി പ്രതിഷേധിച്ചപ്പോഴും പ്രതിയെ വാദിയാക്കുമാറ് കേസ് പരസ്യമായി അട്ടിമറിക്കുകയായിരുന്നു കേരള പോലീസ്. ബശീറിന്‍റെ ഭാര്യക്ക് ജോലി കൊടുത്ത് പിറ്റെ ദിവസം കൊലപാതകിയെ ഉന്നതിയില്‍ പ്രതിഷ്ഠിക്കുക കൂടി ചെയ്തത് പോലീസിന്‍റെ കള്ളക്കളിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു.
വാളയാറിലെ എട്ടും ഒമ്പതും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ രക്ഷിച്ചെടുക്കാന്‍ നേതൃത്വം നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ കാലടിയിലെ സിനിമാസെറ്റ് പൊളിച്ച കേസന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയതിലൂടെ ആഭ്യന്തരവകുപ്പിന്‍റെ തികഞ്ഞ അറിവോടെ തന്നെയാണ് പോലീസിന്‍റെ സംഘപരിവാര്‍ അനുകൂല നടപടികളെന്ന് ബോധ്യപ്പെടുകയാണ്. സിനിമാ സൈറ്റ് തകര്‍ക്കല്‍ കേസില്‍ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റവും ഭവനഭേദന കുറ്റവും ചാര്‍ത്തിയത് നിസ്സാരമായി കാണാവതല്ല.
പൗരത്വ പ്രക്ഷോഭത്തിന്‍റെ നായകസ്ഥാനത്ത് അവരോധിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോലീസ് തന്നെ സംസ്ഥാനത്തും പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ അകാരണമായി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഒട്ടേറെ അനുഭവങ്ങളുണ്ടായി.
കൊടുങ്ങല്ലൂരിലെ ബി ജെ പി നേതാവ് കള്ളനോട്ടടിച്ച് വിതരണം ചെയ്തതിന് പിടിക്കപ്പെടുകയും എന്നാല്‍ എത്രയും പെട്ടെന്ന് മോചനം കിട്ടും വിധം കേസ് അട്ടിമറിച്ചതും പിണറായിയുടെ പോലിസായിരുന്നുവല്ലോ. അതേ ബി ജെ പി നേതാവ് വീണ്ടുമൊരിക്കല്‍ കൂടി കള്ളനോട്ട് കേസില്‍ പിടിക്കപ്പെട്ടിട്ടും കാര്യമായ വകുപ്പുകളൊന്നും ചാര്‍ത്താതെ കേസ് തേച്ചുമായ്ച്ചു കളയാന്‍ സൗകര്യം ചെയ്തുകൊടുത്തും ആരാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
അലനും ത്വാഹയും; സംഘപരിവാർ അജണ്ടയിൽ മുട്ടുമടക്കിയ സി.പി.എം
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് പിണറായി പോലീസിന്‍റെ സംഘ്പരിവാര്‍ പ്രതിബദ്ധതയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. ശുദ്ധ ഇടതുപക്ഷക്കാരായ രണ്ട് ചെറുപ്പക്കാര്‍ മുസ്ലിം നാമധാരികളായിപ്പോയെന്ന ഒറ്റക്കാരണത്താല്‍ യു എ പി എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടി വരുന്നുവെന്നത് മതേതര കേരളത്തിലാണെന്നത് ആശങ്കപ്പെടുത്തുന്നു. ജയിലിലടക്കപ്പെടേണ്ടതായ ക്രിമിനല്‍ കുറ്റമൊന്നും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അലനും ത്വാഹയും ജയിലഴികളില്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന ദുരവസ്ഥ.
പാര്‍ട്ടിക്കും പൊതുജനത്തിനും ബോധ്യമായിരുന്നു ആരോപിക്കപ്പെട്ട കുറ്റം അലനും ത്വാഹയും ചെയ്തിട്ടില്ലെന്നത്. ആദ്യഘട്ടത്തില്‍ പാര്‍ട്ട് അത് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് തങ്ങളുടെ നടപടിക്ക് ന്യായീകരണം കണ്ടെത്താന്‍ തപ്പിയെടുത്ത കാരണങ്ങള്‍ കൊണ്ട് അലനെയും ത്വാഹയെയും കുറ്റവാളികളായി ജയിലിലടക്കുകയായിരുന്നു പിന്നീട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചെയ്തത്. അഥവാ പോലീസിന്‍റെ സംഘ്പരിവാര്‍ അജണ്ടയ്ക്ക് പാര്‍ട്ടി താല്പര്യത്തെ മറികടന്ന് തന്നെ പിണറായി സര്‍ക്കാര്‍ പിന്തുണ നല്‍കി.
