എന്താണ് ബലാത്സംഗം (Rape); അത് സ്വകാര്യതയിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക്, ശരീരത്തിലേക്ക് ഉള്ള കടന്നുകയറ്റമാണ്
Explainer/സി എസ് സൂരജ്
ഒരു വ്യക്തിയുടെ സമ്മതമില്ലാതെ, അയാളുമായി ലൈംഗീക സമ്പർക്കത്തിൽ (Sexual intercourse) ഏർപ്പെടുന്നതാണ് ബലാത്സംഗമെന്ന് ഏറ്റവും ലളിതമായി നമുക്ക് പറയാം.
ലൈംഗീക അതിക്രമങ്ങളും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നുണ്ട്.
ബലം പ്രയോഗിച്ചോ മറ്റോ, ഒരു വ്യക്തിയെ കീഴ്പ്പെടുത്തി അയാളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുക, തെറ്റിദ്ധരിപ്പിച്ചു കൊണ്ടോ, ഭീഷണിപ്പെടുത്തി കൊണ്ടോ, പേടിപ്പിച്ചു കൊണ്ടോ, ലൈംഗീക ബന്ധത്തിലേർപ്പെടുക, ബോധപൂർവ്വമായി സമ്മതം നൽകാൻ കഴിയാത്ത മാനസികസ്ഥിതിയുള്ളവരെ, പ്രായപൂർത്തിയാവത്ത കുട്ടികളെ, ലൈംഗീകമായി ചൂഷണം ചെയ്യുക തുടങ്ങിയവയെല്ലാം തന്നെ ബലാത്സംഗമാണ്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau) ‘Crime in India – 2019’ റിപ്പോർട്ട് പ്രകാരം, ഓരോ 16 മിനിറ്റിലും, ഓരോ സ്ത്രീകൾ ഇന്ത്യയിൽ ബലാത്സംഗത്തിനിരയാക്കപ്പെടുന്നുണ്ട്.
അതായത്, ഞാനിത് എഴുതുമ്പോഴും, നിങ്ങളിത് വായിക്കുമ്പോഴും, ഇന്ത്യയുടെ ഏതെങ്കിലും കോണുകളിൽ വെച്ച്, നിരവധി സ്ത്രീകൾ അതിക്രൂരമായ ലൈംഗീക പീഡനങ്ങൾക്കിരകളായി കിടന്നു പിടയുന്നുണ്ടെന്ന് സാരം!
ഭൂരിപക്ഷം വരുന്ന പുരുഷന്മാർ ഇപ്പോഴും കരുതുന്നത്, പീഡിപ്പിക്കപ്പെടുമ്പോൾ, അതിനിരയാക്കപ്പെടുന്ന സ്ത്രീകളും അത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ്!
ഇത്തരമൊരു വിഡ്ഢിത്തം ആലോചിച്ചു കൂട്ടാൻ പാകത്തിന് പോൺ വീഡിയോകളും, ലൈംഗീകതയെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന മറ്റു തെറ്റിദ്ധാരണകളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.
സമ്മതമോ, ഇഷ്ട്ടമോയില്ലാതെ ഇത്തരത്തിൽ അരങ്ങേറുന്ന ലൈംഗീക അഭിനിവേശങ്ങൾ, അതിന്റെയിരകൾക്ക് സമ്മാനിക്കുന്നത് ശാരീരികവും, മാനസികവുമായുള്ള നരക തുല്യ വേദനയാണെന്ന് ഇപ്പോഴും നമ്മൾ മനസ്സിലാക്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം.
ഒരു വ്യക്തിയുടെ ശരീരത്തിന് മുകളിൽ മറ്റൊരാൾ, അയാളുടെ സമ്മതമോ, ഇഷ്ട്ടമോ ഇല്ലാതെ നടത്തുന്ന കേവലമൊരു കടന്നു കയറ്റം മാത്രമല്ല ബലാത്സംഗം.
ബലാത്സംഗത്തിനിരയാക്കപ്പെടുന്നവർക്ക് ശാരീരിക അസ്വസ്ഥതകൾ മാത്രമല്ലയുണ്ടാവുക. മാനസികമായി കൂടി പരിക്കേൽക്കുന്ന ഒന്നാണ് ബലാത്സംഗം.
