ദൽഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഇന്ന് പേര് ചേർക്കപ്പെട്ടിരിക്കുന്ന പ്രമുഖരിൽ ബ്രിന്ദാ കാരാട്ട്, ആനി രാജ, സൽമാൻ ഖുർഷിദ്, പ്രശാന്ത് ഭൂഷണ്‍, കവിതാ കൃഷ്ണൻ, ഹർശ് മന്ദിർ തുടങ്ങിയവർ. ഇവരൊന്നും പ്രതികളല്ല, ദൽഹി കലാപത്തിന് യാതൊരു വിധത്തിലും ഉത്തരവാദികളല്ല എന്ന് രാജ്യത്തെ മനുഷ്യർക്കെല്ലാം അറിയാവുന്ന പോലെ പോലീസിനും അറിയാം, ഈ പ്രതി ചേർക്കലിന്റെ ഉദ്ദേശം വേറെയാണ്.
ഹിറ്റ്ലർ ജർമ്മനിയിലും ഇത് ചെയ്തിരുന്നു, ജൂതരെ ഒറ്റപ്പെടുത്തി കൊന്നു തീർക്കാൻ തീരുമാനിച്ച ശേഷം ഹിറ്റ്ലർ 2 കാര്യങ്ങൾ ചെയ്തിരുന്നു, ഒന്ന്, നാസികൾ എന്ത് അക്രമങ്ങൾ കാണിച്ചാലും പരസ്യമായി അവരെ രക്ഷപ്പെടുത്തുക, ജൂതർക്കെതിരെ എന്ത് അക്രമം കാണിച്ചാലും ശിക്ഷിക്കപ്പെടില്ല എന്ന സന്ദേശം രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ വേണ്ടിയായിരുന്നു ഇത്.
രണ്ട്, ജൂതരെ പിന്തുണക്കുന്ന ജർമ്മൻകാരെ കള്ളക്കേസുകളിൽ കുടുക്കി അകത്താക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്ത് നിൽക്കുന്ന ജർമ്മൻ കാരനെപ്പോലും ഭീതിയിലാഴ്ത്താൻ വേണ്ടിയായിരുന്നു ഈ നടപടി.
ഈ രണ്ട് നീക്കങ്ങക്കും ഫലവുമുണ്ടായി. രാജ്യത്തുടനീളം നാസികൾ ജൂതന്മാർക്കെതിരെ ആയുധമെടുത്തു, നിയമത്തെ അവർ ഭയപ്പെട്ടതേയില്ല. അത്യപൂർവം മനുഷ്യരൊഴികെ ജർമ്മൻകാരെല്ലാം നാസി ക്രൂരതക്ക് മുന്നിൽ നിശബ്ദരായി. ജൂതന്മാരുടെ പേരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങാൻ അവർ തയ്യാറല്ലായിരുന്നു.
ദൽഹി കലാപത്തിൽ പരസ്യമായി കൊല്ലാൻ ആഹ്വാനം ചെയ്ത കപിൽ മിശ്രയെ ഉൾപ്പടെയുള്ള സംഘപരിവാറുകാരെ സംരക്ഷിച്ചു കൊണ്ട് നരേന്ദ്ര മോഡി രാജ്യത്തെ ഹിന്ദു തീവ്രവാദികൾക്ക് കൊടുക്കുന്ന സന്ദേശം നിങ്ങൾക്ക് എത്ര മുസ്ലിംകളെയും കൊല്ലാം, ഒരാളും നിങ്ങളോട് ചോദിക്കാൻ വരില്ല, ഒരു നിയമവും നിങ്ങളെത്തേടി വരില്ല എന്നാണ്.
മുസ്ലിംകളുടെ സമ്പത്തും അവരും സ്ത്രീകളും നിങ്ങൾക്കുള്ളതാണ്, ഇഷ്ടം പോലെ ആസ്വദിച്ചു കൊള്ളുക എന്നാണ് വർഷങ്ങളായി ശാഖയിൽ പറഞ്ഞു കൊണ്ടിരുന്നത്. ഇപ്പോൾ കേരളത്തിൽ പോലും അത് പരസ്യമായി പറയുന്നു, പോലീസ് കണ്ട ഭാവം നടിക്കുന്നില്ല.
ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായിരുന്നയാളാണ് ചിദംബരം, സമ്പത്തും അധികാരവും പണവും വിദ്യാഭ്യാസവും എല്ലാ പ്രിവിലേജുകളുമുള്ള സുപ്രീം കോടതി അഭിഭാഷകൻ. കെട്ടിച്ചമച്ച ഒരു കേസിൽ 100 ദിവസം ചിദംബരത്തെ ജയിലിൽ ഇട്ടത് ഏതു കൊമ്പനെയും പൂട്ടും എന്ന് പറയാനാണ്. ആനി രാജയെയും ബ്രിന്ദയെയും കേസിൽ പ്രതിചേർക്കുന്നത് മുസ്ലിംകളോട് അനുഭാവം കാണിക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന് പറയാനാണ്.
ഒരാളെ പൂട്ടണം എന്ന് ഭരണകൂടം വിചാരിച്ചാൽ കേസിനൊന്നും ഒരു പഞ്ഞവുമില്ല എന്ന് തുറന്നു പറയുകയാണ് ഫാസിസ്റ്റ് ഭരണകൂടം. ഓരോ നിമിഷവും ഫാസിസം അതിൻ്റെ ചോര പുരണ്ട കോമ്പല്ലുകൾ പുറത്തുകാണിച്ചു കൊണ്ടിരിക്കുമ്പോൾ ഇരകളാകാൻ പോകുന്ന മനുഷ്യർ തമ്മിൽ തല്ലാനുള്ള കാരണങ്ങൾ തേടുകയുമാണ്. മുസ്ലിംകൾക്കെങ്കിലും ചിലതൊക്കെ മനസ്സിലാവേണ്ടതാണ്, അതിന് ഖുർആൻ വിവാദവും തിരുകേശ വിവാദവും കഴിഞ്ഞിട്ട് സമയം കിട്ടണ്ടേ…?
ഈ തലമുറയുടെ ചിന്താ ശൂന്യത അടുത്ത തലമുറയുടെ നെഞ്ചിൽ വെടിയുണ്ടായായി പതിക്കും. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ നമ്മുടെയൊക്കെ അലംഭാവം നമ്മുടെ മക്കളുടെ പള്ളക്ക് കത്തി കയറാൻ കാരണമാവും എന്ന കാര്യത്തിൽ സംശയം വേണ്ട.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
FCRA BAN