
വിഷ്ണു പ്രസാദ്
കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ JNU കോർഡിനെഷൻ കമ്മിറ്റിയുടെ കൂടെ വടക്ക് കിഴക്കൻ ഡൽഹിയിലെ അതിഭീകരമായ കലാപത്തിന് സാക്ഷിയായ മുസ്തഫബാദിലെ ശിവ് വിഹാറിൽ ആയിരുന്നു. ആദ്യ ദിവസം പതിനൊന്നു പേരുമായി മുസ്തഫാബാദിലെ അൽ ഇസ്ലാഹ് സ്കൂളിൽ എത്തിയ ഞങ്ങളെ ശിവ് വിഹാറിലേക്ക് വഴി കാണിക്കാൻ വന്നത് ജമീൽ അഹ്മദ് എന്ന അൻപതിനടുത്തു പ്രായം വരുന്ന സൗമ്യനായ മനുഷ്യനാണ്. കൊടും ഭീകരതക്ക് ഇരയും സാക്ഷിയുമായിട്ടും സുസ്മേരവദനനായാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്.
ശിവ് വിഹാറിലേക്ക് പോവാനായി വഴികാട്ടാൻ പലരെയും സമീപിച്ചെങ്കിലും പലരും ഭീകരാന്തരീക്ഷം കണക്കിലെടുത്ത് ഞങ്ങളെ അനുഗമിക്കാൻ വിസ്സമ്മതിക്കുകയായിരുന്നു. ഇരുപത്തഞ്ചാം തിയ്യതി രാത്രി ശിവ് വിഹാറിൽ നിന്നും കലാപത്തെത്തുടർന്ന് ബാബു നഗറിലേക്കും ഇന്ദിര വിഹാറിലേക്കും എല്ലാം വിട്ടെറിഞ്ഞ് പാലായനം ചെയ്ത പലരുമായും സംസാരിച്ചു വിവരങ്ങൾ ശേഖരിക്കുന്നതിന് ഇടയിലാണ് ജമീൽ ഭായിയെ ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത്. ശിവ വിഹാറിലേക്ക് പോകാനാണ് ഞങ്ങളുടെ ഉദ്ദേശം എന്ന് പറഞ്ഞപ്പോൾ ആദ്യമൊന്നു മടിച്ചെങ്കിലും പിന്നീട് ഞങ്ങളെ അനുഗമിക്കാൻ അദ്ദേഹം തയ്യാറായി. ഇരുപത്തിയഞ്ചാം തീയതി വീടുവിട്ടു ജമീൽ അഹമ്മദിന്റെതടക്കം നൂറോളം കുടുംബങ്ങൾ ഒരാഴ്ചയായി ഭീതിയും അക്രമാന്തരീക്ഷവും കാരണം തിരിച്ചു പോയിട്ടുണ്ടായിരുന്നില്ല അവർക്കാർക്കും തങ്ങളുടെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നോ എന്തൊക്കെ അവിടെ അവശേഷിക്കുന്നു എന്നോ യാതൊരു പിടിയുമില്ല.
വികസനത്തിന്റെ ചെറു നാമ്പുകൾ പോലും എത്തിപ്പെടാത്ത ഡൽഹിയിലെ ഏതൊരു മുസ്ലിം ചേരികളിൽ നിന്നും വല്ലാതെ വ്യത്യസ്തമൊന്നുമല്ല ശിവ് വിഹാറിലെയും അവസ്ഥ. ആളുകൾ തിങ്ങിനിറഞ്ഞു ജീവിക്കുന്ന അടുത്തടുത്തായിട്ടുള്ള വീടുകൾ. ഒരു വശത്തുകൂടി തികച്ചും വൃത്തിഹീനമായ ഒഴുകുന്ന കനാൽ. ബാബു നഗറിൽ നിന്നും ശിവ് വിഹാറിലേക്ക് നടക്കുമ്പോൾ തന്നെ മുസ്ലീങ്ങൾ ഏറിയപങ്കും പാർക്കുന്നിടത്തു എത്തുമ്പോൾ തന്നെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ അധഃപതിക്കുന്ന വിവേചനത്തിന്റെ അനുരണനം വളരെ വ്യക്തമാണ്.ഞങ്ങളുടെ കൂടെ നടക്കുമ്പോളത്രയും ജമീൽ ഭായിയുടെ കണ്ണുകളിൽ അദ്ദേഹം ഭയത്തെ ഒരു ചെറു പുഞ്ചിരി കൊണ്ട് ഒളിപ്പിക്കുന്നത് കാണാമായിരുന്നു.
വഴിയിൽ വച്ച് ഞാൻ കത്തിയെരിഞ്ഞ വാഹനങ്ങളുടെയും കടകളുടെയും ലൈവ് വീഡിയോ ചെയ്യുന്നത് ഇടയ്ക്ക് കുറച്ച് ആളുകൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. തൊപ്പി ധരിച്ച ജമീൽ ഭായ് മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞതിനാലാവണം അവർക്ക് ഞങ്ങൾ ആരാണെന്ന് അറിയണം. ജെഎൻയുവിൽ നിന്നാണെന്നു പറഞ്ഞാൽ അതിന്റെ അടി വേറെ കൊള്ളേണ്ടിവരും എന്നതിനാൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥികൾ ആണെന്ന് ഞങ്ങൾ കള്ളം പറഞ്ഞു. ഈ സംഭവത്തിനു ശേഷം ഞങ്ങൾ ശിവ് വിഹാറിലേക്ക് കിടക്കുന്നതിനുമുമ്പ് ജമീൽ ഭായ് അദ്ദേഹം ധരിച്ചിരുന്ന തൊപ്പിയൂരി മടക്കി പോക്കറ്റിലേക്കിട്ട കാഴ്ച വളരെ വേദനയോടെയാണ് ഞങ്ങൾ കണ്ടത്.
ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് താൻ വിശ്വസിക്കുന്ന മതത്തിന്റെ പേരിൽ ആ രാജ്യത്തിലെ പൗരൻ നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥയുടെ കാഴ്ചകൾ അനേകമായിരുന്നു. മുസ്ലിം സുഹൃത്തുക്കൾ പൊട്ടുതൊട്ടും പരസ്പരം പേരു വിളിക്കുന്നത് ഒഴിവാക്കിയുമാണ് നടന്നു നീങ്ങിയത്. മിക്ക മുസ്ലിം വീടുകളും കത്തിയെരിഞ്ഞ കാഴ്ചയാണ് കണ്ടത് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുന്നതിന് മുമ്പായി വീടുകളും കൊള്ളയടിക്കപ്പെട്ടിരുന്നു.
മുസ്ലിം വീടുകൾ പ്രത്യേകം തിരഞ്ഞുപിടിച്ച് കൊള്ളയടിച്ച് അഗ്നിക്കിരയാക്കിയ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ശിവ് വിഹാറിലെ രണ്ടു മുസ്‌ലിം പള്ളികളും പൂർണമായും തകർക്കപ്പെട്ടിരുന്നു. ജമീൽ ഭായ് എല്ലാദിവസവും നിസ്കരിക്കുന്ന ഔലിയ മസ്ജിദിന് അകത്ത് പൊട്ടിച്ചിതറിയ 4 ഗ്യാസ് സിലിണ്ടറുകളാണ് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞത്.
ഗ്യാസ് സിലിണ്ടറിന്റെ ശക്തമായ സ്ഫോടനത്തിൽ പൂർണ്ണമായും തകർന്ന പള്ളിക്കകത്ത് കാലിൽ കുപ്പിചില്ല് കയറാതിരിക്കാൻ ഞങ്ങൾ പാദരക്ഷ യോടു കൂടി കൂടി കയറിയപ്പോഴും ആ മനുഷ്യൻ പള്ളിയുടെ വിശുദ്ധിക്ക് നഷ്ടം വരാതിരിക്കാൻ നഗ്നപാദനായാണ് അകത്തു കയറിയത്. ഉള്ളിൽ കത്തിയെരിഞ്ഞ വിശുദ്ധ ഖുർആൻ കണ്ടു ആ വിശ്വാസിയുടെ ഉള്ളൊന്നു പിടഞ്ഞു ഇരിക്കണം. നടത്തും തുടർന്നപ്പോൾ വഴിയിലുടനീളം കത്തിയെരിഞ്ഞ മുസ്ലിം വീടുകൾ മാത്രം കണ്ടപ്പോൾ ഭായിയുടെ മുഖത്ത് നേരത്തെ പ്രയാസപ്പെട്ടു വരുത്തിയ പുഞ്ചിരി മാറി ആകാംക്ഷയുടെയും സമ്മർദത്തിനും കരിനിഴൽ പരക്കുന്നത് കാണാമായിരുന്നു.
കലാപത്തിനു ശേഷം ആദ്യമായി സ്വന്തം വീടു കാണാൻ പോകുന്ന ആ മനുഷ്യൻ ഒരുപക്ഷേ എങ്ങനെയായിരിക്കും അതിനോടു പ്രതികരിക്കുക എന്ന് ആശങ്ക ഞങ്ങളിൽ ചിലർ പങ്കുവച്ചു. വീട് അടുത്തു വന്നതിനാലാകണം ജമീൽ ദുബായ് നടത്തത്തിന് വേഗം കൂട്ടി ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഫാത്തിമ കൊപ്പം ഭായ് ഞങ്ങൾക്ക് വളരെ മുന്നിലായി നടന്നു. ഭായിക്കൊപ്പം നടന്നു എത്താൻ ഞങ്ങൾ നന്നേ കഷ്ടപ്പെട്ടു.
50 വർഷത്തോളം ജീവിച്ച് ഭൂമിയിൽ നിന്നും വെറുപ്പിന്റെയും മതഭ്രത്തിന്റെയും രാഷ്ട്രീയം ഒരു രാത്രി കൊലവിളി നടത്തി വംശഹത്യയുടെ ഭീതി വിതച്ച് ഓടിച്ചു വിട്ടത്തിന്റെ ആറാം നാൾ ധൈര്യം സംഭരിച് ഞങ്ങളുടെ കൂടെ സ്വന്തം വീടു കാണാൻ വന്ന ആ മനുഷ്യന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ വീടിന്റെ അവസ്ഥ എന്താണെന്ന് അറിയണം കത്തിയെരിഞ്ഞിട്ടില്ലെങ്കിൽ വീട്ടിൽ സൂക്ഷിച്ച വിലപിടിപ്പുള്ള സാധനങ്ങളും രേഖകളും കുട്ടികളുടെ പുസ്തകങ്ങളും എടുക്കണം. ശിവ് വിഹാറിലേക്ക് ഞങ്ങൾ പോവുകയാണ് എന്ന് അറിഞ്ഞപ്പോൾ തങ്ങളുടെ വീടുകളുടെ അവസ്ഥ നോക്കി അറിയിക്കാൻ ഭായിയുടെ പരിസരവാസികളും ഞങ്ങളെ ചട്ടം കെട്ടിയിരുന്നു.
താരതമ്യേന വീതി കൂടിയ വഴിയിൽ നിന്നും ഉള്ളിലേക്ക് മാറിയാണ് ജമീൽ ഭായിയുടെ വീട്. നടത്തിലുടനീളം ആ മനുഷ്യനൊപ്പം ഞങ്ങളും പ്രാർഥിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വീട് സുരക്ഷിതമായിരിക്കണെ എന്ന്. വളവ് കഴിഞ്ഞതും ആ മനുഷ്യൻ കലാപകാരികൾ പൂട്ട് തകർത്ത സ്വന്തം വീട്ടിലേക്ക് ഓടിക്കയറി. കലാപകാരികൾ വീട്ടിൽ കയറി കൊള്ളയടിച്ചതിന്റെ ലക്ഷണങ്ങൾ കാണാമായിരുന്നു. ഒരു പുരുഷായുസ്സ് സമ്പാദ്യം മുഴുവൻ കൊണ്ട് താൻ കെട്ടിപ്പടുത്ത വീട് കത്തിയെരിയാത്തതിന്റെ ആശ്വാസം ആ മനുഷ്യന്റെ കണ്ണുകളിൽ കാണാൻ കഴിഞ്ഞു.
വീട്ടിലെ ഗ്യാസ് സിലിണ്ടർ അപ്രത്യക്ഷമായിരുന്നു, കാശും കൊള്ളയടിക്കപെട്ടിരിക്കുന്നു. പരിസരത്തെ ഏതെങ്കിലും വീടോ പള്ളിയോ തകർക്കാൻ ആ സിലിണ്ടർ കലാപകാരികൾ ഉപയോഗിച്ച് കാണണം. വീട്ടിൽ അവശേഷിച്ച പ്രധാനപ്പെട്ട രേഖകളും കുട്ടികളുടെ പുസ്തകങ്ങളുമായി ജമീൽ ഭായി മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് വന്നു. രാവിലെ ഞങ്ങളെ കണ്ടപ്പോൾ മുതൽ മുഖത്ത് പ്രയാസപ്പെട്ടു വരുത്തിയ ആ പുഞ്ചിരി ആ മനുഷ്യന്റെ മുഖത്തേക്ക് വീണ്ടും തെളിച്ചം കൊണ്ടുവന്നു. കത്തിച്ചാമ്പലായി പ്രേതാലയമായി മാറിയ ശിവ് വിഹാറിൽ നിൽക്കുമ്പോഴും ആ മനുഷ്യന്റെ മുഖത്തെ ചെറിയ ആശ്വാസം ഞങ്ങൾക്കും ഒരു കുഞ്ഞു സന്തോഷം നൽകി. അപ്പോഴേക്കും നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. കൂടുതൽ സമയം അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായി ഞങ്ങൾ തിരിച്ചു പോരാൻ തുടങ്ങി.
തിരിച്ചു പോരുമ്പോൾ ഞാനായിരുന്നു ജമീൽ ഭായിയുടെ രേഖകളും കുട്ടികളുടെ പുസ്തകങ്ങളുമടങ്ങിയ സഞ്ചി പിടിച്ചത്. ബാറ്ററി റിക്ഷ ഒരു വലിയ ഗട്ടറിൽ ചാടിയപ്പോൾ കയ്യിൽനിന്നും സഞ്ചി ചെറുതായി തെന്നി വീഴാൻപോയപ്പോൾ പൗരത്വം കവർന്നെടുത്തു സ്വന്തം മാതൃരാജ്യത്തിൽ നിന്നും ആട്ടിയിറക്കപെടുമ്പോൾ ഈ രാജ്യത്തിൽ ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്ന ഒരു ഫാസിസ്റ്റു ഭരണകൂടത്തെയും തീവ്രവാദത്തെയും പ്രതിരോധിക്കാൻ ജമീൽ അഹ്മദ് എന്ന മുസ്ലിമിന് ഈ രേഖകൾകൊണ്ട് മാത്രം സാധിക്കുമോ എന്നെനിക്ക് അറിയില്ല. എങ്കിലും നേരിയ ഒരു പ്രതിരോധസ്തരമെങ്കിലും സൃഷ്ഠിക്കാൻ ഉതകുമെന്ന പ്രത്യാശയിൽ ഞാനാ സഞ്ചി മുറുകെ പിടിച്ചു.
വിഷ്ണു പ്രസാദ്(JNU സ്റ്റുഡന്റ്‌സ് യൂണിയൻ അംഗം)