Business

കിഫ്ബി; കടം വാങ്ങിയുള്ള വികസനം

സാമ്പത്തികം/അഷറഫ് മടിയാരി

എൽ ഡി എഫ് സർക്കാർ ഇറക്കുന്ന പരസ്യങ്ങൾ കണ്ടാൽ കേരളം അഞ്ച് വർഷങ്ങൾക്കൊണ്ട് എക്കാലത്തെയും മികച്ച വികസനങ്ങൾ കൊണ്ടുവന്നു എന്നാണ് മനസ്സിലാകുക. ഒരു പരിധി വരെ ഇത് ശരിയാണ് താനും.

പക്ഷെ ഇതെങ്ങിനെ സാധ്യമാക്കി എന്നതാണ് ചിന്തിക്കേണ്ടത്. ഒട്ടു മിക്ക വികസന പദ്ധതികൾക്കും കിഫ്ബിയാണ് ഫണ്ട് ചെയ്തിരിക്കുന്നത്.

കിഫ്ബി ഈ ഫണ്ടുകളൊക്കെയും സർക്കാറിന് വെറുതെ കൊടുക്കുന്നതല്ല. ഇന്റർനാഷണൽ മാർക്കറ്റിൽ 9.72 ശതമാനം ഇന്ററസ്റ്റ് റേറ്റിൽ ഇറക്കുന്ന മസാല ബോണ്ടു വഴിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, യൂനിയൻ ബാങ്ക് തുടങ്ങിയ മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഏറെക്കുറെ ഇതെ റേറ്റിൽ എടുക്കുന്ന വായ്പകളും വഴിയാണ് കിഫ്ബി പണം കണ്ടെത്തുന്നത്.

ഇതിനൊക്കെ കേരള സർക്കാർ ജാമ്യം നിൽക്കുകയും ചെയ്യേണ്ടി വരുമ്പോൾ തീർച്ചയായും ഈ പണമത്രയും കേരള സർക്കാറിന്റെ ബാധ്യത തന്നെയാണ്.

കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 ൽ അന്നത്തെ സർക്കാർ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ രൂപികരിച്ചതാണ് കിഫ്ബി.

ഗതാഗതം ഊർജം അടിസ്ഥാന വികസനം ഐ ടി, ജല ശുചീകരണം എന്നീ മേഘലകളിലെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ സർക്കാർ നടത്തുന്നത്.

സാമ്പത്തിക മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2016 ൽ എൽ ഡി എഫ് സർക്കാർ കിഫ്ബി യുടെ ചട്ടങ്ങൾ പരിഷ്കരിച്ചതോടെ സെബിയും ആർ ബി ഐയും അംഗീകരിച്ചിട്ടുള്ള ധന സമാഹരണ മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ കിഫ്ബിക്ക് കഴിഞ്ഞു.

മോട്ടോർ വാഹന വകുപ്പിന് നികുതിയിനത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റ 50 % വും പെട്രോൾ സെസും കിഫ്ബിക്ക് ലഭ്യമാകും. മാത്രമല്ല സമാഹരിക്കുന്ന നിക്ഷേപത്തിന് ഗ്യാരന്റിയും സർക്കാർ നൽകും. കിഫ്ബി വഴി സമാഹരിക്കുന്ന പണം സർക്കാർ ഖജാനാവിൽ നിക്ഷേപിക്കുകയൊ വക മാറ്റി ചിലവാക്കാനൊ ഈ ചട്ടങ്ങൾ പ്രകാരം കഴിയില്ല.

കടം വാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ ഇതിന്റെ പിന്നാം പുറവും കൂടി വ്യക്തമാക്കേണ്ടതാണ്.
2016 ൽ പിണറായി സർക്കാർ ഭരണമേറ്റെടുക്കുമ്പോൾ കേരള സംസ്ഥാനത്തിന്റെ പൊതു കടം ഒന്നര ലക്ഷം കോടി രൂപയായിരുന്നു 2021 മധ്യത്തോടെ അത് മൂന്നു ലക്ഷം കോടി വരെ എത്തും എന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

അതായത് ആളൊഹരി ഓരൊ പൗരനും ഒരു ലക്ഷം രൂപയുടെ കട ബാധ്യതയുണ്ടാകും, ഇന്ത്യയിലെ ഏറ്റവും കട ബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളവും മാറി എന്ന് ചുരുക്കം. ഇപ്പോൾ ആളൊഹരി കടത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാമതാണ് കേരളം.

അഞ്ചര ദശാബ്ദ കാലം കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണി സർക്കാറുകൾ വരുത്തി വെച്ചതിലധികം പൊതു കടം കഴിഞ്ഞ അഞ്ച് വർഷങ്ങളുടെ ഭരണത്തിലൂടെ വരുത്തി വെച്ചിരിക്കുന്ന സർക്കാർ ആണ് വികസനത്തെ പറ്റി വീമ്പ് പറയുന്നത്.

സാമ്പത്തിക തകർച്ചയുടെ മുഴുവൻ കാരണവും കൊറോണയുടെ പേരിൽ ചാർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ സമീപനം തന്നെയാണ് ഇവിടെ പിണറായി സർക്കാറും എടുത്തിട്ടുള്ളത്.

വാസ്ഥവത്തിൽ റവന്യൂ വരുമാനം കോവിഡിനു വളരെ മുമ്പു തന്നെ ഇടിഞ്ഞു തുടങ്ങിയിരുന്നു. ജി എസ് ടി യിലൂടെ സംസ്ഥാന നികുതികളുടെ മുന്നിൽ രണ്ട് ഭാഗവും കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലായത് ഇതിനൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതെ സമയം സർക്കാറിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും കൂടിയാവുമ്പോൾ പ്രധിസന്ധിക്ക് അയവു വരുന്നില്ല. നികുതി കുടിശ്ശിക സമാഹരണത്തിലൂടെയും റവന്യൂ റിക്കവറി നടപടികളിലൂടെയും കോടിക്കണക്കിന് രൂപ സമാഹരിക്കാൻ കഴിയും.

സ്വർണ്ണ കച്ചവടം, ആടമ്പര വാഹന, കെട്ടിട നികുതികൾ കൃത്യമായി പിരിച്ചെടുത്താൽ ആയിരക്കണക്കിനു കോടികൾ സമാഹരിക്കാൻ കഴിയും. സംസ്ഥാനത്ത് പ്രവർത്തിക്കുന്നു ക്വാറികൾ നികുതി വിധേയമാക്കാം.

വിദേശ കോർപ്പറേറ്റ് മാഫിയകൾ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന തോട്ട ഭൂമികൾ ഏറ്റെടുക്കാം ഇതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാഞ്ഞത് കാരണം മദ്യത്തിന്റയും പെട്രോളിയം ഉൽപന്നങ്ങളുടെയും തീരുവകളിലും ലോട്ടറി വരുമാനത്തിലും മാത്രം കേരള സർക്കാരിന്റെ വരുമാനം ഒതുങ്ങിപ്പോയതാണ് ഈ പ്രധിസന്ധിക്ക് കാരണം.

വികസനങ്ങളുടെ റോൾ മോഡലായി കേരളം അഥവാ ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന സർക്കാർ അവതരിപ്പിക്കപ്പെടുമ്പോൾ മുകളിൽ വിവരിച്ച മറുവശം കൂടി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

കൂടാതെ തങ്ങൾ ഭരണം ഏറ്റെടുത്തതിന് ശേഷം എത്ര പേർക്ക് പുതുതായി തൊഴിൽ നൽകി അല്ലെങ്കിൽ തുടക്കത്തിൽ ഉണ്ടായിരുന്ന ഒഴിവുകളിൽ എത്രയെണ്ണം നികത്താൻ കഴിഞ്ഞു എന്നും കൂടി ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്ന വസ്തുത മറക്കാതിരിക്കുക. കടം വാങ്ങി വികസനം നടത്താൻ ഏത് പോലീസ്കാരനും പറ്റും.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x