
ട്രൂ നാറ്റ് പരിശോധനാ സംവിധാനം ഒരുക്കുന്നത് വരെ പൂർവ്വസ്ഥിതി തുടരുക
പ്രതികരണം / സലാഹ് കാരാടൻ, ജിദ്ദ
ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കെ.എം.സി.സി ചാർട്ടർ ചെയ്ത രണ്ട് സൗദി എയർലൈൻസിന്റെ വിമാനങ്ങൾ 480 യാത്രക്കാരുമായി പറന്നുയർന്നു.
ഇന്ന് ജൂൺ 19, നാളെ 20. ജൂൺ 20 ന് ശേഷം സർക്കാറിന്റെ കരിനിയമം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന ഭീതിയിലാണ് സൗദി പ്രവാസികൾ, കൊവിഡ് ടെസ്റ്റ് എന്ന വാൾ തലക്കുമുകളിൽ. ഇന്നും നാളെയും ഒരാറ്റ ഫ്ലൈററും വന്ദേ ഭാരത് മിഷന്റെ കീഴിൽ കേരളത്തിലേക്കില്ല.
സഊദി പ്രവാസികളെ തണുപ്പിക്കുവാൻ പെട്ടെന്നൊന്നും നടപ്പാക്കാൻ സാധിക്കാത്ത ട്രുനെറ്റ് കിറ്റ് എന്ന “പദപ്രയോഗം” പ്രയോഗിച്ചു. അത് നടപ്പാക്കുമ്പോഴേക്കും ഒരു പക്ഷെ കൊവിഡ് – 19 ഉണ്ടാകുമോ എന്ന് സംശയിക്കുന്നു. പ്രവാസലോകത്തേക്ക് ഇന്നലെ കാല് കുത്തിയ ഒരാൾക്ക് പോലും അത്തരം കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുവാൻ സാധിക്കും, പക്ഷെ കേരളത്തിലിരിക്കുന്ന നമ്മുടെ സർക്കാറിന് അത് മനസ്സിലായിട്ടും മനസ്സിലാകാത്ത വിധത്തിൽ പൊട്ടൻ കളി കളിക്കുന്നു, പ്രവാസികളെ കഷ്ടപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്തതുപോലെ തോന്നിപോകുന്നു.
പ്രവാസലോകത്തുള്ള അവരുടെ സംഘടനക്ക് പ്രവാസി പ്രശ്നം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത ഒരവസ്ഥയിലും, കാരണം പാർട്ടിയാണല്ലോ വലുത് !!!
സഊദി പ്രവാസികൾ പ്രതിഷേധ സ്വരത്തിൽ നിന്നും ഒരിക്കലും പിന്നോട്ടു പോകരുത്. നാട്ടിലെ രാഷ്ട്രീയ-മത-സാംസ്കാരിക സംഘടനകളും ഞങ്ങൾക്ക് വേണ്ടി പോരാടുവാനപേക്ഷ;
- ട്രുനെറ്റ് സംവിധാനം നടപ്പാക്കുന്നതുവരെ ഇപ്പോഴത്തെ സംവിധാനം നിലനിർത്തുക ( ഒരു ടെസ്റ്റും ആവശ്യമില്ലാതെ യാത്ര ചെയ്യുവാനുള്ള അനുമതി).
- കൂടുതൽ വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകൾ സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് അനുവദിക്കുക.
- ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകുക.
- പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിക്കുക.
ജിദ്ദയിലെ JKF (ജിദ്ദ കേരളലൈറ്റ് ഫോറം), ഇതുവരെ നിങ്ങൾ ഈ സംഘടനയുടെ കീഴിൽ ഒരു വിരൽ പോലും അനക്കിയിട്ടില്ല. അതിന് സാധിക്കില്ലെന്നറിയാം, കാരണം ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുള്ള ഒരു ഫോറമാണല്ലോ, ഈ വിഷയത്തിൽ നിങ്ങൾ രണ്ട് തട്ടിലുമാണ്. ഈ വർഷം കേരളോത്സവം നടത്തിയത് കോൺസുലേറ്റ് നേരിട്ട് ജിദ്ദയിലെ എല്ലാ മലയാളി സംഘടനകളേയും പങ്കെടുപ്പിച്ചായിരുന്നു, JKF ന്റെ ബാനറിലല്ലായിരുന്നു. വെറുതെ ഓർത്തുപോയി.