സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ വായ്പകളുടെ തിരിച്ചടവില്‍ കൂടുതല്‍ ഇളവുകള്‍ തേടി വ്യാപാരികളും വ്യവസായികളും. റിസര്‍വ് ബാങ്ക് നിലവില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചുണ്ടെങ്കിലും ആനുകൂല്യം നേടിയരുടെ എണ്ണം തീര്‍ത്തും കുറവാണ്. പുതിയ വായ്പകള്‍ അടക്കം നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും നിലവിലെ ബാധ്യകളില്‍ ആനുകൂല്യമാണ് പലരും ആഗ്രഹിക്കുന്നത്.
ഭവന വായ്പ മേഖലയും നിലവിലെ സ്ഥിതിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണം എന്ന നിലപാടിലാണ്. റിസര്‍വ് ബാങ്ക് മാര്‍ച്ച് മുതല്‍ മേയ് 31 വരെ രാജ്യത്തെ സഹകരണ ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങളിലെ എല്ലാത്തരം വായ്പകള്‍ക്കും മൊറട്ടോറിയം അനുവദിച്ചിരുന്നു. ലോക്ഡൗണ്‍ ഈ മാസം 17 വരെ വീണ്ടും നീട്ടിയത് വരുമാനമുണ്ടാക്കുന്ന സകല മേഖലകളിലും വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലുള്ള തിരിച്ചടവ് സാവകാശം മേയ് 31ന് അവസാനിക്കുകയാണ്. ഇതിനു തുടർച്ചയായി നടപടികള്‍ ഉണ്ടാകുമെന്ന് സൂചന പുറത്തുവരുന്നുണ്ട്.
മൊറട്ടോറിയം മൂന്നുമാസം കൂടി നീട്ടാനാണ് സാധ്യത. അത്തരത്തിലുള്ള ആവശ്യം ബാങ്കിങ് മേഖലയില്‍ നിന്നുകൂടി ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ആര്‍ബിഐ ആണ്. ലോക്ഡൗണ്‍ നീട്ടിയതോടെ ഭവന-വാഹനവായ്പ അടക്കമുള്ളവയിലും സൂക്ഷ്മ- ചെറുകിട-ഇടത്തരം വ്യവസായ മേഖലയിലും വന്‍തോതില്‍ അടവ് മുടക്കം വരുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കുറയാനോ, കിട്ടാതിരിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. രണ്ട് മാസം അടച്ചിട്ടതോടെ ചെറുതും വലുതുമായ വ്യവസായ ശാലകള്‍ വന്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. രണ്ട് മാസം കൊണ്ട് സ്റ്റോക്കുണ്ടായിരുന്ന “ലിക്വഡിറ്റി’ അത്രയും ഇല്ലാതായതോടെ വരും മാസങ്ങളിലാണ് തിരിച്ചടവ് പ്രതിസന്ധി രൂക്ഷമാവുക എന്നാണ് വിലയിരുത്തല്‍.
പക്ഷെ നിലവിലേക്കാള്‍ കുറച്ചുകൂടി ഉപഭോക്തൃ സൗഹൃദമായിരിക്കണം മൊറട്ടോറിയം എന്നാണ് ഭവന മേഖലയിലെ ആവശ്യം. പലിശയില്‍ ഇളവോ, ആറുമാസത്തെ പലിശ ഒഴിവാക്കലോ അടക്കമുള്ള കാര്യങ്ങളാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ബാങ്കിങ് മേഖലയിലെ നഷ്ടം കുറയാനും ഇത് ഉപകരിക്കുമെന്ന് വാദമുണ്ട്. നിലവില്‍ രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയിലാണ് മൊറട്ടോറിയത്തിന്റെ പേരിലുള്ള തിരിച്ചടവ് മുടങ്ങിയിരിക്കുന്നത്. ഇത് ആ രംഗത്ത് വന്‍ നഷ്ടമായിരിക്കും ഉണ്ടാക്കുക.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS