News

പ്രധാനമന്ത്രി വാക്കുകളെ കൊണ്ട് തുളയടക്കുകയാണോ ?

ആനുകാലികം / നിയാസ് മാഞ്ചേരി

നിയാസ് മാഞ്ചേരി

ദമ്മാം, സൗദി അറേബ്യ

 

വാക്കുകളെയും വാചകങ്ങളെയും സമർത്ഥമായി ഉപയോഗിച്ച് ജനങ്ങളുടെ മനസ്സ് കീഴടക്കുന്നതിൽ മിടുമിടുക്കാനാണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തോട് സംസാരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് പറയാനുള്ളത് കേൾക്കാൻ ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല . എങ്കിലും മതാധിഷ്തിതമായ രാഷ്ട്രീയ ആദർശത്തിൽ വിശ്വസിക്കുന്നവരെന്നു കരുതപ്പെടുന്ന ജനവിഭാഗത്തെ കയ്യിലെടുക്കാനുള്ള തുറുപ്പ് ശീട്ടുകൾ നന്നായറിയുന്ന വ്യക്തിയാണ് അദ്ദേഹം.

ഉള്ളടക്കം എത്ര ബുദ്ധിശ്യൂന്യമായാലും തന്മയത്തത്തോടെ അവതരിപ്പിച്ച് മാസ് കയ്യടി നേടുന്ന അദ്ദേഹത്തിന്റെ കഴിവ് വ്യക്തിത്വ വികാസം പരിശീലിക്കുന്നവർക്ക് മാത്രകയാക്കാവുന്നതാണ്. ഭൂരിഭാഗം ഇന്ത്യക്കാരും ചരിത്രത്തിൽ അവഗാഹമുള്ളവരോ താല്പര്യമുള്ളവരോ അല്ലെന്ന് അദ്ദേഹത്തിൻറെ പ്രസംഗങ്ങൾക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയും കയ്യടികളും തെളിയിക്കുന്നുണ്ട്.

നോട്ട് നിരോധനം നടപ്പാക്കിയ ആ അർധരാത്രിയെ ആരും മറന്നു കാണില്ല. അൻപത് ദിവസങ്ങൾ കൊണ്ട് കാര്യങ്ങൾ പൂർവ സ്ഥിതിയിലായില്ലെങ്കിൽ തന്നെ പച്ചക്ക് തീകൊളുത്താമെന്നാണ് വികാരാധീനനായി അന്നദ്ദേഹം പറഞ്ഞത്. ജനങ്ങൾക്ക് താൽക്കാലികമായെങ്കിലും ആത്മവിശ്വാസം പകർന്ന് നൽകാൻ ഇതിനേക്കാൾ മികച്ച മറ്റൊരു പ്രസ്താവനയില്ല.

ജനങ്ങൾ വിശ്വസിച്ചു, കഷ്ടപ്പെട്ട് സഹകരിച്ചു , പലരും പിടിച്ചു നിൽക്കാനാവാതെ മരണപ്പെട്ടു. എന്നാൽ വർഷങ്ങൾക്കിപ്പുറവും സ്ഥിതിഗതികൾ പൂർവസ്ഥിതി കൈവരിച്ചിട്ടില്ല. പക്ഷേ, നരേന്ദ്രമോഡി ഇന്നും നമ്മുടെ പ്രധാനമന്ത്രിയാണ്.

നോട്ടു നിരോധനത്തിനു ശേഷം സ്വപ്നാനന്തരം എന്നപോലെ പ്രഖ്യാപിക്കപ്പെട്ട ലോക് ഡൌൺ നിരവധി തൊഴിലാളികളുടെ ജീവിതം സമാനതകളില്ലാത്ത രീതിയിൽ കഷ്ടത്തിലാക്കി. ഇരുന്നൂറും മുന്നൂറും കിലോമീറ്ററുകൾ ഭാരതത്തിന്റെ മക്കൾ നടന്നു തളർന്നു, ദീർഘ ദൂര വഴികളിൽ പിടഞ്ഞു വീണു ജീവൻ വെടിഞ്ഞു.

എന്നാൽ ഒറ്റ വാക്കിലൊരു അനുശോചനം പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ കേൾക്കാൻ സാധിക്കാത്തത് ബോധപൂർവമാണ്. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണത്.

നെഹ്രുവിൽ നിന്ന് കടമെടുത്ത ‘ആത്മ നിർഭർ’

‘ആത്മ നിർഭർ ‘ എന്നാണ് പുതിയ സാമ്പത്തിക ഉത്തേജക പാക്കേജിനെ അദ്ദേഹം പേരിട്ടു വിളിച്ചത്. (ഇത് നെഹ്‌റുവിൽ നിന്ന് കടമെടുത്തതാണെന്നത് ‘ആധുനിക ഇന്ത്യക്കാർ’ ഓർക്കുക പോലുമില്ല. നെഹ്‌റു വിസ്മരിക്കപ്പെടുകയും നെഹ്‌റുവിൻ ആശയങ്ങൾ ‘മോഡീകരിക്കപ്പെടുക’യും ചെയ്യുന്ന കാലമാണിപ്പോൾ). ’20 ലക്ഷം കോടി’ എന്ന വലിയ തുകയാണ് കോവിഡ് മൂലം പ്രതിസന്ധിയിലായ രാജ്യത്തെ മൊത്തം മാറ്റിയെടുക്കാനുള്ള ഉത്തേജക പാക്കേജായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ജി ഡി പി യുടെ പത്ത് ശതമാനമാണിത് എന്ന് പറയപ്പെടുന്നു . ശരിയായ രീതിയിൽ പ്രയോഗികമായാൽ രാജ്യം രക്ഷപ്പെടുമെന്നതിൽ തർക്കമില്ല. ആ നിലക്ക് സ്വാഗതം ചെയ്യപ്പെടേണ്ട തീരുമാനം. എന്നാൽ പ്രധാനമന്ത്രിയുടെ മുൻകാല പ്രഖ്യാപങ്ങളുടെയും പിൽക്കാല അനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ നിന്ന് ചിന്തിക്കുന്നവർക്ക് ഇതും ഒരു പ്രഹസനമായി തോന്നാൻ വിവിധ കാരണങ്ങളുണ്ട്.

