Feature

ഇസ്ലാമിൽ ജാതീയതയോ?; ചങ്ങനാശ്ശേരി പള്ളി കമ്മറ്റി നടപടി മത-മാനവിക വിരുദ്ധം

“മനുഷ്യരെ നിങ്ങളെ നാം ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു” വിശുദ്ധ ഖുർആനിന്റെ പ്രഖ്യാപനമാണിത്. മനുഷ്യരായ നാമെല്ലാം ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് എന്നാണ് ദൈവം നമ്മെ അറിയിക്കുന്നത്.

സൃഷ്ടാവായ ദൈവം തമ്പുരാൻ തന്റെ അടിമകളെ പരസ്പരം സഹോദരങ്ങളയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സഹോദരങ്ങൾക്കിടയിൽ ഒരുതരത്തിലുമുള്ള വേർതിരിവുകളോ അവഹേളനങ്ങളോ ഉണ്ടാകാൻ പാടില്ല എന്നുള്ളത് ദൈവീക അധ്യാപനമാണ്.

എന്നാൽ ഇന്ന് ഈ മതത്തിന്റെ വക്താക്കൾ, സംരക്ഷകർ എന്നൊക്കെ അവകാശപ്പെടുന്ന ആളുകളിൽ നിന്നും മനുഷ്യർക്കിടയിൽ ജാതീയതയും വിഭാഗീയതയും ഉണ്ടാക്കുന്ന തരത്തിലുള്ള സമീപനങ്ങൾ ഉടലെടുക്കുന്നു. ഒരിക്കലും ഇസ്ലാം ഇത് അംഗീകരിക്കുന്നില്ല. വിശുദ്ധ ഖുർആനിന്റെയും പ്രവാചകന്റെയും അധ്യാപനങ്ങൾക്ക് തീർത്തും വിപരീതമായ ഒരു സമീപനമാണ് ഇന്നുണ്ടായിരിക്കുന്നത്.

മനുഷ്യൻ ഏതു നാട്ടിൽ ജീവിക്കുന്നവൻ ആകട്ടെ അവന്റെ തൊഴിൽ, ഭാഷ, വേഷം ഇതിന്റെ ഒന്നും അടിസ്ഥാനത്തിൽ ഒരുതരത്തിലുമുള്ള വേർതിരിവുകൾ പാടില്ല എന്നുള്ളതാണ് മതം നമ്മെ പഠിപ്പിക്കുന്നത്.

പ്രവാചകൻ (സ) അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നതും ഇതുതന്നെയാണ്. ആ നാട്ടിൽ അടിമകളായി ജീവിച്ച ആളുകൾ ഇസ്ലാമിലേക്ക് കടന്നുവന്നപ്പോൾ അവർക്ക് യാതൊരു തരത്തിലുമുള്ള വിവേചനങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ല.

ധനികനായ അബൂബക്കറും ധീരനായ ഉമറും നീഗ്രോ ആയ ബിലാലും ഒരേ വരിയിൽ നിന്ന് നമസ്കരിച്ചതും ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിച്ചതും ഈ ഒരു സമഭാവനയുടെ വ്യക്തമായ അധ്യാപനങ്ങളാണ് നമുക്ക് പകർന്ന് നൽകുന്നത്.

പിന്നെയെങ്ങനെയാണ് ചില തൊഴിലെടുക്കുന്ന ആളുകൾ മറ്റുള്ളവരുമായി സദസ്സ് പങ്കിടാൻ പാടില്ല എന്ന് നമുക്ക് പറയുവാൻ കഴിയുന്നത്? അതും ഒരു പള്ളിക്കമ്മിറ്റി പൊതു യോഗത്തിൽ! മനുഷ്യർക്കിടയിൽ ഒരുതരത്തിലുമുള്ള വിവേചനവും പാടില്ല എന്ന വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനം പ്രവാചകൻ നിർവഹിച്ച ദുൽഹിജ്ജ മാസത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു വാർത്ത വന്നു എന്നുള്ളത് ഏറെ ഖേദകരമാണ്.

വെളുത്തവന് കറുത്തവനെക്കാളും , ധനികന് പാവപ്പെട്ടവനെ കാളും യാതൊരു സ്ഥാനവും ശ്രേഷ്ഠതയും ഇല്ല എന്നല്ലേ പ്രവാചകൻ വിളംബരം ചെയ്തത്? പടച്ചവൻ ആകട്ടെ മനുഷ്യന് സ്ഥാനവും ആദരവും നൽകുന്നത് അവന്റെ വിശ്വാസ വിശുദ്ധിയുടെയും നിഷ്കളങ്ക മനസ്സിന്റെയും അതുമൂലം ഉണ്ടായിത്തീരുന്ന സൽപ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ്.

അങ്ങനെയെങ്കിൽ ജോലിയുടെയും മറ്റും പേര് പറഞ്ഞ് ആളുകൾക്കിടയിൽ വേർതിരിവുകളും വിലക്കുകളും ഏർപ്പെടുത്തുവാൻ മനുഷ്യർക്ക് എങ്ങനെയാണ് സാധിക്കുക?

അതും മതത്തിന്റെ യഥാർത്ഥ സന്ദേശങ്ങൾ പ്രചരിപ്പിക്കേണ്ട ഒരു പള്ളി കമ്മറ്റിക്ക്?

മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമായിട്ടാണ് സമ്പത്തിനെ നിശ്ചയിച്ചിരിക്കുന്നത്. ഈ സമ്പത്ത് മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടി ഇരുന്ന് സമ്പാദിക്കുന്നതിനേക്കാൾ ഏറ്റവും ഉത്തമമായിട്ടുള്ളത് സ്വയം അധ്വാനിച്ച് കണ്ടെത്തുക എന്നുള്ളതാണ്.

മാത്രവുമല്ല ആളുകൾക്കു മുമ്പിൽ യാചിക്കുന്ന സ്വഭാവത്തെ മതം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നുമില്ല.

ഇങ്ങനെയിരിക്കെ ഒരു വ്യക്തി തൻറെ ജീവിത മാർഗമായി ഒരു തൊഴിൽ തിരഞ്ഞെടുത്താൽ, അതും മതം വിലക്കാത്ത ഒരു തൊഴിൽ, ആ തൊഴിലിന്റെ പേരുപറഞ്ഞ് എങ്ങനെയാണ് വ്യക്തികളെ സദസ്സുകളിൽ നിന്നും മറ്റും മാറ്റിനിർത്തുവാൻ കഴിയുക?

ഒരു ഭാഗത്ത് തൊഴിലിലൂടെ അധ്വാനിച്ച് ജീവിക്കുക എന്നുള്ള വലിയ ഒരു സംസ്കാരം മതം പഠിപ്പിക്കുമ്പോൾ അതിന് നേർവിപരീതമായിരിക്കുന്ന സംസ്കാര ശൂന്യതയാണ് ഇത്തരത്തിലുള്ള ആളുകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മതം, അനുവദനീയമായ ഒരു തൊഴിലിനെയും ചെറുതായോ നീചമായോ കാണുന്നില്ല. മാത്രവുമല്ല എല്ലാ തൊഴിലിനും തൊഴിലാളിക്കും വലിയ പരിഗണനയും ബഹുമാനവുമാണ് മതം നൽകുന്നത്.

ഇവിടെ ഇന്ന് ഒരു പള്ളി കമ്മിറ്റിയുടെ നോട്ടീസ് കൈപ്പറ്റാൻ വിധിക്കപ്പെട്ടിരിക്കുന്ന വ്യക്തി, അയാൾ ഉൾക്കൊള്ളുന്ന ആളുകൾ ചെയ്യുന്ന ബാർബർ പണി എന്നുള്ളത് ഒരിക്കലും മോശമായ തൊഴിലോ, ആ തൊഴിലെടുക്കുന്നവർ ബഹിഷ്കരിക്കപ്പെടേണ്ടവരോ അല്ല.

അവരും മറ്റുള്ളവരെ പോലെയുള്ള പച്ചയായ മനുഷ്യർ തന്നെയാണ്. ഇവിടെ ഈ ഒരു വിഭാഗം ആളുകളെ മാറ്റിനിർത്തുവാൻ ഈ ജോലിയുടെ മോശം കൊണ്ടോ അതോ ജോലി ചെയ്യുന്നവരുടെ മോശം കൊണ്ടോ എന്നത് മനസ്സിലാകുന്നില്ല.

ഏതായാലും ബുദ്ധിയുള്ളവർക്ക് ഒരു കാര്യം മനസ്സിലാക്കാം.

അതായത് ഈ ബഹിഷ്കരണ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകളും അവരുടെ തലമുടിയും താടിയും വെട്ടാനും മറ്റുമൊക്കെ തല വെച്ചു കൊടുക്കുന്നത് ഈ തൊഴിലാളികളുടെ മുന്നിലാണ്.

അതിനാൽ തന്നെ ഇത് ഒരു മോശമായ തൊഴിലാകാൻ സാധ്യതയുമില്ല.

ഇനി അതല്ല, ഈ ബഹിഷ്കരണക്കാർ അത്രയ്ക്ക് മോശക്കാരായതുകൊണ്ടാണോ ഇവർക്കു മുമ്പിൽ തങ്ങളുടെ തല കൊണ്ടു വച്ചുകൊടുക്കുന്നത്!

ഏതായാലും ഒരു കാര്യം സത്യമാണ്.

മതത്തിൽ അഥവാ ഇസ്ലാമിൽ മനുഷ്യർക്കിടയിൽ യാതൊരു തരത്തിലുമുള്ള വിവേചനങ്ങളോ ബഹിഷ്കരണങ്ങളോ ഇല്ല.

ഇത്തരത്തിലുള്ള ബഹിഷ്ക്കരണങ്ങൾ നടപ്പിലാക്കുകയും അത് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ആളുകളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുവാൻ ഉള്ളത് നിങ്ങൾ ഒരു പള്ളിയുടെയും സംരക്ഷകരോ കമ്മറ്റിക്കാരോ ആകരുത് എന്നാണ്.

കാരണം നിങ്ങളുടെ ചെയ്തികൾ പള്ളി മിനാരങ്ങൾ വിളിച്ച് പറയുന്ന സന്ദേശങ്ങൾക്ക് വിരുദ്ധമാണ്.

മതത്തെ പറയിപ്പിക്കരുത് .പ്ലീസ്.

സഹൽ മുട്ടിൽ,
പ്രസിഡൻ്റ്,
ഐ എസ് എം കേരള

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Hilal
1 year ago

Good

Back to top button
1
0
Would love your thoughts, please comment.x
()
x