Opinion

ദി കേരള സ്റ്റോറിയുടെ ടാർഗറ്റ് ഓഡിയൻസ് ആരാണ് ?

ലൗ ജിഹാദിനെ എതിർത്ത് എത്ര രേഖയുണ്ടായാലും, എന്തൊക്കെ തെളിവ് നിരത്തിയാലും അത് ഇല്ലാതാകില്ല കാരണം അത് ഉള്ളത് പൊട്ടൻഷ്യൽ സംഘികളുടെ മനസ്സിലാണ്.

അതുകൊണ്ട് തന്നെ കേരള സ്റ്റോറി എന്നത് ഒരു ബ്രാൻഡിങ്ങാണ്. ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളത്തെ മാറ്റി ഭയപ്പെടുത്തുക എന്നതാണ് അതിൻ്റെ ലക്ഷ്യം.

അതുകൊണ്ട് തന്നെ അല്പം കൺഫ്യൂഷനിലാണ്.

ആദ്യം ആരാണ് ലൗ ജിഹാദ് അഥവ കേരള സ്റ്റോറിയുടെ ടാർഗറ്റ് ഓഡിയൻസ് എന്ന് നോക്കണം.

അത് കൃത്യമായി മധ്യവർഗ്ഗ- മധ്യമ ജാതി-Wanbe ബ്രാഹ്മണന്മാരാണ് എന്നാണ് എൻ്റെ പക്ഷം.

ഇച്ചിരി കൂടെ കൃത്യമായി പറഞ്ഞാൽ ലൗ ജിഹാദോ കേരള സ്റ്റോറിയോ ഉന്നം വെക്കുന്നത് അത്യാവശ്യം കഴിഞ്ഞു കൂടാൻ കഴിയുന്ന സാമ്പത്തികം ആവശ്യത്തിന് മാത്രം ഉള്ള സാധാരണക്കാരൻ എന്ന് വിളിക്കുന്ന- സാമുഹിക ഗ്രേഡിങ്ങിൽ ഉന്നതനോ തീരെ താഴ്ന്നവനോ അല്ലാത്ത, എന്നാൽ എണ്ണത്തിൽ കൂടുതലുള്ള പിന്നോക്കകാരായ ഒരോ പുരുഷനുമാണ് ഇതിൻ്റെ കണ്യൂസമർ.

ഇത് പറയാൻ കാരണമുണ്ട്

  1. ഇവരെയാണ് ഇന്ന് സംഘപരിവാറിന് ആവശ്യം. പിന്നോക്കക്കാരെ മാറ്റിയെടുത്ത് തങ്ങൾക്ക് അനുകൂലമായ പരിസ്ഥിതിയിലെത്തിക്കുക എന്നത് കൊണ്ട് മാത്രമേ ഇന്ത്യയിലൊട്ടാകെയും കേരളത്തിൽ പ്രത്യേകിച്ചും ഒരു വോട്ട് ബേസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കു.
  2. ഇവരാണ് സംഘപരിവാറിനോട് എറ്റവും അടുത്ത് നിൽക്കുന്ന ഒരു വിഭാഗം. ബ്രാഹ്മണർക്കും സവർണർക്കും ഡി ഫാക്ടോ മറ്റൊരിടം തൽക്കാലം ഇന്ത്യയിലില്ല. സിപിഎം ലായാലും കോൺഗ്രസിലായാലും അധികാരത്തിനല്ലാതെ അവിടെ നിൽക്കുന്നവർ വളരെ കുറവാണ്. സംസ്കാരികമായി ഹിന്ദുത്വവൽക്കരിക്കപ്പെട്ട ഒരു നേതൃത്വനിര തന്നെയാണ് തൽക്കാലം സിപിഎമ്മിനും കോൺഗ്രസിനും കേരളത്തിലുള്ളത്. കേരളത്തിനും വെളിയിലുള്ള കോൺഗ്രസ് കാരും BJP കാരും തമ്മില് സാംസ്കാരികമായി യാതോരു വ്യത്യാസവും ഇല്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയം എതാണ്ട് ഒരു പോലാണ്.
  3. സംഘപരിവാർ പറയുന്ന “ലൗ ജിഹാദി”ൻ്റെ ഇരകളാണ് എന്ന് തോന്നാൻ മാത്രമുള്ള സാമുഹിക സാംസ്കാരിക പശ്ചാത്തലമുള്ളത് ഈ വിഭാഗത്തിന് മാത്രമാണ്. അതുകൊണ്ട് തന്നെ ഇവരെ പ്രോപഗാൻഡിയിൽ പെടുത്താൻ എളുപ്പമാണ്.
  4. ഈ വിഭാഗം തിരിഞ്ഞ് മറ്റൊരിടത്തേക്ക് പോയാൽ സംഘപരിവാറിന് വൻ ഭീഷണിയാണ്. അതുകൊണ്ട് തന്നെ ജാതി പ്രാതിനിധ്യ രാഷ്ട്രീയം ഉയർന്ന് വരാതെ നോക്കാനും പിന്നോക്ക രാഷ്ട്രീയത്തിലെ ഭിന്നിപ്പ് നിലനിർത്താനും ഈ ലൗ ജിഹാദ് ആഖ്യാനം അത്യവാശ്യമാണ്.

ഇനി ഈ പൊയൻ്റുകൾ ഒന്ന് വിശദീകരിക്കാം.

ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന അവർണരെ ഭിന്നിപ്പിച്ച് നിറുത്തിയും അവരിലെ ഒരു വിഭാഗത്തെ തങ്ങളുടെ കൂടെ നിറുത്തിയും ആണ് സംഘപരിവാർ അധികാരം പിടിക്കുന്നത്.

മണ്ഡലിന് ശേഷം ജീവൻ വെച്ച ഉയർന്ന് വന്ന പല OBC കാറ്റഗറികളേയും സംഘപരിവാർ ജാതീയമായി തന്നെ പ്രീണിപ്പിച്ച് സ്വന്തം പക്ഷത്ത് നിലനിറുത്തുന്നുണ്ട്. ഇതൊന്നും ജാതി രാഷട്രീയം എന്ന് ആരും പുഛിക്കാറില്ല എന്ന് മാത്രം.

അതുകൊണ്ട് തന്നെ മോഡി തന്നെ ഒരു OBC കാരനും സ്വന്തം മന്ത്രി സഭയിൽ ഒരുപാട് OBC കാരും ഉണ്ടാകാൻ ശ്രദ്ധിക്കുന്നുണ്ട്.

എന്നാൽ അധികാരത്തിൻ്റെ ഉന്നത തലങ്ങളിൽ ഈ OBC കാറ്റഗറി വളരെ തുഛ്മായ പ്രാതിനിധ്യത്തിലാണ്.

ഇന്ത്യൻ ഒലിഗാർക്കി എന്നത് ഇന്നും ഒരു ബ്രാഹ്മണ സവർണ മേധാവിത്വം മാത്രമാണ്.

ഇതേ സമുദായങ്ങൾ ഉദാഹരണത്തിന് യാദവർ, കേരളത്തിലെ ഈഴവർ വിശ്വകർമ്മജ്ജർ ഒക്കെ സംഘപരിവാർ ആഗ്രഹിക്കുന്ന പൊട്ടൻശ്യൽ വോട്ട് ബേസാണ്.

നാലമത്തെ പൊയൻ്റിൽ പറയുന്നത് പോലെ ഇവർ സംഘപരിവാറിനോട് ചേർന്ന് നിന്നില്ലെങ്കിൽ ഉണ്ടാകാവുന്ന ഭീഷണി വളരെ വലുതാണ്.

വോട്ട് ബേസ് ഇല്ലാതാകുന്നു എന്നത് മാത്രമല്ല, അവർ ഉയർത്തി കൊണ്ടുവരാവുന്ന പ്രാതിനിധ്യ രാഷ്ട്രീയം സംഘപരിവാറിന് വൻ ഭീഷണിയാണ്.

നേരത്തേ പറഞ്ഞ ഒലിഗാർക്കി നഷ്ടപെടുക എന്നത് മാത്രമല്ല, വെള്ളം കോരാനും വിറക് വെട്ടാനും ഉള്ള ഡേർട്ടി ജോബിന് ആളെ കിട്ടില്ല. അതിനാൽ അവരെ സദാ കൂടെ നിറുത്തുന്നതിന് അവരെ ഭയപ്പെടുത്തി കൂടെ നിറുത്തേണ്ട ആവശ്യമുണ്ട്.

മൂന്നാമത്തേത് ശരിക്കും ചിന്തിക്കേണ്ട ഒരു പ്രശ്നമാണ്.

ഈ പറഞ്ഞ മധ്യ വർഗ്ഗ, മധ്യമ ജാതികളിലെ സാമൂഹിക സാംസ്കാരിക പശ്ചാത്തലം ലൗ ജിഹാദ് പ്രോപ്പഗാൻഡക്ക് നല്ല വള്ളക്കൂറുള്ളു മണ്ണാണ്.

മണ്ഡൽ രാഷ്ട്രീയത്തിന് ശേഷം സാമ്പത്തിക നിലമെച്ചപ്പെടുത്തിയ ഇവർ സാമുദായികമായും ജാതിപരമായും (ഇതും രണ്ടും രണ്ടാണ്) കൂടുതൽ കൊഹസീവ് യുണിറ്റുകളായി മാറിയിട്ടുണ്ട്.

ജാതിയമായി വളരെ ചേർന്ന് നിൽക്കുന്ന, ബ്രാഹ്മണ്യവൽക്കരിക്കാൻ ത്രസിക്കുന്ന ഒരു വലിയ വിഭാഗം, വിവാഹപ്രായമെത്തിയ പുരുഷന്മാരായ പിന്നോക്കകാർ എന്നിവരാണ് ലൗ ജിഹാദിൻ്റെ ശരിക്കും ഉപഭോക്താക്കൾ.

വിവാഹ പ്രായമെത്തിയിട്ടും വിവാഹം കഴിക്കാൻ കഴിയാത്ത ആണുങ്ങളുടെ എണ്ണം എല്ലാ സമുദായത്തിലും കൂടുതലാണ്.

എങ്കിലും മറ്റു ജാതി, മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം പിന്നോക്ക ഹിന്ദുക്കളുടെ വിവാഹത്തിൽ സമുദായം വല്ലാതെ ഇടപെടുന്നുണ്ട്.

വിവാഹാലോചന മുതൽ, കുടുംബ താരതമ്യവും, ജാതകവും, യോനിപൊരുത്തവും ബന്ധുത്വവും, വിവാഹത്തിന് സമുദായത്തിൻറെ അനുവാദം വരെ സമുദായം ഇടപെടാൻ ഉത്സുകരും, ഈ കുടുംബങ്ങൾ ഇതോക്കെ നാട്ടുനടപ്പായി അംഗീകരിക്കുന്നവരും ആണ്.

എത്രമാത്രം പുറം ഇടപെടലുകളുണ്ടാവുന്നോ അത്രയും വിവാഹ സാദ്ധ്യത കുറയുന്നു എന്നതാണ് ഇതിൻറെ ഫലം.

പൊതുവേ എല്ലാ സമുദായങ്ങളിലേയും സ്ത്രീകൾ വിദ്യാഭ്യാസപരമായും തൊഴിൽപരമായും മെച്ചപ്പെടുകയും അവരുടെ വിവാഹ താല്പര്യങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇതിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കാത്തവരാണ് നേരത്തെ പറഞ്ഞ കൂട്ടർ, വിവാഹം എന്നത് പുരുഷൻറെ ആവശ്യമായിരിക്കേ, പഴയ രീതിയിൽ അത് സ്ത്രീകൾക്ക് ജീവിതം കൊടുക്കലായാണ് പല പുരുഷുകളും ഇപ്പോഴും കരുതി വെച്ചിരിക്കുന്നത്.

