
ഗോഡ്ഫാദർ സിനിമയും ഏകാധിപത്യ ഭരണകൂടത്തിൻ്റെ ലക്ഷണങ്ങളും
ജെനു ജോണി/മൂവി സ്റ്റ്രീറ്റ്
ഏകാധിപത്യത്തിന് കീഴിൽ ജീവിക്കുന്ന മനുഷ്യരെ നാലായി തിരിക്കാവുന്നതാണ്. അത് എങ്ങനെ എന്നത് ഗോഡ്ഫാദർ സിനിമയുടെ പശ്ചാത്തലത്തിൽ വിവരിക്കാൻ ശ്രമിക്കാം.
ഇവിടെ ഏകാധിപത്യ ഭരണകൂടം അഞ്ഞൂറാൻ ആണ്. അഞ്ഞൂറാന്റെ നാല് മക്കളും നാല് തരം പ്രജകളും.
ഏകാധിപത്യം പൂർണമായും അന്ധമായി അംഗീകരിക്കുകയും എതിരെ വരുന്ന ശബ്ദങ്ങളെ കായികമായി നേരിടാൻ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ബാലരാമൻ (തിലകൻ) ആണ് ഒന്നാമത്തെ വിഭാഗം.
ഇവർ ഏകാധിപതി ചിന്തിക്കുന്നത് മനസ്സിൽ കണ്ടു വേണ്ട വിധം പെരുമാറുന്നു. ഏകാധിപത്യം വേരുറച്ചു മുന്നോട്ട് പോവാൻ ഏറ്റവും കാരണമായ വിഭാഗമാണ് ഇത്.
രണ്ടാമത്തെ വിഭാഗം സ്വാമിനാഥൻ (ഇന്നസെന്റ്) ആണ്. ഈ കൂട്ടർ പുറമേ ഭരണകൂടത്തെ അനുകൂലിക്കുകയും ആത്മാർത്ഥത നടിക്കുകയും ചെയ്യുമെങ്കിലും രഹസ്യമായി അവരുടെ ഇഷ്ടത്തിന് ജീവിക്കും, അവരുടെ സൗകര്യത്തിനു ആചാരങ്ങളിലും നയങ്ങളിലും വെള്ളം ചേർക്കും.
ഈ വിഭാഗത്തിൽ ഉള്ളവർ ഇവർ തന്നെ മറ്റുള്ളവരോട് കഴിക്കരുത് എന്ന് ആവശ്യപ്പെടുന്ന ഭക്ഷണം രഹസ്യമായി കഴിക്കുകയും, ആചാരം സംരക്ഷിക്കാൻ പോവുന്ന വിശിഷ്ട സ്ഥലത്ത് തന്നെ ആചാരം തെറ്റിക്കുകയും ഒക്കെ ചെയ്യും.
മൂന്നാമത്തെ വിഭാഗം പ്രേമചന്ദ്രൻ (ഭീമൻ രഘു) ആണ്. ഈ കൂട്ടർ ഒരിക്കൽ ഏകാധിപത്യ ഫാസിസ്റ്റ് നയങ്ങളെ എതിർക്കാൻ ശ്രമിച്ചു പരാജയപ്പെടുകയും പിന്നെ നിവൃത്തി ഇല്ലാതെ ഒഴുക്കിനൊപ്പം പൊരുത്തപ്പെട്ട് അനുസരിച്ച് പോകുന്നവരും ആണ്.
നാലാമത്തെ വിഭാഗം ആണ് രാമഭദ്രൻ (മുകേഷ്). ജനിച്ചത് മുതൽ ഏകാധിപത്യ ഭരണകൂടത്തെ അനുസരിക്കണമെന്ന് പഠിക്കുകയും വിശ്വസിക്കുകയും ചെയ്‌തെങ്കിലും പുറമേന്ന് ലഭിച്ച അറിവും പ്രോത്സാഹനവും വിവേകവും ഒക്കെ കാരണം മാറി ചിന്തിക്കുന്ന വിഭാഗം.
കുടിപ്പകയും അക്രമവും മാറ്റി മനുഷ്യർ സ്വതന്ത്രമായി ചിന്തിച്ചു തീരുമാനങ്ങൾ എടുക്കണം എന്ന് ഈ സിസ്റ്റത്തിൽ ജീവിക്കുന്ന നാലാം വിഭാഗത്തിന് വെളിപാട് കിട്ടണേൽ ഒരു എക്സ്റ്റേണൽ ഫാക്ടർ ഉണ്ടാവണം.
അത് ഈ ചിത്രത്തിൽ മായിൻകുട്ടി (ജഗദീഷ്) ആണ്. ഒരു പരിധി വരെ മാലുവും (കനക).
ആദ്യ മൂന്ന് വിഭാഗങ്ങൾക്കും ഒരുമിച്ചു നാലാം വിഭാഗത്തെ ഉപദ്രവിക്കാൻ കഴിയും , പക്ഷെ കാലക്രമേണ നാലാം വിഭാഗത്തിന് ബാക്കി മൂന്ന് വിഭാഗങ്ങളെയും മാറ്റി ചിന്തിപ്പിക്കാൻ ആയേക്കും.
ആരംഭത്തിൽ ഏകാധിപത്യ വ്യവസ്ഥയിൽ കഴിഞ്ഞ ഒരു കുടുംബം ഫാസിസ്റ്റ് അനാചാരങ്ങൾ വലിച്ചെറിഞ്ഞു ജനാധിപത്യത്തിൽ കവാടം തുറന്നിടുന്ന ഇടത്താണ് ആണ് ചിത്രം അവസാനിക്കുന്നത്.