EnvironmentViews

കണ്ടൽ പൊക്കുടൻ എന്ന കല്ലേൻ പൊക്കുടൻ; കണ്ടൽക്കാടുകൾക്ക് വേണ്ടി പോരാടിയ പച്ചയായ മനുഷ്യൻ

ജൂൺ 5 ലോക പരിസ്ഥിതി ദിനം, ഒരു കീഴ് വഴക്കമെന്ന നിലക്ക് എല്ലാ വർഷവും ആഘോഷിക്കുക എന്നതിന് അപ്പുറത്തേക്ക് ക്രിയാത്മകമായ പദ്ധതികളോ മറ്റോ ഒന്നും ഇല്ലാ‍തെ കേവലം ചില ചെടിതൈകളിൽ അവസാനിക്കാറാണ് ഉള്ളത്.

എന്നാൽ തന്റെ ജീവിതം തന്നെ പ്രകൃതിയുടെ ശ്വാസകോശങ്ങളായ കണ്ടൽക്കാടുകൾക്ക് വേണ്ടി നീക്കി വെച്ച കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടനെ ഓർക്കാതെ ഈ ഒരു ദിവസം കടന്ന് പോവുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാവും.

യുനെസ്കോയുടെ പാരിസ്ഥിതിക പ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ. അഴിമുഖങ്ങളിലും, ചതുപ്പുകളിലും, കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും, കുറ്റിച്ചെടികളും, വള്ളിച്ചെടികളും അടങ്ങുന്ന സങ്കീർണമായ ആവാസ വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് കണ്ടൽക്കാടുകൾ.

ആദ്യകാലങ്ങൾ

1937 -ൽ കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ, അരിങ്ങളേയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൻ വെള്ളച്ചിയുടേയും മൂന്നാമത്തെ മകനായി ജനിച്ചു. ജനന സമയത്ത് പൊക്കിൾ കൊടി വീർത്തിരുന്നതാണ്‌ ഈ പേരിനു കാരണം എന്ന് പൊക്കുടൻ തന്നെ വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് സാധാരണ പേരുകൾ പുലയർക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു.

അന്നത്തെ സമൂഹത്തിൽ തീർത്തും അവഗണിക്കപ്പെട്ടിരുന്ന പുലയ സമുദായത്തിൽ ജനിച്ചതിനാലും വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാലും രണ്ടാം ക്ലാസ്സുവരെ മാത്രമേ പഠിക്കാനായുള്ളൂ. ഏഴോം മൂലയിലെ ഹരിജൻ വെൽഫേർ സ്കൂളിൽ നിന്നും രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയിത്തുടങ്ങി.

അദ്ദേഹത്തിന്റെ അച്ഛൻ മമ്മത് എന്ന ജന്മിയുടെ പണിക്കാരനായിരുന്നു. ചപ്പൻ എന്നാണ്‌ അച്ഛനെ വിളിച്ചിരുന്നത്. മമ്മത് മുതലാളിയുടെ പാടത്തെ ഒറ്റമുറിയുള്ള ചാളയിലായിരുന്നു പൊക്കുടനും കുടുംബവും താമസിച്ചിരുന്നത്. മഴക്കാലത്ത് വെള്ളം ചോരുന്നതും വെള്ളപ്പൊക്കമുണ്ടായാൽ വെള്ളം കേറുന്നതുമായതായിരുന്നു ആ വീട്. അടിമപ്പണിക്കാരായിരുന്ന പുലയർക്ക് മറ്റു അവകാശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

ചെറുപ്പത്തിൽ തന്നെ പൊക്കുടൻ മമ്മത് മുതലാളിയുടെ വാല്യക്കാരനായി. വളർന്നതോടെ മുതിർന്ന അടിമക്കു ലഭിക്കുന്ന ശമ്പളത്തോടെ ജോലിയിൽ ഏർപ്പെട്ടു. അടിമപ്പണിക്കാരനായത് കൊണ്ട് അവർക്ക് പ്രത്യേകമായ ആഗ്രഹങ്ങളോ അവകാശങ്ങളോ ഉണ്ടാകാൻ പാടില്ലായിരുന്നു. കൃഷിപ്പണിക്കു കരാർ ഉറപ്പിക്കൽ ആയിരുന്നു പതിവ്. ആനയും വല്ലിയും എന്നാണ് ഇതിനെ പറയുക.

