CultureSocial

വിവാഹവും ‘ലളിതമായ’ മഹറും; അവകാശത്തെ ഹനിക്കുന്ന ട്രൻഡും

Mammootty Anjukunnu

ലാളിത്യം എന്നത് ആപേക്ഷികമാണ്. ഒരു ഷോ ഓഫ് അല്ല.

കോടിക്കണക്കിന് രൂപ കൈവശം ഉള്ളവർ കുഞ്ഞു കുടിൽ എടുത്ത് ലാളിത്യം കാണിക്കേണ്ട കാര്യമില്ല. കയ്യിൽ കാശുള്ളവൻ മക്കളുടെ വിവാഹത്തിന് നാലാളെ ക്ഷണിച്ചു നല്ല ഭക്ഷണം കൊടുക്കുന്നതിന് പകരം ലക്ഷ്വറി ഹാളിൽ സീക്രട്ട് ആയി ലാളിത്യം കാണിക്കുന്നതിനോടും അഭിപ്രായമില്ല.

കോടികൾ ഉള്ളവൻ കോടികൾ ചെലവിട്ട് നല്ല വീട് പണിതാൽ ആ നാട്ടിലെ ഒരുപാട് പേർക്ക് അന്നമായി എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. സിമന്റ് കടക്കാർക്ക്, കട്ടക്കളം കാർക്ക്, നൂറുകണകിന് തൊഴിലാളികൾക്ക്, നിരവധി സ്ത്രീകൾക്ക്.. അങ്ങനെ ഒരുപാട് അടുപ്പുകൾ പുകയും…

അതൊക്കെ പോട്ടെ, ലാളിത്യത്തെ പറയുമ്പോൾ മഹറിനെ സംബന്ധിച്ച ഒരു വിഷയത്തിൽ ഇന്ന് ഇടപെടേണ്ടി വന്നു. എന്റെ പരിചയത്തിൽ ഉള്ള ഒരാൾ ഒരു പാവപ്പെട്ട പെണ്കുട്ടിയെ വിവാഹം ചെയ്തു.

പ്രണയം ആയിരുന്നു. ദീനീ സ്പിരിറ്റ് അടിച്ചു കയറ്റിയത് കൊണ്ട് കുട്ടിക്ക് മഹറായി ഖുർആൻ മതി. ഇത് കേട്ട ടി യാൻ ദൃഡങ്കപുളകിതനായി. ഫേസ് ബുക്ക് അക്കൗണ്ട് രണ്ടാൾക്കും ഇല്ലാത്തിനാലാവാം ജനം പുളകം കൊണ്ടില്ല.

അങ്ങനെ ഖുർആൻ കൊടുത്ത് വിവാഹം നടന്നു. അൽപ കാലം, വളരെ കുറഞ്ഞ കാലം മാത്രം, ആ ബന്ധം മുന്നോട്ട് പോയില്ല, ഒടുവിൽ ത്വലാഖ് ചെയ്യേണ്ടി വന്നു. ആ പാവപ്പെട്ട പെണ്കുട്ടിക്ക് 250 രൂപ വിലയുള്ള ഒരു ഖുർആൻ പ്രതിയാണ് ഇപ്പോൾ സ്വന്തമായി ഉള്ളത്.

അതിന്റർ മൂല്യം മറ്റൊന്നാണ് എന്നും ഇതിന്റെ മൂല്യം വേറൊന്നായിരുന്നു എന്നും അവളിപ്പോൾ ആലോചിച്ചു നിൽക്കുന്നു. ഇങ്ങനെയൊക്കെയാണ് കഥ…

അതോണ്ട് ഖുർആൻ കൊടുത്ത്, ചാരിറ്റി ചെയ്ത്, കാലിഗ്രാഫി കൊടുത്ത്, പ്രിവിലേജ് ടീംസ് നടത്തുന്ന മഹർ സംസ്കാരം സമുദായത്തെ കാർന്ന് തിന്നാതെ നോക്കണം.

അത് ലാളിത്യമല്ല, അത്തരം ലാളിത്യം കാട്ടപ്പെടുന്ന ‘ചെണ്ട’ എപ്പോഴും മഹർ മാത്രമാവുമ്പോൾ ‘മഹർ’ എന്നത് സ്വത്തായിക്കാണുന്ന അതിനർഹരായ പലർക്കും ശബ്ദം നഷ്ടപ്പെടുന്നു.

മൂല്യമുള്ളത് ചോദിച്ചു വാങ്ങൽ അപകർശതയായി മാറുന്നു. മഹർ വിവാഹം ചെയ്യപ്പെടുന്ന പെണ്ണിനുള്ളതാണ്. അവൾക്ക് മാത്രമുള്ള സ്വത്താണ്.

അല്ലാതെ നാട്ടുകാർക്ക് നടക്കാൻ റോഡായോ, കുടിക്കാൻ കുടിവെള്ള പദ്ധതിയായോ പാർക്കാൻ സ്നേഹഭവനമായോ ചെയ്യപ്പെടാൻ ഉള്ള പൊതുചാരിറ്റിയല്ല.

സ്വദഖ ചെയ്യാൻ എത്രയോ അവസരമുണ്ട്. കാശുണ്ടെൽ എത്ര വേണേലും എപ്പോ വേണേലും ചെയ്യാം. അത് വിവാഹവുമായി ബന്ധപ്പെടുത്താൻ പൂതിയുണ്ടെകിൽ അങ്ങനെയും ചെയ്യാം.

എന്നാൽ അത് മഹറിൽ വെച്ചു കെട്ടി മഹറിനെ തരം മാറ്റരുത്. വിവാഹ ഉടമ്പടിയിലെ ഏക സാമ്പത്തിക ക്രയവിക്രയം മഹറാണ്. അത് മാത്രം ചാരിറ്റിയും ബാക്കിയെല്ലാം പണത്തിന്റെ ഏറുകളിയും ആവുമ്പോൾ ഇവിടെയും വിലകുറയുന്നതും നിറം മങ്ങുന്നതും പെണ്ണിന്റെ അവകാശത്തിന് തന്നെ.

ഇത് ചെയ്യുന്ന ഒരാളുടെ മാത്രം കാര്യമല്ല. ഇതൊരു പ്രവണത ആയി മാറിക്കഴിഞ്ഞാൽ പണമോ ആഭരണമോ ചോദിച്ചു വാങ്ങാൻ പെണ്കുട്ടികൾ മടിക്കുന്ന സാഹചര്യം ഉണ്ടാകും.

അതുണ്ടായിക്കൂടാ… അതിനാൽ ദയവ് ചെയ്ത് സ്ത്രീയുടെ അവകാശത്തിന്റെ മൂല്യത്തെ നിങ്ങൾ ദയാവധത്തിന് വിധിക്കരുത്….

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Editor
2 years ago

Yes, exactly..

Back to top button
1
0
Would love your thoughts, please comment.x
()
x