സ്വർണ്ണകടത്ത്; സി.ബി.ഐ അന്വേഷിക്കണം – ശശി തരൂർ
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസ് ദേശീയ താൽപര്യത്തിന് വിരുദ്ധമായ ഗുരുതരമായ കുറ്റമാണെന്നും അതിനാൽ സി ബി ഐ അന്വേഷിക്കണമെന്നും ശശി തരൂർ ആവശ്യപെട്ടു. അതേ സമയം തന്റെ പേര് സ്വർണ്ണ കടത്ത് പ്രതികളുമായി കൂട്ടിച്ചേർത്ത് വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫേസ് ബുക്കിൽ കുറിച്ചു. ശശി തരൂറിറന്റ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം
ഈ ആരോപണത്തിൽ ശക്തമായ ഒരന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള ആവശ്യത്തെ ഞാൻ ശക്തമായി പിന്തുണക്കുന്നു. തിരുവനന്തരപുരത്ത് യു എ ഇ യുടെ ഒരു കോൺസുലേറ്റ് തുറന്നു പ്രവർത്തിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു എന്നതിൽ എനിക്കിന്നും അഭിമാനമുണ്ട്; കുറച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥർ കാരണം അതിന്റെ മൂല്യം കുറഞ്ഞു പോകരുത്.
ഒരു കാര്യം വളരെ വ്യക്തമായി പറയാൻ ഞാനാഗ്രഹിക്കുന്നു: ഈ ഒരു വിഷയവുമായി എന്നെ ബന്ധപ്പെടുത്താനുള്ള ചില അവസരവാദികളോട് പറയാനുള്ളത് കോൺസുലേറ്റിൽ എന്റെ ശുപാർശയിൽ ആരെയും നിയമിച്ചിട്ടില്ല; കുറ്റാരോപിതരെ ഞാൻ കണ്ടിട്ടില്ല; എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ല.
കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ട 2016ൽ ഞാൻ കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷ കക്ഷിയുടെ എം പി ആയിരുന്നു. അത് കൊണ്ട് തന്നെ ഇപ്പറഞ്ഞ ആളുകളെ നിയമിക്കുന്ന കാലത്ത് ഞാൻ മന്ത്രിയായിരുന്നു എന്ന ആരോപണം തികച്ചും വാസ്തവവിരുദ്ധമാണ്. ഇത്തരം കളവ് പ്രചരിപ്പിച്ചുകൊണ്ട് എന്നെ സമൂഹത്തിൽ കരിവാരിതേക്കാനുള്ള ശ്രമത്തെ നിയമപരമായി ഞാൻ നേരിടുന്നതാണ്
ദേശീയ താല്പര്യത്തിന് വിരുദ്ധമായ വളരെ ഗുരുതരമായ കുറ്റമാണ് പ്രസ്തുത വിഷയത്തിലുള്ള ആരോപണങ്ങൾ. അത് കൊണ്ട് തന്നെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ സി ബി ഐ അന്വേഷണത്തിന് വേണ്ടിയുള്ള ആവശ്യത്തെ ഞാൻ ശക്തമായി പിന്തുണക്കുന്നു. കുറ്റാരോപിതരുടെ ഫോൺ കാളുകളും കോണ്ടാക്ടുകളും പരിശോധിക്കാനും അങ്ങിനെ യഥാർത്ഥ പ്രതികളെ കണ്ടു പിടിക്കാനും കഴിയേണ്ടതുണ്ട്.
ഈ വിഷയത്തെ അതര്ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തിരുവനന്തപുരത്തിന്റെ പാർലിമെന്റിലെ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ശക്തിയായി ആവശ്യപ്പെടുന്നു. ഈ വിഷയവുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെങ്കിലും അധികാരികൾ ആവശ്യപ്പെട്ടാൽ ഞാനും എന്റെ ഓഫീസും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു.
ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നൊരു അപേക്ഷയോടെ…
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS