കോണ്‍ഗ്രസിനെ ജയിപ്പിക്കലല്ല ബി ജെ പിയുടെ പണി
ക്രമാനുഗതമായി സംസ്ഥാനത്ത് വോട്ട് ഷെയര്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്ന ബി ജെ പി ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കുറച്ചിരിക്കുന്നു. ബി ജെ പിയുടെ വളര്‍ച്ച താത്കാലികമായി സ്തംഭിക്കുന്നതിന്റെ സൂചനകള്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ ദൃശ്യമായിരുന്നു. അത് കൂടുതല്‍ വ്യക്തതയോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാനായി.
ബി ജെ പിയോട് ഒപ്പം നിന്നിരുന്ന ജനവിഭാഗങ്ങള്‍ അവരെ ഉപേക്ഷിക്കുകയും അവരില്‍ വലിയൊരു പങ്ക് ഇടതുമുന്നണിക്ക് വോട്ട് ചെയ്യുകയും ചെയ്തു. എല്‍ ഡി എഫും, ബി ജെ പിയും തമ്മില്‍ വോട്ട് കച്ചവടം നടന്നു എന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. എന്നാല്‍ അത്തരമൊരു കച്ചവടത്തിന്റെ സാധ്യതകള്‍ കുറവാണ്. അപൂര്‍വ്വം ഇടങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെങ്കിലും സംസ്ഥാനത്ത് അത്തരമൊരു വോട്ട് കച്ചവടം നടന്നിട്ടില്ല. ബി ജെ പിയുടെ വോട്ടുകള്‍ ചോരുകയാണ് ഉണ്ടായത്.
ബി ജെ പിയില്‍ നിന്നും നഷ്ടമായ വോട്ടുകളില്‍ വലിയൊരു പങ്ക് ഇടതുമുന്നണിയിലേക്ക് പോയിട്ടുണ്ട്. അതൊരു വോട്ട് കച്ചവടത്തിന്റെ ഭാഗമായി സംഭവിച്ചതാണ് എന്ന നിരീക്ഷണം കോണ്‍ഗ്രസ് നടത്തുകയാണെങ്കില്‍ അതിനര്‍ഥം സ്വയംതിരുത്താന്‍ ആ പാര്‍ട്ടി സന്നദ്ധമായിട്ടില്ല എന്ന് മാത്രമാണ്. മഞ്ചേശ്വരത്തും, കാസര്‍കോഡും, പാലക്കാടും യു ഡി എഫാണ് ബി ജെ പിയോട് എതിരിട്ട് ജയിച്ചത്. അവിടെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ യു ഡി എഫിന് വോട്ട് ചെയ്തു.
എന്നാല്‍ തൃശൂര്‍ മുതല്‍ നേമം വരെ ന്യൂനപക്ഷങ്ങള്‍ ബി ജെ പിക്കെതിരെ എല്‍ ഡി എഫിനാണ് വോട്ട് ചെയ്തത്. അതിനര്‍ഥം മലബാറിന് പുറത്ത് ന്യൂനപക്ഷം ഫാസിസ്റ്റ് വിരുദ്ധ പോരാളികളായി ഇടതുപക്ഷത്തെ കാണുന്നു എന്നാണ്. ബി ജെ പിയില്‍ നിന്നും നഷ്ടമായ വോട്ടുകള്‍ക്ക് പുറമെ മധ്യ-ദക്ഷിണ കേരളത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളും ഇടതുപക്ഷത്തെ പിന്തുണച്ചതു കൊണ്ടാണ് ഇടതുമുന്നണിക്ക് വോട്ട് കൂട്ടിയത്.
ബി ജെ പി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് അത്ര ശുഭകരമായ കാര്യമല്ല. ബി ജെ പി ജയിക്കാതിരിക്കുക എന്ന അജണ്ടയില്‍ മാത്രം തെരഞ്ഞെടുപ്പില്‍ ഇടപെടേണ്ടി വരുന്ന നിസ്സഹായതയില്‍ നിന്ന് കേരളത്തിലെ മുസ്‌ലിംകള്‍ മോചിതരാകേണ്ടതുണ്ട്. ബി ജെ പിയോട് നേര്‍ക്കുനേര്‍ പൊരുതുന്നത് സി പി എമ്മാണ് എന്ന അനുഭവം പാലക്കാട് മുതല്‍ തെക്കോട്ട് മുസ്‌ലിം സമുദായത്തിന് ഉണ്ട്.
