IndiaPolitical

ഇന്ത്യ; അസ്ഥിരതയുടെ അയൽലോകം

ദേശീയം/സി പി അബ്ദു സമദ് ചളവറ

മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപെട്ട സുന്ദരമാം ഉപദ്വീപ്, അതാണ് ഈ ലോകത്തിന് ഇന്ത്യ. ഉപദ്വീപെങ്കിലും അയൽരാജ്യങ്ങളാൽ സമ്പന്നമാണ് ഇന്ത്യയും. അയൽ രാജ്യങ്ങളോടടക്കം സൗഹൃദമനോഭാവത്തോടെ പെരുമാറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്ക് പലപ്പോഴും അതിന് സാധിക്കാറില്ല.

ഇന്ത്യക്കൊരു ഭൂപടമുണ്ട്, അല്ല ഉണ്ടായിരുന്നു. കാഴ്ചയിൽ തന്നെ ഏതൊരു പൗരനിലും ദേശസ്നേഹം നിറക്കുന്ന ഒന്ന്. കോടിക്കണക്കിന് ജനമനസ്സുകളിലെ ഇന്ത്യ. ആ മനസ്സുകൾക്കൊരാശങ്കയുണ്ട്. തുടർച്ചയായ രണ്ടാം മോഡി സർക്കാരിന്റെ ഭരണ ശേഷവും ഇന്ത്യക്ക് അതെ ഭൂപടം ബാക്കിയാവുമോ…?

ഇല്ലെന്ന യാഥാർഥ്യത്തെ മറന്നു കൊണ്ട് ചോദിച്ചതല്ല ആ ചോദ്യം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വിവാദ നടപടിയിലൂടെ സംസ്ഥാന അതിർത്തികൾ ഉൾപ്പെടുന്ന ഇന്ത്യാ ഭൂപടം മാറ്റി പുതിയത് തൽസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടി വന്നു എല്ലാവർക്കും. ഇനിയും നമ്മുടെ ഭൂപടത്തിന് മാറ്റമുണ്ടാവുമോ…?

സ്ഥിരമായി ഇന്ത്യയുടെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള അയൽ രാജ്യങ്ങളുടെ അതിർത്തി സമീപനങ്ങളിൽ നിന്നും നമുക്ക് ആ സാധ്യതയെ പൂർണ്ണമായി തള്ളിക്കളയാനാകില്ല.

ഭൂപടത്തിലെ രാഷ്ട്രീയം

എന്നാൽ യാഥാർത്ഥത്തിൽ ഭൂപടം എന്നത് ഇന്ത്യയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെയോ മറ്റോ ബാധിക്കുന്ന ഒന്നല്ല. അത് നയതന്ത്രപരമായ സമീപനങ്ങൾക്കും മറ്റുമായി അന്താരാഷ്ട്ര തലത്തിലടക്കം ഉപയോഗിച്ചു പോരുന്ന റിപ്പബ്ലിക് ഇന്ത്യയുടെ പ്രധാന ഘടകമാണ് എന്നത് ശരി തന്നെ . കാഷ്മീരിനെ പാകിസ്ഥാന്റെ ഭാഗമായും അരുണാചൽ പ്രദേശിനെ ചൈനയുടെ ഭാഗമായും ചില രാജ്യങ്ങൾ ലോക മാപ് തയ്യാറാക്കുന്നത് അസാധാരണമൊന്നുമല്ല.

ഗൂഗിളിന്റെ ഭാഗത്ത് നിന്നുവരെ ഇന്ത്യയുടെ സങ്കല്പത്തിന് വിരുദ്ധമായ ഭൂപട പ്രസിദ്ധീകരണം വന്നതടക്കുമുള്ള കാര്യങ്ങളാണ് 2016 ൽ “ഹിയോസ്പേഷ്യൽ ഇൻഫർമേഷൻ റെഗുലേഷൻ ബിൽ” ഇന്ത്യ അവതരിപ്പിക്കാൻ കാരണമെന്നത് ഭാരതീയരിൽ ഭൂരിഭാഗത്തിനും പുതിയ അറിവാകാം. ഇത് പ്രകാരം ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇന്ത്യൻ സർക്കാരിന്റെ അനുമതി വേണം. അല്ലാത്ത പക്ഷം ഒരു കോടി മുതൽ നൂറു കോടി വരെ പിഴയും ഏഴ് വർഷത്തെ തടവും ലഭിക്കാവുന്ന പാതകമായി കണക്കാക്കും.

അതായത് പ്രധാന പ്രശ്നം എല്ലാവരും തങ്ങളുടെ ഇഷ്ട പ്രകാരം രൂപകൽപന ചെയ്യുന്ന ഭൂപടമല്ല. അയൽരാജ്യങ്ങളിൽ ക്രമാതീതമായി വളർന്നു വരുന്ന ഇന്ത്യാ വിരുദ്ധതയാണ്. വലുപ്പത്തിൽ ഇന്ത്യയുടെ അഞ്ചു ശതാമാനം പോലുമില്ലാത്ത, ജനസംഘ്യയിൽ ഇന്ത്യയിലെ ഒരു കേവല സംസ്ഥാനമായ കേരളത്തിന്റെ അത്ര പോലുമില്ലാത്ത നേപ്പാൾ പോലും തങ്ങളുടെ ഭൂപടം മാറ്റി പ്രസിദ്ധീകരിക്കാൻ പോവുകയാണെന്ന വാർത്ത സൃഷ്ടിച്ച ആശങ്കയാണ് തത് വിഷയത്തോടെ തുടങ്ങാൻ കാരണം.

