
ഇവിടെ ചിലരെങ്കിലും അയാസോഫിയയിൽ നിസ്കാരവും മറ്റും ആരംഭിച്ചതിൽ രോമാഞ്ചം രേഖപ്പെടുത്തിക്കണ്ടു. ഉന്മാദത്തോളമെത്താനിടയുള്ള അപകടകരമായ ഒരു നിഷ്കളങ്കതയായി ആ വികാരത്തെ കാണാൻ എന്നെ അനുവദിക്കുക. അതേസമയം ഈ നിഷ്കളങ്കതയെ പരമാവധി പ്രകോപിപ്പിച്ച് ഇസ്ലാമിന്റെ സംരക്ഷകനും ലോകനേതാവുമായി സ്വയം അവരോധിക്കുക എന്നത് തന്നെയല്ലേ എർദൊഗാൻ എന്ന ഭരണാധികാരിയുടെ ലക്ഷ്യം എന്നും സംശയിക്കേണ്ടി വരുന്നത് എനിക്ക് തുർക്കി രാഷ്ട്രീയത്തെപ്പറ്റി വലിയ പിടിപാടില്ലാത്തതു കൊണ്ടുമാവാം.
എന്താണ് അയാസോഫിയ?
തുർക്കിയുടെ ആഭ്യന്തര കാര്യം മാത്രമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതികരണം ഞാൻ രേഖപ്പെടുത്തില്ലായിരുന്നു. എന്നാൽ, എന്താണ് അയാസോഫിയ? ഒരര്‍ത്ഥത്തിൽ അതിനെ ഒരു മഹാ ചരിത്രസ്മാരകമായിത്തന്നെ വേണം കാണാൻ. അത് ഒരേസമയം പൗരസ്ത്യ ഓര്‍തഡോക്‌സ് സഭയുടെയും (ഗ്രീക് സഭ) പാശ്ചാത്യ കത്തോലിക്കാ സഭയുടെയും (റോമാ സഭ) കേന്ദ്രമാണ്. അതേസമയം തന്നെ അത് മുസ്ലിംകളുടെയും ഒഥ്മാനിയ തുർക്കികളുടെയും കേന്ദ്രമാണ്. കമാൽ അത്താത്തുർക്കിന്റെ കാലത്ത് മതവിരുദ്ധ സെക്യുലറിസത്തിന്റെയും കേന്ദ്രമാണ്.
ഇത്തരം പരിവർത്തനങ്ങൾക്കെല്ലാം ചരിത്രപരമായ പശ്ചാത്തലങ്ങളുണ്ടാവാം. അതിലൊക്കെയും ശരിയും തെറ്റുമുണ്ടാവാം. ഒരു പക്ഷേ ഈ ചരിത്രമൊക്കെയും ഉൾക്കൊള്ളുന്ന ഒരു സംവാദകേന്ദ്രമായി, ഒരു ജ്ഞാനാന്വേഷണകേന്ദ്രമായി അത് നിലനിന്നിരുന്നെങ്കിൽ അതാകുമായിരുന്നു ലോകത്തിന് അത് നൽകുന്ന ഏറ്റവും വലിയ സംഭാവന. എന്തെന്നാൽ അഗിയ സോഫിയ എന്ന പ്രാചീന ഗ്രീക് ശബ്ദത്തിന്റെ അർത്ഥം തന്നെ ഹോളി വിസ്ഡം (വിശുദ്ധജ്ഞാനം) എന്നാണ്. അഗിയ സോഫിയയുടെ റോമൻ ഉച്ചാരണമാണ് ഹഗിയ സോഫിയ. അതേ അർത്ഥത്തിൽ ലത്തീനിൽ ഇതിനെ സാങ്റ്റ സോഫിയ എന്നും വിളിച്ചു. തുർക്കികള്‍ക്ക് അത് അയാസോഫിയയും പിന്നീട് മസ്ജിദായി പരിവര്‍ത്തിപ്പിക്കപ്പെട്ട ശേഷം അയാസോഫിയ ചാമിയും (Ayasofya Cami) ആയി.


ഇതിൻ്റെ ചരിത്രം ആരംഭിക്കുന്നത് ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്തല്ല. ആ സ്ഥലത്ത് ആദ്യം ചർച്ച് പണിതത് കോൺസ്റ്റാന്റിയൂസ് രണ്ടാമനാണ്. സി.ഇ 360ൽ. മാഗ്ന ഇക്ലസിയ (Magna Ecclesia) എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. Great Church എന്നർത്ഥം. തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന മറ്റൊരു പള്ളിയാണ് അന്ന് Agia (Hagia) Eirene എന്നറിയപ്പെട്ടത്. Holy Peace എന്നാണ് അഗിയ ഐറീന്റെ അർത്ഥം. മാഗ്ന ഇക്ലസിയയുടെ പണി പൂർത്തീകരിക്കുന്നത് വരെ അഗിയ ഐറീൻ ആയിരുന്നു കതീഡ്രൽ. മാഗ്ന ഇക്ലസിയ ഉദ്ഘാടനം ചെയ്തതാകട്ടെ, അന്ന് അന്തോക്യ കേന്ദ്രമായി നിലനിന്നിരുന്ന ആന്റി ട്രിനിറ്റേറിയൻ (ത്രിയേകത്വ വിരുദ്ധ) വിഭാഗമായ അരിയൻ സഭയിലെ ബിഷപ്പ് യൂഡോക്സിയസ് ആയിരുന്നു.
അർകാദിയൂസ് ചക്രവർത്തിയുടെ കാലത്ത് പാത്രിയാർക്കീസും രാജ്ഞിയും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് പള്ളി പൂർണമായും നശിപ്പിക്കപ്പെട്ടു. 415ൽ തിയൊഡേഷ്യസ് രണ്ടാമനാണ് മാഗ്ന ഇക്ലസിയ എന്ന പേരിൽത്തന്നെ പള്ളി വീണ്ടും പണിതത്. പഴയ അഗിയ ഐറീനെ തിയൊഡേഷ്യസ്, ഇക്ലസിയ ആന്റിക്വ (പഴയ പള്ളി) എന്നും വിളിച്ചു. ജസ്റ്റീനിയൻ ഒന്നാമന്റെ കാലത്ത് അത് വീണ്ടും നശിപ്പിക്കപ്പെട്ടു. വീണ്ടും 532ൽ പള്ളി പുനർനിർമിക്കുന്നത് ജസ്റ്റീനിയൻ ഒന്നാമൻ തന്നെയാണ്. അന്ന് മുതൽക്കാണ് അത് ഹഗിയ സോഫിയ എന്ന് അറിയപ്പെട്ടത്.
ക്രിസ്തുമതത്തിൽ ഉണ്ടായ ഏറ്റവും വലിയ പിളർപ്പ് ഗ്രീക് സഭ (ബൈസാന്റൈൻ സഭ) എന്നറിയപ്പെട്ട പൌരസ്ത്യ ഓർതഡോക്സ് സഭ അഥവാ ഓർതഡോക്സ് കതോലിക്കാ സഭയും റോമാ സഭ എന്നറിയപ്പെട്ട പാശ്ചാത്യ കതോലിക്കാ സഭയുമായിട്ടായിരുന്നു. ഈസ്റ്റേൺ ഓർതഡോക്സ് സഭയുടെ അക്കാലത്തെ ഏറ്റവും വലിയ പാത്രിയാർക്കേറ്റായി 562 മുതൽ 1204 വരെ ഹഗിയ സോഫിയ നിലകൊണ്ടു. 1204ലാണ് ഇതിന്റെ ആദ്യത്തെ കൺവേർഷൻ നടന്നത്. ഈസ്റ്റേൺ ഓർതഡോക്സിയിൽ നിന്നും റോമൻ കതോലിസിസത്തിലേക്ക് ഹഗിയ സോഫിയ ‘മതം മാറ്റ’പ്പെട്ടു. ശേഷം 1262 വരെ കതോലിക്കാ കതീഡ്രലായിരുന്നു ഇത്. 1262ൽ ഇത് വീണ്ടും ഈസ്റ്റേൺ ഓർതഡോക്സി പാത്രിയാർകേറ്റായി മാറി. 1453 വരെ തൽസ്ഥിതി തുടർന്നു. 1453 ലാണ് തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ (കുസ്താന്തിനോസ്പോലിസ്) പിടിച്ചെടുത്തത്.
സോഫിയ പാത്രിയാർകേറ്റിൽ നിന്ന് അയാസോഫിയ മോസ്കിലേക്ക്
സുൽത്താൻ മെഹ്മെത് (മുഹമ്മദ്) രണ്ടാമന്റെ കാലത്തായിരുന്നു അത്. ആ വർഷം തന്നെയാണ് ഹഗിയ സോഫിയ പാത്രിയാർകേറ്റ്, അയാസോഫിയ മോസ്ക് ആയി മാറിയത്. വിലകൊടുത്ത് വാങ്ങിയതാണ് എന്ന ഒരു നിരീക്ഷണമുണ്ട്. അതിന് എതിർപക്ഷവുമുണ്ട്. വില കൊടുത്തിട്ടുണ്ടെങ്കിൽത്തന്നെയും അത് അധികാരം കൂടി ഉപയോഗിച്ചു കൊണ്ടുള്ള ഒരു കച്ചവടമാകാനേ വഴിയുള്ളൂ. അല്ലാതെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഒരു പാത്രിയാർക്കേറ്റ് ആസ്ഥാനം ഓർതഡോക്സ് സഭ സ്വമനസ്സാലെ വിൽക്കാനുള്ള സാധ്യതയൊന്നുമില്ല. കോൺസ്റ്റാന്റിനോപ്പിളിന്റെ നയതന്ത്രപരമായ പ്രാധാന്യം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതാണ്.


ഒഥ്മാനിയ സൽത്തനത്തിന്റെ ആസ്ഥാനം മെഹ്മെത് രണ്ടാമൻ, അദ്രിയാനോപോലിസിൽ (അദ്രിയാനോപ്പിൾ/ or Edirne) നിന്നും കുസ്താന്തിനോസ്പോലിസിലേക്ക് മാറ്റിയതും അതുകൊണ്ടാണ്. കോൺസ്റ്റാന്റിനോപ്പിളിലെ പ്രധാന മത, സാംസ്കാരിക കേന്ദ്രം എന്ന നിലക്ക് അഗിയ സോഫിയയും നയതന്ത്രപ്രാധാന്യമുള്ള ഒരു കേന്ദ്രമായിരുന്നു. 1935ൽ ഇത് കമാലിയൻ മതേതരത്വത്തിലേക്കും (ശരിയായിപ്പറഞ്ഞാൽ ഇസ്ലാം വിരുദ്ധതയിലേക്ക്) മതപരിവർത്തനം ചെയ്യപ്പെട്ടു.
അയാ സോഫിയ; തുർക്കിയുടെ രാഷ്ട്രീയ, മത നിലപാടുകളുടെ ദൃക്സാക്ഷി
ചരിത്രം മുൻനിർത്തി ചിന്തിക്കുമ്പോൾ വ്യത്യസ്ത കാലങ്ങളിൽ തുർക്കി കൈക്കൊണ്ടിരുന്ന രാഷ്ട്രീയ, മത നിലപാടുകളുടെ ദൃക്സാക്ഷിയാണ് അഗിയ സോഫിയ. അതാണ് അതിനെ ഒരു ചരിത്രസ്മാരകമാക്കി മാറ്റുന്നതും. ഒരു ചരിത്രസ്മാരകം എന്നതിന് ഒരു ആരാധനാലയം എന്നതിനെക്കാൾ പവിത്രതയുണ്ട് എന്നാണ് ഇതെഴുതുന്നയാളിന്റെ വിശ്വാസം.
പലരും ഈ ഒരു മാറ്റത്തെ ആഘോഷിക്കുന്നത് കണ്ടു ആ സംഭവം. എനിക്കതിന് സാധിക്കാത്തതിന്റെ കാരണം ഇപ്പറഞ്ഞ ചരിത്ര വിവരണത്തെ നാളിതുവരെ ഞാൻ കൈക്കൊണ്ടിട്ടുള്ള സാമൂഹ്യ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെടുത്തി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. വീണ്ടെടുപ്പിന്റെ ആഘോഷം ചിലർ രേഖപ്പെടുത്തിക്കണ്ടു. ഒന്നാമത്, എല്ലാം അങ്ങനെ വീണ്ടെടുക്കാനുള്ളതല്ല. ആ ചിന്ത തന്നെ രക്തപ്പകയുടെ കാലങ്ങളെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കലാകും എന്ന് ഞാൻ കരുതുന്നു. ഇനി അത് സമ്മതിച്ചാൽപ്പോലും അഗിയ സോഫിയ തിരിച്ചുപിടിക്കാൻ ആർക്കാണ് അർഹതയുള്ളത്, മറ്റൊരു നിലക്ക് ചോദിച്ചാൽ ആർക്കാണ് അർഹതയില്ലാത്തത്?
വീണ്ടെടുപ്പുകൾക്ക് വേണ്ടി ജീവിക്കാൻ ലോകത്തെ എല്ലാ സമൂഹങ്ങളും തീരുമാനിച്ചു കഴിഞ്ഞാൽ നാളുകൾക്കകം ചുടലപ്പറമ്പാകാൻ മാത്രമേയുള്ളൂ ഈ ഭൂമി തന്നെ. അതിനെക്കാൾ പ്രധാനം, ഇക്കാര്യം ഉൾപ്പെടെ എർദൊഗാൻ എന്ന അധികാരിയുടെ സമീപനങ്ങൾ പലതും താൻ പ്രതിനിധാനം ചെയ്യുന്ന തുർക്കി ദേശീയതയുടെ കീഴിലേക്ക് മുസ്ലിം ലോകത്തെത്തന്നെ കൊണ്ടുവരിക എന്നുദ്ദേശിച്ചു കൊണ്ടുള്ളതാണ് എന്ന് തോന്നുന്നു.


പള്ളിയാവണോ ചർച്ചാവണോ ചരിത്രസ്മാരകമാവണോ എന്നതെല്ലാം അവിടുത്തെ ജനതയുടെ തീരുമാനവുമായാണ് പ്രഥമമായി ബന്ധപ്പെടുന്നത്. ആ തീരുമാനത്തെയും നമുക്ക് നിരൂപണം നടത്താം. എന്നാൽപ്പോലും അവർ അവരുടെ കാര്യത്തിൽ എന്ത് തീരുമാനിക്കുന്നുവോ അതിൽ ഇടപെടാൻ നമുക്ക് ന്യായമൊന്നുമില്ല. അതേസമയം ഇതിനെ ഇസ്ലാമിന്റെ അന്തസ്സിന്റെ വീണ്ടെടുക്കൽ (അതെപ്പഴാണാവോ നഷ്ടപ്പെട്ടു പോയത്!) എന്നൊക്കെ വിശേഷിപ്പിക്കുന്നത് ചെറിയ അവിവേകമൊന്നുമല്ല എന്ന് ഞാൻ കരുതുന്നു.
ഈ വിഷയം ബാബറി മസ്ജിദുമായി ഏറെ സാദൃശ്യമുള്ളതാണ് എന്നാണ് ചിലർ എഴുതിക്കണ്ടത്. ആധുനിക രാഷ്ട്രവും ഡെമോക്രസിയും ഒക്കെ നിലവിൽ വന്നതിന് ശേഷമുള്ള ഒരു ബലപ്രയോഗത്തിന്റെയും അക്രമത്തിന്റെയും ചരിത്രമാണ് ബാബറി മസ്ജിദ് ധ്വംസനത്തിന്റേത്. അതല്ല അഗിയ സോഫിയയുടെ കഥ. ഇനി അഥവാ താരതമ്യം സാധ്യമാണെങ്കിൽപ്പോലും അത് പ്രതിലോമപരമായ താരതമ്യമായിരിക്കും എന്നോർക്കുന്നത് നല്ലതാണ്.
തുർക്കിയിലെ ക്രൈസ്തവ സഭകളോ ക്രിസ്ത്യാനികളോ ഇതിൽ പ്രതിഷേധിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാൽ ലോകം പ്രതികരിച്ചിട്ടുണ്ട്. ഈ പ്രതികരണങ്ങളെ മാനിക്കണോ വേണ്ടയോ എന്നൊക്കെ എർദൊഗാനും സർക്കാറും തീരുമാനിക്കട്ടെ. അതേസമയം വൈകാരികമായ ഒരു വിഷയം ഇട്ടുകൊടുത്തു കൊണ്ട് ലോകത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിലെ അധികാരതന്ത്രവും കാണാതിരുന്നു കൂടാ എന്ന് തന്നെ ഞാൻ കരുതുന്നു.