Opinion

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തവരുടെ പിന്മുറക്കാര്‍ വക്കം ഖാദറിനെ അറിയണം; ഈ കത്തുകള്‍ വായിക്കണം

മുജീബ് റഹ്മാൻ കിനാലൂർ

മുസ്‌ലീങ്ങളെ മാറ്റി നിര്‍ത്തി കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ നിയമത്തിനെതിരെ സമരം ആളിക്കത്തുന്ന ഈ സന്ദര്‍ഭത്തില്‍, ബ്രിട്ടീഷുകാരനു മാപ്പെഴുതി കൊടുത്ത് ജീവനും കൊണ്ടോടിയവരുടെ പിന്മുറക്കാരായ സംഘികള്‍ക്ക് ദേശസ്‌നേഹത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണു ഭാരതീയരായ നമ്മുടെ ഇപ്പോഴത്തെ ചുമതല.

അതിലേക്കായി ഒരു കഥ

സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത്
വക്കത്ത് ഖാദര്‍ എന്ന പേരില്‍ ഒരാള്‍ ജീവിച്ചിരുന്നു. സ്‌കൂള്‍ കാലത്ത് തന്നെ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം ഇറങ്ങിപ്പോയ വിദ്യാര്‍ത്ഥിയായിരുന്നു വക്കം ഖാദര്‍. പിന്നീട് മലേഷ്യയില്‍ ജോലിക്ക് ചേര്‍ന്നെങ്കിലും അവിടെ വെച്ച് സുഭാഷ് ചന്ദ്ര ബോസിന്റെ ഐ.എന്‍.എ യില്‍ ചേര്‍ന്ന് സ്വാതന്ത്ര്യ സമരം തുടര്‍ന്നു. ഒടുവില്‍ ഖാദര്‍ ഐ.എന്‍.എ യുടെ ആത്മഹത്യ സ്‌ക്വാഡില്‍ ചേര്‍ന്ന് നാട്ടിലേക്ക് മടങ്ങി. തിരൂരില്‍ കപ്പലിറങ്ങിയ ഖാദറിനെ ജപ്പാന്‍കാര്‍ക്ക് വേണ്ടി ചാരപ്പണി ചെയ്തു എന്ന കുറ്റം ചാര്‍ത്തി ബ്രിട്ടീഷ് കോടതി തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു. 1943 സെപ്റ്റംബര്‍ 10 വെള്ളിയാഴ്ചയാണ് ഖാദറിനെയും
കൂടെ മൂന്ന് സുഹൃത്തുക്കളേയും തൂക്കിലേറ്റാന്‍ തീരുമാനിച്ചത്.

തൂക്കിലേറാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ശേഷം സെപ്റ്റംബര്‍ 9 രാത്രി ഖാദര്‍ തന്റെ പിതാവിനും സുഹൃത്ത് ബോണിഫെയ്ഡിനും രണ്ട് കത്തുകള്‍ എഴുതി വെച്ചു. ആ കത്ത് വായിക്കുന്ന ഏതൊരാളും അതുല്യമായ ഈ ധീരതക്കും അചഞ്ചലമായ ആത്മസ്ഥൈര്യത്തിനും സര്‍വ്വോപരി ദേശസ്‌നേഹത്തിനും മുന്നില്‍ തല കുനിച്ച് പോകുക തന്നെ ചെയ്യും.

( ഒരു കോപ്പി പുസ്തകം വാങ്ങി സംഘികളെ കൊണ്ട് ഈ കത്ത് എഴുതി പരിശീലിപ്പിക്കുന്നത് നല്ലതാണ്. മാപ്പെഴുതി ശീലിച്ചവര്‍ക്ക് ഇതത്ര വഴങ്ങില്ലെങ്കിലും ചുരുങ്ങിയത് കയ്യക്ഷരമെങ്കിലും നന്നാകും )