ഒരു കാര്യമോര്‍ക്കുക പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ രാജ്യത്തുതന്നെ ഏറെ യു എ പി എ കേസുകള്‍ ചുമത്തപ്പെട്ട സംസ്ഥാനമാണ് കേരളം. അതെല്ലാം തന്നെ ഒരു പ്രത്യേക സമുദായത്തിലെ വ്യക്തികളുടെ പേരിലും. അതായത് യു എ പി എ എന്ന കരിനിയമം മുസ്ലിംകള്‍ക്കെതിരെ ചാര്‍ത്താനുള്ളതാണെന്ന സംഘ്പരിവാര്‍ ബോധം അക്ഷരംപ്രതി പിണറായി പോലീസ് നടപ്പിലാക്കിയിരിക്കുന്നു.
പാലത്തായിലെ ഇരട്ടനീതി
കണ്ണൂര്‍ ജില്ലയിലെ പാലത്തായി, ആരോഗ്യമന്ത്രി ടീച്ചറമ്മയുടെ സ്വന്തം മണ്ഡലമാണ്. സംസ്ഥാനം ഭരിക്കുന്ന പിണറായി സഖാവിന്‍റെ ജില്ലയിലെ പ്രദേശം കൂടിയാണിത്. കൂടെ, പാര്‍ട്ടി സെക്രട്ടറിയുടെയും ജില്ല. അവിടെ ഒരു അനാഥ പെണ്‍കുട്ടി പപ്പനെന്ന ബി ജെ പി നേതാവിന്‍റെ ക്രൂരമായ പീഡനത്തിനിരയായിട്ട് ഒരുമാസം പിന്നിടേണ്ടി വന്നു പ്രതിയെ പിടികൂടാന്‍. അതും സംസ്ഥാനമൊന്നടങ്കം ഇളകിയപ്പോള്‍. പ്രതിയെ പിടിച്ചു സുരക്ഷിതമാക്കിയെന്നതൊഴിച്ചാല്‍ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ പിണറായി സര്‍ക്കാറിന് നട്ടെല്ല് നിവരുന്നില്ല.
പപ്പന്‍ മാത്രമല്ല മറ്റൊരു പരിവാറുകാരനും കുട്ടിയെ പീഡിപ്പിച്ചിട്ടെണ്ടെന്നത് മാലോകര്‍ക്കൊക്കെ ബോധ്യപ്പെട്ടിട്ടും പിണറായി പോലീസ് അനങ്ങിയില്ല. പ്രതിയെ ഒരു മാസം സംരക്ഷിച്ച യുവമോര്‍ച്ച നേതാവിനെ ഒന്നു ചോദ്യം ചെയ്യാന്‍ കേരള പോലീസില്‍ ആരുമില്ലാതായി. പാലത്തായിലെ പെണ്‍കുട്ടിയുടെ നിലവിളി സംസ്ഥാനത്തുടനീളം പ്രകമ്പനംകൊള്ളിച്ചിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ ഇന്നേവരെ സംഭവംപോലെ അറിഞ്ഞിട്ടില്ല.
ഉത്ര കൊലക്കേസില്‍ മണിക്കൂറുകള്‍ക്കം സ്വയം കേസെടുത്ത വനിതാ കമ്മീഷന്‍ പാലത്തായിക്ക് ഇതുവരെ കണ്ണയച്ചിട്ടുപോലുമില്ലന്നതും ചേര്‍ത്തു വായിക്കുക. പാലത്തായി പെണ്‍കുട്ടിക്കും അവരെ പിന്തുണച്ചവര്‍ക്കും ഇനി ഷൊര്‍ണൂറിലെ പി കെ ശശി പറഞ്ഞത് സംഭവിക്കുമോ ആവോ.
ഒരു കാര്യം വ്യക്തം, മോദി ഭക്തിയില്‍ തന്‍റെ എല്ലാ മതേതര പ്രതിബദ്ധതയും പിണറായി മറക്കും. ലോക്നാഥ് ബഹ്റയെ മോദി സമ്മാനിച്ചതാണെന്ന ആരോപണം നാല് വര്‍ഷം പിന്നിടുമ്പോള്‍ പിണറായി സര്‍ക്കാറിന് നിഷേധിക്കാന്‍ കഴിയാത്ത വസ്തുത തന്നെയായി അവശേഷിക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS