PoliticalTech

ഗ്രാമങ്ങളിലേക്ക് ഇന്റർ നെറ്റിന്റെ കടന്നുകയറ്റം തെരഞ്ഞടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കുമോ?

ഇൻറർനെറ്റ് & മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ‌എ‌എം‌ഐ‌ഐ) യുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഗ്രാമീണ ഇന്ത്യയിലെ മൊത്തം ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷം 227 ദശലക്ഷം കടന്നിരിക്കുന്നു. നഗര പ്രദേശങ്ങളിലെ 205 ദശലക്ഷം ഉപയോക്താക്കളേക്കാൾ 10 ശതമാനം കൂടുതലാണിത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത്‌ അനന്തമായ സാങ്കേതിക സാധ്യതകൾ തുറക്കുന്നതിലൂടെ ഈ കണക്കുകൾ തുടർന്നും കൂടിക്കൊണ്ടിരിക്കും .

കുറഞ്ഞ ചിലവിലെ ലഭ്യതമൂലം ഇന്ത്യയിലെ മൊത്തത്തിലുള്ള ഇൻറർനെറ്റ് കണക്ഷനുകൾ ഇതിനകം 560 ദശലക്ഷം ഉപയോക്താക്കളിൽ എത്തി നിൽക്കുന്നു . ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്ക്. രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്കിന്റെ ഏഴിരട്ടിയാണ് ഉപയോക്തൃ നിരക്ക് ഇപ്പോൾ വളരുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ പ്രവണത തുടരുകയാണെങ്കിൽ, 2023 ആകുമ്പോഴേക്കും 1.42 ബില്യൺ ജനങ്ങൾക്കായി രണ്ട് ബില്ല്യണിലധികം ഇന്റർനെറ്റ് കണക്റ്റുചെയ്‌ത ഉപകരണങ്ങൾ (സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ) ഇന്ത്യയിലുണ്ടാകുമെന്നാണ് വിദഗ്‌ദ പ്രവചനങ്ങൾ.

ജിയോ; ഡാറ്റ വിപ്ലവത്തിന്റെ തുടക്കം

ഇൻറർനെറ്റ് സമസ്ത മേഖലയിലും സമാനതകളില്ലാത്ത വളർച്ചക്ക് കാരണമാകുകയും ഇന്ത്യൻ സമൂഹത്തിലും ആഗോളതലത്തിലും നാടകീയമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഇത് ആശയവിനിമയത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഇമെയിൽ, സന്ദേശങ്ങൾ കൈമാറൽ , സോഷ്യൽ മീഡിയ എന്നിവയിലൂടെ ആളുകളെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരിക്കുന്നു .

വാർത്താ വിതരണം, വിനോദം, ഓൺലൈൻ പഠനം എന്നിവയെല്ലാം ഏറ്റവും എളുപ്പമുള്ളതാക്കി. ഏത് സമയത്തും എവിടെ നിന്നും എന്തും വാങ്ങാൻ ഇ-കൊമേഴ്‌സിലൂടെ ജനങ്ങളെ പ്രാപ്തരാക്കി. വ്യക്തിഗത ആനുകൂല്യങ്ങൾക്കപ്പുറം, പൗരന്മാരുമായി ബന്ധപ്പെടാനും ഓൺലൈനിലൂടെ നിരവധി സേവനങ്ങൾ നൽകാനും ഇൻറർനെറ്റ് സർക്കാരുകളെയും സഹായിച്ചിട്ടുണ്ട്. വാസ്തവത്തിൽ, ഇന്ത്യയുടെ കാര്യത്തിൽ, ഇൻറർനെറ്റ് സ്വാധീനം വർദ്ധിക്കുന്നതിനൊപ്പം, ഡിജിറ്റൽ സേവനങ്ങളും ഒരേസമയം വികസിച്ചു.

ഗ്രാമീണ ഇന്ത്യയിലെ ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധന ഇന്ത്യയെ അടിത്തട്ടിൽ നിന്ന് പരിവർത്തനം ചെയ്യാൻ സാധ്യതയുള്ള ഒരു വികാസമാണ് എന്നതിൽ സംശയമില്ല .ഇൻറർനെറ്റ് മുന്നേറ്റത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചക്ക് രാജ്യത്തിന്റെ ഡിജിറ്റൽ ലാൻഡ്സ്കേപ്പിനെ പൂർണ്ണമായും പരിവർത്തനം ചെയ്യാനുള്ള കഴിവുമുണ്ട്.

എന്നാൽ ഈ മുന്നേറ്റങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിനു ഇത് മൂലം എന്തെല്ലാം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.?

ഇന്റർനെറ്റ് സാങ്കേതികവിദ്യകൾ ഇപ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ‘ഗെയിം ചേഞ്ചർ’ ആയാണ് കണക്കാക്കപ്പെടുന്നത്. ചിലവ് കുറഞ്ഞ ഡാറ്റാ വിപ്ലവത്തിന് തുടക്കമിട്ട റിലയൻസ് ജിയോ ഫോൺ ശൃംഖല ഇതിനകം തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റിമറിച്ചതായി അഭിപ്രായപ്പെടുന്നുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിക്ക് തകർപ്പൻ വിജയം നൽകിയ 2019 ലെ പൊതുതെരഞ്ഞെടുപ്പിനെ ‘പോസ്റ്റ് ജിയോ ഇലക്ഷൻ ‘ എന്നാണ് പ്രമുഖ പത്രപ്രവർത്തകനായ സാബ നഖ്‌വി വിശേഷിപ്പിച്ചത്.