നേപ്പാളും ഇന്ത്യയും

കഴിഞ്ഞ മാസം നേപ്പാൾ പാർലമെന്റ് പാസാക്കിയ പുതിയ ഭൂപടപ്രകാരം ഇന്ത്യയിലെ കാലാപാനി, ലിപുലേഖ്, ലിസിയാധുര തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ അതിർത്തിയിൽ വരുന്നതാണ്. നേരത്തെ സൂചിപ്പിച്ച പോലെ ഇത് നയതന്ത്ര പരമായ ഒരു സമ്മർദ്ദം സൃഷ്ടിക്കുന്നതിന് വേണ്ടി മാത്രമുള്ള നടപടിയും തന്ത്രവുമാണെന്ന് മനസ്സിലാക്കാം. യഥാർത്ഥ പ്രശ്നം ഈ അതിർത്തി പ്രദേശങ്ങളിൽ ആർക്കാണ് നിയന്ത്രണമെന്നതാണ്. ചൈനയുടെ പിന്തുണയോടെയാണോ എന്ന് സംശയിക്കാവുന്ന ആക്രമണങ്ങളും നേപ്പാളിന്റെ ഭാഗത്തുനിന്ന് അതിർത്തയിൽ ഉണ്ടായി എന്നതും ഒരു കർഷകൻ അടക്കം കൊല്ലപ്പെട്ടു എന്നതും നിരാശ ജനകമായ വാർത്തയാണ്.

1814 – 1816 കാലഘട്ടത്തിലെ ഗൂർഖാ യുദ്ധം അവസാനിപ്പിച്ചു കൊണ്ട് ബ്രിട്ടീഷ് ഇന്ത്യയും നേപ്പാളുമായി ഉണ്ടാക്കിയ സിഖൗലി കരാർ കുത്തിപ്പൊക്കിയാണ് ഇപ്പോൾ നേപ്പാൾ ഉയർത്തുന്ന അതിർത്തി പ്രദേശങ്ങളുടെ അവകാശ വാദം എന്നതും ഇന്ത്യയുടെ കരസേനാ മേധാവി എം എം നരവനെയുടെ നേപ്പാളിന്റെ എതിർപ്പിന് പിന്നിൽ മറ്റാരോ ഉണ്ടെന്ന പ്രസ്താവനക്ക് കൂടുതൽ സാധുത നൽകുന്നതാണ്.

ബീഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം വന്നേക്കാമെന്ന സാധ്യത കണക്കിലെടുത്ത് അത് തടയാനായി വർഷാവർഷം നടത്തിവരാറുള്ള ഇന്ത്യാ – നേപ്പാൾ അതിർത്തിയിലെ ഡാമുകളുടെ അറ്റകുറ്റപ്പണികളും ഇത്തവണ നേപ്പാളിന്റെ നിസ്സഹകരം കാരണം നിർത്തിവച്ചിരിക്കുകയാണെന്നതും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. 36 ൽ18 ഷട്ടറുകളും നേപ്പാളിന്റെ അധീന പ്രദേശങ്ങളിലാണെന്നത് ഡാം നവീകരണത്തിൽ അവരുടെ സഹകരണത്തിന്റെ ആവശ്യകതയെ കാണിക്കുന്നതാണ്. ഇതടക്കമുള്ള നേപ്പാളിന്റെ പ്രവർത്തനങ്ങൾക്കു പിന്നിൽ നേപ്പാളിൽ സാധാരണ ജനങ്ങളിലടക്കം വളർന്നു വരുന്ന അതി തീവ്ര ഇന്ത്യാ വിരുദ്ധതയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

നേപ്പാളും ആഭ്യന്തര പ്രശ്നങ്ങളും

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി ഇപ്പോൾ വളരെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭരണ കക്ഷിയായ NCP (നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി) യിലെ പ്രശ്നങ്ങൾ ഭരണ പ്രതിസന്ധിക്ക് വരെ കാരണമാവുന്നുണ്ട്. പാർട്ടി പിളർപ്പിലേക്ക് പോവാതിരിക്കാനായി ഒലി മുൻ പ്രധാനമന്ത്രിമാരായിരുന്ന പ്രചണ്ഡ, മാധവ് കുമാർ നേപ്പാൾ തുടങ്ങിയ നേതാക്കളുമായി തുടരെ തുടരെ ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ ഈ ചർച്ചകളൊന്നും വേണ്ട വിധം ഫലം കാണുന്നില്ലെന്നതാണ് വസ്തുത. ഒലി സ്ഥാനഭ്രഷ്ടനാവുമെന്ന് വരെ കണക്കു കൂട്ടലുകൾ പറയുമ്പോൾ, ഒലിയെ തൽസ്ഥാനത്ത് പിടിച്ചു നിർത്തുന്നത് അധികാരത്തിലേറാൻ താൻ ഉപയോഗിച്ച തന്റെ നയം തന്നെയാണ്.

മറ്റൊന്നുമല്ല അത്, തീവ്രമായ ഇന്ത്യ വിരുദ്ധതയും ചൈനീസ് അനുകൂല നയങ്ങളുമാണവ. ഇത് കൊണ്ട് തന്നെ കുറവല്ലാത്ത പിന്തുണ പാർട്ടിയിൽ ഒലിക്കും അവകാശപ്പെടാനുമുണ്ട്. പ്രചണ്ഡയടങ്ങുന്ന നേതാക്കൾ ഒലിയുടെ ഈ ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെ നിൽക്കുമ്പോൾ ഈ കാര്യത്തിൽ ഒലിക്ക് കൂട്ടായി നേപ്പാളിലെ മുഖ്യ പ്രതിപക്ഷമായ നേപ്പാൾ കോൺഗ്രസ്സുമുണ്ട്. ഇതിൽ നിന്ന് തന്നെ ഗ്രഹിക്കാം നേപ്പാൾ ജനങ്ങളുടെ മനസ്സുകളിൽ വളർന്ന് പന്തലിച്ച ഇന്ത്യാ വിരുദ്ധത. ചർച്ചകളിലും മറ്റും നേപ്പാളിലെ ചൈനീസ് പ്രതിനിധി ഹുയാൻകിയുടെ ഇടപെടലുകളും ശ്രദ്ധേയമാണെന്ന് പറയുമ്പോൾ നേപ്പാളിന് പിന്നിലെ ഇരുണ്ട കരങ്ങൾക്ക് വെളിച്ചം വെക്കുകയാണ്.

ഇന്ത്യ-നേപ്പാൾ; എങ്ങനെയാണ് ബന്ധം വഷളായത് ?

ചരിത്രത്തിൽ ഇന്ന് വരെ ഇന്ത്യയും നേപ്പാളും തമ്മിൽ ഒരു അതിർത്തി തർക്കമോ വിവാദ അവകാശ വാദങ്ങളോ ഉണ്ടായിട്ടില്ല. അത്ര സുദൃഢമായിരുന്നു ഒരു കാലത്ത് ആ ബന്ധം. സ്വതന്ത്ര ഇന്ത്യക്ക് സഹായത്തിനായി എത്തിയ ഏക വിദേശ സൈന്യവും നേപ്പാളിന്റെതായിരുന്നെന്ന് പറയുമ്പോൾ നമുക്കൂഹിക്കാവുന്നതേ ഉള്ളൂ ആ ബന്ധത്തിന്റെ തീവ്രത. പിന്നെന്താണ് ആ ബന്ധത്തെ വഷളാക്കിയത്…? നേപ്പാളിലെ ജനങ്ങളിൽ എങ്ങനെയാണ് ഇത്ര വലിയ തോതിൽ ഇന്ത്യാ വിരോധം കടന്നുകൂടിയത്…?

ഡോളറിനെതിരെ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ നേപ്പാളീ രൂപയുമായുള്ള അതിന്റെ വിനിമയ നിരക്കിൽ ഇന്ത്യ മാറ്റം വരുത്താൻ വിസമ്മതിച്ചതും, മുൻ സാർക്ക് ഉച്ചകോടിയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങളുമെല്ലാം നേപ്പാൾ ജനതയെ ഒത്തിരി പ്രകോപിപ്പിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. “കാഠ്മണ്ഡു ടൈംസ് ” അടക്കമുള്ള നേപ്പാളിലെ പ്രമുഖ മാധ്യമങ്ങൾ ഇത്തരം സാഹചര്യങ്ങളെ ജന്മനസ്സുകളിലേക്ക് ഇന്ത്യാ വിരുദ്ധ മനോഭാവമാക്കി കുത്തിയിറക്കാൻ ശ്രമിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെന്ന പോലെ തൽസാഹചര്യങ്ങളിൽ അവിടെയും ഇന്ത്യയെ ശത്രുപക്ഷത്തായി കണക്കാക്കിയിരുന്നു.

ഇപ്പോഴുള്ള അതിർത്തി പ്രശ്നങ്ങളിൽ പോലും കേവല വൈകാരിക പ്രതികരണങ്ങൾക്ക് പുറമെ നേപ്പാളുമായി ഒരു ഉഭയകഷി ചർച്ച പോലും നടന്നിട്ടില്ല. നയതന്ത്രപരമായ വീഴ്ചയാണ് ഇവിടെ പ്രകടമാവുന്നത്. മോഡി സർക്കാരിന് കീഴിൽ ഉന്നതരുടെ വിനോദയാത്രകളല്ലാതെ അന്താരാഷ്ട തലത്തിൽ സൗഹൃദത്തിലുണ്ടാവേണ്ട അയൽ രാജ്യങ്ങളോട് പോലും ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല എന്നതും അങ്ങേയറ്റം നിരാശാജനകമാണ്. നയതന്ത്രപരമായ ഇടപെടലുകളിൽ വേണ്ടത് ആൾബലവും സൈനിക ശക്തിയുമല്ല, മറിച്ച് അല്പമെങ്കിലും വിവേകമാണ്. ഇന്ത്യക്കില്ലാത്തതും അത് തന്നെ.

ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ

മാധ്യമങ്ങളടക്കം ഒരു പ്രധാന ചർച്ചയിൽ പോലും ഉൾപ്പെടുത്താത്ത നേപ്പാളുമായുള്ള പ്രശനം ഇത്തരത്തിലുള്ളതാണെങ്കിൽ ഇപ്പോൾ രൂക്ഷമായികൊണ്ടിരിക്കുന്ന ചൈനയുമായുള്ള സംഘർഷ ഭരിതമായ സാഹചര്യത്തെ എങ്ങനെ വിലയിരുത്തണം. കിഴക്കൻ ലഡാക്കിൽ മെയ് തുടക്കം മുതൽ തുടരുന്ന പ്രശ്നങ്ങൾ ഇന്ന് എത്തി നിൽക്കുന്നത് കേണൽ ഉൾപ്പെടെയുള്ള ഇന്ത്യൻ ജവാന്മാരുടെ മരണത്തിലാണ് എന്നത് ആരുടെയും അറിവിൽ നിന്ന് അകലെയുള്ള വിജ്ഞാനമല്ല. ഒന്നിലേറെ തവണ സൈന്യങ്ങൾ നേർക്കുനേരെ വന്നിട്ടും ഏറ്റുമുട്ടലിലെത്താത്തിരുന്ന ഗൽവാനിൽ ജൂൺ മധ്യത്തിൽ നടന്ന സംഘർഷത്തിൽ ചൈനക്കും ആളപായമുണ്ടായി എന്ന് ഇന്ത്യ വാദിക്കുമ്പോഴും വ്യക്തമായ പ്രതികരണം ചൈനയുടെ പക്ഷത്ത് നിന്ന് അന്യമാണ്.

45 വർഷമായി ഇന്ത്യാ – ചൈനാ സംഘർഷത്തിൽ ജീവാപായമുണ്ടായിട്ടില്ലായിരുന്നു. അതിനാണിവിടെ ഈ സംഘർഷത്തോടെ വിരാമമിട്ടത്. ഏറ്റുമുട്ടൽ മാരകായുധങ്ങൾ കൊണ്ടല്ലെങ്കിലും ഇരു രാജ്യങ്ങൾക്കും നഷ്ടം കനപ്പെട്ടത് തന്നെയാണ്. 1960 കളിലും 1987 ലും നടന്ന അസ്വാരസ്യങ്ങൾക്കു ശേഷം ഇന്ത്യ – ചൈന അതിർത്തി പ്രത്യക്ഷത്തിൽ ഏറെക്കുറെ ശാന്തമായിരുന്നു. അതിനുശേഷം പതിറ്റാണ്ടുകൾക്കിപ്പുറമാണ് ‘മോഡീ ഇന്ത്യ’യുടെ നെഞ്ചത്ത് ചൈന വിളയാടാനൊരുങ്ങുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉണ്ടായ പുൽവാമ ഭീകരാക്രമണം ഉത്തരവാദിത്തപെട്ടവരുടെ നിർമ്മാണമാണോ എന്ന സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും പുറമേക്ക് അതൊരു വൻ സുരക്ഷാ വീഴ്ചയാണ്. അസംഭവ്യമായ അത്തരം വീഴ്ച തന്നെയാണ് ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയെ മുൻ നിർത്തിയുള്ള ആ സംഘർഷത്തെ ദുരൂഹമാക്കുന്നത്.

ചൈന കയ്യടക്കിയ ഇന്ത്യൻ പ്രദേശങ്ങൾ

പലപ്പോഴായി ആയിരക്കണക്കിന് സ്ക്വയർ കിലോമീറ്ററുകൾ കാശ്മീർ ഭാഗത്ത് ചൈന കയ്യടക്കി വച്ചിട്ടുണ്ടെന്നാണ് ചില കണക്കുകൾ പറയുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ മോഡീ സർക്കാരിന്റെ നടപടി ജമ്മു & കാശ്മീർ ചുറ്റപ്പെട്ട മേഖലകളിൽ പാകിസ്ഥാനെന്ന പോലെ ചൈനക്കും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി എന്നത് മൂടിവെക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്ത നഗ്ന സത്യമാണ്. ഇപ്പോൾ നടക്കുന്ന സംഭവത്തിലും ചൈന തങ്ങളുടെ തനി സ്വരൂപം കാണിക്കുകയാണ്. പാംഗോങ് തടാകത്തിനരികെ 8 കിലോമീറ്റർ അതിക്രമിച്ചു കയറിയതുൾപ്പെടെ ഒത്തിരി സ്ഥലങ്ങളിലാണ് കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം കടന്നു കയറി തമ്പടിച്ചിരുന്നത്. അതിൽ ഗൽവാനിൽ ഇരു സൈന്യങ്ങളും ഏറ്റുമുട്ടിയെന്ന് മാത്രം.

പ്രതിരോധ തലത്തിൽ നടക്കുന്ന ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് പ്രതിരോധ മന്ത്രി വാങ്‌യിയും തമ്മിലുള്ള ചർച്ചകളടക്കമുള്ള ഉഭയകക്ഷി ചർച്ചകളുടെ ഫലമായി കടന്നു കയറിയ സ്ഥലങ്ങളിൽ നിന്ന് ചൈന പിന്മാറ്റത്തിന് തയ്യാറായിരുന്നു. നേരത്തെ സൂചിപ്പിച്ച പാംഗോങ് തടാകത്തിനു സമീപത്തെ പിന്മാറ്റത്തിന് കുറച്ച് കടുംപിടുത്തം കാണിച്ചുവെങ്കിലും അവസാനം അതിനും ധാരണയായി. എങ്കിലും അതിർത്തികളിൽ പൂർവ്വ സ്ഥിതി വീണ്ടെടുക്കാനായുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗൽവാനിലെ പിന്മാറ്റത്തിന് കാരണം വേനലിൽ മഞ്ഞുരുകിയത് കാരണമുണ്ടായ ഗൽവാൻ നദിയിലെ ക്രമാതീതമായ വെള്ളത്തിൻറെ ഉയർച്ചയാണ് എന്നും പറയപ്പെടുന്നു.

സർക്കാറിന്റെ പരാജയമോ ?

ഇതിനിടയിലും നമ്മുടെ ഭരണ കക്ഷികളുടെ കാര്യത്തെ കോമഡിയെന്ന് വിശേഷിപ്പിക്കേണമോ എന്നെനിക്കറിയില്ല. ബി ജെ പി അധ്യക്ഷൻ ജെ പി നഡ്ഡ അടക്കമുള്ളവരുടെ പ്രധാന ചിന്താവിഷയമിപ്പോൾ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് കമ്പനികളിൽ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ടോ എന്നതാണ്. അവർ ഉന്നയിച്ച പ്രസ്തുത വാദത്തിന് പ്രതികരണമെന്നോണം കേന്ദ്ര സർക്കാർ ഇൻഫോഴ്സ്മെന്റ് സ്പെഷ്യൽ ഡയറക്ടർ നേതൃത്വം നൽകുന്ന വൻ അന്വേഷണ സമിതിക്കാണ് തത് വിഷയത്തിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അല്ല, ഇപ്പോഴത്തെ പ്രധാന വിഷയമാതാണല്ലോ…

60 കിലോമീറ്റർ ചൈന അതിക്രമിച്ചു കയറിയിട്ടുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യങ്ങളുടെ തുടക്കത്തിൽ മാധ്യമങ്ങൾ പറയുമ്പോഴും അതിനെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും അംഗീകരിക്കുമ്പോഴും ഏറ്റുമുട്ടലിന് കാരണമായി ചൈനയുടെ അതിക്രമിച്ചു കയറ്റത്തെ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുമ്പോഴും നമ്മുടെ ഭരണത്തലവൻ വാശിയിലായിരുന്നു. ആരും രാജ്യത്തിനകത്തേക്ക് കടന്നിട്ടില്ലെന്നും ഒരിഞ്ചു പോലും നഷ്ടപെട്ടിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിചിത്രവാദം.

ഉയർന്നു വരുന്ന പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കും ആഭ്യന്തര വിവാദങ്ങൾക്കും മറുപടിയെന്നോണം സുരക്ഷാ ഭീഷണി ഇല്ലെന്ന് തെളിയിക്കാനായിരിക്കണം അദ്ദേഹത്തിന്റെ പ്രസ്താവന എന്ന് വേണം കരുതാൻ. എന്നാൽ അത്തരം അബന്ധങ്ങൾ വലിയ വിനയാകുമെന്നാണ് പ്രമുഖർ നൽകുന്ന മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ആ പ്രസ്താവനയിലൂടെ ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് നയതന്ത്രപരമായ വലിയ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇതിലൂടെ ചൈനയുടെ ‘ഇന്ത്യ ചൈനാ അതിർത്തിയിലേക്ക് കടന്ന് കയറി’ എന്ന വാദം ശരിയാണെന്ന് വരും. അതുപോലെ ഏറ്റുമുട്ടി എന്ന് പറയുന്നതും, ഏറ്റുമുട്ടലിന്റെ കാരണവും, ഇപ്പോൾ നടക്കുന്ന ചർച്ചകളും, തിരിച്ചടിച്ചു എന്ന പ്രസ്താവനയും അടക്കം ഒത്തിരി കാര്യങ്ങൾ ചോദ്യ ചിഹ്നത്തിൽ വരും. ഒരു രാജ്യത്തിലെ ഉന്നത സ്ഥാനം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി എന്ന നിലക്ക് അദ്ദേഹം കുറച്ചു കൂടി പക്വമായി കാര്യങ്ങളെ സമീപിക്കുകയും സംസാരിക്കുകയും ചെയ്യണം.

എന്നാൽ ഇനിയും പ്രസ്തുത സംഭവത്തിന്റെ പേരിൽ ചൈനയുടെ പേര് പരാമർശിക്കാത്ത പ്രധാന മന്ത്രിയുടെ നിലപാട് ദുരൂഹത നിറഞ്ഞതാണ്. ഈ കാര്യം ‘അതിക്രമിച്ചു കയറിയിട്ടില്ല’ എന്ന പ്രസ്താവനയെക്കൂടി സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.

പ്രധാനമന്ത്രിയുടെ ലെഡാക്ക് സന്ദർശനം

പിന്നെ മറ്റൊന്ന് സൈക്കോളജിക്കൽ മൂവായിരുന്നു. ചർച്ചകളെല്ലാം പുരോഗമിച്ച് ഏകദേശ ധാരണയിലെത്തുമ്പോഴാണ് പ്രധാന മന്ത്രിയുടെ ലേ സന്ദർശനവും തുടർന്ന് അതിർത്തിയിലെ സൈനിക വ്യൂഹത്തെ കണ്ട് പ്രചോദിപ്പിക്കലും. സൈനികരുടെ മനോധൈര്യത്തെ വര്ധിപ്പിക്കാനാണെന്നും ചൈനക്ക് ഒരു സന്ദേശം നൽകാനുമുള്ള നീക്കമാണെന്നുമെല്ലാം പറഞ്ഞ് പ്രസ്തുത സംഭവത്തെ മിനുക്കിയെടുക്കാമെങ്കിലും, കോവിഡ് ഘട്ടത്തിലെ പിഴവുകളിൽ നിന്ന് മാനം രക്ഷിക്കാനും അതിർത്തി സംരക്ഷിക്കാനുള്ള ഊർജ്ജം തങ്ങൾക്കുണ്ടെന്ന് പ്രതിപക്ഷത്തെയടക്കം കാണിക്കാനും വേണ്ടി നടത്തിയ കേവല സിനിമകളിലെ സാങ്കൽപ്പിക ഹീറോകൾക്ക് മാത്രം ചേർന്ന ആ സന്ദർശനം യാഥാർത്ഥത്തിൽ ഒരു മുൾമുനയായിരുന്നു.