ഇവിടെ സ്ത്രീകൾ കൂടുതൽ ധൈര്യത്തോടെ “ഒളിച്ചോടാനും” വിവാഹം കഴിക്കാനും ഇഷ്ടം ഇല്ലാത്തവരെ “തേക്കാനും” എല്ലാം തയ്യാറാകുമ്പോൾ സാമുദായ സാമൂഹിക മര്യാദകൾ പാലിക്കുന്നവരും പുരുഷാധിപത്യ മനോഭാവമുള്ള നേരത്തെ പറഞ്ഞ ആണുങ്ങൾ പ്രണയത്തിൽ പോലും പെടാൻ കഴിയാത്ത, അഥവ പ്രണയം വിവാഹത്തിൽ എത്തിക്കാൻ കഴിയാതെ, നടക്കുകയും പരമ്പരാഗത രീതിയിൽ ഇണയെ കണ്ടെത്തുന്ന ജോലി രക്ഷിതാക്കളെ എൽപ്പിക്കുകയും ചെയ്യുന്നു.

ഫലത്തിൽ ഒരു സമുദായത്തിലെ പെണിൻറേത് പ്രണയ വിവാഹമാണെങ്കിൽ അത് മിശ്രജാതിയാണെങ്കിലും ആദ്യം എതിർത്ത് സമുദായത്തോട് ഐക്യപെടാനും പിന്നീട് മാപ്പു നൽകി അംഗീകരിച്ച് മകളോട് ഐക്യപെടാനും കുടുംബങ്ങൾ തയ്യാറാണ്.

എന്നാൽ ആണുങ്ങൾ വിവാഹം കഴിക്കണമെങ്കിൽ ഇതേ രക്ഷിതാക്കൾ സ്വജാതി വിവാഹം മാത്രമേ നോക്കാൻ കഴിയു എന്ന പ്രതിസന്ധിയിലുമാണ്.

ഇതാണ് ലൗ ജിഹാദിൻ്റെ വളക്കൂറുള്ള മണ്ണായി മാറുന്നത്.

നല്ല സാമുദായിക സാമുഹിക മര്യാദകളോടെ ജീവിക്കുന്ന, ഇന്നേ വരെ ഒരു പെണ്ണിനേയും കറക്കാൻ നടക്കാത്ത, കുടുംബം ഒക്കെ നോക്കുന്ന അത്യാവശ്യം സാമ്പത്തികമുള്ള തനിക്ക് എന്തേലും കുഴപ്പമുണ്ട് എന്ന് ഈ ഹിന്ദു ആണുങ്ങൾ അംഗീകരിക്കുന്നില്ല.

തനിക്ക് കിട്ടേണ്ട പൊട്ടൻഷ്യൽ ഇണകൾ പ്രണയ വിവാഹത്തിൽ പെടുന്നതും, തന്നേക്കാൾ മെച്ചപ്പെട്ടവരെ കിട്ടുന്നത് കൊണ്ടല്ല, മറിച്ച് അവരുടെ ബുദ്ധിയോ വിവരമോ ഇല്ലായ്മ കൊണ്ടാണെന്നും അവരെ ആരോ കറക്കിയെടുക്കുന്നതാണെന്ന തികച്ചും പുരുഷാധിപത്യ രീതിയിലുള്ള നിഗമനത്തിലെത്തുന്നവരുടെ മുമ്പിലേക്ക് ഒരു കുറ്റവാളിയെ ഇട്ടുകൊടുക്കുക എന്നത് മാത്രമാണ് സംഘപരിവാർ ചെയ്യുന്നത്.

അത് കൃത്യമായി ഇസ്ലമോഫോബിയ ഉള്ള സമൂഹത്തിൽ മുസ്ലിം ആണിൻ്റെ മുകളിലേക്ക് വെച്ചു കെട്ടികൊടുക്കുക എന്നത് വളരെ എളുപ്പമാണ്.

കാലകാലങ്ങളായി മുസ്ലിങ്ങളെ കുറിച്ച് സൃഷ്ടിച്ചെടുത്ത ഹൈപ്പർ സെക്ഷ്വൽ മസ്കൂലിൻ Male എന്ന സ്റ്റീരിയോ ടൈപ്പും ഇതിനിടിയിൽ പ്രവർത്തിക്കുന്നുണ്ട്.

അതായത് ലൗ ജിഹാദ് എന്നത് ഹിന്ദു സമുദായത്തിലെ നേരത്ത പറഞ്ഞ Frustrated Males നെ സംബന്ധിച്ചിടത്തോളം കേവലമായ ഒരു നുണയല്ല, അത് അവനെ സംബന്ധിച്ചിടത്തോളം അത് അനുഭവമാണ്.

അതായത് ലൗ ജിഹാദിനെ കുറിച്ച് സംഘപരിവാർ പറയുന്നത് ‘ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു’ എന്നാണെങ്കിലും അവറേജ് പൊട്ടൻഷ്യൻ ഹിന്ദു കേൾക്കുന്നത് ‘എടാ പൊട്ടാ, നിനക്ക് പെൺകിട്ടാത്തത് കാക്കാന്മാർ പെണുങ്ങളെ പിഴപ്പിക്കുന്നത് കൊണ്ടാണ്’ എന്നാണ്.

നമ്മളെത്ര കണക്ക് പറഞ്ഞ് കൊടുത്താലും ഈ കേൾക്കുന്നതിലെ പ്രശ്നം പരിഹരിക്കാത്തിടത്തോളം ലൗ ജിഹാദ് സത്യമാണെന്ന് അവർ വിശ്വസിക്കും. അതുകൊണ്ട് തന്നെ കേരളസ്റ്റോറി ഒരു ‘സത്യകഥ’യായി മാത്രം ഇവിടെ പ്രചരിക്കും, അത് കടുത്ത നുണയാണെങ്കിൽ കൂടി.

കൃത്യമായി പറഞ്ഞാൽ സ്ത്രീകൾക്ക് ലഭിച്ച വിദ്യാഭ്യാസവും തൊഴിൽ സാഹചര്യവും സൃഷ്ടിച്ചെടുത്ത അവരുടെ Emancipation ഉം അവരുടെ ചോയ്സിനേയും തങ്ങൾക്കുതകും വിധം മാറ്റി മറിച്ച് ആഖ്യാനം സൃഷ്ടിക്കുന്ന ബ്രാഹ്മണ്യ ഹിന്ദുത്വത്തിൻ്റെ കുസ്തിത ബുദ്ധിയാണ് ലൗ ജിഹാദും കേരള സ്റ്റോറീയും.

അതിനെ നേരിടണം എന്ന് മാത്രം അറിയാമെന്നല്ലാതെ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ അല്പം കൺഫ്യുഷനിലാണ് ഞാൻ.

NB: ഇവിടെ ഒരു റഫറൻസിന് വേണ്ടി മാത്രമാണ് മധ്യമ ജാതി മധ്യവർഗ്ഗത്തെ ഉപയോഗിച്ചത്. ഏത് അവസ്ഥയിലേയും ആൺ പുരുഷുകൾ ഈ അവസ്ഥയിലെത്താം. അത് ജാതി – മതഭേദമന്യെ (കൃസ്ത്യാനികൾ അടക്കം) തങ്ങളുടെ പക്ഷത്തേക്ക് വരും എന്നും, അതിന് വിദ്യഭ്യാസം തടസ്സമല്ലെന്നും സംഘപരിവാറിന് കൃത്യമായി അറിയാം.

Prasanth Geetha Appul

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x