ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം ഗംഭീരമാക്കിയ മലയാളി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷയിലായിരുന്നു മലയാളി ക്രിക്കറ്റ് ആരാധകരും. ഒരു മലയാളി യുവ ക്രിക്കറ്റുടെ അരങ്ങേറ്റം കൂടിയായിരിക്കും ഇന്നലത്തെ മത്സരം. മലപ്പുറം എടപ്പാള്‍ സ്വദേശി ദേവ്ദത്ത് പടിക്കലാണ് ഇന്നലെ അരങ്ങേറിയത്. കഴിഞ്ഞ ആഭ്യന്തര സീസണില്‍ ഇത്രത്തോളം സ്ഥിരത പുലര്‍ത്തിയ മറ്റൊരു താരമില്ല.
അതിന്റെ തുടർച്ചയായിരുന്നു ഇന്നലെ. ഓപ്പണിങിൽ ഇറങ്ങി അരങ്ങേറ്റത്തിൽ തന്നെ അർധ സ്വഞ്ചറി നേടി കരുത്ത് കാട്ടി.
ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്തിന് ആര്‍. സി. ബിയിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ദേവ്ദത്ത്. 12 ഇന്നിങ്‌സില്‍ നിന്ന് 64.44 ശരാശരിയില്‍ 580 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. പുറത്താവാതെ നേടിയ 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്‌കേഴ്സിന്റെ താരമായിരുന്ന സമയത്താണ് ദേവ്ദത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി കരാര്‍ ഒപ്പിടുന്നത്.
വിജയ് ഹസാരെ ട്രോഫിയിലും ദേവ്ദത്ത് തന്നെയായിരുന്നു ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റിലൊന്നാകെ 11 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയുമായി 609 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് തവണ താരം പുറത്താവാതെ നിന്നു. അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫിയില്‍ 829 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ ഇന്ത്യയുടെ യുവ ടീമിലേക്കും വിളിയെത്തി. 2018ല്‍ അണ്ടര്‍ 19 ഏഷ്യകപ്പില്‍ യുഎഇക്കെതിരെ സെഞ്ചുറി നേടിയിരുന്നു.
മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ് ദേവ്ദത്ത്. പാലക്കാട് ചിറ്റൂര്‍ അണിക്കോട് കുന്നത്തുവീട്ടില്‍ ബാബുനുവിന്റെയും എടപ്പാള്‍ പടിക്കല്‍ അമ്പിളിയുടെയും മകനാണ് ദേവ്ദത്ത്. മാതാപിതാക്കള്‍ക്കൊപ്പം ഹൈദരാബാദിലിയുന്നു ദേവ്ദത്ത്. പിന്നീട് 11ാം വയസില്‍ ബംഗളൂരുലേക്ക് കൂടുമാറി.