IndiaNews

ഡൽഹിയിൽ ഇനി അസറു ഇല്ല…

അഡ്വ :ഷിബു മീരാൻ

ഇത്ര ചെറിയ പ്രായത്തിൽ അത്ര ധന്യമായൊരു ജീവിതം… അപരന്നു വേണ്ടി പരക്കം പാഞ്ഞു നടന്ന ഒരു കുട്ടി….. എം എസ് എഫ്, എസ് കെ എസ് എസ് എഫ്,ഡൽഹി കെ എം സി സി … എല്ലാം അവനു നൻമകൾ ചെയ്യാനുള്ള പ്ലാറ്റ്ഫോമുകളായിരുന്നു.. അസാമാന്യമായ പക്വത, മികച്ച സംഘാടന മികവ്… ഡി യു വി ലെയും ജാമിഅയിലെയും കുട്ടികൾക്ക് അവൻ നേതാവാണ്.. അവരുടെ അസറുക്കയാണ്… നമ്മുടെ മുന്നിലെത്തിയാൽ അനുസരണയുള്ള പാർട്ടി കേഡറാകും… ഡൽഹിയിലൊരാൾക്ക് ഒരു സഹായം വേണ്ടി വന്നാൽ അസറുവിൻ്റെ നമ്പർ കൊടുക്കാം.. ഉത്തരവാദിത്വത്തോടെ അവനത് ചെയ്തിരിക്കും..

യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാഗമാണവൻ… ഏതു പരിപാടി സംഘടിപ്പിക്കാനും കൂടെ ഉണ്ടാകും.. ഡൽഹിയിലെത്തിയാൽ ആദ്യം വിളിക്കുന്നതവനെയാകും .. അതു മുടങ്ങിയാൽ, എത്തി എന്നാരെങ്കിലും പറഞ്ഞറിഞ്ഞാൽ ഉടനെ അവൻ്റെ വിളി വരും… ഇങ്ങക്ക് നമ്മളെയൊന്നും വേണ്ടാലോ എന്ന് പറഞ്ഞ് പിണങ്ങാൻ… അതിനു പക്ഷേ നിമിഷങ്ങളേ ആയുസു കാണൂ… അധികവും കേരളാ ഹൗസിനും ഹാരിസ് ബീരാൻ്റെ ഓഫീസിനും ഇടയിലുള്ള റോഡിലാണ് അവൻ പ്രത്യക്ഷപ്പെടുക…ഷിബുക്കാ എന്നുച്ചത്തിൽ വിളിച്ച് തോൾ സഞ്ചിയും തൂക്കി മനോഹരമായി പുഞ്ചിരിച്ച് അവൻ എത്രയും മുന്നിലെത്തുമ്പോൾ ഒരാശ്വാസാണ്… ഇനി ചെക്കൻ കൂടെ തന്നെയുണ്ടാകും.. സംഘടിപ്പിക്കാനുദ്ദേശിച്ച പരിപാടി കഴിയും വരെ…

എനിക്കവനെ കൂടെ കൊണ്ടു നടക്കാൻ വല്യ ഇഷ്ടമായിരുന്നു.. കടക്ക് ചായ കിട്ടുന്ന കടകളിലേക്ക്, മുറബാദി ബിരിയാണി കഴിക്കാൻ, ഓഖ്ലയിലെ ഗലികളിൽ ചുമ്മാ വെറുതെ നടക്കാൻ… അസറുവുണ്ടെങ്കിൽ ഒരു രസാണ്.. സംഘടനക്കും രാഷ്ട്രീയത്തിനും അവൻ്റെ കുടുംബം, നാട്, വീട് ഒക്കെ അന്നേരം കടന്നു വരും… തികച്ചും സാധാരണ ചുറ്റുപാടുള്ള അവൻ്റെ കുടുംബത്തിനു തണലാകാനുള്ള ശ്രമങ്ങളാണ് പഠിത്തത്തോടൊപ്പം ചെയ്യുന്ന ചെറിയ ചെറിയ ജോലികളെക്കുറിച്ച്, പുതിയ പദ്ധതികളെക്കുറിച്ചൊക്കെ പറയും… അവൻ്റെ തോൾസഞ്ചിയിൽ സംഘടനാ ഉത്തരവാദിത്വങ്ങൾ മാത്രമല്ല ,ചെറിയ ചെറിയ പ്രാരാബ്ധങ്ങൾ കൂടിയുണ്ടെന്നറിയുന്നത് അങ്ങനെ നടക്കാനിറങ്ങിയ നേരങ്ങളിലാണ്… എനിക്കവനോട് ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതൊക്കെ…

പെട്ടെന്നാണ് അവൻ രോഗബാധിതനാണെന്ന് കേട്ടത്.. പനി വന്നതാണ്.. ആദ്യമൊന്നും അത് ശ്രദ്ധിക്കാതെ പരക്കം പാഞ്ഞു നടന്നു കാണും.. അൽപം പ്രയാസത്തിലാണ് എന്നറിഞ്ഞപ്പോൾ വിഷമത്തിലായി.. ഡൽഹിയിലെ നേതാക്കളും സഹപ്രവർത്തകരും അവന് മികച്ച ചികിത്സ തന്നെ ലഭ്യമാക്കി.. അടുത്തൊന്നും ഇത്ര തീവ്രമായി പടച്ചവനോട് ഒരു കാര്യം പ്രാർത്ഥിച്ചു കാണില്ല. അത്രക്കിഷ്ടായിരുന്നു അവനെ….പക്ഷേ പടച്ചവൻ്റെ തീരുമാനം മറ്റൊന്നായിരുന്നു…നന്നേ ചെറിയ പ്രായത്തിൽ… ഒരുപാട് നന്മകൾ ചെയ്ത് തീർത്ത്.. അസറു ഇന്ന് പുലർച്ചെ മടങ്ങി…പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹലിംക്ക അത് പറഞ്ഞത്… അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..

ഡൽഹിയിൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൻ്റെ അന്നാണ് അസറുവിനെ അവസാനം കണ്ടത്.. എന്തോ ഒന്നിന് ചെറുതായി ഒന്നു ദേഷ്യം വന്നു പോയി അന്ന്… അവനപ്പഴും ചിരിച്ചു.. പിരിയാൻ നേരം ‘പെട്ടെന്ന് അറിയാതെ ശബ്ദം ഉയർന്നു പോയതാണ്, സാരമില്ലാട്ടാ’ എന്ന് പറഞ്ഞു .. അപ്പോഴും ചിരി.. ഇങ്ങള് പോ ഷിബുക്ക ബേജാറാക്കാണ്ട് എന്ന് മറുപടി… അന്ന് കണ്ടതാണ്.. ദുനിയാവിൽ ഇനി ആ ചിരി കാണില്ല എന്നോർക്കുമ്പോൾ വല്ലാത്ത വേദന…എൻ്റെ മരണം വരെ ആ വേദന നിനക്കു വേണ്ടിയുള്ള പ്രാർത്ഥനായി കൂടെയുണ്ടാവും അസറൂ…

നിന്നെ കണ്ടുമുട്ടേണ്ടിയിരുന്നില്ല കുട്ടി… നിന്നെ കാണാതിരുന്നെങ്കിൽ നീ പോയതും ഞാൻ അറിയില്ലായിരുന്നു… സഹപ്രവർത്തകൻ എന്നതിനുമപ്പുറത്തായിരുന്നു നീ… തമ്പുരാനെ… നീയെൻ്റെ പ്രിയപ്പെട്ട അനിയനെ സ്വീകരിക്കണേ.. എൻ്റെ കുട്ടിക്ക് സ്വർഗം കൊടുക്കണേ..

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x