കത്തുകളുടെ പൂര്‍ണ്ണ രൂപം

എന്റെ പ്രിയപ്പെട്ട ബോണി,

എന്റെ അന്ത്യയാത്രയിലെ അവസാന വാക്കുകള്‍ ഇതാ! മങ്ങലേല്‍ക്കാത്ത നിന്റെ സ്നേഹത്തിനും ഹൃദയംഗമമായ ആത്മാര്‍ത്ഥതയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഊറി വരുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ നന്ദി പ്രകാശിപ്പിക്കട്ടെ. നിന്റെ വിലപ്പെട്ട ഗുണങ്ങളെയും മഹത്തായ വ്യക്തിത്വത്തെയും പറ്റി ഞാന്‍ നിന്നോട് പറയുന്നത് വെറും പുകഴ്ത്തലായിരിക്കും. ഞാനല്‍പം പറഞ്ഞ് പോയതില്‍ ക്ഷമിക്കണം.

ഒരു ഭീകര ദുരന്തമാണ് വരാന്‍ പോകുന്നത് എന്ന് കരുതരുത്. ഇത് ലോകത്ത് സംഭവിക്കാറുള്ള നിസ്സാര കാര്യങ്ങളില്‍ ഒന്നുമാത്രം. നിങ്ങളുടെ കണ്‍മുമ്പില്‍ നടന്നിട്ടുള്ള മറ്റു പല സംഭവങ്ങളുമായി തട്ടിച്ചാല്‍ നമ്മുടെ മരണം നമ്മുടെ എളിയ ത്യാഗം. എഴുതിക്കൊണ്ടിരിക്കുന്ന വാചകത്തില്‍ നിന്ന് ഒരു വാക്ക് വെട്ടിക്കളയുന്നത് പോലെ മാത്രമാണ്.

നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റ വീരന്മാര്‍, മഹാത്മാക്കളായ ഭാരത പുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വവ്വും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ പൂര്‍ണ്ണചന്ദ്രന്റെ മുമ്പില്‍ വെറും മെഴുകുതിരികള്‍.

നമ്മുടെ ലക്ഷ്യത്തില്‍ പുറപ്പാടിലേ തന്നെ നാം പരാജയപ്പെട്ടു. നമുക്കൊന്നും ചെയ്യാന്‍കഴിയാതെ പോയതും വെറും ദൗര്‍ഭാഗ്യമായിപ്പോയി. നിങ്ങളുടെ യാതനകളും നമ്മുടെ മരണവും കൊണ്ട് ഏതെങ്കിലും നല്ലത് ചെയ്യാനാകും മുമ്പേ കൈവന്ന അവസരവും നല്ല സമയവും നഷ്ടപ്പെട്ട് പോയതില്‍ നമ്മുടെ കാലക്കേടിനെ ശപിക്കാനേ എനിക്ക് കഴിയൂ. സ്വാര്‍ത്ഥതയുടെ ലേശമില്ലാതെ ആത്മാര്‍ത്ഥമായി തന്നെ ചിലത് ചെയ്യാന്‍ നാം തീരുമാനിച്ചിരുന്നു. പക്ഷേ ആദ്യപടി ചിന്തിക്കും മുമ്പേ നാം പരാജയത്തിലേക്ക് എറിയപ്പെട്ടു പോയി.

സാരമില്ല. വേണ്ടുവോളം ധീരന്മാരും ധാരാളം സമയവും നമുക്ക് മുമ്പിലുണ്ട്. ഇനിയുമുണ്ട് ഇന്ത്യന്‍ നാഷണലിസ്റ്റ് ടീമും ബ്രിട്ടീഷ് ബാരിയലിസ്റ്റ് ടീമും ആയുള്ള അവസാന കളിയില്‍ നാം തന്നെ ഗോളടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു സ്വതന്ത്ര ഭാരത പുരുഷനാകാന്‍, സ്വതന്ത്ര മാതാവിന്റെ കൈകളാല്‍ ആലിംഗനം ചെയ്യപ്പെടാന്‍ നിങ്ങള്‍ക്ക് ഇടവരട്ടെ! എനിക്കിതിനെ പറ്റി അധികമൊന്നും പറയാനില്ല. ഞങ്ങളെപ്പറ്റിയുള്ള ചിന്ത നിങ്ങളെ വേദനിപ്പിക്കരുത്.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close