ഒരു വർഷത്തേക്കായിരുന്നു കരാർ. പുരകെട്ടി മേയലും കരാറിൽ ഉൾപ്പെടുന്നു. പത്തു പന്ത്രണ്ടു വയസാകുമ്പോൾ തന്നെ ഈ അടിമപ്പണിയുടെ കരാർ ഉറപ്പിക്കും. പൊക്കുടന് ആദ്യകാലങ്ങളിൽ ഇരുനാഴി നെല്ലാണ് കൂലിയായി കിട്ടിയിരുന്നത്. കല്യാണം കഴിയുന്നത്‌ വരെ എല്ലാവർക്കും ഇത് തന്നെയായിരിക്കും കൂലി. കല്യാണപ്പിറ്റെന്ന് മുതൽ രണ്ടു സേർ നെല്ല് കിട്ടും. കല്യാണം കഴിച്ചാൽ മാത്രമേ ഇത് കിട്ടു. കല്യാണത്തോടു കൂടി വാല്യക്കാരന്റെ ശമ്പളം പൂർത്തിയായി.

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.എ.(എം.) ന്റെ പ്രവർത്തകനായി. കർഷക സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കേണ്ടി വന്നു. കൃഷിക്കാർക്ക് വേണ്ടി എ.കെ. ഗോപാലൻ ഡൽഹിയിൽ ജയിൽ നിറക്കൽ സമരം നടത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ 15 ദിവസം കിടന്നു.

1968-69-ലെ ഏഴോം കർഷകത്തൊഴിലാളി സമരം സംഘർഷാവസ്ഥയിലെത്തിയപ്പോൾ ജന്മിമാരുടെ ഒരു വാടക ഗുണ്ട മരിച്ച സംഭവത്തിൽ പ്രതിയായി റിമാന്റിലും പിന്നീട് ഒളിവിലും കഴിയേണ്ടിവന്നു. പിന്നീട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. ചിറക്കൽ പുലയാ മിഷൻ വരുന്നതോടെ പുലയർക്കിടയിൽ ക്രിസ്തുമതത്തിനു സ്വാധീനമുണ്ടായി.

അവർ ഒന്നടങ്കം ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഒരു മതത്തിന്റെ പേരിലുള്ള നുകം മറ്റൊരു മതത്തിന്റെ പേരിൽ വച്ചുകെട്ടിയാൽ പ്രശ്നങ്ങൾ തീരില്ല, എന്നു പറഞ്ഞ് പൊക്കുടൻ ക്രിസ്തുമതം സ്വീകരിക്കാൻ തയ്യാറായില്ല.

കണ്ടൽകാടുമായുള്ള ബന്ധത്തിന്റെ തുടക്കം

സ്കൂളിലേക്ക് പോകുന്ന കുട്ടികൾ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ്‌ പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.

അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്. 1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. കത്തുന്ന വെയിലിൽ അലഞ്ഞു നടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും.

മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടി വന്നു.

കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും പൊക്കുടൻ രംഗത്തിറങ്ങി. പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമ്മിക്കാനൊരുങ്ങിയപ്പോൾ അതിനെയും എതിർത്തു.

സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്. കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ ചെടികൾ വെട്ടി നശിപ്പിക്കുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.

യൂഗോസ്ലാവ്യ, ജർമ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.

കല്ലേൻ പോക്കൂടന്റെ നിർദ്ദേശ പ്രകാരം കേന്ദ്ര വനം വകുപ്പ് പഠനം നടത്തുകയും നിരങ്ങിന്റെ മാട് എന്ന പ്രദേശം കേന്ദ്ര റിസർവ് കണ്ടൽ പാർക്ക് ആക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിരുന്നു.

പൊക്കുടന്റെ ആത്‌മകഥയായ ‘കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭാഗം ഒഴിവാക്കാൻ പിന്നീടു കരിക്കുലം സബ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കണ്ടൽക്കാടുകളെക്കുറിച്ചു കണ്ണൂരിലും തലശേരിയിലും ഉള്ളവർക്കു മാത്രമേ മനസ്സിലാകു എന്നതായിരുന്നു കമ്മിറ്റി കണ്ടെത്തിയ കാരണം.

കണ്ടൽ സ്കൂൾ പദ്ധതി

കണ്ടലുകളെക്കുറിച്ചു പഠിക്കാൻ സ്കൂളെന്ന സ്വപ്നം ബാക്കിവച്ചാണു കല്ലേൻ പൊക്കുടൻ അന്തരിച്ചത്. നൂറുകണക്കിന് സർക്കാർ-സർക്കാരിതര പരിസ്ഥിതി സംഘടനകൾ സംസ്ഥാനത്തും രാജ്യത്തും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവരാരും ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കണ്ടൽ പഠന ഗവേഷണ സ്‌കൂൾ ആരംഭിക്കാൻ പൊക്കുടൻ തീരുമാനിച്ചത്. 

