Travel

യാത്രകൾ ആസ്വദിക്കുന്നുണ്ടോ നമ്മൾ; ലൈക്കിനും കമൻ്റിനുമായി മാത്രമാവുന്നുണ്ടോ?

വൈശാഖൻ തമ്പി

സ്ഥലം: ഇരവികുളം നാഷണൽ പാർക്ക്.

വരയാടുകളുടെ കുന്ന് കയറി മുകളിൽ വരെ പോയി ഞാനും സഹയാത്രികരും തിരിച്ചിറങ്ങിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം.

താഴെ നിന്ന് കയറിവരുന്ന ഒരു യുവതി (മുപ്പതുകളിൽ പ്രായം), മുന്നിൽ കാണുന്ന ആളുകളെ നോക്കി ഒരു ചോദ്യം- “Is there anything to see up there?” (മുകളിൽ കാണാനെന്തെങ്കിലും ഉണ്ടോ?)

എന്റെ അതേ ദിശയിൽ നടന്നിറങ്ങിക്കൊണ്ടിരുന്ന യുവാവ് ഉടനടി മറുപടിയും കൊടുത്തു: “Ey, nothing! Only some scenery!” (ഏയ് ഒന്നുമില്ല. കുറേ ‘സീനറി’ മാത്രം)

കേൾക്കേണ്ട താമസം, യുവതി തിരിഞ്ഞ് കൂടെ വന്നവരെ നോക്കി കൈവീശി- “There’s nothing up there. Come on, let’s go back!” കലപില കൂട്ടുന്ന, ഉച്ചത്തിൽ പീപ്പിയൂതുന്ന കുറേ പിള്ളേരുൾപ്പടെ ഒരു വലിയ സംഘവുമായി അവർ മലകയറ്റം പകുതിയ്ക്ക് നിർത്തി തിരിച്ചിറങ്ങി.

സ്ഥലം: വയനാട് എടയ്ക്കൽ ഗുഹയുടെ മുൻവശം.

നാലായിരം അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് എടയ്ക്കൽ ഗുഹ. അവിടം വരെ കയറിച്ചെന്ന്, ഗുഹയുടെ മുന്നിലെ കല്ലിൽ ഇരിയ്ക്കുന്ന ഒരു സ്ത്രീ (നാല്പതുകളിൽ പ്രായം) കൂടെയുള്ള യുവാവിനോട്: “എടാ, അതിന്റെ അകത്തെന്താ കാണാൻ?”

മറുപടി: “ആറായിരം വർഷം മുമ്പെങ്ങാണ്ട് ആരോ പാറയില് വരച്ച കുറേ പടങ്ങൾ. എന്തൊക്കെയോ കുത്തിവരച്ചിരിക്കുന്നു. കണ്ടാൽ മസിലാകുകപോലും ഇല്ല”

ഇത് കേട്ട് സ്ത്രീ, പുച്ഛത്തോടെ- “അയ്യേ, അത്രേ ഉള്ളോ? എന്നാപ്പിന്നെ ഞാൻ കേറുന്നില്ല. നമുക്ക് പോകാം”

മാനസികോല്ലാസത്തിനും, പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസമെന്ന പോലെയും മലമ്പ്രദേശങ്ങളും വനമേഖലകളും സന്ദർശിയ്ക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.

ഈയിടെയായി അത്തരം യാത്രകൾ നേരേ വിപരീതഫലം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറയാനാണ് മുകളിലെ രണ്ട് ഉദാഹരണങ്ങൾ.

അവിടങ്ങളിൽ ചെല്ലുമ്പോൾ പിരിമുറുക്കം കുറയുന്നതിന് പകരം പലപ്പോഴും ഭയങ്കരമായ ദേഷ്യമാണ് എനിയ്ക്ക് വരുന്നത്. വികാരങ്ങൾ വ്യക്തിപരമായതിനാൽ വായിക്കുന്ന എല്ലാവർക്കും ഇതിനോട് സമരസപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും പറയണമല്ലോ. ഗൗരവമുള്ള കാര്യമായി തോന്നാത്തവർ വിട്ടേയ്ക്കുക.

വിനോദസഞ്ചാരികൾ എന്ന് പൊതുവിൽ വിളിക്കപ്പെടുന്ന മനുഷ്യർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എനിയ്ക്ക് തീരെ പിടിക്കാറില്ല. വല്ല സിനിമയിലോ, പൈങ്കിളി വാരികയിലോ കാണുന്ന ഒരു സ്ഥലം തപ്പിപ്പിടിച്ച്, പിള്ളേരും കുട്ടിയുമായി കൂടും കുടുക്കയുമെടുത്ത് വെച്ച് പിടിക്കും നേരേ.

