IndiaPolitical

ഡൽഹി കലാപ ബാധിതർക്ക് ചികിത്സ നൽകിയ ഡോക്ടർക്കെതിരെയും പോലീസ് കുറ്റപത്രം.

ഡൽഹി ഡെസ്ക്

വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ ഇരകൾക്ക് അടിയന്തിര ചികിത്സ നൽകിയ ആശുപത്രി ഉടമയായ ഡോ. എം അൻവറിനെ ഡൽഹി പോലീസ് പ്രതിഷേധത്തിന്റെ സംഘാടകനായി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.

Read Also: ഡൽഹി കലാപം: ആയുധ വിതരണക്കാരന് ജാമ്യം, വിദ്യാർത്ഥികൾക്കെതിരെ UAPA.

ന്യൂ മുസ്തഫാബാദിന്റെ അൽ ഹിന്ദ് ആശുപത്രിയുടെ ഉടമ അൻവർ ഫെബ്രുവരിയിൽ കലാപത്തിനിടെയുണ്ടായ വെടിയേറ്റ മുറിവുകളും തലയോട്ടിയിലെ ഒടിവുകളും ഉൾപ്പെടെ നിരവധി രോഗികൾക്ക് അടിയന്തര ചികിത്സ നൽകി ശ്രദ്ധേയനായിരുന്നു. മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ആശുപത്രിയുടെ ഉടമയും പ്രധാന ഡോക്ടറും ഇദ്ദേഹം തന്നെയാണ്.

ഗുരുതരമായി പരിക്കേറ്റ രോഗികളെ അൽ ഹിന്ദ് ആശുപത്രിയിൽ നിന്ന് മെച്ചപ്പെട്ട സജ്ജീകരണമുള്ള ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനെ തുടർന്ന് ഡോക്യുമെന്ററി ഫിലിം മേക്കർ രാഹുൽ റോയ് ഫെബ്രുവരി 25 ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കലാപകാരികൾ ആംബുലൻസുകൾ ലക്ഷ്യമാക്കി അക്രമങ്ങൾ നടത്തുകയും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. പരിക്കേറ്റ ഇരകളെ ജിടിബിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലേക്കോ സുരക്ഷിതമായി എത്തിക്കുന്നത് ഉറപ്പാക്കാൻ അർദ്ധരാത്രി ഹിയറിംഗിൽ ഹൈക്കോടതി ഡൽഹി പോലീസിന് നിർദേശം നൽകിയിരുന്നു.

Read Also: ഡൽഹി കലാപത്തിന്റെ നേർക്കാഴ്ച്ചകൾ.

കുറ്റപത്രം

ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പവൻ സിംഗ് രാജാവത്തിന് മുന്നിൽ ജൂൺ 4 ന് സമർപ്പിച്ച കുറ്റപത്രത്തിൽ ഇങ്ങനെ പറയുന്നു: “15.01.2020 മുതൽ, സംഭവസ്ഥലത്തിന് സമീപം ഫാറൂഖിയ മസ്ജിദിൽ, സി‌എ‌എ / എൻ‌ആർ‌സി വിരുദ്ധ പ്രതിഷേധം അനധികൃതമായി നടക്കുന്നു. അതിൽ നിരവധി പ്രഭാഷകർ പല സമയങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിരുന്നു. എൻ‌ആർ‌സി കാരണം മുസ്‌ലിംകൾക്ക് ഇന്ത്യൻ പൗരത്വം നൽകില്ലെന്നും അവരെ തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കുമെന്ന തെറ്റായ വാർത്തകൾ അവിടെ പ്രചരിച്ചു….”

“ ഈ പ്രതിഷേധ സ്ഥലത്ത് ബി ആർ അംബേദ്കർ, ഷഹീദ് ഭഗത് സിംഗ്, മഹാത്മാഗാന്ധി എന്നിവരുടെ ചിത്രങ്ങളും ത്രിവർണ്ണ പതാകയും ഉണ്ടായിരുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക സമൂഹം കേന്ദ്ര സർക്കാറിനെതിരെ തിരിക്കപ്പെട്ടു. 23.02.2020 രാത്രി ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ അക്രമത്തിൽ ഭാഗമായി. തുടർന്ന് ദയാൽപൂരിലെ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഫാറൂഖിയ മസ്ജിദിൽ നടന്ന പ്രതിഷേധത്തിന്റെ സംഘാടകർ 1. അർഷാദ് പ്രധാൻ 2. അൽ ഹിന്ദ് ആശുപത്രി ഉടമ ഡോ. അൻവർ. മുകളിൽ സൂചിപ്പിച്ച വ്യക്തികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. അവരെ പിന്നീട് ചോദ്യം ചെയ്യും, അതനുസരിച്ച് ഞങ്ങൾ അന്വേഷിക്കും. ഫെബ്രുവരി 23-24 തീയതികളിൽ നടന്ന അക്രമം ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല…. ”

ഡോ. അൻവർ പ്രതികരിക്കുന്നു

ഡോ. അൻവറുമായി ബന്ധപ്പെട്ടപ്പോൾ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടുണ്ടെന്നും എല്ലായ്പ്പോഴും തിരക്കിലായതിനാൽ സംഘടിപ്പിക്കുകയോ പ്രതിഷേധത്തിൽ പങ്കെടുക്കുകയോ കഴിയാറില്ല എന്നും പ്രതിഷേധം കാരണം പ്രദേശത്ത് യാത്ര ചെയ്യുന്നത് ഒരു പ്രശ്‌നമാണെന്നും അത് നീക്കം ചെയ്യണമെന്നും ലോക്കൽ പോലീസിനോട് പറഞ്ഞിരുന്നതായും കലാപസമയത്ത് ആശുപത്രിയിൽ ആളുകളെ ചികിത്സിച്ചതിനാലാണ് പേര് ഇതിലേക്ക് വലിച്ചിട്ടത് എന്നും അദ്ദേഹം അറിയിച്ചു. പ്രാധമികമായ മനുഷ്യത്വം കാണിച്ചതിനാലാണ് എന്നെ ഈ കേസിൽ വലിച്ചിടുന്നത് എന്നും ടാർഗെറ്റ് ചെയ്യപ്പെടുന്നുവെന്നും എല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ് എന്നും പ്രസ്ഥാവിച്ചു.

Read Also: തെലിനിപ്പാറ; മുസ്ലിം വംശീയഹത്യക്ക് ലോക്ക്ഡൗൺ ബാധകമല്ല !

നേഗി ജോലി ചെയ്തിരുന്ന സ്വീറ്റ് ഷോപ്പിൽ നിന്നും ഫറൂഖിയ മസ്ജിദിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ആശുപത്രി. കുറ്റപത്രത്തിൽ 12 പേരെയാണ് പോലീസ് ഇതുവരെ പ്രതികളാക്കിയിട്ടുള്ളത്. മുഹമ്മദ് ഷനവാജ്, ഷാനു, മുഹമ്മദ് ഫൈസൽ, ആസാദ്, അസ്രഫ് അലി, റാഷിദ്, മോനു, ഷാരൂഖ്, മുഹമ്മദ് ഷോയിബ്, പർവേസ്, റാഷിദ്, രാജ, എംഡി താഹിർ, സൽമാൻ, സോനു സൈഫി എന്നിവരാണ്. ഇവരെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Tags
Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ഇത് വായിച്ചിരുന്നോ
Close
Back to top button
Close