ചർച്ചകൾക്ക് വിള്ളലേൽക്കാനുള്ള എല്ലാ സധ്യതയും അന്നുണ്ടായിരുന്നു. ചൈന അന്ന് ആ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. ഇങ്ങോട്ട് കയറി ആക്രമിക്കുന്നവരെ പ്രകോപിപ്പിക്കുന്നതിലല്ല പ്രശ്നം, മറിച്ച് നമ്മുടെ കൂടി ആവശ്യമായ ചർച്ചയുടെ വിജയകരമായ പൂർത്തീകരണത്തെ ബാധിക്കുന്നതിലാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ യാത്രയെ റദ്ദ് ചെയ്തു കൊണ്ടായിരുന്നു ആ യാത്ര എന്നതും ഇപ്പോൾ ചർച്ചയിൽ പോലും ചൈനീസ് വിദേശ കാര്യ മന്ത്രി വാങ്‌യീയുമായി ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ് എന്നതുമെല്ലാം നമ്മോട് പറയുന്നത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കാനുള്ള ഒരു യന്ത്രം മാത്രമായി മാറുന്നു എന്നതാണ്.

ഇന്ത്യ-ചൈന വ്യാപാര യുദ്ധം; നഷ്ടം ആർക്ക് ?

ഈ സാഹചര്യത്തിൽ ഇന്ത്യ ചൈനക്കെതിരെ നടത്തിയ മറ്റു നീക്കങ്ങളുമായാണ് രംഗത്തുള്ളതാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി അൻപതിൽ പരം ആപ്പുകൾ നിരോധിച്ചതും, റെയിൽവേ കരാറും, ടെലികോമും റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടതുമായ കരാറുകളുടെയും ചൈനീസ് നിക്ഷേപങ്ങളുടെയും നിഷേധവും എല്ലാം ചൈനക്ക് വളരെ വലിയ തിരിച്ചടിയാണെന്നത് ശരിയാണ്. എന്നാൽ അതിർത്തിയിലെ തർക്കം തീരാൻ മാസങ്ങളെടുക്കുമെന്ന് സേനാവൃത്തങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ, വർഷങ്ങളോളമാവും ഇന്ത്യയും ചൈനയുമായി വ്യാപാര യുദ്ധം നിലനിൽക്കുക എന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.

ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യയെയാവും എന്നതാണ് യാഥാർഥ്യം. കാരണം ഇന്ന് ഇന്ത്യ ചൈനയെ വളരെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. 70 % ത്തിനു മുകളിൽ മൊബൈൽ ഫോൺ ഇന്നും ഇറക്കുമതി നടത്തുന്നത് ചൈനയിൽ നിന്നാണ്. അതിനു പുറമെ ഇലക്ട്രോണിക്സ് അടക്കമുള്ള ഒത്തിരി മേഖലകളിൽ പൂർണ്ണമായോ ഭാഗികമായോ ചൈന ഇന്ത്യൻ വിപണിയെ കയ്യടക്കി വച്ചിരിക്കുകയാണ്. നിർമ്മാണങ്ങൾക്കുള്ള ഭാഗങ്ങൾ വരെ ഉൾപ്പെടുന്ന ഇത്തരം മേഖലകളിൽ ചൈനയെ തഴഞ്ഞാൽ ഉപഭോക്താക്കളുടെ അസംതൃപ്തി മുതൽ അമിത വിലയടക്കമുള്ള ഒരുപാട് പ്രശ്നങ്ങളാണ് നമ്മുടെ മുന്നിലേക്കെത്തുന്നത്.

14% ഇന്ത്യ ഇറക്കുമതി വിഷയത്തിൽ ചൈനയെ ആശ്രയിക്കുന്നു എങ്കിൽ ചൈന ഇന്ത്യയിൽ നിന്നിറക്കുമതി ചെയ്യുന്നത് വെറും 1% മാത്രമാണ് എന്നതും ഇന്ത്യക്ക് ഈ വ്യാപാര ബന്ധത്തിലുണ്ടാവേണ്ടതും എന്നാൽ ഇല്ലാത്തതുമായ താത്പര്യത്തെ കാണിക്കുന്നു. ഈ സർക്കാരിന്റെ കാലത്ത് ഇന്ത്യക്ക് സാമ്പത്തിക പരമായും ഉൽപ്പാദന രംഗത്തും മറ്റും ഇടിവുകളല്ലാതെ ഒരു തരിമ്പു പോലും പ്രയോചനമുണ്ടായിട്ടില്ല. എന്നാലും പ്രയോജനമേതുമില്ലെങ്കിലും തങ്ങൾ അപകടകരമായ പാതയേ സ്വീകരിക്കൂ എന്ന പിടിവാശിയിലാണ് സർക്കാർ.