ജി ഡി പി യുടെ പത്ത്‌ ശതമാനത്തോളം വരുന്ന തുക ഉത്തേജന പാക്കേജ് ആയി നടപ്പിലാക്കാൻ സർക്കാരിന് സാധിക്കില്ലെന്ന് ചീഫ് എക്കണോമിക് അഡ്വൈസർ ഒരഭിമുഖത്തിൽ പറഞ്ഞത് കേവലം ദിവസങ്ങൾക്ക് മുൻപാണ്. അദ്ദേഹത്തിൻറെ വാക്കുകകൾ മുഖവിലക്കെടുക്കുമ്പോൾ വിശദശാംശങ്ങൾ പുറത്തു വിടാതെയുള്ള ഈ പ്രഖ്യാപനത്തിന്റെ പ്രായോഗികത കൂടുതൽ സംശയിക്കപ്പെടുകയാണ്.

പ്രത്യേക സാമ്പത്തിക പാക്കേജിന് വേണ്ടി പ്രതിപക്ഷം , പ്രത്യേകിച്ച് രാഹുൽ ഗാന്ധി, നിരന്തരം ആവശ്യമുന്നയിക്കുമ്പോൾ സർക്കാരിന് പ്രതിപക്ഷത്തേക്കാൾ ഔദാര്യവും കരുതലുമുണ്ടെന്ന് മാധ്യമങ്ങളിലും ജന്മനസ്സുകളിലും ഹൈലൈറ്റ് ചെയ്യിക്കുക എന്നത് മാത്രമാണ് പ്രധാനമന്ത്രിയുടെയും സർക്കാരിന്റെയും ഉദ്ദേശമെന്ന് പറയേണ്ടി വരും.

20 ലക്ഷം കോടിയുടെ പാക്കേജ് ഒറ്റനോട്ടത്തിൽ വിസ്മയകരവും സന്തോഷം പകരുന്നതുമാണെങ്കിലും ഈ തുകയുടെ പത്തിലൊന്നു പോലും യഥാർത്ഥ സർക്കാർ ആനുകൂല്യമായി പാവപ്പെട്ട ജനങ്ങളിലേക്കത്തുമെന്ന് കരുതാനാവില്ല.

ഈ പാക്കേജിൽ ഉൾപ്പെട്ട അഞ്ച് ലക്ഷം കോടിയോളം ലിക്വിഡിറ്റി പരിപോഷിപ്പിക്കുന്നതിനായി നേരത്തെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചതാണ്. ഒരു ലക്ഷത്തോളമെങ്കിലും സർക്കാരിൽ നിന്നും ചെറുകിട സംരംഭകർക്ക് ലഭിക്കാനുള്ള വിവിധ റീഫണ്ടുകളാണ്. ഇതെഴുതുമ്പോൾ ധനമന്ത്രി പ്രഖ്യാപിച്ച ആദ്യ ഘട്ട നടപടികളിൽ രണ്ടായിരാം കോടിയിൽ കുറഞ്ഞ തുകയാണ് ജനങ്ങളിലേക്ക് നേരിട്ട് എത്തുമെന്ന് പ്രതീക്ഷിക്കാവുന്നത്. അത് പോലും നിലവിൽ തൊഴിൽ നഷ്ടപ്പെടാത്തവർക്കുള്ളതാണ്.

രാജ്യത്ത് 250 മില്യൺ കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 90 ശതമാനത്തിൽ കൂടുതലും കഴിഞ്ഞ രണ്ടു മാസത്തോളമായി തൊഴിൽ നഷ്ടപ്പെട്ടവരും ഒരു രൂപ പോലും വരുമാനം കണ്ടെത്താൻ സാധിക്കാത്തവരുമാണ്. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിൽ ഇവരുടെ കൈ കളിൽ പണമെത്തിക്കാൻ സാധിക്കുന്ന ഒരെണ്ണം പോലും കാണാൻ സാധിച്ചിട്ടില്ല.

വരും ദിനങ്ങളിൽ മേൽ സൂചിപ്പിച്ച തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസം കൈവെടിയുന്നില്ല . അതുണ്ടായില്ലെങ്കിൽ രാജ്യത്തിന്റെ യഥാർത്ഥ പ്രശ്ങ്ങൾ താൽക്കാലികമായെങ്കിലും പരിഹരിക്കപ്പെടില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ വെള്ളത്തിൽ വര വരച്ചത് പോലെയും രാജ്യത്തെ തൊഴിലാളികൾ പട്ടിണിയിലും തുടരും.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close