IndiaPolitical

അൽ ഖായിദ ബന്ധം കുഴിച്ചെടുക്കുന്ന അന്വേഷണ ഏജൻസികളും മാധ്യമങ്ങളും അറിയാൻ

പ്രതികരണം/ നാസിറുദ്ദീൻ മറിയം

അലൻ-താഹ ജാമ്യാപേക്ഷയിലെ വിധി അടുത്ത കാലത്ത് വായിച്ചതിലേറ്റവുമധികം ആസ്വാദ്യകരമായ ഒരു വായനാനുഭവം ആയിരുന്നു. വിധിയിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് പോലീസ്/എൻ ഐ എ ഇവർക്കെതിരെ ഹാജരാക്കിയ ‘തെളിവുകൾ’ പൊളിച്ചടുക്കിയ മോഡസ് ഓപ്പരാണ്ടി ആയിരുന്നു.

അലൻ്റെ ഡയറി തൊട്ട് ഇവർ പങ്കെടുത്തെന്ന് പറഞ്ഞ കാശ്മീർ, കുർദ് ഐക്യദാർഡ്യ പ്രകടനങ്ങളിലെ ബാനർ വരെയുള്ള എല്ലാ തെളിവുകളും വിധി തല നാരിഴ കീറി മുറിക്കുന്നു. ശേഷം മൊത്തം 12 വിഭാഗങ്ങളായി തെളിവുകളെ വേർ തിരിച്ച് ഓരോന്നും എന്ത് കൊണ്ട് തള്ളിക്കളയുന്നു എന്ന് അക്കമിട്ട് വിശദീകരിക്കുകയും ചെയ്യുന്നു. അതിന് ഉപോൽബലകമായി നിരവധി പഴയ കോടതി വിധികൾ ഉന്നയിക്കുകയും കൂടി ചെയ്യുമ്പോൾ തീർത്തും യുക്തി ഭദ്രവും കണിശമായ നീതിബോധത്തിലധിഷ്ഠിതവുമായ ഒരു വിധി ന്യായമായി മാറുന്നു. കേരളത്തിലെ ഓരോ മാധ്യമ, പൊതു പ്രവർത്തകരും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണിത്.

പക്ഷേ ഈ വിധി വന്ന് ദിവസങ്ങൾ കഴിയുന്നതിന് മുമ്പാണ് അതേ സംസ്ഥാനത്ത് അതേ അന്വേഷണ ഏജൻസി അതിനേക്കാൾ പരിഹാസ്യമായ ‘തെളിവുകൾ’ കൊണ്ട് വന്ന് അൽ ഖായിദാ ബന്ധം സ്ഥാപിച്ചെടുക്കുന്നതും മാധ്യമങ്ങളും ചില പൊതു പ്രവർത്തകരും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നതും. അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്ന ഇറാഖ്, അഫ്ഘാൻ, സിറിയ എന്നിവിടയെല്ലാം തകർന്നടിഞ്ഞ് ഇല്ലാതായ ഒരു സാധനം പ്രതികൂല സാഹചര്യമുള്ള ഇവിടെ മാത്രം വളരുന്നതിലെ അസ്വാഭാവികത അവരെ അലട്ടുന്നില്ല.

ഏറ്റവും പറ്റിയ മണ്ണായിരുന്ന സിറിയയിൽ പോലും അൽ ഖായിദയെന്ന പേര് ബാധ്യതയായി മാറിയപ്പോൾ 2013 ൽ ‘അൽ-നുസ്റ‌’ ആയി മാറിയതായിരുന്നു അവിടെയുള്ള അൽ ഖായിദക്കാർ. മൂന്ന് വർഷം കഴിഞ്ഞപ്പോൾ ബാക്കിയുള്ള ഗ്രൂപ്പുകളോട് ചേരുകയും വീണ്ടും പേര് മാറ്റി HTS അഥവാ ‘ജബ്ഹത് ഫതഹുൽ ശ്യാം’ ആയി മാറി. അൽ ഖായിദാ പാരമ്പര്യം ആവർത്തിച്ച് തള്ളിക്കളയുകയും ചെയ്തു.

ഇപ്പോൾ കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള വാർത്തകൾ ശരിയാണെങ്കിൽ HTS പഴയ അൽ ഖായിദാ പാരമ്പര്യമുള്ള സിറിയക്കാർ അല്ലാത്തവരെ പുറത്താക്കുകയോ തടവിലിടുകയോ ചെയ്യുകയാണ്. സിറിയയിലെ തന്ത്രപ്രധാനമായ ഇദ്ലീബ് പ്രവിശ്യയുടെ വലിയ ഭാഗം ഇപ്പോഴും ഇവരുടെ കയ്യിലാണ്.

ഭാവിയിൽ എത് രീതിയിലുള്ള പ്രശ്ന പരിഹാര ഫോർമുലയിലും എന്തെങ്കിലും റോൾ കിട്ടണമെങ്കിൽ പഴയ അൽ ഖായിദാ ബന്ധം പൂർണമായി തേച്ച് മാച്ച് കളയണം എന്ന തിരിച്ചറിവിലാണ് എല്ലാം. സിറിയക്കപ്പുറമുള്ള ഒരു ബന്ധത്തിനും ഇവർ മുതിരുന്നുമില്ല.

യുദ്ധവും ഭീകരതയും നിറഞ്ഞാടുന്ന എല്ലായിടത്തും തകർന്നടിഞ്ഞെങ്കിലും ഇതൊന്നുമില്ലാത്ത ജനാധിപത്യ കേരളത്തിൽ മാത്രം വളരാൻ ശേഷിയുള്ള അൽഭുത ഭീകര പ്രസ്ഥാനമാണ് ഈ പറയുന്ന അൽ ഖായിദ. ‘ഐസിസ് സ്പോൺസേർഡ് ചാനൽ’ വരെ ഇവിടെ ഉണ്ടെന്ന് ജലീൽ മന്ത്രി തന്നെ പറഞ്ഞിരുന്ന സ്ഥിതിക്ക് സിറിയയിൽ കണ്ടിരുന്ന പോലെയുള്ള ഒരു ഐസിസ്-അൽഖായിദാ പോരാട്ടത്തിന് കേരള മണ്ണും സാക്ഷ്യം വഹിക്കുമോ ?

4.5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Roopesh Lal
4 years ago

It is an adjustment play of state and central government to escape their current issues related to gold smuggling. KT Jaleel is just a clown in this act.

Back to top button
1
0
Would love your thoughts, please comment.x
()
x