Social

സാമ്പത്തിക സുരക്ഷക്കല്ല, അവസര സമത്വത്തിന് വേണ്ടിയാണ് സംവരണം

പ്രതികരണം/ അമൽ സി രാജൻ

എന്താണ് മുന്നാക്ക സംവരണത്തിൻ്റെ ലോജിക്ക് എന്ന ചോദ്യത്തിന് അസംബന്ധപൂർണ്ണവും അടിസ്ഥാനരഹിതവുമായ നിരവധി മറുപടികൾ കേട്ടിട്ടുണ്ട്. കേട്ടതിൽ ഏറ്റവും മാരകമായ ഒന്ന് ഇതാണ്: ”സാമ്പത്തിക സുരക്ഷിതത്വമില്ലാത്ത മുന്നാക്ക സമുദായക്കാർ അവരിലെ സമ്പന്നരോട് മത്സരിച്ച് ജയിക്കണമെന്ന് പറയുന്നത് ശരിയല്ല ” -മുന്നാക്ക സംവരണത്തിൻ്റെ ലക്ഷ്യമായി ഒറ്റനോട്ടത്തിൽ ശരിയാണെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന വാദമാണിത്.

ആദിവാസി – ദളിത്- പിന്നാക്ക ജനവിഭാഗങ്ങൾ കരുതുന്നതു പോലെ അവരെ ദ്രോഹിക്കുവാൻ കൊണ്ടുവന്നിട്ടുള്ളതല്ല ഈ സംവരണമെന്നും അവരുടെ കൂടി എതിരാളികളായ മേൽജാതി സമ്പന്നരെ തകർക്കാൻ മേൽജാതിയിലെ തന്നെ പാവപ്പെട്ടവരെ ഉപയോഗപ്പെടുത്തുന്ന യുദ്ധ തന്ത്രമാണിതെന്നുമാണ് ഈ വാദമുയർത്തുന്നവർ പറയാൻ ശ്രമിക്കുന്നത്.

ഇതിൽ വർഗ്ഗ സമരം കൂടി ഉൾച്ചേരുന്നുണ്ടത്രേ. മുതലാളിമാരിൽ നിന്നും പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള ഒരു പദ്ധതിയാണോ ഈ EWS സംവരണം? ഒരു ഡാറ്റയുടേയും പിൻബലമില്ലാതെ, കേരളത്തിലെ മുന്നാക്ക ജനസംഖ്യ എത്രയാണ് എന്ന കണക്കു പോലും പുറത്തു വിടാതെ, മുന്നാക്കക്കാരിൽ ഭൂരിപക്ഷവും പരമ ദരിദ്രരാണ് എന്ന കൽപ്പിത കഥകളെ മുൻനിർത്തിയാണ് ഈ സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.

എതിർവാദക്കാർ ഉന്നയിക്കുന്ന യുക്തി പ്രയോഗിച്ചാൽ പോലും, അപൂർവ്വമായി കാണുന്ന സാമ്പത്തിക ശേഷി കുറഞ്ഞ മുന്നാക്ക വിഭാഗക്കാർക്ക് മുകളിലവകാശപ്പെട്ട പോലെ ഈ സംവരണം ഗുണപ്പെടാൻ സാധ്യതയില്ല എന്നു EWS ദാരിദ്ര്യത്തിൻ്റെ മാനദണ്ഡം പരിശോധിച്ചാൽ വ്യക്തമാണ്. രണ്ടരയേക്കർ ഭൂമിയുള്ള ‘സമ്പന്നദരിദ്ര’നുമായാണ് യഥാർത്ഥ സാമ്പത്തിക പ്രശ്നമുള്ള മുന്നാക്കക്കാരാരെങ്കിലുമുണ്ടെങ്കിൽ അവർ EWS സംവരണത്തിനായി മത്സരിക്കേണ്ടത്.

യഥാർത്ഥത്തിൽ ‘പാവപ്പെട്ട ‘വർ മുൻപ് പറഞ്ഞ കാരണം കൊണ്ടുതന്നെ തോറ്റുപോയേക്കാം. വിദ്യാഭ്യാസ- ഉദ്യോഗരംഗങ്ങളിലെ മത്സരങ്ങളിൽ ഈ സവർണ്ണ മധ്യവർഗത്തിൻ്റെ നെഞ്ചിടിപ്പു കൂട്ടുന്ന മുഖ്യ എതിരാളികളായ SC/ST /OBC വിഭാഗങ്ങളിലെ മത്സരശേഷിയുള്ളവരാരും (ജനറൽ ലിസ്റ്റിൽ കയറാൻ സാധിക്കുന്നവർ) EWS സംവരണത്തിൽ മത്സരിക്കാനില്ലാത്തതുകൊണ്ട് മേൽ വാദമനുസരിച്ച് അപ്പർ മിഡിൽ ക്ലാസ് സവർണ്ണരല്ലേ ഈസീ വാക്കോവർ നേടുക ?