അതിർത്തിയിൽ പൂർണ്ണ സജ്ജമായി സൈന്യം

“ഇന്ത്യ – ചൈന ഭായി ഭായി” എന്ന് മുഴങ്ങിയിരുന്ന 1960 കളിൽ പോലും ചൈന നടത്തിയ ചതിയെ മുന്നിൽ കാണ്ടാവണം സൈന്യം നന്നായി ഒരുങ്ങുന്നുണ്ട്. 1962 ജൂലൈ 14 ന് ഗൽവാനിൽ നിന്ന് പിന്മാറിയ ചൈന ഒക്ടോബർ 20 ന് യുദ്ധം ചെയ്യാനെത്തിയ പ്രസ്തുത സംഭവം ഇന്ത്യക്ക് ഒരു പാഠം തന്നെയാണ്. അതുകൊണ്ടുതന്നെ അതിർത്തിയിൽ സേന ഡ്രോണും ഹെലികോപ്ടറും വച്ച് ചൈന പിന്മാറിയ സ്ഥലങ്ങളിലും നിരീക്ഷണം തുടരുന്നുണ്ട്. ചൈനയുടെ എതിർപ്പിനെ വക വെക്കാതെ അതിർത്തിയിൽ 255 കിലോമീറ്റർ റോഡ് 3 മാസത്തിനകം ശേഷിക്കുന്ന പണികൾ കൂടി തീർത്ത് പൂർണ്ണ സജ്ജമാകുമെന്നതും, ആയിരക്കണക്കിന് കോടികൾ റാഫേലടങ്ങുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്നതുമെല്ലാം ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നേറ്റം കാണിക്കുന്നതാണ്.

എന്നാൽ മറ്റൊരാശങ്ക എന്നത് ഏഴു കൊല്ലം മുന്നേ എ.കെ ആൻറണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോൾ തുടങ്ങി വച്ച 65000 കോടിയുടെ ചൈനക്കെതിരെ ആവശ്യമെങ്കിൽ പ്രത്യാക്രമണത്തിന് പോലും ഉപയോഗിക്കാവുന്ന പർവ്വത പ്രഹര കോറിന്റെ രണ്ടാം ഡിവിഷന് എന്ത് സംഭവിച്ചു എന്നതാണ്. ചൈനയുടെ ശക്തമായ എതിർപ്പിനെ വകവെക്കാതെ മുന്നോട്ടു വെച്ച ആ പദ്ധതിയുടെ പൂർത്തീകരണം വൈകാൻ കാരണമെന്താണ് …?

കണക്കുകളിൽ ഇന്ത്യയേക്കാൾ ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ചൈനക്കുള്ളത്. എന്നാൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു വിഭാഗം സേനയും കരുത്തേറിയ വ്യോമസേനയും ഇന്ത്യക്ക് മേൽക്കൈക്കുള്ള അവകാശ വാദത്തിനുതകുന്നതാണ്. എന്നാൽ അയൽ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഇന്ത്യാ വിരുദ്ധത മുതലെടുത്ത് അത് വർധിപ്പിച്ച് കൊണ്ട് അവയെ തങ്ങളുടെ വ്യോമ കേന്ദ്രങ്ങളുടെയും സൈനിക താവളങ്ങളുടെയും ഇടമാക്കി മാറ്റുക എന്ന തന്ത്രമാണ് ചൈന പയറ്റിക്കൊണ്ടിരിക്കുന്നത്. 70 ഓളം രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന “പട്ടുപാത” (സിൽക്ക് റോഡ് ) ഇന്ത്യയടക്കം ചൈനയുമായി ഉടക്കി നിൽക്കുന്ന രാജ്യങ്ങൾക്കെല്ലാം ഭീഷണിയായേക്കാമെന്ന് നമുക്ക് പരോക്ഷമായി മനസ്സിലാക്കാവുന്നതാണ്. OBOR ലൂടെയും ശ്രദ്ധേയമായ ഇടപെടലുകളാണ് ചൈന നടത്തി വരുന്നത്.

അയൽ രാജ്യ ബന്ധങ്ങളിലെ വിള്ളൽ; നയതന്ത്ര വീഴ്ച്ച

ഊഷ്മളമാവേണ്ട അയൽബന്ധങ്ങളിലെ വിള്ളലുകളാണിവിടെ ഇന്ത്യക്ക് വിനയാവുന്നത്. നമ്മളിപ്പോൾ സൂചിപ്പിച്ച, ഇന്ന് രൂക്ഷമാവുന്ന ചൈനയുമായും നേപ്പാളുമായുമുള്ള പ്രശ്നങ്ങൾക്ക് പുറമെ അതിർത്തി പങ്കിടുന്ന ഒട്ടു മിക്ക രാജ്യങ്ങളുമായും ഇന്ത്യ ചില കോണുകളിലൂടെ നോക്കുമ്പോൾ ഉടക്കിലാണ്, ചില കാര്യങ്ങളിൽ സഹകരണാമനോഭാവം കാണിക്കുന്നുണ്ടെങ്കിൽ പോലും. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങളും തർക്കവും എഴുതുകയാണെങ്കിൽ അത് ചൈനയോളമോ നേപ്പാളിനോളമോ അല്ല, ലോകത്ത് മറ്റേത് രാജ്യങ്ങൾ തമ്മിലുള്ളതിനേക്കാൾ വരാം.

അവസാനമായി ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നടക്കുമ്പോൾ സംഘർഷ ഭൂമിയായ കിഴക്കൻ ലഡാക്കിന് സമീപത്തെ തങ്ങളുടെ അധീന പ്രദേശത്ത് വെടിവെപ്പും അക്രമവുമായി പാകിസ്ഥാൻ തങ്ങളുടെ സഹോദര രാജ്യത്തോടുള്ള കൂറ് ഒന്നുകൂടെ തെളിയിച്ചിരുന്നു. ചൈന നിർമ്മാണം നടത്തിയ പാകിസ്ഥാനിലെ ഗാദ്വാർ തുറമുഖവും ഇന്ത്യക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ, നമുക്ക് മനസ്സിലാക്കാവുന്നത് ഇന്ത്യാ വിരുദ്ധത കൊണ്ട് വളർന്നുവരുന്ന പാക് – ചൈനാ ബന്ധവും ഇന്ത്യക്ക് ഒട്ടും ഗുണകരമല്ല എന്നാണ്.

ശ്രീലങ്കയും മാലിദ്വീപും

കെ.പി.കെ.എഫ് ഇടപെടലിന് ശേഷം ശ്രീലങ്കയുമായും ഇന്ത്യയുടെ ബന്ധം നല്ല പാതയിലല്ല. തമിഴ് വംശജർ പോലും ഇന്ത്യക്കെതിരാണെന്ന് പറയുമ്പോൾ സർക്കാരുമടക്കം ഇരു കൂട്ടരുടെയും പൊതു ശത്രു എന്ന നിലക്കാണ് ലങ്കയിൽ ഇന്ത്യയുടെ സ്ഥാനമെന്നത് വ്യക്തം. ഏറ്റവും തിരക്കേറിയ കപ്പൽപാതയായ ശ്രീലങ്കയുടെ ഹമ്പന്തോഡ ഇന്ത്യക്ക് ഭീഷണിയായേക്കാവുന്ന തരത്തിൽ ചൈനക്ക് 99 വർഷത്തിന് പാട്ടം കൊടുത്തതും ഇന്ത്യക്ക് അത്ര നല്ല വാർത്തയല്ല. ചൈനക്ക് നിരീക്ഷണത്തിനായി ഒരു തുറമുഖം കൂടി ഇന്ത്യയുടെ മുറ്റത്ത് വിരിച്ചിട്ടുകൊടുത്തു എന്ന് മാത്രം.

ആഭ്യന്തര കലാപം അടിച്ചമർത്താൻ പോലും ഇന്ത്യ സൈനികമായിത്തന്നെ സഹായിച്ചിട്ടുണ്ടായിരുന്ന മാലിദ്വീപും ഇപ്പോൾ മറു ചേരിയിലാണ്. 2018 ൽ അബ്ദുല്ലാഹ് യമീൻ എന്ന ഭരണാധികാരി സമുദ്ര നിരീക്ഷണത്തിനായി താവളം നിർമ്മിക്കാൻ ചൈനക്ക് അനുവാദം നൽകിയതും, ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ചൈനയുമായി സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കിയതും ഒരിക്കൽ ഹൃദ്യമായിരുന്നു ആ ബന്ധവും വഷളായി എന്ന് തെളിയിക്കുന്നതാണ്. ഇന്ത്യൻ അംബാസിഡർമാരെ സന്ദർശിച്ചു എന്ന കാരണത്താൽ പ്രാദേശിക കൗൺസിലർമാരെ സസ്പെൻഡ് ചെയ്ത അവരുടെ നടപടിയും ഏറെ വേദനാജനകമാണ്.

റെയിൽ – തുറമുഖ ബന്ധങ്ങളിലൂടെ മ്യാൻമാറിനെയും ചൈന ഇന്ത്യക്കെതിരായി ഉപയോഗിക്കുന്നുണ്ടെന്ന വാർത്ത അവിടെയും ഇന്ത്യാ വിരുദ്ധതക്ക് കുറവൊന്നുമില്ല എന്ന് വിളിച്ചോതുന്നു. ഇത് പോലെ ബംഗ്ളാദേശിനെയാണെങ്കിലും തുറമുഖങ്ങളുടെയും അതിവേഗ പാതകളുടെയും വികസന ത്തിന് സഹായിച്ചു കൊണ്ട് ചൈന ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയുമായി ഏറെക്കാലമായി നിലനിൽക്കുന്ന ഗംഗാജലത്തിന്റെ പങ്കിടലുമായി ബന്ധപ്പെട്ട പ്രശ്നം ഇതുവരെ എങ്ങുമെത്താത്തതുമായ നിലയും ബംഗ്ലാദേശുമായി ഇന്ത്യയെ അകറ്റുകയല്ലാതെ അടുപ്പിക്കുകയല്ല.

നയതന്ത്രപരമായി ഇന്ത്യക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഏഷ്യയിലെ ഇന്ത്യയുടെ സോഫ്റ്റ് പവർ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ സർക്കാരിന് കീഴിൽ അയൽ രാജ്യങ്ങളുമായി ഇത് വരെയുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല എന്ന് മാത്രമല്ല, ബന്ധങ്ങളെല്ലാം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യാ വിരുദ്ധതയുടെ കാര്യത്തിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്ന ഒത്തിരി രാജ്യങ്ങളുടെ നടുവിലാണ് നാം നേരത്തെ സൂചിപ്പിച്ച ആ സുന്ദരമാം ഉപദ്വീപ്.

ഇനിയും അല്പമെങ്കിലും വിവേകം കാണിച്ചില്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും തിരിഞ്ഞു കൊത്തുമെന്ന് ഈയിടെ വീണ്ടും തെളിയിച്ച, അമേരിക്കയുടെ തൃപ്തിക്ക് മാത്രം പ്രവർത്തിക്കുന്ന ഒരു അമേരിക്കാ സമാന്തരരാജ്യം എന്ന സ്ഥിതിയിൽ നിന്ന് മാറിയില്ലെങ്കിൽ, ഇന്ത്യക്ക് നേരിടേണ്ടി വരിക വലിയ ഒറ്റപ്പെടലായിരിയ്ക്കും, വലിയ നഷ്ടങ്ങളായിരിക്കും.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x