Art & LiteratureFeature

ജാൻ നിസാർ അക്തർ: പ്രാണനിൽ കവിത നിറച്ച അത്ഭുതം

ഓർമ/ഷബീർ രാരങ്ങോത്ത്

” അദ്ദേഹത്തെ നോക്കിയാണ് ഷായര്‍ എന്ന വാക്കു തന്നെയുണ്ടാക്കിയത്. ഒരു ഷായറിന്റെ (കവി) വ്യക്തിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. നീണ്ട മുടി, പാതിയടഞ്ഞ കണ്ണുകള്‍, പുകവലിച്ച് പുകയിലേക്ക് കണ്ണു നട്ടിരിക്കല്‍, അങ്ങനെയങ്ങനെ. ഭാവനയില്‍ സ്വയം നഷ്ടമായവനായായിരുന്നു അദ്ദേഹത്തെ കൂടുതല്‍ സമയവും കാണപ്പെട്ടിരുന്നത്. വളരെ പ്രധാനപ്പെട്ടവ മറന്നു പോവുകയും വളരെ പഴയത് പലതും ഓര്‍ക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അക്ഷരാര്‍ഥത്തില്‍ അദ്ദേഹം ഒരു കവി തന്നെയായിരുന്നു” തന്റെ പിതാവ് ജാന്‍ നിസാര്‍ അക്തറിനെ മകനും കവിയുമായ ജാവേദ് അക്തര്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്.

ജാന്‍ നിസാര്‍ അക്തര്‍ ഈ ലോകവാസം അവസാനിപ്പിച്ച് യാത്രയായിട്ട് 44 വര്‍ഷമായിരിക്കുന്നു. ഉര്‍ദു ഗസലുകളിലും ഹിന്ദി സിനിമാ ഗാനങ്ങളിലും ഒരുപോലെ പ്രതിഭ തെളിയിച്ച കവിയാണ് അദ്ദേഹം. ഉര്‍ദു ഗസല്‍ ലോകത്ത് അറിയപ്പെടുമ്പോഴും, ഹിന്ദി സിനിമാ ഗാന ലോകത്ത് അദ്ദേഹം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അതേ സമയം, അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങള്‍ ആസ്വാദകര്‍ നെഞ്ചോടു ചേര്‍ക്കുകയും ചെയ്തു.

അന്നേ പാട്ടെന്നാല്‍ ഗായകന്റേതായിരുന്നതിനാല്‍ യഥാര്‍ഥ പിതാവ് വിസ്മരിക്കപ്പെട്ടു എന്നു പറയുന്നതാവും ശരി. കവിതയില്ലാത്ത ഒരു ജീവിതം അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. താന്‍ എന്തെഴുതിയാലും അവയിലെല്ലാം കവിതയൊളിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു. ഒരിക്കല്‍ ഒ പി നയ്യാര്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. ‘പ്രിയനെ, നിന്റെ ഗാനങ്ങളില്‍ കവിത വല്ലാതെയുണ്ടല്ലോ’. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘കവിതയില്ലാതെ ഒരു ഗാനവും എനിക്കെഴുതുക സാധ്യമല്ല സുഹൃത്തെ, ഞാന്‍ സിനിമ ഉപേക്ഷിച്ചേക്കാം, കവിതയുപേക്ഷിക്കില്ല’. കവിതയോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇതായിരുന്നു.

ലളിതമായ ഭാഷ

ഭാഷയിലെ ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. കടു കട്ടിയുള്ള വാക്കുകളില്‍ കവിത രചിക്കാന്‍ എളുപ്പമാണെന്നും ലളിതമായ വാക്കുകളില്‍ കവിത സൃഷ്ടിക്കാനാണ് പ്രയാസമെന്നും ജാന്‍ നിസാര്‍ അക്തര്‍ മകന്‍ ജാവേദ് അക്തറുമായി പങ്കു വെച്ചിട്ടുണ്ട്. ലളിതമായ ഭാഷയിലെഴുതുമ്പോള്‍ നമ്മുടെ ചിന്തകളും ആശയവുമെല്ലാം വളരെ വ്യക്തമായിരിക്കണം എന്നതാണ് കാര്യം. പലപ്പോഴും കവിതയിലെ പ്രണയമെന്നത് സമാഗമത്തിലും വേര്‍പിരിയലിലും ഒതുങ്ങി നില്ക്കുകയാണ് പതിവ്. അതിനപ്പുറം ചിന്തിച്ചിരുന്നവരും അവയില്‍ കവിത വിരിയിച്ചവരും നന്നേ കുറവായിരുന്നു.

ജാന്‍ നിസാര്‍ അക്തര്‍ റഫി സാഹിബിന്റെ കൂടെ

എന്നാല്‍, ‘ഘര്‍ ആംഗന്‍’ എന്ന ഒരു കവിതാ സമാഹാരം ജാന്‍ നിസാര്‍ അക്തര്‍ പുറത്തിറക്കിയിട്ടുണ്ട്. അവയിലെ പ്രണയം പക്ഷേ, ദാമ്പത്യത്തിലുള്ളതായിരുന്നു. ദാമ്പത്യത്തില്‍ ഇണകളുടെ കാഴ്ചപ്പാടിലുള്ള പ്രണയമാണ് അദ്ദേഹം അതിലൂടെ പങ്കു വെച്ചത്. 1914 ഫെബ്രുവരി 8 ന് എഴുത്തുകാരാലും മത പണ്ഡിതന്മാരാലും സമ്പന്നമായ ഒരു കുടുംബത്തിലേക്കാണ് അദ്ദേഹം പിറന്നു വീണത്. അദ്ദേഹത്തിന്റെ പിതാവ് മുസ്തര്‍ ഖൈറാബാദി നല്ല ഒരു കവിയായിരുന്നു. ഗ്വാളിയോറില്‍ നിന്ന് മെട്രികുലേഷന്‍ പൂര്‍ത്തിയാക്കിയ അദ്ദേഹം അലിഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എ പാസായി. ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ഡോക്ടറേറ്റിനായുള്ള യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഗ്വാളിയോറില്‍ ഉര്‍ദു ലെക്ചറര്‍ ആയി ജോലി നോക്കി, പിന്നീട് ഭോപാലിലെ ഹാമിദിയ കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ജോലി ഉപേക്ഷിച്ച് പാട്ടെഴുത്തിനായി ബോംബയിലേക്ക്

അക്കാലത്താണ് ഹിന്ദി സിനിമാ മേഖലയില്‍ പാട്ടെഴുത്തുകാരനാകാനായി ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് ചേക്കേറുന്നത്. 1949 – 50 കാലത്താണ് അദ്ദേഹത്തിന്റെ ആദ്യ ഗാനം പുറത്തു വരുന്നത്. എന്നാല്‍, ഏതായിരുന്നു അത് എന്നതിനെക്കുറിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. 1949 ല്‍ തന്നെ സിനിമയില്‍ ഉണ്ടയിരുന്നെങ്കിലും 1955 ലെ ‘യാസ്മിന്‍’ എന്ന സിനിമയിലൂടെയാണ് ജാന്‍ നിസാര്‍ അക്തര്‍ വിജയകരമായ കരിയര്‍ ആരംഭിക്കുന്നത്. 1956 ല്‍ സി ഐ ഡി എന്ന സിനിമക്കു വേണ്ടി എഴുതിയ ‘ആംഖോം ഹി ആംഖോം മെ’ എന്ന ഗാനം അദ്ദേഹത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പ്രതിഷ്ഠിച്ചു.

ആ ഗാനം ശൃംഗാരത്തിന്റെ പ്രതീകമായി മാറി. പ്രണയത്തിന്റെ കയ്പ്പും മധുരവും നന്നായി അനുഭവിച്ചയാളാണ് അദ്ദേഹം. സഫിയയുമായുള്ള അദ്ദേഹത്തിന്റെ പ്രണയം വളരെ കരുത്തുറ്റതായിരുന്നു. അവര്‍ തമ്മില്‍ കത്തുകളിലൂടെ കൈമാറിയിരുന്ന പ്രണയാക്ഷരങ്ങള്‍ അവ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാന്‍സര്‍ വന്ന് സഫിയ മരണപ്പെട്ട സമയത്ത് ‘ഖാകെ ദില്‍’ എന്ന പേരില്‍ അദ്ദേഹം ഒരു കവിതയെഴുതിയിരുന്നു. തന്റെ വേദനയുടെ പ്രതിഫലനമായിരുന്നു ആ കവിത.

lucknow mere vatan mere chaman-zar vatan

tere gahvara-e-aghosh meñ ai jan-e-bahar

apni duniya-e-hasiñ dafn kiye jaata huuñ

tu ne jis dil ko dhaDakne ki ada baKhshi nahiñ

aaj vo dil bhi yahiñ dafn kiye jaata huuñ

എന്റെ ദേശമേ, ലഖ്‌നൗ; എന്റെ പുല്‍ത്തകിടി പ്രദേശമേ,
ഓ വസന്ത ജീവിതമേ, നിന്റെ ആലിംഗന തൊട്ടിലിലിൽ
എന്റെയീ സുന്ദര ലോകമിതാ കുഴിച്ചു മൂടാൻ പോകുന്നു
നിന്റെ താളത്തിനൊത്ത് മിടിച്ച ഹൃദയത്തെയും ഞാന്‍

ഇവിടെയിതാ നിന്നോടൊത്ത് കുഴിച്ചുമൂടുന്നു.

ഇതായിരുന്ന ദുഃഖ സാന്ദ്രമായ ആ കവിതയുടെ തുടക്കം. 1976 ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ആ കവിതയെ തേടിയെത്തുകയും ചെയ്തു. ഒടുവില്‍ 1976 ആഗസ്ത് 19 ന് അദ്ദേഹം ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. 150 ലധികം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. ഒട്ടനേകം കവിതകളും ഗസലുകളും വേറെയുമുണ്ട്. ഇവയൊക്കെയും ജനങ്ങള്‍ക്ക് സ്വന്തമാണെന്ന് അദ്ദേഹം തന്റെ കവിതയില്‍ കുറിച്ചിട്ടുമുണ്ട്.

‘അശ്ആര്‍ മെരെ യൂ തൊ സമാനെ കേലിയെ ഹെ
കുച് ശേര്‍ ഫഖത് ഉന്‍കൊ സുനാനെ കേലിയെ ഹെ ‘


എന്റെ ഈരടികള്‍ ഈ ലോകത്തിനു വേണ്ടിയുള്ളതാണ്,
കുറച്ച് ഈരടികളാകട്ടെ അവളെ കേള്‍പ്പിക്കാനായി മാത്രവുമാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x