EntertainmentSocial Media

വാരിയൻ കുന്നനെ ഭയന്നവർ ; അന്ന് കൊളോണിയലിസ്റ്റുകൾ, ഇന്ന് ഫാഷിസ്റ്റുകൾ

അഡ്വ. ജഹാംഗീർ റസാഖ് പാലേരി

പ്രിയപ്പെട്ടവരെ,

ഈ കുറിപ്പ് മലബാറിലേക്ക് കല്ലുകളും പൂക്കളുമെറിയുന്നവർ മാത്രം വായിക്കാനുള്ളതാണ്. ഇന്നലെ ചാനൽ ചർച്ചയിൽ മലബാറിലെ മുസ്ലിങ്ങളുടെ സിനിമാപ്രതിനിധ്യത്തെക്കുറിച്ചു വർഗീയത പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവും, ഒട്ടകം ഗോപാലനും ഉൾപ്പടെയുള്ള ആർക്കുമെഴുതുന്ന മറുപടിയോ പ്രതികരണങ്ങളോ അല്ലെന്ന് തുടക്കത്തിലേ സൂചിപ്പിക്കട്ടെ.! എന്‍റെ വ്യക്തിപരമായ ചില നിരീക്ഷണങ്ങൾ മാത്രം!!

സത്യസന്ധമായ ചരിത്രമെഴുത്തിന്‍റെ ഭൂതകാലത്തെയും മറികടന്ന് വികലമായി മാത്രം ഈയടുത്തകാലംവരെ മലയാള സിനിമയിൽ രേഖപ്പെടുത്തപ്പെട്ട ഭൂമികാതലമാണ് മലബാറിന്റേത്. ഒരൊറ്റ ഏടുമാത്രം ചരിത്രത്തിൽനിന്ന് സൂചിപ്പിക്കട്ടെ. ഭൂതകാലത്തെ മലബാറിന്റെ മണ്ണിലേക്ക് ഒരു നിമിഷം വരൂ….അവിടെ ചരിത്രം മറക്കാത്ത കുറച്ചു ധീരന്മാരുടെ പേരുകൾ ഉണ്ട്. പേരുകൾ കൊണ്ട് മുസ്സൽമാനും ജീവിതം കൊണ്ട് എനിക്കും നിങ്ങൾക്കുമൊക്കെ വേണ്ടി കത്തിയസ്തമിച്ച ചില സൂര്യന്മാർ…. അറിയാൻ മാത്രം ഒരു പേര് തരാം; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയല്ല, മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്… ചരിത്രം അയാളെ വിളിച്ചത് “മലബാർ സിംഹം” എന്നാണ് ! പക്ഷേ നവസിനിമയുൾപ്പടെയുള്ള കലാരംഗങ്ങളിൽ അദ്ദേഹത്തെ മാത്രമല്ല, ഭൂമിശാസ്ത്രപരമായിത്തന്നെ എവിടെയും മലബാറിനെയോ ഇവിടുത്തെ നന്മകളെയോ, ചരിത്രപരമായ പ്രാധാന്യത്തെയോ സത്യസന്ധമായി ആവിഷ്‌ക്കരിച്ചിട്ടില്ല.! ഈ ഘട്ടത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ആരെടുക്കുന്ന സിനിമയും പ്രസക്തമാകുന്നത്!

ചരിത്രപുരുഷന്മാർ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല, മുഖ്യധാരാ വാണിജ്യസിനിമകളിലെ വില്ലനും, മഹാബോറൻ, അപരിഷ്കൃതൻ, വിദ്യാഹീനൻ… മട്ടിലുള്ള ഹാസ്യകഥാപാത്രങ്ങളോ മാത്രമാണ് മലബാറിൽ നിന്നായി മലയാള സിനിമകളിൽ ഉണ്ടായിട്ടുള്ളതെന്നത് വസ്തുതയാണ്. മലപ്പുറത്തെയും, കോഴിക്കോട്ടെയും മനുഷ്യരെക്കുറിച്ച് സിനിമാക്കാർക്ക് എന്തറിയാം എന്ന് ചോദിക്കാൻ പ്രേരിപ്പിക്കുന്ന തലത്തിലുള്ള കഥാപാത്ര വികലസൃഷ്ട്ടികളാൽ സമ്പന്നമാണ് മലയാള സിനിമയുടെ ചരിത്രം. വര്ഗ്ഗീയവാദികളായ ന്യൂനപക്ഷങ്ങള് മാത്രം പാര്ക്കുന്ന സ്ഥലങ്ങള് ആണെന്നാണ് ഭൂരിപക്ഷം മലയാള സിനിമകളും ദ്യോതിപ്പിച്ചിട്ടുള്ളത്. എന്താണ് ആ ബോധ്യത്തിന്റെ അടിസ്ഥാനമെന്നത് പല സിനിമകൾക്കും റിവ്യൂ എഴുതിയപ്പോഴൊന്നും മനസ്സിലായിട്ടില്ല. ബാബുരാജ്, ദാമോദരൻ മുതൽ ഐ.വി ശശി, രഞ്ജിത്ത് തുടങ്ങി അനൂപ്‌ മേനോനും, ശ്വേതമേനോനും, ടീ എ റസാക്കുമൊക്കെ ഈ ജില്ലകളില്‍ നിന്നുള്ളവരാണ് എന്നുമറിയുമ്പോൾ ആ ആശയക്കുഴപ്പങ്ങളുടെ വ്യാപ്തി വർദ്ധിക്കുകയാണ്.!

ഇനിയെടുക്കുന്ന സിനിമകള്‍ എല്ലാം ഹിന്ദുത്വം എന്ന വികാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആയിരിക്കും എന്ന മേജർ രവിയുടെ ദൽഹി പ്രസംഗത്തിന് വർഷങ്ങളുടെ പഴക്കമായി. കീര്ത്തിചക്ര എന്ന സിനിമ കക്കാമാരുടെ നാടായ മലപ്പുറത്തും, കോഴിക്കോട്ടും ഓടില്ല എന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചിട്ടും അവിടുന്ന് കോടികള്‍ കളക്റ്റ് ചെയ്തു എന്ന് അദ്ദേഹം ആഹ്ലാദവാനാകുന്നതും അക്കാലത്തു മലയാളികൾ കണ്ടു. അപ്പോള്‍ കേരളത്തില്‍ ഇങ്ങിനെ രണ്ട് ലക്ഷണം കെട്ട ജില്ലകള്‍ ഉണ്ടെന്നും, അവിടെ ഒരു പക്ഷേ “ഹിന്ദുത്വ – ദേശസ്നേഹ” സിനിമകള്‍ റിലീസ് ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും ആ ദിനങ്ങളിൽ രവി സംഘപരിവാര്‍ കുടക്കീഴില്‍ ഒരുമിച്ചു കൂടിയ സിനിമാക്കാരെ മുന്നറിയിപ്പിലൂടെ ഉദ്ബോധിപ്പിചിരിക്കുന്നു. പട്ടാംബിക്കാരനായ അയാൾക്ക് തൊട്ടടുത്തുള്ള മലപ്പുറത്തെയും, കോഴിക്കോടിനെയും കുറിച്ച് ഇത്രയും നിഷ്ക്കളങ്കമായ ആശങ്കകള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന എത്ര വിഡ്ഢികള്‍ ഉണ്ടാകും കേരളത്തില്‍ എന്നതാണ് പുതിയ മേത്തൻ സിനിമാവാദങ്ങളുടെയും കാതൽ. അതല്ലാതെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പില്‍ ചില പ്രദേശങ്ങളെ അയാളടക്കം കുടിലവും, വിഷലിപ്തവുമായ മനസ്സുകൊണ്ട് അടയാളപ്പെടുതുന്നതായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.!!

മലപ്പുറത്തിനു പുറത്തുള്ള ബഹുഭൂരിപക്ഷത്തിനും ഒരു ചുക്കും അറിയാത്ത ഭൂമികാതലമാണ് മലപ്പുറത്തിന്റെത്. ആറാംതമ്പുരാനായ ജഗന്നാഥ സൃഷ്ട്ടാക്കള്‍ക്ക് അത് എളുപ്പത്തില്‍ “ബോംബ്‌ കിട്ടുന്ന സ്ഥലമാണ് “. സുബ്രഹ്മണ്യന്‍ സ്വാമിക്ക് കാശ്മീരി പണ്ഡിറ്റ്‌കളെപ്പോലെ ഹൈന്ദവര്‍ “കൊടിയ പീഡനങ്ങള്‍” അനുഭവിക്കുന്ന ഇടമാണ്. ചിലര്‍ക്ക് ഇത് മിനി പാകിസ്ഥാനാണ്. മറ്റു ചിലര്‍ക്ക് ഗള്‍ഫ് പണത്തിന്റെ വേലിയേറ്റം കൊണ്ട് സാമ്പത്തിക, സാമൂഹിക ഉച്ചനീചത്വങ്ങള്‍ നടമാടുന്ന, മാപ്പിളമാര്‍ വിലസുന്ന ആഡംബര പ്രദേശമാണ്. വേറെ ചിലര്‍ക്കാവട്ടെ ഇത് മുസ്ലിം ലീഗുകാര്‍ മാത്രമുള്ള, പഠിക്കുന്ന കുട്ടികള്‍ കോപ്പിയടിച്ചു നിരന്തരമായി മത്സര പരീക്ഷകളില്‍ ഉന്നത വിജയം വരിക്കുന്ന ഭൂപ്രദേശമാണ്. എന്തായാലും മലയാള സിനിമയും, മലയാളിയുടെ പോതുബോധത്തിലെ അത്രമേല്‍ പ്രകടമല്ലാത്ത മുസ്ലിം വിരുദ്ധതയും, നമ്മുടെ രാഷ്ട്രീയ സംവാദങ്ങളും മലപ്പുറത്തെ ശുഭകരമായി അടയാളപ്പെടുത്തിയിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ ഇന്നാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്, ഇവിടുത്തെ അമുസ്ലിങ്ങള്‍ക്ക്, ഇവിടെ അതിഥിയായി എത്തിയിട്ടുള്ളവര്‍ക്ക്… എല്ലാം മലപ്പുറത്തെയും മലബാറിനെയുമറിയാം. ഇവിടുത്തെ നന്മയും, രുചിയുള്ള ഭക്ഷണവും, സമാനതകളില്ലാത്ത മതസൗഹാര്‍ദ്ദവും, നിഷ്ക്കളങ്കരായ മനുഷ്യരെയും, മതവും, ആവേശവും, പ്രത്യയശാസ്ത്രവുമാകുന്ന ഫുഡ്ബോള്‍ ഭ്രമവുമെല്ലാം അനുഭവിച്ചവര്‍ക്കറിയാം എന്നത് നിസ്ത്തർക്കം.!

മേത്തൻ സിനിമകളിലെ ഭീകരതയും കള്ളപ്പണവും തീവ്രവാദവും.!

മലബാറിലെ പ്രതിഭാധനരായ മുസ്ലിം യുവാക്കൾ അത്യുജ്ജ്വലമായ വാണിജ്യവിജയങ്ങളും കലാമൂല്യങ്ങൾക്ക് അന്താരാഷ്‌ട്ര അവാർഡുകളും വാങ്ങിയ സിനിമകളെയാണ് കഴിഞ്ഞ രാത്രിയിലെ ചാനൽ ചർച്ചകളിൽ ഉൾപ്പടെ, മേത്തൻ പടങ്ങൾ എന്ന് ഓമനപ്പേരിട്ട് വിളിച്ചതെന്ന് മനസ്സിലായി. മലബാറിന്റെ പശ്ചാത്തലത്തിൽ എടുത്തിട്ടുള്ള ഏറ്റവും നല്ല സിനിമ വാരിയംകുന്നത്തിൻറെ ഉൾപ്പടെയുള്ള ചരിത്രം പറയുന്ന 1921 ആണെന്നാണ് എന്‍റെ അഭിപ്രായം. അടുത്ത കാലത്താണ് KL -10 മുതൽ സുഡാനി ഫ്രം നൈജീരിയ തുടങ്ങി, പിന്നീട് തമാശ – വൈറസ് വരെയെത്തിനിൽക്കുന്ന മലബാർ പശ്ചാത്തല സിനിമകൾ ജന്മം കൊള്ളുന്നത്.ഇക്കാലങ്ങൾക്കുമുമ്പ് പാലക്കാടും ഒറ്റപ്പാലത്തുമുള്ള സവർണ്ണ ഹൈന്ദവ മനകളുടെയും തെക്കൻ തിരുവിതാംകൂറിലെ ഉന്നതകുലജാതരുടെയും കഥകൾ തന്നെയായിരുന്നു മലയാള സിനിമകളുടെ ആവർത്തിച്ച കഥകൾ. ന്യൂജൻ സിനിമകളാവട്ടെ കൊച്ചിയിലെ നിരത്തുകളും ഫ്‌ളാറ്റുകളും ചുറ്റിപ്പറ്റി മാത്രം കഥപറയാനാണ് ശ്രമിച്ചത്. ഇപ്പറഞ്ഞവ സംഭവിച്ചപ്പോഴാണ് “അങ്ങനെ തിരോന്ത്രം നായമ്മാരൊക്കെ കൂടി സിനിമയെടുത്തു” എന്ന ഉദ്ധരണി സംഭാവ്യമായത്. അക്കാലത്താണ് വില്ലനും ഹാസ്യനടനുമായും മുസ്ലിങ്ങളും, പ്രാകൃതമായ പ്രദേശമായി മലബാറിനെയും ചിത്രീകരിക്കപ്പെട്ടത്.!

വാരിയൻ കുന്നൻ സിനിമ പിന്നണി പ്രവർത്തകർ

കണ്ടെയ്നറുകളിൽ കള്ളപ്പണം കൊണ്ടുവന്ന് സിനിമയുണ്ടാക്കിയ സംഭവങ്ങൾ മേത്തൻ സിനിമകളിൽ എന്തായാലുമില്ല. മേൽപ്പറഞ്ഞ സിനിമകളിൽ ബഹുഭൂരിപക്ഷവും നിർമ്മിച്ചിട്ടുള്ളത് മധ്യ – തെക്കൻ തിരുവിതാംകൂറിലെ നിർമ്മാതാക്കളുമായിരുന്നു എന്നതും പ്രതിപാദിക്കപ്പെടേണ്ടതാണ്. ടോമിച്ചൻ മുളകുപാടവും, ഗോകുലം ഗോപാലനും, ആന്റണി പെരുമ്പാവൂരുമൊന്നും മലബാറിലെ കള്ളപ്പണം കണ്ടെയ്‌നറിൽ കൊണ്ടുവരുന്ന മേത്തന്മാരല്ല. മലബാറുകാർ വർഗീയത വളർത്തിയിട്ടില്ല. ഇവിടുത്തെ കോൺഗ്രസ്സും സിപിഎം ഉം ലീഗും, കേരളാ കോൺഗ്രസ്സും ജനതാദള്ളുമെല്ലാം സംഘപരിവാറിനെ കാര്യക്ഷമമായി പ്രതിരോധിച്ചിട്ടേയുള്ളൂ. ഞങ്ങളുടെ നാട്ടിലല്ല ശബരിമല കുലസ്ത്രീകൾ, ഞങ്ങളുടെ നാട്ടിലല്ല ശശിതരൂരിനു കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുന്ന തിരുവനന്തപുരം, ഞങ്ങളുടെ നാട്ടിലല്ല രാജഗോപാൽ ജയിക്കുന്ന നേമം, ഞങ്ങളുടെ നാട്ടിലല്ല നിങ്ങളെല്ലാം ഭയക്കുന്ന വട്ടിയൂർക്കാവ്.!

ലിംഗനീതിയെ ചാക്കിൽക്കെട്ടിവലിച്ചതും, വൃദ്ധയുടെ തലയ്ക്ക് തേങ്ങയെറിഞ്ഞു കൊല്ലാൻ ശ്രമിച്ചതും ഞങ്ങളുടെ നാട്ടിലല്ല. സ്വർണ്ണ കള്ളക്കടത്തിന്‍റെ പേരിൽ കസ്റ്റംസ് പ്രമുഖൻ അറസ്റ്റ് ചെയ്യപ്പെടുന്നതും മഹാനായ സംഗീതജ്ഞന്റെ മരണം ദുരൂഹമായതും ഞങ്ങളുടെ മലബാറിലല്ല. ചലച്ചിത്രങ്ങളിലൂടെയോ, കലകളിലൂടെയോ ഞങ്ങൾ വർഗീയത വളർത്തിയിട്ടില്ല, അതിനായി അദൃശ്യമായ ഒരു ഫണ്ടിങ്ങും നടന്നിട്ടുമില്ല. ഇക്കാര്യത്തിൽ ഒരു പത്രക്കോളം വാർത്തയെങ്കിലും ചൂണ്ടിക്കാണിക്കാൻ ആർജ്ജവമുള്ളവർ എന്നെ വായിക്കുന്നവരിലുണ്ടോ?!

