Education

കലാലയങ്ങൾ തുറക്കുമ്പോൾ സജീവമാകട്ടെ നമ്മുടെ കുട്ടികൾ; ഒപ്പം ആകുലതകളും ആശങ്കകളുമില്ലാതെ സ്വതന്ത്രരും

ആഷിക്ക്. കെ. പി

വളരെ വൈകിയാണെങ്കിലും നമ്മുടെ സ്കൂളുകളും കലാലയങ്ങളും മെല്ലെ മെല്ലെ തുറക്കുകയാണ്. നീണ്ട ഒന്നര വർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിൽനിന്നു വീണ്ടും സജീവവും ജൈവീകവുമായ ഒരു സാമൂഹ്യ പ്രക്രിയയിലേക്കു പ്രവേശിക്കാനുള്ള തയ്യാറെടുപ്പ് എല്ലായിടത്തും കണ്ടുവരുന്നു.

രക്ഷിതാക്കളും രാഷ്ട്രീയ സമൂഹ്യസംഘടനകളും സ്കൂൾ അധികാരികളും സർക്കാർ സംവിധാനങ്ങളും കുട്ടികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്.

മഹാമാരി ഇപ്പോഴും വിട്ടകന്നിട്ടില്ലെങ്കിലും കോവിഡിനോടൊപ്പം ജീവിക്കുക എന്ന തലത്തിൽ സകലമേഖലകളും താദാത്മ്യം പ്രാപിച്ചു വരികയാണ്.

എന്തൊക്കെ മുൻകരുതലുകളും അതിജീവനത്തിന്റെ ശ്രമങ്ങളും നടത്തിയിട്ടും മഹമാരി സൃഷ്ടിച്ച ആഘാതം അപരിഹാര്യമായി തന്നെ നിൽക്കുകയാണ്. കേവലം തൊഴിൽ, സാമ്പത്തികം എന്നീ മേഖലകളിൽ മാത്രമല്ല, 

സാമൂഹ്യ സാംസ്കാരിക മേഖലകളിലും കുടുംബ ബന്ധങ്ങളിലും അത് ഒരേപോലെ ആഘാതവും തിരിച്ചറിവിന്റെ പശ്ചാത്തലങ്ങളും ഒരുക്കിയിട്ടുണ്ട്. കുഞ്ഞുപിറന്നു മൂന്നു വർഷങ്ങൾക്കുള്ളിൽ അതിഥിയാക്കുന്ന വിദ്യാഭ്യാസ രീതി ബാല്യം മുതൽ മാധ്യസ്ഥം വരെ പിന്തുടരുന്ന നാടാണ് നമ്മുടേത്.

അതിരാവിലെ കുട്ടികളെ യാത്രയാക്കി വൈകുന്നേരം മാത്രം വീട്ടിലെത്തി, പിന്നെ പഠിക്കാൻ സ്വകാര്യത സൃഷ്ടിച്ചു കൊടുത്തു അറിവിന്റെ മാസ്മരിക ലോകത്തേക്ക് വർഷങ്ങളോളം  അവരെ യാന്ത്രികമായി നയിച്ചു, ചുറ്റുപാടുകളും പ്രകൃതിയും മറ്റു മനുഷ്യരെയും തന്റേതല്ലാതാക്കി, കുത്തിനിറച്ച അറിവുകൊണ്ടു മത്സരാധിഷ്ഠിമാക്കി, ജോലി നേടി തന്റേതായ സ്വാർഥ ലോകത്തേക്ക് നയിക്കുന്ന, ഒരു മൂഢ വിദ്യാഭ്യാസ രീതിയിൽ നിന്ന് പെട്ടെന്നൊരു മാറ്റമായിരുന്നു കോവിഡ് മഹമാരി സൃഷ്ടിച്ച പുത്തൻ രീതി.

അത് കേവലമൊരു ഓണ്ലൈൻ അറിവ് പകർത്തൽ രീതി മാത്രമല്ലായിരുന്നു. തന്റെ കുട്ടികൾ ആരാണെന്നും അവരുടെ കഴിവും കഴിവുകേടുകളുമെന്തെന്നും അവരുടെ ചിന്തകളും സ്വപ്നങ്ങളും എന്തെന്നും തങ്ങളും കുട്ടികളും തമ്മിലുള്ള ദൈനംദിന ജീവിത വ്യത്യാസങ്ങൾ എന്തൊക്കെയെന്നും ഓരോരുത്തരെയും അറിയിപ്പിച്ച, പഠിപ്പിച്ചു തന്ന,  നീണ്ട കാലം.

ഡാറ്റയും ഗാഡ്ജറ്റ്‌സും ജിബി യും ആപ്പുകളുമായി മാറി വിദ്യാഭ്യാസം അറിവു നിർമിക്കുക എന്നതിൽ മാത്രം ഒതുങ്ങിപ്പോയ കാലം.

തീർച്ചയായും ഈ കാലഘട്ടം ഒട്ടേറെ തിരിച്ചറിവുകൾ  വിദ്യാർഥികൾക്കും   രക്ഷിതാകൾക്കും   അധ്യാപകർക്കും  നൽകിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. വളരെയേറെ ആശങ്കകളുടെയും അനശ്ചിതത്വത്തിന്റെയുമിടയിലൂടെയാണ്  രണ്ട്‌ അധ്യയന വർഷങ്ങൾ കടന്നു പോയത്.  ഗുണപരമായും ദോഷകരമായും ഒട്ടേറെ കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട് ഈ കാലയളവിൽ.

യഥാർത്ഥത്തിൽ വിദ്യാഭ്യാസമെന്നത് ഒരു അറിവ് നിർമാണ പ്രക്രിയ അല്ലെന്നുള്ള കാര്യം യുനെസ്കോ അതിന്റെ പ്രഥമ വിദ്യാഭ്യാസ പ്രമേയത്തിൽ എടുത്തു പറയുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കാതൽ സമൂഹത്തിൽ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുക എന്നതാണ്. അത്തരം ഒരു ബോധം ഉണ്ടാവണമെങ്കിൽ വിദ്യാഭ്യാസം എന്നത്  ക്ലാസ് മുറികളിൽ മറ്റുള്ളവരോടൊപ്പം സഹവസിച്ചും സഹവർത്ഥിച്ചും സഹകരിച്ചും നേടുന്നതായിരിക്കണം. അപ്പോഴേ അറിവ് തിരിച്ചറിവായും തിരിച്ചറിവ് ജീവിത ഗന്ധിയായി നിലനിർത്താനും കഴിയൂ. കരുത്തുള്ളവരായി മാറണം നമ്മുടെ കുട്ടികൾ. ഓണ്ലൈൻ ക്ലാസ്സുകൾക്കും വീട്ടിലെ അടച്ചിട്ട മുറികൾക്കും അതു കഴിയില്ലെന്ന് ഇതിനകം നാം തിരിച്ചറിഞ്ഞു.  വിമര്ശനാത്മകമായും സര്ഗാത്മകമായും ചിന്തിക്കാനും സൃഷ്ഠിക്കാനും അവർക്ക് കഴിയണം. അതിന് അവരുടെ സജീവമായ ക്ലാസ് മുറികൾ കൂടിയേ തീരൂ. സാമൂഹ്യമായ അകലം വൈറസിൽ നിന്ന് രക്ഷനേടാനുള്ള താണ്, മാനസികമായ അകലം ഉണ്ടാവരുത്. അതില്ലാതിരിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ വൈവിധ്യവും ബഹുസ്വരതയും നമുക്ക് നിലനിർത്താൻ കഴിയൂ. സജീവമായ പൊതു വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്കത് കിട്ടുകയുള്ളൂ. കേരളം വ്യത്യസ്തമാവുന്നതും ശക്തവും സജീവവുമായ ക്ലാസ് മുറികളിലൂടെയാണ്.

ആധുനികതയും സാങ്കേതികതയും ദ്രുതഗതിയിൽ നമ്മെതേടിയെത്തിയപ്പോൾ സാങ്കേതികതവിദ്യകൾ എല്ലാറ്റിനും പരിഹാരമാണെന്നും ഓൺലൈനായി എല്ലാം നേടാമെന്നുമുള്ള നമ്മുടെ ധാരണ ശരിയല്ലെന്ന് നമുക്ക് നിർജീവമായ ഓൺലൈൻ പഠനപ്രക്രിയയിലൂടെ ഇതിനോടകംമനസ്സിലായി. സ്കൂളുകൾ എന്തിനെന്ന ചോദ്യത്തിനുത്തരം ആയിരുന്നു അത്. കലാലയങ്ങൾ അറിവുല്പാദന കേന്ദ്രമല്ലെന്ന തിരിച്ചറിവ് നമുക്ക് കോവിഡ് കാലം കാണിച്ചു തന്നു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും ശരിയായ മനോഭാവം കിട്ടുന്നതിലും സാമൂഹ്യമായ  കൂടിച്ചേരലുകൾക്കു പ്രസക്തിയുണ്ടെന്നു നമുക്ക് മനസ്സിലായി. അടച്ചിട്ട മുറികളിൽ അത് സാധ്യമല്ലെന്നും നാം തിരിച്ചറിഞ്ഞു.

ഓരോകുട്ടിയിലും ഉള്ള സവിശേഷമായ കഴിവുകളെ തിരിച്ചറിയാനും ഉണർത്താനും പ്രയോഗവൽക്കരിക്കാനും കഴിയണമെങ്കിൽ അവർ ക്ലാസ് മുറികളിലിരിക്കേണ്ടതുണ്ട്. പഴകിദ്രവിച്ച പാഠഭാഗങ്ങൾക്കപ്പുറം അതിനെ അനുഭവയോഗ്യമാക്കി മാറ്റാനുള്ള കരുത്തു നേടാൻ , സ്വജീവിതത്തിൽ നിർഭയരാകാൻ,  അവർക്ക് കഴിയണമെങ്കിൽ ഇത്തരം സഹവർത്തിത്വം അവർക്ക് കിട്ടേണ്ടതുണ്ട്.

അനുഭവങ്ങളാണ് വിദ്യാഭ്യാസം. നിരീക്ഷണത്തിലൂടെ, കണ്ടും അറിഞ്ഞും കൊണ്ടും കൊടുത്തും നേടുന്ന അറിവേ നിലനിൽക്കുകയുള്ളൂ. കൗമാര പ്രായത്തിൽ കുട്ടികളിൽ ആർജിക്കേണ്ട നൈപുണികൾ പലതും ടെക്സ്റ്റ് ബുക്കുകളിൽ നിന്നല്ല ലഭിക്കുക. സഹവർത്തിത്വം, സഹകരണം, സൗഹൃദം, നൈതികത, സാമൂഹ്യബോധം ഇതൊക്കെ ഉൾച്ചേർന്നു നിൽക്കുമ്പോഴേ ഒരു സമൂഹ്യജീവിയായി മനുഷ്യന് മാറാൻ കഴിയൂ. അതിന് കുട്ടികൾ സ്കൂളിൽ തന്നെ വരണം ഇടപഴകണം.

ദരിദ്രമായ ഒരു നാട്ടിൽ വെർച്വൽ മാധ്യമത്തിലൂടെ വിദ്യ നൽകാനുള്ള സംവിധാനങ്ങൾ എളുപ്പമല്ല. ഉണ്ടായാൽ തന്നെ അത് ദുർബലമായിരിക്കും. മധ്യവർഗ്ഗത്തിനു മുകളിലുള്ളവർക്ക് മാത്രമേ അത് പ്രാപ്യമാവൂ. ഇപ്പോഴും ഒരു വലിയ വിഭാഗം ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്തുതന്നെയായിരിക്കും. ഓണ്ലൈൻ വിദ്യാഭ്യാസം ഇന്നുള്ള അടിമത്ത മനോഭാവത്തെ വർധിപ്പിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഫാക്ടറികളല്ല. കുട്ടികൾ ഉത്പന്നങ്ങളുമല്ല. അധ്യാപകർ തൊഴിലാളികളുമല്ല. അത്തരം കോര്പറേറ് ചിന്തകൾ ഓണ്ലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചേക്കാം. എന്നാൽ അതിനുമപ്പുറം വ്യക്തിയെ സമൂഹവുമായി ബന്ധിപ്പിക്കുന്ന സർഗാത്മകത പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങളാണ്  കലാലയങ്ങൾ. സർവസ്വതന്ത്രനായി ഈ ലോകത്തു ജീവിക്കാൻ പ്രാപ്തരായി നമ്മുടെ കുട്ടികൾ  മാറേണ്ടതുണ്ട്. എന്തു പഠിക്കുന്നു എന്നതിനേക്കാൾ എങ്ങിനെ അത് പ്രയോഗവൽക്കരിക്കാം ജീവിത വിജയത്തിന് എന്നതാണ് കലാലയങ്ങൾ നൽകുന്ന ഏറ്റവും വലിയ സമ്പത്ത്. അതുകൊണ്ടു കൂടിയാവാം എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും സ്കൂളുകളും കോളേജുകളും തുറന്ന് കുട്ടികൾക്ക്‌ നേരിട്ട് പഠിക്കാൻ അവസരം ഉണ്ടാകണമെന്ന് പറയുന്നതിന്റെ പൊരുൾ. വിദ്യാഭ്യാസ മേഖല ഓരോദിവസവും സ്വകാര്യവൽക്കരിക്കപ്പെടുന്ന, ഈ നവ ലിബറൽ കാലഘട്ടത്തിൽ സമൂഹത്തിലെ അരികു വൽക്കരിക്കുന്ന വിദ്യാർഥികളെ മറന്നു കളയാതിരിക്കാനും സാങ്കേതിക വിദ്യകളും കമ്പോളങ്ങളും സൃഷ്ടിച്ചെടുക്കുന്ന അഭ്യാസങ്ങൾക്കപ്പുറം മനവികതയുടെയും ധാർമികതയുടെയും സ്പര്ശങ്ങൾ നിറയാനും  ഓണ്ലൈൻ ക്ലാസ്സുകളിൽ നിന്ന് ഓഫ് ലൈൻ ക്ലാസ്സുകളിലേക്ക് എത്രയും വേഗം മാറേണ്ടതുണ്ട്.

അതോടൊപ്പം വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു വലിയ ഇടവേളകൾക്കുശേഷം സ്കൂളുകളിലേക്ക്  വരുന്ന നമ്മുടെ കുഞ്ഞുങ്ങളും കൗമാരങ്ങളും ഒട്ടേറെ അസ്വസ്ഥകളും ആകുലതകളും നേരിട്ട് അനുഭവിച്ചവരാണെന്നും അവർക്ക് വേണ്ടത് അറിവ് പകർന്നു നൽകി പരീക്ഷ എഴുതാൻ പാകപ്പെടുത്തുന്നതിനെക്കാൾ സ്നേഹസ്പര്ശവും സൗഹൃദവും സാംസ്കാരിക ഇടവുമാണെന്ന തിരിച്ചറിവ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കണം എന്നതാണ്. മാറുന്ന ലോകത്തിൽ  ഇത്തരം പ്രതിസന്ധികൾ മഹമാരിയുടെ രൂപത്തിലും പ്രകൃതി ദുരന്തങ്ങളുടെ ഭാവത്തിലും ഇനിയും തുടർന്ന്  പ്രതീക്ഷിക്കാം. അതിനിടയിൽ വീണുകിട്ടുന്ന ഇടവേളകൾ ആയിരിക്കാം ഇപ്പോഴുള്ള ഈ തുറക്കൽ പ്രക്രിയ എന്ന ചിന്ത നമുക്കുണ്ടാവണം. സാങ്കേതികതയും നൈസർഗികതയും സമന്വയം ചെയ്തുകൊണ്ട് മാറുന്ന കാലത്തെ സ്വീകരിക്കാനുള്ള ആത്മ ധൈര്യം പകരാൻ നമ്മുടെ കലാലയങ്ങൾക്ക്  കഴിയണം. ഓരോ കുട്ടിയെയും തിരിച്ചറിയുവാനും അവരുടെ ആശങ്കകളെയും ആകുലതകളെയും ഇല്ലാതാക്കുവാനും അവരുടെ പ്രതീക്ഷകൾക്ക് ചിറകുവിരിച്ചുകൊടുക്കുവാനും മങ്ങിപ്പോയ അവരുടെ സ്വപ്നങ്ങളെ മെല്ലെ മെല്ലെ ഉണർത്താനും കഴിയുന്ന തരത്തിൽ, ഒപ്പം  അവർക്ക് ധൈര്യം പകരാൻ കഴിയുന്ന രീതിയിൽ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറിചിന്തിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(ലേഖകൻ മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗവും എഴുത്തുകാരനുമാണ് )

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x