ചെന്നുകയറുന്ന സ്ഥലം എങ്ങനെയുള്ളതാണ്, അവിടത്തെ പ്രത്യേകത എന്താണ്, അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നൊന്നും യാതൊരു ചിന്തയും ഇല്ല.

ഉണ്ടായിരുന്നെങ്കിൽ, രണ്ടാമത്തെ ഉദാഹരണത്തിലെ സ്ത്രീ നാലായിരം അടിയുള്ള മല വലിഞ്ഞുകയറിയിട്ട് എടയ്ക്കൽ ഗുഹ കാണേണ്ട എന്ന് തീരുമാനിക്കില്ലല്ലോ.

ആറായിരം വർഷത്തോളം പഴക്കമുള്ള ഒരു ശിലാരേഖ എല്ലാവർക്കും ‘worth seeing’ ആയിട്ട് തോന്നിക്കോളണം എന്നില്ല. പക്ഷേ അത് കാണാൻ ഇറങ്ങും മുൻപ് ആലോചിച്ചുകൂടെ? എന്തിനാണ് പിന്നെ അവിടെ ഇടിച്ച് കയറുന്നത്!

വരയാടുകളുടെ സ്വാഭാവികദൃശ്യമോ അവിടത്തെ പച്ചപ്പോ ആകർഷകമായി തോന്നാത്ത ഒരു കൂട്ടം മനുഷ്യർ എന്ത് പിണ്ണാക്കിനാണ്, ടിക്കറ്റെടുത്ത്, കുറച്ച് സീറ്റുകൾ മാത്രമുള്ള ചെറിയ സന്ദർശക വാനുകളിലേയ്ക്ക് ക്യൂ നിന്ന് ഇടിച്ച് കയറി, രാജമലയുടെ മുകളിൽ പോകുന്നത്?

മലകളും വനങ്ങളും ഒക്കെ പരിസ്ഥിതിദുർബല പ്രദേശങ്ങളാണ്.

കീഴും കിഴക്കുമില്ലാതെ അവിടെ ചെന്ന് കലപില കൂട്ടി, സ്വച്ഛമായി അവിടം സന്ദർശിയ്ക്കാൻ കൊതിച്ച് വരുന്നവരെ ശല്യം ചെയ്യുന്നത് മാത്രമായിരുന്നെങ്കിൽ ക്ഷമിയ്ക്കാമായിരുന്നു.

അതൊന്നും പോരാതെ, കാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിയുക, മൃഗങ്ങളെ ഉപദ്രവിയ്ക്കുക, അവയ്ക്ക് ആഹാരം എറിഞ്ഞുകൊടുക്കുക എന്നിങ്ങനെ അവിടം തകർക്കാനുള്ള സകല വേലകളും ഒപ്പിച്ചിട്ടേ ഈ സന്ദർശക പരിഷകൾ മടങ്ങൂ.

ഫോണിന്റെ സ്ക്രീനിലൂടെയല്ലാതെ, സ്വന്തം കണ്ണുവെച്ച് ചുറ്റുപാടും ഒന്ന് നോക്കുകയെങ്കിലും ചെയ്തിരുന്നു എങ്കിൽ അല്പമെങ്കിലും ദേഷ്യം എനിയ്ക്ക് കുറഞ്ഞേനെ.

ഇതേ അവസ്ഥ തന്നെയാണ് ചരിത്ര മ്യൂസിയങ്ങളിലും കാണുന്നത്.

ശിലായുഗത്തിലെ ആയുധം കണ്ടാൽ, “അയ്യേ, ഒരു പാറ” എന്നോ, മൂവായിരം വർഷം പഴയ ലിഖിതം കണ്ടാൽ “കൂതറ കൈയക്ഷരം” എന്നോ ഒക്കെ തോന്നുന്ന ഒരുപാട് പേരുണ്ട്.

അതൊന്നും ഒരു തെറ്റേയല്ല. പക്ഷേ അങ്ങനെയുള്ളവർ ലുലുമാളിൽ കയറുന്ന പോലെ ചരിത്രമ്യൂസിയങ്ങളിൽ ചെന്ന് തിരക്കുണ്ടാക്കരുത്.

അതുപോലെ, മലകളിലും വനങ്ങളിലും ഭംഗിയോ ഏതെങ്കിലും ആകർഷകതയോ തോന്നാത്തവർ പിക്ക്നിക്കെന്നും പറഞ്ഞ് പിള്ളേരേം കൂട്ടി അത്തരം സ്ഥലങ്ങളിലേയ്ക്ക് പോകുകയുമരുത്.

ഇതൊരു അപേക്ഷയായി കണക്കാക്കണം എന്നപേക്ഷിക്കുന്നു.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x