സാങ്കേതികവിദ്യകൾ: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ‘ഗെയിം ചേഞ്ചർ

ബരാക് ഒബാമ 2008 ൽ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വോട്ടർമാരെ ലക്ഷ്യമിട്ടതിലൂടെ , രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപകവും നൂതനവുമായ ഉപയോഗം അമേരിക്കയിൽ ആദ്യമായി കണ്ടു. എങ്കിലും ഇന്ത്യയിൽ മേൽപ്പറഞ്ഞ സംഭവവികാസങ്ങൾ ഉടലെടുത്തത് സമീപകാലത്താണ്.

സാങ്കേതിക വിപ്ലവം മുതലെടുത്ത് സോഷ്യൽ മീഡിയയുടെ മികച്ച ഉപയോക്താവായി മാറിയാണ് പ്രധാനമന്ത്രി മോഡി അധികാരത്തിലെത്തിയത് . അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ 43.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ വളരെ മുന്നിലാണ് നരേന്ദ്രമോദി.

“ജിയോഫെൻസിംഗ്” പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ ( ഓരോ പ്രദേശത്തെയും വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പ്രചാരണത്തിനായുള്ള പുതിയതും നൂതനവുമായ ഉപകരണം) ഇതിനകം തന്നെ അമേരിക്കയിലെ രാഷ്ട്രീയ പ്രചാരണങ്ങളെ മാറ്റിക്കഴിഞ്ഞു. 2024 ൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള സമയമായിരിക്കാം ഒരുപക്ഷേ ഇത്തരം സാങ്കേതികവിദ്യകൾ ഇന്ത്യയിൽ പരീക്ഷിക്കപ്പെടുക . അപ്പോഴേക്കും ഇന്റർനെറ്റ് മുന്നേറ്റം എല്ലാ ഇന്ത്യക്കാരിലേക്കും എത്തിയിട്ടുമുണ്ടാകും.

നിരവധി ആഭ്യന്തര, വിദേശ തിരഞ്ഞെടുപ്പ് വിശകലരും ഗ്രാമപ്രദേശങ്ങളിൽ പരാജയം പ്രവചിച്ചിരുന്നെങ്കിലും , 2019 ൽ ഗ്രാമീണ മേഖലകളിൽ വലിയ വിജയം നേടിയ മോഡിക്ക് ഗ്രാമീണ ഇന്ത്യയിലെ ഇന്റർനെറ്റ് വിപ്ലവമായിരിക്കാം തുണയായിട്ടുണ്ടാവുക. ഒട്ടുമിക്ക രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത് , വ്യക്തിപരമായി, ഗ്രാമീണ വോട്ടർമാരിൽ വളരെയേറെ സ്വാധീനിക്കപ്പെടാൻ മോദിക്ക് സാധിച്ചു എന്നതാണ് .

അതോടൊപ്പം തങ്ങളുടെ സാമ്പത്തിക ദുരിതങ്ങൾക്ക് മോഡിയുടെ നയങ്ങൾ എത്രമാത്രം കാരണമായിട്ടുണ്ട് എന്നത് അവരിൽ നിന്നും വിദഗ്ദമായി മറച്ചു വെക്കുന്നതിലും അദ്ദേഹം വിജയം കണ്ടു. സാങ്കേതിക വിദ്യ കയ്യിലെത്തിയെങ്കിലും ‘ഇന്റർനെറ്റ് സാക്ഷരത’ കൈവരിക്കാത്തവരാണ് ഇന്ത്യൻ ഗ്രാമങ്ങളിലെ ഏറിയ പങ്കും. ഫേക്ക് ന്യൂസും ഫ്ലാഷ് ന്യൂസും അവർക്കൊരുപോലെയാകാം. ഒരൊറ്റ ഫേക്ക് ന്യൂസുകൊണ്ട് അവരുടെ വികാരങ്ങളെ വൃണപ്പെടുത്താനും വിദഗ്ദമായി വോട്ടു പെട്ടിയിലാക്കാനും കെല്പുള്ള ഐ ടി സെല്ലുകളാണ് ഭരണ പക്ഷത്തിന്റെ കരുത്ത്.

ഇവർക്ക് മുൻപിൽ പ്രതിപക്ഷം കിതക്കുകയാണ് എന്നതാണ് യാഥാർഥ്യം. പ്രതിപക്ഷ കക്ഷികളിൽ നിന്നും വിഭിന്നമായി മോദിയുടെയും ബിജെപി ഐ ടി സെല്ലിന്റെയും സോഷ്യൽ മീഡിയയിലെ ശക്തമായ സാന്നിധ്യവും വർദ്ധിച്ചു വരുന്ന ഇന്റർനെറ്റിന്റെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ, മോഡിക്ക് 2024 ലും ഒരുപക്ഷേ വിജയം കൈവരിക്കാൻ കഴിഞ്ഞേക്കും. അങ്ങിനെ സംഭവിച്ചാൽ പിന്നീട് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ദീർഘകാലം നിലനിൽക്കാൻ സാധ്യതയില്ല.

Via
Russian Times
Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button
Close