Political

ഭീമ കൊരേഗാവ്- എൽഗാർ പരിഷദ് കേസ്; അധ്യാപകരെയും ആക്റ്റിവിസ്റ്റുകളേയും UAPA ചാർത്തി സംഘപരിവാർ വേട്ട തുടരുന്നു

പ്രതികരണം/പ്രമോദ് പുഴങ്കര

ഭീമ കൊരേഗാവ് എൽഗാർ പരിഷദ് കേസിൽ ദേശീയ അന്വേഷണ ഏജൻസി മറ്റൊരു അറസ്റ്റ് കൂടി നടത്തിയിരിക്കുന്നു. ഡൽഹി സർവകലാശാല അധ്യാപകനായ ഹാനി ബാബുവിനെയാണ് ഇന്ന് മാവോവാദി ബന്ധവും നക്സലൈറ്റ് പ്രചാരണവും ഗൂഢാലോചനയും ഒക്കെ ആരോപിച്ചുകൊണ്ട് NIA അറസ്റ്റ് ചെയ്തത്.

ഇതിനകം മനുഷ്യാവകാശ പ്രവർത്തകർ, ഗവേഷകർ, അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ, അധ്യാപകർ എന്നിങ്ങനെ പന്ത്രണ്ടു പേരെ ഈ കള്ളക്കേസിൽ NIA UAPA ചാർത്തി തടവിലാക്കിയിട്ടുണ്ട്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നൊരു തമാശനാടകവും ഇതിനൊപ്പം അന്വേഷിച്ചുവരുന്നുണ്ട് കേന്ദ്ര സർക്കാർ.

ജനകീയ സമരങ്ങളെ ഇല്ലാതെയാക്കാൻ

രാജ്യത്തെ ജനകീയ സമരങ്ങളെയും മുന്നേറ്റങ്ങളെയുമെല്ലാം എല്ലാ തരത്തിലും ഇല്ലാതാക്കുക എന്ന ഹിന്ദുത്വ ഭീകരതയുടെ ഭരണകൂട അജണ്ടയാണ് ഇപ്പോൾ NIA നടപ്പാക്കുന്നത്. ഈ വർഷം ജനുവരിയിൽ അന്വേഷണം ഏറ്റെടുത്ത ഏജൻസിക്ക് ഇപ്പോഴും കെട്ടിച്ചമച്ച ചില രേഖകളല്ലാതെ മറ്റൊന്നും കയ്യിലില്ലാത്ത അവസ്ഥയാണ്. Urban Naxal എന്ന പുതിയ പദം സംഘപരിവാറും കേന്ദ്ര സർക്കാരും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും കൂടി വികസിപ്പിച്ചെടുക്കുകയായിരുന്നു.

രാജ്യത്ത് ജനാധിപത്യത്തിനു വേണ്ടിയും ജനകീയ പ്രതിഷേധങ്ങൾക്കൊപ്പവും ഹിന്ദുത്വ ഭീകരതക്കെതിരായും ആദിവാസികളടക്കമുള്ള സാധാരണക്കാരുടെ ചെറുത്തുനിൽപ്പുകൾക്കൊപ്പവും നിൽക്കുന്ന ആരെയും Urban Naxal ആക്കുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്.

Read Also: ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA.

ഡൽഹിയിൽ മുസ്ലീങ്ങളെ കൊന്നുതള്ളാൻ ആഹ്വാനം നൽകിയ സംഘപരിവാർ ഭീകരവാദികളും അത് നടപ്പാക്കിയ ഹിന്ദുത്വ ഭീകരന്മാരും ഇപ്പോഴും സ്വതന്ത്രരായി നടക്കുമ്പോഴാണ് ഭരണഘടനാപരമായ പൗരാവകാശങ്ങൾക്കായി നിലകൊള്ളുന്ന മനുഷ്യരെ കേന്ദ്ര സർക്കാരിന്റെ വേട്ടമൃഗങ്ങൾ കടിച്ചുകീറുന്നത്. ഈ കേസിൽ തടവിലിട്ട 80 വയസിലേറെ പ്രായമുള്ള കവി വരവരറാവുവിനെ ജയിലിൽ വെച്ച് കോവിഡ് ബാധിതനായതിനെ തുടർന്ന് ജാമ്യത്തിൽ വിടണമെന്ന ആവശ്യത്തോട്, ഇത് കോവിഡ് രോഗം കാണിച്ചു ജാമ്യം നേടാനുള്ള അദ്ദേഹത്തിന്റെ തട്ടിപ്പാണെന്നാണ് NIA പറഞ്ഞത്.

ഭരണകൂട ഭീകരതക്കെതിരായി നിരന്തരമായ ചെറുത്തുനിൽപ്പുയർത്തുക

രാജ്യത്ത് എല്ലായ്പ്പോഴും ഭീകരവാദത്തിന്റെ ഭീഷണി നിലനിൽക്കുന്നുവെന്നും ദേശവിരുദ്ധർ ഓരോ കവലയിലും പതിയിരിക്കുന്നുവെന്നുമൊക്കെയുള്ള ഹിന്ദുത്വ ഭരണകൂട രാഷ്ട്രീയ പ്രചാരണത്തിലൂടെ മാത്രമേ സംഘപരിവാറിന് ജനകീയ പ്രശ്നങ്ങളെ സൗകര്യപൂർവം തമസ്കരിക്കാനാകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഉണ്ടാക്കാൻ കഴിയൂ. ഇതിനുള്ള അവരുടെ ഏറ്റവും വലിയ ആയുധം കൂടിയാണ് NIA.

നാസി തടങ്കൽ പാളയങ്ങളിൽ എല്ലാ ദിവസവും ‘selection’ എന്നൊരു നടപടിയുണ്ടായിരുന്നു. എന്നും രാവിലെ roll call-ൽ ഒരു വിഭാഗം ആളുകളെ മാറ്റിനിർത്തും. ആരോഗ്യം കുറഞ്ഞവർ, പ്രതിഷേധിക്കുന്നവരോ കുഴപ്പക്കാരോ, അങ്ങനെയുള്ളവർ. അവരെ നടത്തുന്നത് വിഷപ്പുകമുറിയിലേക്കാണ്. എന്നും നൂറുകണക്കിനാളുകൾ നാസി തടങ്കൽ പാളയങ്ങളിൽ ഇങ്ങനെ കൊല്ലപ്പെട്ടിരുന്നു. കുറച്ചുസമയത്തിനുള്ളിൽ മനുഷ്യർ പുകക്കുഴലിലൂടെ മേഘങ്ങളിലേക്ക് പടരും.

തൊട്ടടുത്ത നിൽക്കുന്ന മനുഷ്യൻ അടുത്ത മണിക്കൂറിൽ ലോകത്തുനിന്നും അപ്രത്യക്ഷമാകുന്നത് അയാളുടെ പേര് വിളിച്ചു എന്ന ഒറ്റ കാരണം കൊണ്ടാണ്. പേര് വിളിക്കുന്നതോടെ പുകക്കുഴലിലൂടെ ഉയരുന്ന മാംസഗന്ധമുള്ള പുകയിലേക്ക് അയാൾ പങ്കുചേരുന്നു. തടങ്കൽ പാളയം പിന്നെയും ചലിച്ചുകൊണ്ടിരിക്കും. വരിയിൽ ബാക്കിയായവർ വീണ്ടും നാളത്തെ roll call വരെ നീട്ടിക്കിട്ടിയ ജീവനുമായി ദുരിതത്തിന്റെ മറ്റൊരു ദിവസത്തിലേക്കിറങ്ങും.

നമ്മൾ ഇന്ത്യയെന്ന തുറന്ന തടങ്കൽ പാളയത്തിൽ അത്തരമൊരു വരിയിലാണ്. സംഘപരിവാറിന്റെ ഭരണകൂടത്തിന്റെയും ഹിന്ദുത്വ ഭീകരവാദികളുടെയും പേരുവിളി വരെയേ നമ്മുടെ വിമത ശബ്ദങ്ങൾക്ക് ആയുസ്സുള്ളൂ എന്നായിരിക്കുന്നു. നാസി തടങ്കൽ പാലങ്ങൾ തകർത്തത് ഒരു ലോകയുദ്ധത്തിന് ഒടുവിൽ മറ്റു രാഷ്ട്രങ്ങളുടെ സൈനികാക്രമണത്തിലാണ്. ഇന്ത്യയെന്ന തടങ്കൽപ്പാളയത്തിലെ വരി നമ്മൾ തന്നെ തെറ്റിക്കേണ്ടിയിരിക്കുന്നു. ഭീമ കൊരേഗാവ് കേസിലെ തടവുകാർക്ക് ഐക്യദാർഢ്യം; ഹാനി ബാബുവിന്റെ അറസ്റ്റിൽ പ്രതിഷേധിക്കുക. ഹിന്ദുത്വ, ഭരണകൂട ഭീകരതക്കെതിരായി നിരന്തരമായ ചെറുത്തുനിൽപ്പുയർത്തുക.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x