സ്വന്തം പേരിലുള്ള ഭൂമിയിൽ നിന്നു രണ്ടര സെന്റ് പൊക്കുടൻ സ്കൂളിനായി നൽകി. പഴയങ്ങാടിക്കടുത്ത മുട്ടുകണ്ടിയിലുള്ള പൊക്കുടന്റെ വീട്ടുമുറ്റത്തു പണി പൂർത്തിയാവാത്തൊരു കെട്ടിടമുണ്ട്. കുടുംബാംഗങ്ങളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിനെ നടത്തിപ്പു ചുമതലയും ഏൽപ്പിച്ചു. പൊക്കുടന്റെ പഴയ വീടിരുന്ന തറയിലാണ് വരാന്തയും രണ്ടുമുറികളുമുള്ള സ്കൂൾ കെട്ടിടം പണി തുടങ്ങിയത്.

എന്തിന് കണ്ടൽക്കാടുകൾ സംരക്ഷിക്കണം ?

പ്രകൃതിയുടെ ശ്വാസകോശങ്ങളാണ് കണ്ടൽക്കാടുകൾ. (Mangrove Forest) അഴിമുഖങ്ങളിലും, ചതുപ്പുകളിലും, കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും, കുറ്റിച്ചെടികളും, വള്ളിച്ചെടികളും അടങ്ങുന്ന സങ്കീർണമായ ആവാസ വ്യവസ്ഥയാണത്. ഉഷ്ണമേഖലാ കാടുകൾ ആഗിരണം ചെയ്യുന്നതിന്റെ 50 ഇരട്ടി കാർബണാണ് കണ്ടൽക്കാടുകൾ ആഗിരണം ചെയ്യുന്നത്…

വേലിയേറ്റ സമയത്ത് ജലാവൃതമായും, വേലിയിറക്ക സമയത്ത് അനാവൃതമായും കാണുന്ന കണ്ടൽക്കാടുകൾ 124 രാജ്യങ്ങളിലായി 2 കോടി ഹെക്ടർ പ്രദേശത്ത് വ്യാപരിച്ച് കിടക്കുന്നതിൽ 6740 ച: കി: മീറ്ററും ലോകത്തെ ഏറ്റവും വലിയ കണ്ടൽക്കാടുകളുള്ള ഇന്ത്യയിലാണ്.

കേരളത്തിലെ കണ്ടൽക്കാടുകളിൽ 40% ത്തിലേറെയും കണ്ണൂർ ജില്ലയിലാണ്. ഇന്ത്യയിലെ 59 ജാതി കണ്ടൽച്ചെടികളിൽ 17 ഓളം കേരളത്തിലാണെന്നത് അഭിമാനമേകുന്നു വിവരമാണ്.

കടകണ്ടൽ, നല്ലകണ്ടൽ, പൂക്കണ്ടൽ, കുറ്റിക്കണ്ടൽ, വള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, എഴുത്താണിക്കണ്ടൽ, ചെറിയ ഉപ്പട്ടി, വലിയ ഉപ്പട്ടി, പീക്കണ്ടൽ/ പ്രാന്തൻ കണ്ടൽ, ചെറുക്കണ്ടൽ, ചുള്ളിക്കണ്ടൽ, കൊമ്മട്ടി/കണ്ണാമ്പൊട്ടി, സ്വർണ്ണക്കണ്ടൽ, അപ്പച്ചെപ്പ്, കുളാകാഞ്ഞിരം, ചക്കരക്കണ്ടൽ എന്നിങ്ങനെ പല തരത്തിലുള്ള കണ്ടൽചെടികൾ കേരളത്തിലുണ്ട്.

ജല ശുദ്ധീകരണം, അന്തരീക്ഷ ശുദ്ധീകരണം, പാരിസ്ഥിതിക സംരക്ഷണം, കാറ്റിൽ നിന്നും, വൻ തിരമാലകളിൽ നിന്നും കടൽതീര സംരക്ഷണം, സുനാമിയെ നേരിടൽ, മണ്ണൊലിപ്പ് തടയൽ, വെള്ളത്തിൽ നിന്ന് ലവണവും വിഷാംശസങ്ങളുമടങ്ങിയ കാഡ്മിയം, ഈയം എന്നിവ മാറ്റൽ, മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്തുവാനും, ഇഴജന്തുക്കൾ, ചെമ്മീൻ മുതലായവയ്ക്ക് സുരക്ഷിതമായ വളർച്ചയ്ക്കും കണ്ടൽക്കാടുകളുടെ കരുതൽ പ്രകൃതിയുടെ വരദാനങ്ങളിൽ എറ്റവും ശ്രേഷ്ഠമായതാണ്.

ജലസ്രോതസ്സുകളിൽ തിങ്ങിനിറഞ്ഞ് വളർന്ന് പ്രകൃതിക്കും, സർവ്വ ജീവജാലങ്ങൾക്കുമായി നിലകൊള്ളുന്ന കണ്ടൽക്കാടുകളുടെ നയന ചാരുതയും, നിഗൂഢതയും പ്രകൃതിയുടെ സൌന്ദര്യമാണ്. കണ്ടൽക്കാടുകളുടെ വിസ്തൃതി എത്രത്തോളം കൂടുന്നുവോ അത്രയ്ക്കും ആ ദേശത്തിന്റെ സൗന്ദര്യവും, ഐശ്വര്യവും, കരുതലും കൂടുന്നു.

സ്വജീവനും, ജീവിതത്തേക്കാളും, സ്വന്തം മക്കളേക്കാളും തന്റെ പാർട്ടിയേയും, മണ്ണിനേയും, ജലാശയങ്ങളേയും, കണ്ടൽചെടികളെയും സ്നേഹിച്ച് താലോലിച്ച ആ മഹാനായ പ്രകൃതി സ്നേഹി _ ജനനം മുതൽ ദുരിതക്കയത്തിൽ ഏച്ചേച്ചു നടന്ന് ജീവിതം തള്ളിനീക്കിയ മനുഷ്യസ്നേഹി ശ്വാസകോശ സംബന്ധമായ അസുഖത്താൽ 2015 സെപ്തംബർ 27-ാം തീയതി തന്റെ 79-ാം വയസിൽ അദ്ദേഹം നമ്മളെ വിട്ടു പോയി.

പ്രധാന കൃതികൾ

  • എന്റെ രാഷ്ട്രീയ ജീവിതം (ആത്മകഥ), ഡി സി ബുക്സ്, കോട്ടയം.
  • കണ്ടൽ കാടുകൾക്കിടിയിൽ എന്റെ ജീവിതം, ഡി സി ബുക്സ്, കോട്ടയം. ഈ പുസ്തകം ഏറെ ചർച്ച ചെയ്യപെട്ടു. എൻ. പ്രഭാകരൻ അവതാരിക എഴുതിയ പുസ്തകത്തിൽ ഡോ. ജാഫർ പലോട്ടിന്റെ കണ്ടൽപഠനങ്ങളുമുണ്ട്. കണ്ണൂർ സർവകലാശാലയിൽ പാഠപുസ്തകമാണ്,
  • എന്റെ ജീവിതം, പൊക്കുടന്റെ മകൻ ശ്രീജിത് പൈതേലൻ എഴുതിയത്.
  • ചൂട്ടാച്ചി, കണ്ടൽ ഇനങ്ങൾ (ഡി സി ബുക്സ്, കോട്ടയം) എന്നപേരിലും പൊക്കുടന്റെ ജീവിതവഴികളെ കുറിച്ചും അറിവുകളെ കുറിച്ചും മറ്റൊരു മകനായ പി. ആനന്ദിന്റെ പുസ്തകം (ഡി സി ബുക്സ്, കോട്ടയം)
  • കറുപ്പ് ചുവപ്പ് പച്ച: പൊക്കുടന്റെ ആത്‌മകഥയായ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.

പുരസ്കാരങ്ങൾ

അറുപതതോളം ചെറുതും വലുതുമായ പുരസ്കാരങ്ങൾ ലഭിച്ചു. അതിൽ പ്രധാനപ്പെട്ടവ;

  • കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്
  • സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ഹരിത വ്യക്തി പുരസ്‌കാരം
  • സ്ക്കൂൾ ഓഫ്‌ മോറൽ എഡ്യൂക്കേഷൻ പ്രത്യേക പുരസ്ക്കാരം
  • കൊച്ചി എൻവയോൺമെൻറ് മോണിറ്ററിംഗ് ഫോറം ഏർപ്പെടുത്തിയ പി.വി. തമ്പി സ്മാരക പുരസ്കാരം
  • പരിസ്ഥിതി സം‌രക്ഷണസം‌ഘം,ആലുവയുടെ ഭൂമിമിത്ര പുരസ്കാരം
  • കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്കാരം.
  • മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്‌മാൻ ഹാജി പുരസ്കാരം – 2010
  • കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്കാരം – (2012)
  • കണ്ണൂർ സർവകലാശാല ആചാര്യ പുരസ്‌കാരം
  • ടൈംസ് നൗ ചാനലിന്റെ അമെയ്‌സിംഗ് ഇന്ത്യൻ പുരസ്‌കാരം നേടി ( പരിസ്ഥിതി സംരക്ഷകൻ എന്ന നിലയിൽ രാജ്യത്തെ അഞ്ചു പ്രമുഖരെ പിന്തള്ളിയാണ് ആ പുരസ്കാരം ലഭിച്ചത്)
0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Via
Wikipedia
Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x