ചുരുക്കി പറഞ്ഞാൽ പിന്നാക്കക്കാർ നേടാൻ സാധ്യതയുണ്ടായിരുന്നതും അവർക്കു കൂടി നിയമപരമായി അവകാശപ്പെട്ടതുമായിരുന്ന 20 % സീറ്റുകൾ അഗ്രഹാര ദാരിദ്ര്യത്തിൻ്റെ ഭാവനകളെ മുൻനിർത്തി മുന്നാക്ക മധ്യവർഗത്തിന് അനർഹമായി നൽകുന്ന പ്രക്രിയയാണ് EWS സംവരണം.

ഇതു നടപ്പാക്കിയവരുടേയും ശുപാർശ ചെയ്തവരുടേയും ലക്ഷ്യം മുകളിലവകാശപ്പെട്ടപോലെ മുന്നാക്ക സമ്പന്നരെ തകർക്കലല്ല. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന് അടുത്തു പോലുമെത്താത്ത പിന്നാക്ക വിഭാഗക്കാരെ പുറത്താക്കലാണ്.

എപ്പോഴെങ്കിലും കടന്നു വരുന്ന PSC യുടെ സംവരണ ടേണിൽ ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജനറൽ സീറ്റിൽ പ്രവേശനം നേടാൻ കൂടി പരിശ്രമിച്ചാലേ പിന്നാക്ക വിഭാഗത്തിന് ആനുപാതിക പ്രാതിനിധ്യത്തിലേക്ക് ഉയരാനാവൂ. ഇപ്പോഴും ഉയർന്ന തസ്തികകളിൽ മെയിൻ ലിസ്റ്റിലെ അവസാന റാങ്കുകളിലാണ് പിന്നാക്കക്കാരെ കാണാനാവുക. അപൂർവ്വമായി മാത്രമാണ് മറിച്ച് സംഭവിക്കാറുള്ളത്.

അവിടെയാണ് EWS സംവരണം പിന്നാക്കക്കാരൻ്റെ മരണക്കെണിയും മുന്നാക്കക്കാരൻ്റെ കവച കുണ്ഡലവുമായി മാറുന്നത്. സംവരണ സീറ്റുകളുടെ എണ്ണത്തിൽ കുറവു വരുത്തിയിട്ടില്ല എന്ന ഭരണകൂടവാദം വിശ്വസിക്കുന്ന നിഷ്കളങ്കർ ഇനി തങ്ങൾക്കു മെറിറ്റ് സീറ്റിലേക്ക് കടന്നു ചെല്ലാനുള്ള സാധ്യത വളരെയധികം കുറഞ്ഞു എന്ന സത്യം മനസിലാക്കുന്നേയില്ല.

ജനറൽ വിഭാഗത്തിന് അവകാശമുണ്ടായിരുന്ന ഇരുപതു ശതമാനം സീറ്റു നഷ്ട്ടപ്പെട്ടു എന്നു മാത്രമല്ല ബാക്കി സീറ്റിലെ ജയസാധ്യതയും കുറയുകയാണ്. അതായത് ബ്രാഹ്മണ്യത്തെ സംബന്ധിച്ച് ഏകലവ്യൻമാരുടെ വിരലറുക്കുന്ന ചരിത്രദൗത്യമാണ് EWS സംവരണം. അതിനെ ചെറുത്തു തോൽപ്പിച്ചേ തീരൂ. ഇല്ലാത്തപക്ഷം നിവർത്തന പ്രക്ഷോഭത്തിനു മുൻപുള്ള സ്ഥിതിയിലേക്ക് പിന്നാക്ക ജനത വീണുപോകും.

ആരംഭത്തിൽ പറഞ്ഞ ഒരു ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും മേൽജാതി വിഭാഗങ്ങളിൽ പാവപ്പെട്ടവരുണ്ടല്ലോ ?അവരുടെ കാര്യം പരിഗണിക്കേണ്ടതില്ലേ?തീർച്ചയായും വേണം . അവർക്കു സംവരണത്തിനു പകരം സാമ്പത്തിക പിൻതുണയും ക്ഷേമപദ്ധതികളും നടപ്പാക്കുന്നതിനെ ആരാണ് തടയുന്നത്??

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x