പിന്നെ “സുടാപ്പി മൗദൂദി കേന്ദ്രങ്ങളൊക്കെ” മലബാറിലുണ്ട്. ഇവർ സിനിമയെടുക്കുന്നുണ്ടെങ്കിൽ അത് നിയമപരമായി തെറ്റുമല്ല. നിയമവിരുദ്ധമായി അവരെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ ജാഗരൂഗരായ ഭരണസംവിധാനവും മലബാറിലുണ്ട്. അക്കൂട്ടർ അപ്പണി വൃത്തിയായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇവർക്കാർക്കും തിയറ്ററിൽ ടിക്കറ്റെടുത്തു സിനിമകാണലല്ലാതെ മലയാള സിനിമയുടെ CONTENT നിർണ്ണയിക്കുന്നതിൽ രാഷ്ട്രീയപരമായി യാതൊരുവിധ റോളുമില്ല.!

പിന്നെ, മലബാറിൽ ഉയർന്ന മണിമാളികകൾ, മികച്ച വാഹനങ്ങൾ, ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ… ഇവയൊന്നും ആരുടെയും ഔദാര്യമോ സർക്കാർ സഹായമോ അല്ല. ഞങ്ങളുടെ പിതാക്കന്മാർ, സഹോദരന്മാർ മാലാരണ്യങ്ങളിൽപ്പോയി ചോരനീരാക്കി കഷ്ടപ്പെട്ടു അദ്ധ്വാനിച്ചു നേടിയതാണ്. ആ കട്ടിലുകണ്ട്‌ ആർക്കും പനിക്കുകയും, അസൂയ തോന്നുകയും വേണ്ട…!

ഞാനുൾപ്പെടെയുള്ള മലബാറിലെ മുസ്ലിങ്ങള്‍ക്ക് / മേത്തന്മാർക്ക് ആരുടേയും ഒരു ഔദാര്യവും വേണ്ട. ഞങ്ങളുടെ നാട്ടിലെ ദരിദ്രരെപ്പോലും സക്കാത്തും, ചാരിറ്റി പ്രവര്‍ത്തനങ്ങളും കൊണ്ട് ഈ നാട് ഇല്ലായ്മ ചെയ്യുന്നുണ്ട്. ഞങ്ങളെ മിനി പാകിസ്താന്‍ എന്ന് വിളിക്കുന്നവര്‍ വിളിച്ചോട്ടെ, വിരോധമില്ല കാരണം ഇന്നാട്ടില്‍ ജീവിക്കുന്ന ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ഏതെങ്കിലും കാലത്ത് മലബാറിലെ മുസ്ലിങ്ങള്‍ക്കെതിരെ ഒരു സമൂഹം എന്ന നിലയില്‍ പരാതി പറഞ്ഞതിന്‍റെ ഏതെങ്കിലും കാലത്തെ ഒരു പത്രവാര്‍ത്തയെങ്കിലും ആരെങ്കിലും ഇതിന്‍റെ ചുവട്ടില്‍ കമന്‍റ് ചെയ്യാമോ?!

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തിക്കുന്ന നാട് മലബാരാണ്, കൊണ്ട് വരുന്നവര്‍ മാപ്പിളമാരുമാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉന്നത വിദ്യാഭാസത്തിനും, എന്‍ട്രന്‍സ് പരീക്ഷകളിലും യോഗ്യത നേടുന്നതും മലപ്പുറത്തെയും മലബാറിലെയും മുസ്ലിം കുട്ടികളാണ്. ഏറ്റവും മികച്ച റോഡുകള്‍, വാഹനങ്ങള്‍, വീടുകള്‍ മറ്റു ഇന്ഫ്രാസ്ട്രക്ച്ചര്‍ സൌകര്യങ്ങള്‍ എല്ലാം മലബാറിലാണ്. ഇതില് മിക്കതും അറേബ്യന്‍ മണലാരണ്യത്തില്‍ ചോര നീരാക്കി നേടിയതാണ്. അല്ലാതെ സര്‍ക്കാര്‍ ഔദാര്യമോ, ക്ഷേമ പദ്ധതികളുടെയോ ഭാഗമായി ഉണ്ടായതല്ല. ഞങ്ങളുടെ നാട്ടില്‍ ഹൈന്ദവനും, ക്രൈസ്തവനും പോലും പട്ടിണി കിടക്കുന്നില്ല, മേത്തൻ വിമർശകരെ അറിയുമോ നിങ്ങള്‍ക്ക്. അയല്വാസി വിശന്നിരിക്കുമ്പോള് വയറു നിറയ്ക്കുന്നവന്‍ കാക്കാമാരില്‍ ഇല്ല എന്നത് അക്ഷരാര്ത്ഥത്തില്‍ വസ്തുതയാണ്, സംശയം ഉള്ളവര്ക്ക് ഇന്നാട്ടില് വന്നു അന്വേഷിക്കാം.!!

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിനു യോഗ്യത നേടുന്ന ജില്ല മലപ്പുറമാണ് കൂട്ടരേ. അറേബ്യന്‍ മണലാരണ്യത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദേശനാണ്യം നാട്ടിലേക്ക് എത്തിക്കുന്നത് മലബാറാണ്, ഒരിക്കല്‍പ്പോലും ഒരു വര്‍ഗീയ കലാപമോ അത്തരം സൂചനകള്‍ പോലുമോ ഉണ്ടാവാത്ത ഏക ജില്ലയും മലപ്പുറമാണ്. ഈ രാജ്യത്ത് പല പ്രദേശങ്ങളിലും കലാപങ്ങള് നടക്കുമ്പോഴും മത സൌഹാര്‍ദ്ദവും, സമാധാന ജീവിതവും, സാഹോദര്യവും മുറുകെപ്പിടിക്കുന്നവരാണ് ഞങ്ങള്‍ മലബാറുകാർ. ദയവായി വിഷം ചീറ്റി ഈ നാടും നശിപ്പിക്കരുത്… ചോരപ്പുഴയും, അനാഥബാല്യങ്ങളും, വിധവകളും ഇല്ലാതെ ഞങ്ങള് ജീവിച്ചോട്ടെ ..!

ഒരൊറ്റ കാര്യംകൂടി പറഞ്ഞവസാനിപ്പിക്കാം. ഞങ്ങളുടെ വീടുകളില്‍ മേത്തൻ മക്കള്‍ കൂടിയതുകൊണ്ട് ഒരു സര്‍ക്കാര്‍ ആപ്പീസിന്റെ മുന്നിലും, ആരുടേയും അടുക്കളപ്പുറങ്ങളിലും ഒരു ഗ്ലാസ് കട്ടന്ചായയോ, ഒരു നേരത്തെ അന്നമോ തേടി ഞങ്ങള്‍ ആരും വന്നിട്ടില്ല. ഇനിയും കാണുവാന് സാധിക്കില്ല എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. നാളെ വിമർശനം ഉന്നയിച്ചവരടക്കമുള്ളവരുടെ മക്കള്‍ക്കൊ, വരുന്ന തലമുറക്കോ, അന്നത്തിനോ, വിദ്യക്കോ, കേറിക്കിടക്കാന് ഒരു കൂരക്കോ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങളില്‍ അറിയുന്നവരില്‍ ഒരാളുടെ ഫോണിലേക്ക് ഒരു മിസ്‌കോള്‍ തന്നാല്‍ മതി. തിരിച്ചുവിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് വേണ്ടത് ചെയ്യാന്‍ മലബാറിലെ ചെറുപ്പക്കാര്‍ സ്പോട്ടിലെത്തും.!

അതുകൊണ്ട് കണ്ടെയ്‌നർ കള്ളപ്പണക്കഥകൾ, മേത്തൻ സിനിമകളുടെ വിജയങ്ങളിലുള്ള നിലവിളികൾ, സംഘപരിവാർ വളർച്ചയിൽ മലബാർ മേത്തന്മാരുടെ പങ്ക് തുടങ്ങിയ ഗവേഷണ വിഷയങ്ങളിലെ പ്രബന്ധങ്ങൾ സ്വന്തം കക്കൂസ് ചുമരുകളിൽത്തന്നെ എഴുതാനുള്ള ദയവുണ്ടാകണം. സോഷ്യൽ മീഡിയയിലേക്ക്, ചാനൽ ചർച്ചകളിലേക്ക് കെട്ടിയെടുത്ത് ദുർഗന്ധം പരത്തരുത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x