കാരണം, ബലാത്സംഗമെന്നത് ഒരാളുടെ ശരീരത്തിലേക്കുള്ളൊരു കടന്നു കയറ്റമെന്നതിലുപരി, അത് അയാളുടെ വ്യക്തിത്വത്തിലേക്കും, അഭിമാനത്തിലേക്കും കൂടിയുള്ള കടന്നു കയറ്റമാണ്.
ബലാത്സംഗം മൂലം ശാരീരികമായിയുണ്ടാവുന്ന മുറിവുകൾ ഉണങ്ങിയാലും, മാനസികമായിയുണ്ടാവുന്ന ഇത്തരം മുറിവുകൾ ആയിരമിരട്ടി നീറ്റലോട് കൂടി അവശേഷിക്കുകയാണ് ചെയ്യുക.
ഇത്തരം മാനസിക മുറിവുകൾ ഇരകളിൽ തീർക്കുന്ന ആഘാതം വളരെ വലുതാണ്. പലപ്പോഴുമത് മരണ തുല്യമായൊരു ജീവിതത്തിലേക്കോ, മരണത്തിലേക്കോ വരെ അവരെ നയിച്ചേക്കാം. അത്രത്തോളം നിഷ്‌ഠൂരമായൊരു ക്രൂരകൃത്യമാണ് ബലാത്സംഗം.
പെട്ടെന്ന് തോന്നുന്ന ലൈംഗീക ചോദനകളാണ് ബലാത്സംഗങ്ങൾക്ക് പുറകിലുള്ളതെന്ന തെറ്റിദ്ധാരണയും നമുക്കിടയിലുണ്ട്.
പീഡനം നടന്നുവെന്ന് കേൾക്കുമ്പോൾ തന്നെ അത് നടന്ന സമയവും, അപ്പോൾ സ്ത്രീ ധരിച്ചിരുന്ന വസ്ത്രവുമെല്ലാം അളന്നു തിട്ടപ്പെടുത്തി ബലാത്സംഗങ്ങളെ ന്യായീകരിക്കുന്നവരെല്ലാം ഒരുപരിധി വരെ ഈ കൂട്ടത്തിൽ വരുന്നവരാണ്!
ഒരു ജനതക്ക് മുകളിലുള്ള തങ്ങളുടെ അധികാരം തെളിയിക്കാൻ, ഒരു ജനത ഒന്നടങ്കം തന്നെ തങ്ങളുടെ കീഴിലാണെന്ന് വരുത്തി തീർക്കാൻ, സ്ത്രീകൾ കേവലം രണ്ടാം കിട പൗരന്മാർ മാത്രമാണെന്ന് ചിത്രീകരിക്കാൻ, അങ്ങനെ നിരവധി കാര്യങ്ങളെ മുൻനിർത്തി കൊണ്ട് കൂടിയിവിടെ ബലാത്സംഗങ്ങൾ അരങ്ങേറുന്നുണ്ട്.
ലൈംഗീക ന്യൂനപക്ഷങ്ങളും, സ്ത്രീകളും, കുട്ടികളും, വായോധികരും, പുരുഷന്മാരുമെല്ലാം ബലാത്സംഗത്തിനിരയാക്കപ്പെടാറുണ്ട്.
ഇതിലേറ്റവും കൂടുതൽ നടക്കുന്നതും, കൂടുതലായി പുറത്തറിയപ്പെടുന്നതും, സ്ത്രീകൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങളാണ്.
ഒരു പരിചയവുമില്ലാത്ത, വ്യക്തികൾ നടത്തുന്ന ഇത്തരം പീഡനങ്ങൾ വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്.
പരിചയമുള്ളവരിൽ നിന്നോ, കുടുംബാംഗങ്ങളിൽ നിന്നോ മറ്റുമാണ് കൂടുതലും ലൈംഗീക പീഡനങ്ങൾ നടക്കുന്നതെന്നും ഈ പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ഇവയിലധികവും റിപ്പോർട്ട് ചെയ്യാറുമില്ലെന്നതാണ് വാസ്തവം.