പാലക്കാട് നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മലമ്പുഴയില്‍ പോലും അതൊരു യാഥാര്‍ത്ഥ്യമാണ്. ബി ജെ പിയോട് ഫൈറ്റ് ചെയ്യുക എന്നതിനര്‍ഥം നേര്‍ക്ക് നേരെയുള്ള കണ്ണൂര്‍ മോഡല്‍ അക്രമണങ്ങളല്ല. രാഷ്ട്രീയമായി ബി ജെ പിയെ എതിരിടാനാകണം. ആശയപരമായി ചെറുത്ത് തോല്പിക്കാനാവണം. പൊരുതാനുള്ള രാഷ്ട്രീയ ശേഷി കോണ്‍ഗ്രസ് കൈവരിക്കുമ്പോള്‍ മാത്രമേ ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ സാധിക്കൂ.
ബി ജെ പിയുമായുള്ള വോട്ട് കച്ചവടമല്ല, ബി ജെ പി വോട്ട് ബാങ്കില്‍ നിന്ന് വോട്ടുകള്‍ ചോര്‍ത്തി ആ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന കാമ്പയിനാണ് കോണ്‍ഗ്രസ് നടത്തേണ്ടത്. പിന്നാക്ക ഹിന്ദു കമ്യൂണിറ്റിയിലേക്ക് കോണ്‍ഗ്രസ് കൂടുതലായി ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. അതിന് പറ്റിയ നേതൃത്വം കോണ്‍ഗ്രസിന് വേണം. ഉമ്മന്‍ചാണ്ടിയും, മുല്ലപ്പള്ളി രാമചന്ദ്രനും അക്കാര്യത്തില്‍ തികഞ്ഞ പരാജയം ആണ്. അവരെ മുന്നില്‍ നിര്‍ത്തി അത്തരം സോഷ്യല്‍ എഞ്ചിനീയറിംങ് സാധ്യമാകില്ല.
ബി ജെ പിയോട് പൊരുതാനോ, അടുക്കാനോ നടത്തുന്ന ഏത് നീക്കവും കേരളരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ബി ജെ പി വോട്ട് ബാങ്കില്‍ ഉണ്ടാകുന്ന ചെറിയ വര്‍ധനവോ, കുറവോ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കും. കോണ്‍ഗ്രസില്‍ നിന്നും, സി പി എമ്മില്‍ നിന്നും ബി ജെ പിയിലേക്ക് ആളുകള്‍ പോയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തിരിച്ചു വരവിന്റെ കാലമാണ്.
ബി ജെ പിയില്‍ നിന്നും എത്ര പേര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്നു എന്ന് പ്രധാനമാണ്. കേന്ദ്രത്തിലോ, സംസ്ഥാനത്തിലോ അധികാരമില്ലാത്തതും സംസ്ഥാനത്തെ മൂന്നിലൊന്ന് പഞ്ചായത്തുകളില്‍ പോലും അധികാരമില്ലാത്തതും ആയ കോണ്‍ഗ്രസിലേക്ക് ആളുകളെ ആകര്‍ഷിക്കാനാകണം. അതൊരു ഈസി ടാസ്‌ക് അല്ല; ശ്രമകരമായ ദൗത്യം തന്നെയാണ്.
വര്‍ഗ്ഗീയതക്കും, മതസങ്കുചിതത്വത്തിനും എതിരെ മതേതര പുരോഗമന പക്ഷത്തു നിന്നുള്ള ആശയ സമരങ്ങള്‍ കോണ്‍ഗ്രസ് നേരിട്ട് നടത്തേണ്ടതുണ്ട്. കെ പി സി സി അതിനനുസരിച്ച് മാറേണ്ടിയിരിക്കുന്നു. പ്രാദേശിക തലത്തില്‍ ബി ജെ പിയുമായി മത്സരിക്കാനും, രാഷ്ട്രീയ പോരാട്ടത്തിനും പ്രാപ്തമായ നേതൃത്വം കോണ്‍ഗ്രസിനുണ്ടാകണം. എങ്കില്‍ മാത്രമേ ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കൂ.
ബി ജെ പിയോട് എന്ത് സമീപനം സ്വീകരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ വിലയിരുത്തുക. കേരളത്തില്‍ മാത്രമല്ല, പശ്ചിമബംഗാളിലും, തമിഴ്‌നാട്ടിലും ബി ജെ പി വിരുദ്ധ ശക്തികള്‍ക്കാണ് മുസ്‌ലിം ന്യൂനപക്ഷം വോട്ട് ചെയ്തത്. സ്വയം ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസ് ലീഗിന്റെ തണലില്‍ അധികാരത്തിലേറും എന്ന് വ്യാമോഹിക്കരുത്.
ബി ജെ പിക്ക് കേരള രാഷ്ട്രീയത്തില്‍ സ്വയം വളരാനുള്ള ശേഷി നഷ്ടമായിരിക്കുകയാണ്. ഇത് താത്കാലികമായ നഷ്ടമാണ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ബി ജെ പി ശക്തിപ്പെടുകയോ, തകരുകയോ ചെയ്യാം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ തകര്‍ച്ച നേരിടുന്നുവെന്നത് മതേതരശക്തികള്‍ക്ക് പ്രതീക്ഷ നല്കുന്നതാണ്. ബി ഡി ജെ എസിന്റെ രൂപീകരണം മുതല്‍ ബി ജെ പി നടത്തിയിരുന്ന സോഷ്യല്‍ എഞ്ചിനീയറിംങ് പരാജയപ്പെട്ടിരിക്കുന്നു.
കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയിലേക്ക് ആളെ ചേര്‍ത്തിരുന്നതിന്റെ വിപരീത ദിശയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ശേഷിയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന് വേണ്ടത്. ബി ജെ പി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നുള്ളത് മിഥ്യാധാരണയാണ്. അത്തരം മിഥ്യകളില്‍ ജീവിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആ പാര്‍ട്ടിയുടെ തന്നെ ശവക്കുഴി തോണ്ടുകയാണ്.
ബി ജെ പിയോട് രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കാത്ത ഒരു കോണ്‍ഗ്രസിന് കേരളത്തില്‍ നിലനില്പ് ഇല്ല. പ്രത്യയശാസ്ത്രപരമായി തന്നെ കോണ്‍ഗ്രസിന്റെ ശത്രുവാണ് ബി ജെ പി. അവര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശത്രുവാണ് എന്നത് കോണ്‍ഗ്രസിനെ ബാധിക്കുന്ന കാര്യമല്ല.
ബി ജെ പിയോടും, സി പി എമ്മിനോടും ഒരേ സമയം ഫൈറ്റ് ചെയ്യാന്‍ ശേഷിയുള്ള നേതൃത്വം ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കോണ്‍ഗ്രസിന് വളര്‍ന്നു വരണം.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് എതിരിടാന്‍ ബി ജെ പിയോട് ചങ്ങാത്തം സ്ഥാപിക്കുന്ന ഒരു ബൂത്ത് കമ്മിറ്റി എങ്കിലും കോണ്‍ഗ്രസിനുണ്ടെണ്ടില്‍ അതിനെ പിരിച്ചു വിടണം. അതൊരു ബൂത്ത് കമ്മിറ്റിയോ, മണ്ഡലം കമ്മിറ്റിയോ അല്ല. കോണ്‍ഗ്രസിന്റെ ക്രെഡിബിലിറ്റി നശിപ്പിക്കുന്ന ഘടകമാണ്. അത് പ്രദേശികമായി താത്കാലിക നേട്ടം ഉണ്ടാക്കിയാലും സംസ്ഥാനതലത്തില്‍ നഷ്ടമേ വരുത്തൂ. തലയില്‍ മുണ്ടിട്ടും, മുണ്ടിടാതെയും സംഘ്പരിവാര്‍ നേതൃത്വത്തോട് ചര്‍ച്ച നടത്തരുത്. അത് മുസ്‌ലിം സമുദായത്തെ ശത്രുവാക്കും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS