FeatureWomen

“വെറും” നാളുകളാവുന്ന “പെരും” നാളുകൾ

പെരുന്നാൾ വിശേഷങ്ങൾ/ നൂർജഹാൻ

ഉത്സവങ്ങളുടെ തനിയാഘോഷപ്പെരുമകൾ പലർക്കും കുട്ടിക്കാലത്തേക്ക് നീളാറുണ്ട്. പെരുന്നാളോർമ്മകൾ, വിഷുവോർമ്മകൾ, ഓണപ്പൂക്കളമോർമ്മകൾ, എല്ലാം പിന്നോട്ടോടിച്ച് കുട്ടിക്കാലത്ത് ചെന്നു നിൽക്കും.

അത്രയും നിഷ്കളങ്കതയോടെ, ആയാസത്തോടെ മനസ്സ് നിറഞ്ഞ് ആഘോഷിക്കാൻ പിന്നീടങ്ങോട്ട് നമുക്ക് കഴിയാത്തതെന്തുകൊണ്ടാവാം? ഉത്തരവാദിത്തങ്ങളുടെയും, കടമകളുടെയും നടുവിൽ പെട്ട് നമ്മൾ ആഘോഷിക്കാൻ മറന്നുപോവുന്നതാവാം. അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ തണലിൽ ആഘോഷങ്ങൾക്കുണ്ടാവുന്ന നിറങ്ങൾ പിന്നീട് മങ്ങുന്നത് കൊണ്ടാവാം.

ആഘോഷങ്ങളെപ്പോഴും മനസ്സിനോട് ചേർന്നു നിൽക്കുന്നവരുടെ അസാന്നിധ്യത്തിൽ അദൂരമാണല്ലോ. എന്റെ കുട്ടിപ്പെരുന്നാളുകളും എനിക്കത്രയും പ്രിയപ്പെട്ടതാണ്. ഉമ്മയുടെയും ഉപ്പയുടെയും അനിയത്തിയുടെയും അനിയന്റെയും പിന്നെ മഹല്ലുകളിലെ സകല കുട്ടികളുടെയും കൂടെയുള്ള പെരുന്നാളുകൾ.

യാതൊരു ആധിയുമില്ലാതെ മൈലാഞ്ചി തേടിയലഞ്ഞിരുന്ന പെരുന്നാൾ തലേന്നുകൾ. അമ്മിയിൽ അരച്ച മൈലാഞ്ചി ഈർക്കിൽ കൊണ്ട് കൈവെള്ളയിലിട്ട, എത്ര മനോഹരമായി ചുവക്കുമെന്ന ആകാംക്ഷയിൽ പുലരുന്ന പെരുന്നാൾ പ്രഭാതങ്ങൾ! കാത്തുവെച്ചു കിട്ടിയ പുതു വസ്ത്രങ്ങളണിഞ്ഞ് സുന്ദരിയായി ഉമ്മയുടെയും ഉപ്പയുടെയും അനിയത്തിയുടെയും അനിയന്റെയും കൂടെ ഈദ് ഗാഹിലേക്കുള്ള ഗമയോടുകൂടിയ നടത്തം. 

ഉമ്മ വച്ച പായസവും, ബിരിയാണിയും തിന്ന്, കുഞ്ഞി മോളെയും കൂട്ടി വീടുവീടാന്തരം ചുറ്റിയടിച്ചിരുന്ന മധുരപ്പെരുന്നാൾ, എന്റെ പ്രിയപ്പെട്ട ആഘോഷങ്ങൾ. പെട്ടെന്നാണതെല്ലാം തീർന്നുപോയത്. കണ്ണടച്ചു തുറക്കും മുമ്പ് ഞാൻ വലിയ കുട്ടിയായത് പോലെ.

പെൺപെരുന്നാളുകൾ

കല്യാണ ശേഷമുള്ള എന്റെ ആദ്യത്തെ പെരുന്നാൾ എനിക്കോർമ്മയുണ്ട്. ചങ്ക് കൊളുത്തി വലിക്കുന്ന വേദനയായിരുന്നു ആ പെരുന്നാളിന്. “മൈലാഞ്ചിയിട്ടു തര്വോ താത്തേ” എന്ന് ചോദിച്ച്‌ പിന്നാലെ നടക്കാൻ അനിയത്തിയില്ലാത്ത പെരുന്നാൾ തലേന്ന് ഞാനെന്ത്ചെ യ്യണമെന്നെനിക്കറിയില്ലായിരുന്നു. കൈവെള്ളയിലെ മൈലാഞ്ചിച്ചുവപ്പിന് പോലും നിറമില്ലാതായ പെരുന്നാൾ.

ഉമ്മയുടെ മുഖം കാണാതെ, പുതുവസ്ത്രം ഉമ്മയെ കാണിക്കാതെ ഈദ് ഗാഹിലേക്ക് നടക്കുമ്പോൾ മനസ്സിലാകെ ശൂന്യത മാത്രമായിരുന്നു. പുതിയ ഈദ് ഗാഹിലെ പുതിയ ആളുകളുടെ മുഖങ്ങളിലൊന്നും ആഘോഷപ്പെരുമയോ, പെരുന്നാൾ ചിരിയോ കാണാനെനിക്കു കഴിഞ്ഞില്ല.

‘മരുമകൾ’ എന്ന പരിചയപ്പെടുത്തലിനും ഈദ് ഗാഹിൽ നിന്നും അടുക്കളയിലേക്കുള്ള നെട്ടോട്ടത്തിനുമിടയിൽ എനിക്കെന്റെ ഉമ്മയുടെയും ഉപ്പയുടെയും അടുത്ത് പോവണമെന്ന ഉള്ളിലെ ആർത്തുപറച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ എനിക്ക് കഠിനമായി പരിശ്രമിക്കേണ്ടിവന്നു. കുറേ അപരിചിതരുടെ ഇടയിൽ എന്റെ ഭർത്താവ് പോലും അപരിചിതമാവുന്നത് പോലെ തോന്നിയെനിക്ക്.

പിന്നീടങ്ങോട്ടുള്ള ഓരോ പെരുന്നാളുകളും ഇതിന്റെയൊക്കെ തനിയാവർത്തനങ്ങൾ തന്നെയായിരുന്നു. ആഘോഷപ്പുതുമ നഷ്ടപ്പെട്ട് “വെറും” നാളുകളാവുന്ന “പെരും” നാളുകൾ.

ഡിഗ്രി പഠനകാലത്ത് കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ ചില വാചകങ്ങൾ ഓർക്കുന്നുണ്ട്. ഡിഗ്രി ആദ്യ വർഷം തന്നെ വിവാഹിതയായ അവൾ കല്യാണ ശേഷമുള്ള ആദ്യ പെരുന്നാളിനെക്കുറിച്ച് കൂട്ടുകാരികളോട് പറഞ്ഞതിങ്ങനെയായിരുന്നു, “നിക്ക് ന്റെ ഉമ്മാനെ കാണാൻ പൂതിയായിട്ടും കരച്ചില് വന്നിട്ടും, കുളിമുറിയിൽ കയറി വാതിലടച്ച് ഞാനങ്ങട്ട് കൊറേ കരഞ്ഞു”.

പ്രിയപ്പെട്ടവരിൽ നിന്നും ആഘോഷങ്ങളെപ്പോലും അടർത്തി മാറ്റപ്പെട്ടതിലെ സങ്കടവും, വേദനയും നിസ്സഹായതയുമായിരുന്നു ആ വാക്കുകളിൽ. ആ നിസ്സഹായത എനിക്ക് പിന്നീട് പല സ്ത്രീകളുടെ നെടുവീർപ്പുകളിലും തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

പെരുന്നാളിടം തിരഞ്ഞെടുക്കാൻ കഴിയാത്തവർ

പിന്നീട് എന്റെ വിവാഹ ശേഷമുള്ള പെരുന്നാളിന് ശേഷമാണ് ഞാനാദ്യമായി നമ്മുടെ നാട്ടിലെ വിവാഹാനന്തര സമ്പ്രദായങ്ങളെ വെറുക്കാൻ തുടങ്ങിയത്. വിവാഹം പല സ്ത്രീകളിൽ നിന്നെന്ന പോലെ എന്നിൽ നിന്നും തട്ടിയെടുക്കുന്ന വിലപ്പെട്ട പലതിനെക്കുറിച്ചും, പ്രത്യേകിച്ചും എന്റെ ആഘോഷങ്ങളെക്കുറിച്ച്‌ ഞാനാലോചിച്ച്‌ തുടങ്ങിയത്.

എന്റെയും, ചുറ്റുപാടുകളിലെയും പെരുന്നാളുകളുടെ നിറമില്ലായ്മയെക്കുറിച്ചോർക്കുന്നത്. അന്നാദ്യമായി, ബിരിയാണിയുടെ മണം പോലും മടുപ്പിക്കുന്നതായി എനിക്കു തോന്നി. അന്നേവരെ ശീലിച്ച ആഘോഷ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരിടത്തിലേക്കാണ് ഞാൻ പറിച്ചു നടപ്പെട്ടത്. ആ വ്യത്യാസത്തേക്കാൾ എന്നെ വിഷമിപ്പിച്ചത്, പെരുന്നാളിടം തിരഞ്ഞെടുക്കാൻ എനിക്കൊരു സ്വാതന്ത്ര്യവുമില്ലാതായിപ്പോയി എന്ന ചിന്തയാണ്.

എന്റെ ആഗ്രഹം ചോദിക്കേണ്ടതിന്റെ ആവശ്യകത പോലും അവിടെ അവഗണിക്കപ്പെട്ടു. “നിനക്കെവിടെ പെരുന്നാൾ കഴിക്കണം” എന്ന ചോദ്യത്തിന് പകരം, “നിന്റെ പെരുന്നാളുകൾ ഇനിയിവിടെയാണ്” എന്ന് പറയാതെ പറയുകയാണുണ്ടായത്. ഈ അവസ്ഥ എന്റെ കാര്യത്തിൽ മാത്രമെന്നല്ല, ഒരുവിധം എല്ലാ സ്ത്രീകളുടെ കാര്യത്തിലും ഒന്നു തന്നെയാണെന്നാണ് എന്റെ ബോധ്യം.

എന്നാൽ ഇതൊന്നും ബാധിക്കാത്ത മറ്റൊരു വിഭാഗമുണ്ട് സമൂഹത്തിൽ. ആണായിപ്പിറന്നു എന്ന ഒറ്റക്കാരണം കൊണ്ട് ആഘോഷങ്ങളിൽ പോലും വരേണ്യത അനുഭവിക്കുന്നവർ. കല്യാണം കഴിച്ചതും, അല്ലാത്തതുമായ ആണുങ്ങൾ. സ്വന്തം വീട്ടിൽ, സ്വന്തം മാതാപിതാക്കൾക്കൊപ്പം, സ്വന്തം മഹല്ലിൽ, സ്വന്തക്കാരോടൊപ്പം സ്വന്തം രീതിയിൽ എന്നും പെരുന്നാളുകൾ കഴിക്കാൻ ഭാഗ്യം ലഭിച്ചവർ!

അവരുടെ ഇടങ്ങളോ, ആഘോഷരീതികളോ ഒരിക്കലും ചോദ്യം ചെയ്യപ്പെടാറില്ല! അവരുടെ തിരഞ്ഞെടുപ്പുകൾ അവഗണിക്കപ്പെടാറുമില്ല. വിവാഹം എന്ന സമ്പ്രദായം അവരുടെ ആഘോഷങ്ങളിൽ നിന്നും പ്രിയപ്പെട്ടതൊന്നും അടർത്തി മാറ്റാറില്ല.
ഈ വിഭാഗീയത എന്നെ ശക്തമായി ആലോസരപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. “സ്ത്രീയായി” എന്നത് കൊണ്ടും ‘വിവാഹിതയായി’ എന്നത് കൊണ്ടും എന്റെയും ചുറ്റുപാടിലുള്ള മറ്റു സ്ത്രീകളുടെയും ആഘോഷങ്ങളും സന്തോഷങ്ങളും വരെ സമൂഹം നിർവചിക്കുന്ന അവസ്ഥ!

സമൂഹത്തിൽ നിലനിന്നു പോരുന്ന പുരുഷാധിപത്യത്തിന്റെ പ്രതിഫലനങ്ങളായി തള്ളിക്കളയാനോ, നിസ്സാരവൽക്കരിക്കാനോ കഴിയില്ല. കാരണം, അങ്ങനെ സമൂഹത്തിന് നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും ഓരോ സ്ത്രീയുടെയും അത്ര നിസ്സാരമല്ലാത്ത ദൈനംദിന വ്യവഹാരങ്ങൾ തന്നെയാണ്.

പെരുന്നാളിടങ്ങളുടെ തിരഞ്ഞെടുപ്പ് പോലെ തന്നെ സംഘർഷഭരിതമാണ്, പുതിയ രീതിയുമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പൊരുത്തപ്പെടുക എന്ന പ്രക്രിയയും. താൻ ശീലച്ചു പോന്ന രീതികളിൽ നിന്നും സമ്പ്രദായങ്ങളിൽ നിന്നും എത്ര വ്യത്യസ്തമാണെങ്കിലും, വിവാഹിതയായ സ്ത്രീ, ഭർതൃ ഗൃഹത്തിലെ ആഘോഷ രീതികളുമായി പൊരുത്തപ്പെടുകയും, സന്തോഷം കണ്ടെത്തുകയും ചെയ്യണമെന്നാണ് പൊതുബോധം. വസ്ത്രധാരണത്തിൽ മുതൽ, ഭക്ഷണത്തിലും പെണ്ണിന്റെ പെരുന്നാളിന് മൊഞ്ച്‌ കൂട്ടുന്ന മൈലാഞ്ചിയിൽ വരെ കാണാം ആ മാറ്റങ്ങൾ.

നിറമില്ലാതെയാവുന്ന പെരുന്നാളുകൾ

“പണ്ടൊക്കെ പെരുന്നാളിന് വെളഞ്ഞീൻ കുത്തീനീ. വെളഞ്ഞീൻ നേരത്തെന്നെ ഇട്ത്ത് വെച്ച്‌, പെരുന്നാൾ തലേന്ന് മൈലാഞ്ചി അരച്ച്, ഉരുക്കിയ മൈലാഞ്ചി കയ്യില് കുത്തി, മൈലാഞ്ചി തേച്ച്‌ കയ്യ് പൊതിഞ്ഞ് കെടന്നൊറങ്ങും. അതൊക്കെ തന്നെയല്ലേയ്നോ സന്തോഷം. കല്യാണം കഴിഞ്ഞ ഇങ്ങട്ട് വന്നേന് ശേഷം, മൈലാഞ്ചി തന്നെ ഇട്ടിട്ടില്ല. പൊര നെറച്ചും ആൾക്കാരും, കുട്ട്യോളും, മക്കളും, പോരാത്തതിന് പൈക്കളും എല്ലാം കൂടി കയിഞ്ഞ്, മൈലാഞ്ചിയിടാനെവിടെ നേരം ? ഏങ്ങനേങ്കിലും ഇവറ്റെന്റെ തീറ്റീം കുടീം കയിഞ്ഞ് ഒരു ഭാഗത്ത് കുത്തിർന്നാ മതിന്നൈക്കാരം പൂതി”. നിറം മങ്ങിയ തന്റെ പെരുന്നാളിനെക്കുറിച്ച് ഒരുമ്മയുടെ വിവരണമാണിത്.

കല്യാണശേഷം നേരമില്ലാത്തത് കൊണ്ട് മൈലാഞ്ചിയിടുക എന്ന പരിപാടി തന്നെ മറന്നുപോയ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. കല്യാണത്തിന് മുമ്പ് സ്ഥിരമായി ഈദ് ഗാഹിൽ പോയി പെരുന്നാൾ നിസ്കരിച്ചിരുന്ന ഒരു സ്ത്രീ, വിവാഹശേഷം, ഈദ് ഗാഹുകളിൽ പോവുന്നതും പെണ്ണ് പള്ളിയിൽ പോകുന്നതും പ്രോത്സാഹിപ്പിക്കാത്ത തന്റെ ഭർതൃ വീട്ടിലെ അനുഭവം പറഞ്ഞതോർക്കുന്നുണ്ട്. “ഈദ് ഗാഹ് കൂടിയില്ലാത്ത എന്ത് പെരുന്നാൾ?” എന്നതായിരുന്നു അവരുടെ നെടുവീർപ്പ്.

അതേസമയം തിരിച്ചുമുണ്ടാവാറുണ്ട്. ഈദ്ഗാഹ് പരിചയിക്കാത്ത സ്ത്രീകൾ വിവാഹ ശേഷം ഈദ്ഗാഹിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്ന രീതിയും വ്യാപകം തന്നെയാണ്. ഇവിടെയെല്ലാം സ്ത്രീയുടെ കർതൃത്വം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവളെങ്ങനെ അവളുടെ ആഘോഷങ്ങളെ കാണാനാഗ്രഹിക്കുന്നു എന്ന ചോദ്യം എവിടെയും ഉയർന്നുവരാറില്ല.

കർതൃത്വത്തിൽ നിന്നും കർമ്മത്തിലേക്ക് കടന്നാൽ കേൾക്കാനാകുക അടുക്കളക്കഥകളാണ്. പെരുന്നാൾ കഥകൾ പങ്കുവെക്കുന്ന കൂട്ടത്തിൽ ഒരു സുഹൃത്ത് പറയുന്നത് കേട്ടു: “ആ പൊരയിൽ മൂന്നുവട്ടം ചോറു വെക്കേണ്ടി വരുമത്രെ പെരുന്നാളിന്! അത്രക്ക് ആളുകൾ വരുമെന്ന്.” അത് കേട്ടപ്പോൾ ആലോചിച്ചു പോയത് ആ വീട്ടിലെ പെണ്ണുങ്ങളുടെ കഥയാണ്. അടുപ്പിന്റെ അരികത്ത് പുകഞ്ഞു തീരുന്നുണ്ടാവും അവരുടെ പെരുന്നാളുകളെന്ന് ആത്മഗതം ചെയ്തു. മിക്ക പെണ്ണുങ്ങളുടെയും പെരുന്നാൾ ചർച്ചകൾ തുടങ്ങുന്നത് തന്നെ “എന്താ ഉണ്ടാക്കുക?” എന്ന ചോദ്യത്തിൽ നിന്നാണ്.

തലേ ദിവസം ഉച്ചക്ക് തുടങ്ങുന്ന പെരുന്നാൾ വേലകൾ അവസാനിക്കുന്നത്, പെരുന്നാൾ രാത്രിയിലും ചിലർക്ക് പെരുന്നാൾ പിറ്റേന്നുമാണ്. ബലിപെരുന്നാളാണെങ്കിൽ പിന്നെ ഇറച്ചി മുറിക്കലിന്റെയും വെക്കലിന്റെയും ഒരു ബഹളമാണ്. തലേന്ന് തുടങ്ങുന്ന ഇറച്ചി മുറിക്കലും, പായസത്തിനൊരുക്കലും, ബിരിയാണിയിരൊക്ക്, ഇറച്ചി വരട്ടലും, പൊരിക്കാനൊരുക്കലും തുടങ്ങി നൂറുകൂട്ടം പണികൾ തീരുമ്പോഴേക്കും പെരുന്നാൾ രാത്രിയുടെ നല്ല ഭാഗവും കടന്നുപോയിട്ടുണ്ടാവും.

തന്റെ ആഘോഷങ്ങൾ പോലും മറ്റുള്ളവർ നിശ്ചയിക്കുന്നു

പിന്നെ പെരുന്നാളാണെന്ന് സ്വന്തത്തെ ബോധ്യപ്പെടുത്താൻ വേണ്ടി, കുറച്ചു തക്ബീറുകൾ ചൊല്ലിയെന്ന് വരുത്തി, എന്നെപ്പോലെയുള്ള ചുരുക്കം ചിലർ പാതിരാത്രിയിലും മൈലാഞ്ചിയിട്ട് പെരുന്നാളിന്റെ മണം പിടിച്ചെടുക്കാൻ ശ്രമം നടത്തും. അല്ലാത്തവർ ഒന്നുരണ്ടു മണിക്കൂറെങ്കിലും ഉറങ്ങണമെന്ന ചിന്തയിൽ ക്ഷീണിച്ചുറങ്ങും. പെരുന്നാൾ ദിവസം തുടങ്ങുന്നത് തന്നെ അടുക്കളയിലാണ്. നാല് മണിക്കോ അതിന് മുൻപോ എഴുന്നേറ്റ് ഓടിപ്പിടഞ്ഞ് പായസമാക്കി, ബിരിയാണി ദമ്മിട്ടും കഴിയുമ്പോഴേക്ക് പള്ളിയിൽ നിന്ന് ജോറായി തക്ബീർ ചൊല്ലുന്നുണ്ടാവും.

ഈദ്ഗാഹ് തുടങ്ങാൻ അര മണിക്കൂറെ ഉള്ളൂ എന്ന വെളിപാടിൽ ഓടിപ്പിടിച്ച് ഒരു കാക്കക്കുളിയും കഴിച്ച്‌, പുതുവസ്ത്രങ്ങൾ വാരിയണിഞ്ഞ് ഈദ്‌ഗാഹിലേക്കൊരോട്ടമാണ്. ഈദ്ഗാഹ് കഴിഞ്ഞ ഉടനെ ആളുകളോട് കുശലം പറയാനും കൂടെ സമയമില്ലാതെ തിരിച്ച്‌ വീണ്ടും വീട്ടിലേക്കോട്ടമാണ്. ആണുങ്ങളെത്തും മുമ്പ് ബിരിയാണി ദം പൊട്ടിക്കുകയും, ഇറച്ചി തൂമിക്കുകയും, പായസം ശരിയാക്കുകയും വേണം. വെക്കലും വിളമ്പലും പലവട്ടം കഴിയുമ്പോഴേക്കും പെരുന്നാൾ ദിനങ്ങളങ്ങ്‌ കടന്നുപോവുകയും ചെയ്യും.

വീട്ടിൽ വരുന്ന വിരുന്നുകാരെ മുഴുവൻ സൽക്കരിക്കുക എന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. ഇതിനിടയിൽ കുടുംബസന്ദർശനവും, സുഹൃദ് സന്ദർശനവുമൊക്കെ പെണ്ണിന് “നേരമുണ്ടെങ്കിൽ” ചെയ്യാനാവുന്ന സന്തോഷങ്ങൾ “ഇതെല്ലാം കഴിഞ്ഞിട്ട് വേണം എനിക്കെന്റെ പെരേലൊന്ന് പോയിവരാൻ. ഉപ്പേം ഉമ്മേം കാത്തിരിക്കുന്നുണ്ടാവും” എന്ന നെടുവീർപ്പുകൾ എത്ര കേട്ടിരിക്കുന്നു.

ശരിയാണ്‌, പെറ്റ്, രാജകുമാരിയെപ്പോലെ പോറ്റി വളർത്തിയ, ആഘോഷങ്ങളുടെ മഴവില്ല് സമ്മാനിച്ച മാതാപിതാക്കൾ, ജീവിതത്തിന്റെ മധ്യാഹ്നത്തിൽ തനിച്ച് പെരുന്നാളുകൾ ആഘോഷിക്കുന്നതറിഞ്ഞാലും, ഒന്നു കൂട്ടുകൊടുക്കാൻ പോലും കഴിയാതെ പോവുന്നത് എത്ര സങ്കടകരവും നിരാശാജനകവുമാണെന്ന് മറ്റുള്ളവർക്കൊരിക്കലും മനസ്സിലാകില്ല.

ചെറുപ്പത്തിൽ അവർ നമുക്ക് സമ്മാനമായി തന്ന ആഘോഷങ്ങളുടെ എല്ലാ നിറവും തിരിച്ചു കൊടുക്കാനാവില്ലെങ്കിലും, കുഞ്ഞു സന്തോഷങ്ങളെങ്കിലും തിരിച്ചു കൊടുക്കാൻ കഴിയാതെ നിസ്സഹായരാവുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്.

“എന്നാൽ പിന്നെ എല്ലാവർക്കും കൂടെ ഒരിടത്ത് പെരുന്നാൾ കൂടിക്കൂടെ” എന്ന ചോദിക്കുമ്പോൾ “അതെങ്ങനെയാ പെൺകുട്ടികളുടെ പൊരേൽക്ക് പെരുന്നാൾ കൂടാൻ വര്വാ” എന്നൊരു മറുവാദവും ധാരാളമായി കേട്ടിട്ടുണ്ട്. ഈ വാദങ്ങളൊക്കെ എന്നേ മാറ്റേണ്ടതായിരുന്നു. പെൺകുട്ടികൾ, ആൺകുട്ടികൾ എന്ന വേർതിരിവും, മരുമക്കളും മക്കളും തമ്മിലുള്ള വേർതിരിവും, ഇതിനൊക്കെ അനുസരിച്ചുള്ള ഇടങ്ങളുടെ തെരഞ്ഞെടുപ്പും ആശയക്കുഴപ്പങ്ങളും ബുദ്ധിമുട്ടുകളുമല്ലാതെ എന്താണ് സമ്മാനിക്കാറുള്ളത്.

സ്നേഹം പങ്കിടാനും, സന്തോഷം പങ്കിടാനും ഒരുമിച്ചായിരിക്കുക എന്നതിനേക്കാൾ വലിയ ആഘോഷം മറ്റെന്താണുള്ളത്.? ഭർത്താവിന്റെ വീട്ടിൽ മാത്രമേ ഭാര്യ ആഘോഷങ്ങൾ കഴിച്ചുകൂട്ടാൻ പാടൂ എന്ന പൊതുബോധത്തെ തിരുത്തി എഴുതി, ആഘോഷങ്ങളും പങ്കിട്ടെടുത്താലെന്താണ്.? ഒരു പെരുന്നാൾ ഭർതൃ വീട്ടിലാണെങ്കിൽ അടുത്ത പെരുന്നാൾ ഭാര്യവീട്ടിൽ, എന്ന രീതിയിലുള്ള പങ്കിട്ടെടുപ്പിനെക്കുറിച്ചെന്തുകൊണ്ട് ചിന്തിച്ചുകൂടാ?

എന്നാൽ ഈ പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പൊതുബോധത്തിന് അത്തരം ചിന്തകൾ പോലും “സ്ത്രീവാദ”പരമാവും. തെളിച്ചു പറഞ്ഞാൽ “ഫെമിനിച്ചി” രൂപമാവുമെന്ന്.

പെൺപെരുന്നാളുകൾ കൃത്യമായി രണ്ട് തരത്തിലുണ്ട്. ഒന്ന് വിവാഹപൂർവ്വ പെരുന്നാളും, രണ്ട് വിവാഹ ശേഷമുള്ള പെരുന്നാളും. വിവാഹ ശേഷമുള്ള പെണ്ണിന്റെ പെരുന്നാൾ ആസൂത്രണം ചെയ്യുന്നത് ആരാണ്? അതോരോ പെണ്ണിനും ഓരോ തരത്തിലായിരിക്കുമെങ്കിലും, ഒന്നെനിക്കുറപ്പാണ്. അത് പൂർണമായും അവളുടെതല്ല. സന്തുലിതമായ ഒരു സമ്പ്രദായം നിലനിന്നു പോവണമെങ്കിൽ സ്ത്രീ വിട്ടുവീഴ്ച ചെയ്യണമെന്ന് വാദിക്കുന്നവരുണ്ട്.

ഇവിടെ പക്ഷെ, സ്ത്രീയുടെ ആഘോഷങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളെ, അതിലുപരിയായ പ്രാഥമിക അവകാശങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഓരോ സ്ത്രീയും തന്റെ സന്തോഷങ്ങളെക്കുറിച്ചു ഉറക്കെ സംസാരിക്കാത്തത് അവർ മൗനം ശീലിച്ചു പോയതുകൊണ്ടാണ്.

അതല്ലെങ്കിൽ അത്തരത്തിലുള്ള ചിന്തകൾ പോലും വലിയ തെറ്റാണെന്ന് സമൂഹം അവളെ പഠിപ്പിച്ചത് കൊണ്ടാണ്. തന്റെ ആഘോഷങ്ങൾ പോലും മറ്റുള്ളവർ നിശ്ചയിക്കുന്ന അവസ്ഥ ഒരു ആണിനെ സംബന്ധിച്ച് എത്ര ദുഷ്കരമാണോ, അത്ര തന്നെ ദുഷ്കരമാണ് പെണ്ണിനെ സംബന്ധിച്ചും.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
സമകാലിക മലയാളം
Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x