Culture

അവരും മനുഷ്യരാണ്, എല്ലാവരേയും പോലെ, ആ മഴവിൽ നിറങ്ങൾ പോലെ..!

നിരീക്ഷണം/ശ്രീജിത്ത്

ചെന്നൈയിലേക്കുള്ളൊരു തീവണ്ടി യാത്ര. ജനാലകക്കരികിൽ പുറത്തെ കാഴ്ചകളെല്ലാം കണ്ടങ്ങനെ ഇരിക്കുകയാണ്. ചുട്ടുപൊള്ളുന്ന തരിശായ ഭൂമിയെ വല്ലപ്പോഴും വകഞ്ഞുമാറ്റി കടന്ന് വരുന്ന നല്ല പച്ച തെങ്ങിൻ തോപ്പുകളും, മലനിരകളും, കാറ്റാടി യന്ത്രങ്ങളും, നെൽവയലുകളും എല്ലാം കാണാൻ തന്നെ നല്ല ഭംഗി. ആദ്യമായിട്ടൊന്നുമല്ല ചെന്നൈയിലോട്ട് പോകുന്നതെങ്കിലും, ഓരോ തവണയും വരവേൽക്കുന്ന കാഴ്ചകളും, അനുഭവങ്ങളും വ്യത്യസ്തമാണ്. ചിലപ്പോഴൊക്കെ അവ അണിഞ്ഞൊരുങ്ങിയ നവവധുവിനെപ്പോൽ മനോഹരവുമാണ്. സ്വപ്നങ്ങൾ കാണാൻ, പുസ്തകങ്ങൾ വായിക്കാൻ, എന്തെങ്കിലും കുതിക്കുറിക്കാൻ, ഇത്തരം യാത്രകൾ ഞാൻ നന്നായി ഉപയോഗികാറുണ്ട്.

അങ്ങനെ ഇരിക്കുമ്പോഴാണ്, കണ്ടാൽ ഒരു 40 വയസ്സ് തോന്നിക്കുന്ന, ഇരുകാലുകളിലും നിരങ്ങി നീങ്ങി വരുന്നു ഒരാൾ. മുന്നോട്ട് നിരങ്ങുന്നതിനോടപ്പം തന്നെ തൻ്റെ കയ്യിലുള്ള ചെറിയ ചൂലുകൊണ്ട് ബോഗികളെല്ലാം വൃത്തിയാക്കുകയും യാത്രക്കാരോട് നാണയ തുട്ടുകൾക്കായി കൈ നീട്ടുകയും ചെയ്യുന്നു.

പതിയെ, എൻ്റെ അടുക്കലുമെത്തി, ഞാൻ ഇരിക്കുന്നതിന്റെ താഴെയും, എൻ്റെ കാലിൻ്റെ അരികിലുമെല്ലാം വൃത്തിയാക്കി, എൻ്റെ നേരെയും കൈ നീട്ടി.

“ഒരു തട്ടിപ്പ് മണക്കുന്നുണ്ട്. ഇയാളുടെ കാലിന് ശരിക്കും കുഴപ്പം ഉണ്ടോ..? ഇയാൾ ഇനി അഭിനയിക്കുന്നതായിരിക്കുമോ..? ഒരാൾ ഒരു രൂപ വച്ചു കൊടുത്താൽ, ആയിരം പേരുടെ അടുത്ത് നിന്ന് ആയിരം രൂപ. ഒരു ദിവസം രണ്ട് മൂന്ന് ട്രെയിൻ വച്ചു നോക്കിയാൽ എങ്ങനെയായാലും 3000 രൂപ. അതായത് മാസം ഒരു ലക്ഷത്തിനടുത്ത് ചുമ്മാ അടിച്ചുവാരി കൊണ്ടുപോകാം. നല്ല ബിസിനസ്സ്. ഞാനും വെറുതെ പൈസ കൊടുത്ത് പറ്റിക്കപ്പെടാണോ..? അതോ ഇനി ശരിക്കും ഒരു ദിവ്യാംഗൻ തന്നെയായിരിക്കുമോ..?”

ഇതെല്ലാം ചിന്തിച്ചു തീർന്നപ്പോഴേക്കും ആ മനുഷ്യൻ ഏറെ ദൂരം മുന്നോട്ട് പോയിരുന്നു. “സാരമില്ല, ഞാൻ കൊടുത്തില്ലേൽ മറ്റാരെങ്കിലും കൊടുക്കും. ഞാൻ അല്ലെങ്കിൽ മറ്റാരെങ്കിലും പറ്റിക്കപ്പെടും. അത്ര തന്നെ.” ഞാൻ എൻ്റെ ഉത്തരങ്ങളിൽ തൃപ്തനായി, പുറത്തെ കാഴ്ചകളിലേക്ക് മടങ്ങി.

ട്രാൻസ്ജൻഡേഴ്‌സും തീവണ്ടിയാത്രകളും

കുറച്ചു സമയം കഴിഞ്ഞപ്പോൾ, അതിശക്തമായി കൈകൾ കൂട്ടിയിടിക്കുന്ന ശബ്ദം ബോഗിയുടെ ഒരറ്റത്തുനിന്നും ഉയർന്നുവന്നു. ചെറിയ ചെറിയ അടക്കിപ്പിടിച്ച സംസാരങ്ങളും.

എനിക്ക് പെട്ടന്ന് തന്നെ കാര്യം മനസ്സിലായി. ഇത് അവരാണ്. ട്രാൻസ്ജൻഡേഴ്‌സ്. ആണുടലിൽ ജീവിക്കുന്ന പെണ്ണ് മനസ്സുകൾ.

അവർ യാത്രക്കാരുടെ മുൻപിലെത്തി, പണം ചോദിക്കുന്നു, ചിലരെ അടിക്കുന്നു, അസഭ്യം പറയുന്നു, ലൈംഗിക ചേഷ്ട്ടകൾ കാണിക്കുന്നു, പണം കുറഞ്ഞാൽ വീണ്ടും ചോദിക്കുന്നു. യാത്രക്കാരിൽ ചിലർ അവജ്ഞയോടെയും, ചിലർ ആശ്ചര്യത്തോടെയും അവരെ നോക്കുന്നു.

എനിക്ക് ചെറുതായിട്ട് ഭയം വന്നു. അവർ എന്നെ എങ്ങനെയാണ് സമീപിക്കുക എന്നറിയില്ല. “വൃത്തികെട്ടവന്മാർ ആണ്. നാണമില്ലാത്തവർ. നേരത്തെ വന്ന, ആ കാല് തളർന്ന ആളിനെ കണ്ടു പഠിക്കണം ഇവർ. അയാളൊരു തട്ടിപ്പുകാരനായിരുന്നെങ്കിൽ പോലും ഒരു ജോലി എടുത്തുകൊണ്ടാണ് കൈ നീട്ടിയത്. അതിനൊരു മാന്യത ഉണ്ട്. എന്നാൽ, ഇത് അങ്ങനെയല്ല.”

ഇത്യാദി ചിന്തകൾ പുരോഗമിക്കുന്നതിനിടയിൽ, ഞാൻ കയ്യിലുള്ള കോളജ് ബാഗ് എൻ്റെ ശരീരത്തിനോട് ചേർത്തുവച്ചു. വിദ്യാർത്ഥി ആണെന്ന് തോന്നിച്ചോട്ടെ എന്നു കരുതി മനഃപൂർവം തന്നെ ചെയ്തതാണ്.

പ്രതീക്ഷിച്ചത് സംഭവിച്ചു. അവർ എൻ്റെ അരികിലെത്തി കൈ നീട്ടിയെങ്കിലും, ദയനീയമായ എൻ്റെ നോട്ടത്തിൽ അവർ വീണുപോയി. ശേഷം, അടുത്ത ആളെ ലക്ഷ്യമാക്കി നീങ്ങി.

എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി. അതിലുപരി ഒരു കുറ്റബോധവും. ഞാൻ തെറ്റായി പലതും ചിന്തിച്ചുകൂട്ടിയോ എന്നൊരു തോന്നൽ മനസ്സിനെ വല്ലാതെ വലച്ചു. പിന്നെ എന്റെ ചിന്തകൾ അവരെ കുറിച്ചായി. മൂന്നാം ലിംഗം, ഭിന്നലിംഗം, ഹിജഡ, ചാന്ത്പൊട്ട് എന്നൊക്കെ അറിഞ്ഞോ അറിയാതെയോ നമ്മൾ കളിയാക്കി വിളിക്കുന്ന അവരെ കുറിച്ച്.

ട്രാൻസ്ജൻഡേഴ്‌സ്; സമൂഹം നീതി കാട്ടുന്നുണ്ടോ..?

ട്രാൻസ്ജൻഡേഴ്‌സിനോട് നമ്മുടെ സമൂഹം നീതി കാട്ടുന്നുണ്ടോ..? അവരുടെ ഈ അവസ്ഥക്ക് നമ്മളും കാരണക്കാരല്ലേ..? അവരെ അവരായി അംഗീകരിക്കാൻ എന്തിനാണ് മടിക്കുന്നത്..? ‘പ്രകൃതി വിരുദ്ധം’ എന്ന് പണ്ടേക്കു പണ്ടേ പഠിച്ചുവച്ചിട്ടുള്ള ഒരു സമൂഹത്തിൽ നിന്ന് വേറെ എന്താണ് പ്രതീക്ഷിക്കേണ്ടത് അല്ലെ.?

ആണെന്നും പെണ്ണെന്നും ഉള്ള പൊതു സ്വഭാവ വിശേഷണങ്ങൾക്ക് അധീതമായി, വ്യത്യസ്ത ലൈംഗിക കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്ന ഒരു കൂട്ടം ആളുകൾ നമുക്ക് ചുറ്റും ജീവിക്കുന്നുണ്ട്. അവരുടെ കൂട്ടായ്മയാണ് പരക്കെ LGBTQ (Lesbian, Gay, Bisexual, Transgender and Queer) എന്ന പേരിൽ അറിയപ്പെടുന്നത്. അതിൽ സ്വവർഗ്ഗാനുരാഗികളുണ്ട് (Lesbian & Gay). ലിംഗമാറ്റം ആഗ്രഹിക്കുന്നവരുണ്ട് (Transgender). പ്രത്യേകമായ ഏതെങ്കിലുമൊരു ലിംഗം അവകാശപ്പെടാൻ കഴിയാത്തവരും ശ്രമിക്കാത്തവരും ഉണ്ട് (Queer/Questioning). അതിന് പിന്നിൽ ശാരീരികവും മാനസികവും സാമൂഹികമായ ഒരുപാട് കാരണങ്ങളുമുണ്ട്.

അതുകൊണ്ട് തന്നെ അതിനെ ‘പ്രകൃതി വിരുദ്ധം’ എന്ന് വിളിക്കുന്നത് ഒരു ശരിയായ കാര്യമല്ല. അല്ലെങ്കിൽത്തന്നെ, അവനവന്, മാനസികമായോ ശരീരികമായോ സമൂഹികമായോ രാഷ്ട്രീയപരമായോ ഒരു പ്രശ്നവും സൃഷ്ടിക്കാത്ത, പ്രായപൂർത്തിയായ മറ്റൊരാളുടെ സ്വകാര്യതയെ, അനാവശ്യമായി നാം എന്തിന് ചോദ്യം ചെയ്യണം..?

1974 ൽ American Psychiatric Association, സ്വവർഗ്ഗാനുരാഗത്തെ (Homosexuality) ഒരു മനോരോഗമായാണ് കണക്കാക്കിയിരുന്നത്. 1987 ൽ അതൊരു മനോരോഗമല്ലെന്ന് കണ്ടെത്തുകയും, പിന്നാലെ World Health Organisation (WHO) അത് ശരിവയ്ക്കുകയും ചെയ്തിരുന്നു.

മനോരോഗത്തിന്റെയും ലൈംഗിക വൈകൃതങ്ങളുടേയും പേരിൽ തെറ്റിദ്ധരിക്കപ്പെട്ട് മാറ്റിനിർത്തിയ ഒരു സമൂഹത്തിന്റെ നിസ്സഹായാവസ്ഥ ദാരുണമാണ്. അവർ അനുഭവിച്ച ഒറ്റപെടലുകൾ, കുത്തുവാക്കുകൾ, ചൂഷണങ്ങൾ, പീഡനങ്ങൾ, മാനസിക സംഘർഷങ്ങൾ, എല്ലാം അത്രത്തോളം അസഹനീയവുമാണ്. സ്വന്തമായി ഒരു ജോലിയെടുത്ത് ജീവിക്കാൻ പോലും നമ്മുടെ സമൂഹം അവരെ അനുവദിക്കുന്നില്ല എന്നത് ഒരു സത്യമല്ലേ.? ലൈംഗിക അരക്ഷിതാവസ്ഥയിലേക്കും അതിക്രമങ്ങളിലേക്കും അവരെ തള്ളിവിടുന്നതിൽ നമ്മുടെ സമൂഹത്തിനും ഒരു പങ്കില്ലെ.? എന്നിട്ടും പ്രതീക്ഷയോടെ അവർ മുന്നോട്ട്പോകുന്നുണ്ടെങ്കിൽ, വീറോടെ ജീവിക്കുന്നുണ്ടെങ്കിൽ, അത് അവരുടെ ഉറച്ച വ്യക്തിത്വത്തിന്റെ അടയാളമാണ്.

അതിജീവനത്തിന്റെ കഥകൾ

വക്കീൽ, ജഡ്ജ്, പോലീസ്, പ്രിൻസിപ്പാൾ, സന്നദ്ധപ്രവർത്തകർ, എം എൽ എ, സൈനികർ, ഡോക്ടർ, എൻജിനിയർ, ബിസിനസ്സുകാർ തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയിലും ഇന്ന് അവർ എത്തിപ്പെടാനുള്ള കാരണവും ഈ ഉറച്ച കാൽവെപ്പുകളാണ്. അല്ലാതെ, ഇരുട്ട് വീഴാൻ കാത്തിരിക്കുന്ന “മറ്റേപണിക്കാർ” ആയല്ല അവരെ കാണേണ്ടതും അഭിസംബോധന ചെയ്യേണ്ടതും. അതിന്, ഞാൻ ഉൾപ്പെടുന്ന ഈ സമൂഹം, പല മുൻവിധികളും കുഴിച്ചുമൂടേണ്ടതായിട്ടുണ്ട്. ഈ മേഖലയിൽ വേണ്ട വിദ്യാഭ്യാസവും ബോധവൽക്കരണവും കൊടുക്കേണ്ടതായിട്ടുണ്ട്.

അവരും മനുഷ്യരാണ്. എല്ലാവരേയും പോലെ വ്യത്യസ്തർ, ആ മഴവിൽ നിറങ്ങൾ സൂചിപ്പിക്കുന്ന പോലെ..!

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x