പുറം ലോകമറിയാതെ, എവിടെയും റിപ്പോർട്ട് ചെയ്യപ്പെടാതെ, അതി-ഭീകര ബലാത്സംഗങ്ങൾ പുരുഷ ജയിലുകളിൽ നടക്കുന്നുണ്ടെന്ന്, ഹ്യൂമൻ റൈറ്റ്സ് വാച്ച് (Human Rights Watch) സംഘടന നടത്തിയ പഠനങ്ങൾ പറയുന്നുണ്ട്.
ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് അമേരിക്കയിൽ Prison Rape Elimination Act (PREA) നിലവിൽ വരുന്നത്.
ഇന്നും വലിയ രീതിയിൽ ഇന്ത്യ നേരിടുന്നൊരു സാമൂഹിക വിപത്താണ് ബലാത്സംഗങ്ങൾ. പ്രത്യേകിച്ചും സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗീക അതിക്രമങ്ങൾ.
സ്ത്രീകളെല്ലാം തന്നെ, പുരുഷന്റെ കീഴിൽ മാത്രം വരുന്ന, അല്ലെങ്കിൽ വരേണ്ട ഒരു വിഭാഗം മാത്രമാണെന്ന് ധരിച്ചു വെച്ചിരിക്കുന്ന, അതിനായി അഹോരാത്രം പണിയെടുക്കുന്ന ജനതയാണ് നമ്മളിലധികവുമുള്ളത്.
ഇവിടെയിന്നും നിലനിൽക്കുന്ന ഇത്തരം പാട്രിയാർക്കൽ ചിന്തകൾ, ഇത്തരം അക്രമങ്ങൾക്ക് നൽകുന്ന സംഭാവനകൾ വളരെ വലുതാണ്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തവരിൽ തുടങ്ങി, അങ്ങ്..
നീതിപീഠങ്ങളുടെ തലപ്പത്തിരിക്കുന്നവരിൽ പോലും ഇത്തരം ചിന്താഗതികൾ പ്രകടമാണ്. അതുകൊണ്ടാണ്, ബലാത്സംഗ പ്രതികളോട്, “നീ അവളെ വിവാഹം കഴിക്കുമോ?” പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ജഡ്ജിമാരെയും, ബലാത്സംഗങ്ങൾ അരങ്ങേറുമ്പോൾ, ഇരയുടെ വസ്ത്രത്തിന്റെ നീളവും, സ്വഭാവവും, നടക്കാനിറങ്ങിയ സമയവുമെല്ലാം കണക്കു കൂട്ടിയെടുത്ത് കൊണ്ട്, വീണ്ടുമാ ഇരകളെ ആക്രാന്തത്തോടെ ഭക്ഷിക്കാൻ ശ്രമിക്കുന്ന നരഭോജികളേയും നമുക്ക് കാണേണ്ടി വരുന്നത്.
പൂർണ്ണ സമ്മതത്തോടും, അറിവോടും കൂടി തന്റെ ശരീരം മറ്റുള്ളവർക്ക് പങ്കിടാൻ നൽകുന്നവരെ പോലും, ആ പേരും പറഞ്ഞ് പീഡിപ്പിക്കാൻ ആർക്കും അധികാരമില്ലെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
സ്ത്രീകളുൾപ്പെടെയുള്ളവരാരും ആരുടേയും കൃഷിയിടങ്ങളോ, കളിപ്പാട്ടങ്ങളോയല്ലയെന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ, ആരുടേയും സ്വകാര്യതയിലേക്ക്, വ്യക്തി സ്വാതന്ത്ര്യത്തിലേക്ക്, ശരീരത്തിലേക്ക്, കടന്നു കയറാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ലെന്ന് കൂടി മനസ്സിലാക്കിയെങ്കിൽ മാത്രമേ ഇത്തരം നിഷ്‌ഠൂരമായ ക്രൂര കൃത്യങ്ങൾക്കൊരു അറുതി വരുത്താൻ കഴിയുകയുള്ളൂ.!
In Brief: Rape Culture among the people in India
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS