Art & Literature

ബിച്ചു തിരുമല; ഭാഷയിലും ശൈലിയിലും ട്രെൻഡുകൾ തീർത്ത ഗാനരചയിതാവ്

അനു പാപ്പച്ചൻ

“ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ ” എന്ന പാട്ടു കേൾക്കുമ്പോൾ ഉള്ള ഓമനത്തം പോലെ, ഏറെ സ്നേഹം തോന്നും പേരാണ് ബിച്ചു.

ബി.ശിവശങ്കരൻ നായർ എന്ന ബോറൻ പേരിനേക്കാൾ എന്തു രസമുള്ള പേരാണ് ബിച്ചു തിരുമല !.

ആ ചെല്ലപ്പേരു പോലെ തന്നെ എന്നും യൗവനയുക്തവും ഊർജസ്വലവുമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകൾ.

ട്യൂണിനനുസരിച്ച് കഴിവതും വ്യത്യസ്തമായ പാട്ട് എഴുതുന്നതിലുള്ള അദ്ദേഹത്തിന്റെ അപൂർവ മിടുക്ക് ചലച്ചിത്ര ലോകം ഭംഗിയായി ഉപയോഗപ്പെടുത്തി.

കാലഘട്ടത്തിനനുസരിച്ച ഭാവുകത്വമാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഗാന രചയിതാവ് ഇൻഡസ്ട്രിക്കേറെ അവശ്യം തന്നെ. ‘യോദ്ധ’യിലെ “പടകാളി ശങ്കരി” ഒരിക്കലെങ്കിലും പാടാത്തവരുണ്ടോ?

ഭാഷയിലും ശൈലിയിലും അദ്ദേഹം ഉണ്ടാക്കിയ നിരവധി ട്രെൻഡുകൾ “ഗാനങ്ങൾ ബിച്ചു തിരുമല ” എന്ന ട്രേഡ് മാർക്കായി അടയാളപ്പെട്ടുകിടക്കുന്നു.

ആയിരത്തോളം പാട്ടുകളുടെ ശേഖരത്തിൽ നിന്ന് അനിതരസാധാരണമായ ഒട്ടേറെ വാക് പ്രയോഗങ്ങൾ കണ്ടെടുക്കാനാവും. പല തരം വാക്കുകൂട്ടങ്ങളുടെ രസകരമായ ചേർച്ച പല ഗാനങ്ങളിലും പുതുമയോടെ നില്ക്കുന്നുണ്ട്.

“മൈനാകം കടലില്‍ നിന്നുയരുന്നുവോ’ എന്ന് കേട്ടിട്ടാണ് തീരെ കുട്ടിക്കാലത്ത് മൈനാകം എന്നാലെന്തെന്ന് അന്വേഷിച്ചു പോയത്..

” പ്രണയസരോവര തീരം, …
“തേനും വയമ്പും’
“ശ്രുതിയിൽ നിന്നുയരും “
“തുഷാര ബിന്ദുക്കളേ… “
‘ഒറ്റക്കമ്പിനാദം’,
‘ഏഴു സ്വരങ്ങളും’,
‘ആയിരം കണ്ണുമായ്’
മകളേ പാതി മലരേ…
എന്നീ പാട്ടുകൾ ഇഷ്ടമില്ലാത്ത ആരുണ്ട്!! .

ഗാനമേളകളിൽ മാത്രമല്ല, ബസിലും കുളിമുറിയിലും, കൂട്ടു സദസിലും, അന്താക്ഷരിയിലും തിരുമലയുടെ പാട്ടു കഷണങ്ങൾ മലയാളിയുടെ നാവിൻതുമ്പത്ത് ഓടിക്കയറി വരുന്ന ജനകീയതയുണ്ട്.

സുന്ദരി… സുന്ദരി ഒന്നൊരുങ്ങി വാ…. എന്നു പാടാത്ത കുട്ടിക്കാലമില്ല!
നിറ’ത്തിലെ ‘പ്രായം നമ്മില്‍ മോഹം നല്‍കി‘ ടീനേജ് ഹരമായിരുന്നു.

വിയറ്റ്‌നാം കോളനി’യിലെ “താംതകതോം തതോം തതോം തകധിമി താംതകതോം തതോ തതോം ” എന്നു തുടങ്ങിയാൽ പിന്നെ
“പാട്ടും കൂത്തും നാടിനാഘോഷം
മനസ്സുകളേകതാളം തട്ടിപ്പാടും
നമ്മളൊന്നാണേ
ഊരുവലം വരും വരും
പടയുടെ പോരുബലം തരും തരും
ജനമതു തേടിവരും നേടിവരും
ജയജയഭേരികളും കാഹളവും ….
എന്നു നീണ്ടുപോകുന്ന വരികളിലെ ചടുലത പാട്ടുകാരല്ലാത്തവരും പാടിയാഘോഷിക്കാറുണ്ട്.

രാപ്പാടി പക്ഷിക്കൂട്ടം” അതുപോലൊരു ഹിറ്റ് പാട്ടാണ്.
മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ
താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവി
ഇണയെവിടെ തുണയെവിടെ
ഇണയെവിടെ തുണയെവിടെ സിന്ദൂരക്കുരുവീ
” – വാക്കിന്റെ പ്രാസച്ചേർച്ച ഈണത്തിൽ ഭദ്രം.

ബിച്ചു തിരുമല -ശ്യാം കൂട്ടുകെട്ട് മലയാള ഗാന ശാഖക്ക് നല്കിയ ജനപ്രിയത ചെറുതല്ല.

ഒരു മധുരക്കിനാവിൻ ലഹരിയിൽ.”…
കണ്ണും കണ്ണും… തുടങ്ങി നിരവധി ഉദാഹരണങ്ങൾ..

“മലയാളമേ മലയാളമേ
മലകളും പുഴകളും മണിപ്രവാളങ്ങളും
മനസ്സിനെ രസിപ്പിക്കും മലയാളമേ “
പാട്ടു പരിപാടി വേദികളിൽ അനിവാര്യപ്പാട്ടായിരുന്നു.

എ.ടി ഉമ്മർ-ബിച്ചു – ജാനകിയമ്മ കൂട്ടുകെട്ടിലെ

“രാകേന്ദു കിരണങ്ങൾ ഒളി വീശിയില്ല
രജനീ കദംബങ്ങൾ മിഴി ചിമ്മിയില്ല
മദനോത്സവങ്ങൾക്കു നിറമാല ചാർത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും
അവളുടെ രാവുകൾ”
സിനിമയുടെ തന്നെ എക്കാലത്തെയും അടയാളപ്പെടുത്തലായ പാട്ടാണ്.

ഏറെ ഇഷ്ടത്തോടെ എപ്പഴും എല്ലാരും കേൾക്കുന്ന ചില പാട്ടുകൾ ബിച്ചു തിരുമലയുടേതായുണ്ട്. ഈണത്തിലും രാഗത്തിലും, ലയത്തിലും വാക്കുകൾ അലിഞ്ഞു പോയ പോലെ ചേർന്നിരിക്കുന്ന പാട്ടുകൾ..

പൂങ്കാറ്റിനോടും കിളികളോടും… ഒളിക്കുന്നുവോ…
വാകപ്പൂമരം…
പഴം തമിഴ് പാട്ടിഴയും…
മിഴിയറിയാതെ വന്നു…

എഴുതിയാൽ നിറയും !

ഇനി നർമ്മ സന്ദർഭപ്പാട്ടുകളുടെ കാറ്റഗറിയാണെങ്കിൽ വേറെ…

റാംജിറാവുവിലെ “അവനവൻ കുരുക്കുന്ന കുഴികളിൽ
കളിക്കളം… ഇതു കളിക്കളം..
ഗോഡ്ഫാദറിലെ ” ….ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മയ്ക്കും കാവല്‍പ്പട്ടാളം

തൊണ്ണൂറുകളിലെ ഹാസ്യതരംഗത്തിന് ശക്തമായ പിന്തുണ നല്കി അദ്ദേഹത്തിന്റെ ഗാനങ്ങൾ..കുസൃതിപ്പാട്ടുകൾ, കുട്ടിപ്പാട്ടുകൾ ഏറെയുണ്ട്.

“ഉണ്ണികളേ ഒരു കഥ പറയാം” ഔസേപ്പച്ചന്റെ ഈണത്തിനിണങ്ങിയ ഹിറ്റ് പാട്ടായി.
“ആരാരോ ആരീരാരോ
അച്ചന്റെ മോളാരാരോ
അമ്മയ്ക്കുനീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ
” ഇമ്പമുള്ള വാത്സല്യപ്പാട്ടാണ്. “ആളൊരുങ്ങി അരങ്ങൊരുങ്ങി ” എന്ന “എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ‘ലെ ജെറി അമല്‍ദേവ് ഈണമിട്ട പാട്ടും ഊർജമുള്ളത്.

കാവ്യഭാവനകളുടെ ഗാംഭിര്യവും ലാളിത്യവും ഒരു പോലെ വഴങ്ങിയ പേന.. മന്ദ്ര സ്ഥായിയിൽ നിന്ന് ഉച്ചസ്ഥായി വരെ… പല തരം വെറൈറ്റികൾ, ഗായകർക്കും സംഗീത സംവിധായകർക്കും ഏത് എക്സ്ട്രിമിറ്റികളുടെ തലം വരെയും പോകാനുള്ള എല്ലാത്തരം പരീക്ഷണങ്ങൾക്കും അദ്ദേഹത്തിന്റെ വരികൾ സാധ്യത നല്കി…

പാട്ടിൻ്റെ സാധ്യതകൾ സിനിമ വാണിജ്യത്തിനായി മാത്രം ഉപയോഗിച്ചു തുടങ്ങിയപ്പോഴും യുവതയുടെ ലാഘവത്തവും പളപളപ്പും ഉത്സാഹവും നിറഞ്ഞ, ജീവിതത്തെ അടയാളപ്പെടുത്താൻ അർത്ഥമില്ലാത്ത വാക്കുകൾ -ശബ്ദങ്ങൾ കൊണ്ടു പോലും അർത്ഥവും താളവുമുണ്ടാക്കിയ ഒരു രചയിതാവ്..

നിലവാരമില്ലാത്ത സിനിമകൾക്ക് ഒട്ടേറെ പാട്ടുകൾ എഴുതേണ്ടി വരുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന നിലവാരമില്ലായ്മ വിമർശനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾക്കു മുന്നിൽ അവ തുലോം തുച്ഛം..

ആ വഴക്കം
പുതുമ അനന്യം
നമിക്കുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x